Tuesday, June 25, 2019 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Jun 2018 03.55 PM

ഗര്‍ഭനിരോധന ഗുളിക കഴിക്കുന്നത് അമിത വണ്ണത്തിന് കാരണമാകുമോ? ഗുളിക കഴിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?

ഗൈനക്കോളജി
uploads/news/2018/06/228642/askdrgalacolgy260318.jpg

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവ മുതല്‍ കാന്‍സര്‍ വരെ അമിത രക്തസ്രാവമുണ്ടാക്കാം. ഗൈനക്കോളജിസ്റ്റിനെ കണ്ട് ആവശ്യമുള്ള പരിശോധനകള്‍ നടത്തി ചികിത്സ തുടങ്ങേണ്ടതാണ്

ആര്‍ത്തവസമയത്ത് അമിത രക്തസ്രാവം


എനിക്ക് 45 വയസ്. വീട്ടമ്മയാണ്. രണ്ടു കുട്ടികളുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി മാസമുറ സമയത്ത് അമിത രക്തസ്രാവം ഉണ്ടാകുന്നു. ആര്‍ത്തവകാലത്ത് മൂത്രമൊഴിക്കുമ്പോഴാണ് രക്തം കൂടുതലായി പുറത്തുപോകുന്നത്. എന്നാല്‍ പാഡില്‍ രണ്ടോ മൂന്നോ തുള്ളി രക്തമാണ് കാണപ്പെടുക. മൂന്നും നാലും ദിവസം വൈകിയാണ് എനിക്ക് ആര്‍ത്തവം സംഭവിക്കുന്നത്. അതോടനുബന്ധിച്ച് നടുവിനും സ്തനങ്ങള്‍ക്കും വേദന അനുഭവപ്പെടുന്നു. എന്തുകൊണ്ടാണ് അമിതമായി ആര്‍ത്തവ രക്തം പോകുന്നത്. ഇത് ഒഴിവാക്കാന്‍ എന്താണ് ചെയ്യേണ്ടത്?
------ എല്‍സി തോമസ് , മംഗലാപുരം

45 വയസുള്ള സ്ത്രീകളില്‍ അമിത രക്തസ്രാവമുണ്ടാകാനുള്ള കാരണങ്ങള്‍ പലതാണ്. ഗര്‍ഭപാത്രത്തിലുള്ള മുഴകള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവ മുതല്‍ കാന്‍സര്‍ വരെ അമിത രക്തസ്രാവമുണ്ടാക്കാം. ഗൈനക്കോളജിസ്റ്റിനെ കണ്ട് ആവശ്യമുള്ള പരിശോധനകള്‍ നടത്തി ചികിത്സ തുടങ്ങേണ്ടതാണ്.

അമിത രോമവളര്‍ച്ച


എന്റെ മകള്‍ക്ക് 17 വയസ്. പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. പന്ത്രണ്ട് വയസുള്ളപ്പോഴാണ് കുട്ടിക്ക് ആര്‍ത്തവം ഉണ്ടായത്. അടുത്ത കാലം മുതല്‍ ആര്‍ത്തവം ക്രമമായിരുന്നു. എന്നാല്‍ നാലഞ്ചു മാസമായി ആര്‍ത്തവം കൃത്യമായി സംഭവിക്കുന്നില്ല. കുട്ടിയുടെ ശരീര ഭാഗങ്ങളില്‍ രോമവളര്‍ച്ച അമിതമായി കണ്ടു തുടങ്ങിയിട്ടുണ്ട്. മേല്‍ച്ചുണ്ടില്‍ ആണ്‍കുട്ടികളുടെ മീശപോലെ രോമവളര്‍ച്ചയുണ്ട്. അടിവയറ്റിലും കക്ഷത്തിലും മുമ്പത്തേക്കാള്‍ രോമവളര്‍ച്ച കാണുന്നു. മുലഞെട്ടുകള്‍ക്കു ചുറ്റും രോമം വളരുന്നു. തടിച്ച ശരീരമാണ് കുട്ടിക്ക്. പെട്ടെന്നുണ്ടാകുന്ന രോമവളര്‍ച്ച ഗൗരമായി കാണണമെന്ന് കേട്ടിട്ടുണ്ട്. കുട്ടിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയയാക്കണോ? ഹോര്‍മോണ്‍ തകരാറുകൊണ്ട് ഇത്തരത്തില്‍ സംഭവിക്കാനിടയുണ്ടോ?
----- സംഗീത ആര്‍. നായര്‍ , വയനാട്

ക്രമമല്ലാത്ത ആര്‍ത്തവം, അമിതമായ രോമവളര്‍ച്ച എന്നിവ പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസിന്റെ ഭാഗമായി തടിച്ച ശരീരപ്രകൃതമുള്ളവരില്‍ കൂടുതലായി കാണാറുണ്ട്. ഇത് കൃത്യമായ വ്യായാമവും ഭക്ഷണരീതിയുംകൊണ്ട് ഒരുപരിധിവരെ ഭേദമാക്കാം.

കുട്ടികളിലെ അമിത വണ്ണം നിയന്ത്രിക്കുകതന്നെ വേണം. പെണ്‍കുട്ടികളിലെ അമിത വണ്ണം പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുക. ഫാസ്റ്റ് ഫുഡ് ഭക്ഷണ സാധനങ്ങളോട് ഈ പ്രായത്തില്‍ കുട്ടികള്‍ക്ക് പ്രിയം കൂടും.

എന്നാല്‍ ഇവ ഒഴിവാക്കുന്നതാണ് ഉത്തമം. അതുപോലെ മധുര പലഹാരങ്ങളും. കുട്ടിക്ക് മറ്റ് എന്തെങ്കിലും തകരാറുകള്‍ കൊണ്ടാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. അതിനാല്‍ എത്രയും വേഗം ഗൈനക്കോളജിസ്റ്റിനെ കാണുക.

മുലഞെട്ടില്‍ തടിപ്പ്


എനിക്ക് 26 വയസ്. സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയാണ്. എന്റെ ഇടതു സ്തനത്തില്‍ മുലഞെട്ടുകളോട് ചേര്‍ന്നഭാഗത്ത് ചെറിയ തടിപ്പ് കാണുന്നുണ്ട്. വേദനയില്ല. സ്പര്‍ശിച്ചാല്‍
മാത്രമേ തടിപ്പ് തിരിച്ചറിയാന്‍ കഴിയുകയുള്ളൂ. ഇതുവരെ ഡോക്ടറെ കാണിച്ചില്ല. ഇത് കാന്‍സറാകാന്‍ സാധ്യതയുണ്ടോ?
------- ഗ്രേസ് , ആലുവ

സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ വായനക്കാരില്‍ നിന്നും ലഭിക്കാറുണ്ട്. സ്തനത്തില്‍ അസ്വഭാവികമായ വ്യതിയാനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ നേരില്‍ കണ്ട് പരിശോധന നടത്തുന്നതാണ് നല്ലത്. രോഗ ലക്ഷണങ്ങള്‍ അവഗണിക്കുന്നതാണ് പലപ്പോഴും സ്തനാര്‍ബുദം സങ്കീര്‍ണമാകാന്‍ കാരണം.

ഇനി കത്തിലേക്ക് കടന്നാല്‍ താങ്കളുടെ പ്രായത്തില്‍ സ്തനത്തില്‍ കാണുന്ന എല്ലാ മുഴുകളും കാന്‍സര്‍ ആകണമെന്നില്ല. പെട്ടെന്നു വലുപ്പം വയ്ക്കുന്ന മുഴകള്‍, തൊട്ടാല്‍ തെന്നിമാറാത്തവ, തൊലിപ്പുറമെ ഒട്ടിയിരിക്കുന്നതുപോലെയോയുള്ളവ, തൊലിയില്‍മാറ്റങ്ങള്‍ വരുന്നവ ഇവയൊക്കെയാണ് കാന്‍സര്‍ മുഴകളുടെ ലക്ഷണങ്ങള്‍. എന്തായാലും ഡോക്ടറെ കണ്ട് തീര്‍ച്ചയായും പരിശോധിക്കണം.

ഗര്‍ഭനിരോധന ഗുളിക


27 വയസുള്ള വീട്ടമ്മയാണ് ഞാന്‍. വിവാഹം കഴിഞ്ഞിട്ട് കുട്ടികള്‍ ഇപ്പോള്‍ വേണ്ട എന്ന തീരുമാനത്തിലാണ് ഞങ്ങള്‍. വിവാഹം കഴിഞ്ഞതു മുതല്‍ ഞാന്‍ ഗര്‍ഭനിരോധനഗുളിക കഴിക്കുന്നത് പതിവാണ്. എന്നാല്‍ ഇപ്പോള്‍ എന്റെ ശരീരഭാരം കൂടി. ഗുളിക കഴിച്ചു തുടങ്ങിയതിനു ശേഷമാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. ഗര്‍ഭനിരോധന ഗുളിക കഴിക്കുന്നത് അമിത വണ്ണത്തിന് കാരണമാകുമോ? ഗുളിക കഴിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?
------ ആന്‍സ് , മണ്ണാര്‍കാട്

ശരിയായ സമയം കഴിച്ചാല്‍ നൂറു ശതമാനം ഫലപ്രദമായ ഒരു ഗര്‍ഭനിരോധന മാര്‍ഗമാണ് കോണ്‍ട്രാസെപ്റ്റീവ് പില്‍സ്. എന്നാല്‍ ചില ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുമ്പോള്‍ വണ്ണം കൂടാവുന്നതാണ്. അതേസമയം ഭക്ഷണ ക്രമീകരണവും വ്യായാമവും കൃത്യമായി ചെയ്താല്‍ ഈ പ്രശ്‌നം ഒഴിവാക്കാനാവും.

ഗുളിക കഴിച്ചു തുടങ്ങുന്നതിന് മുമ്പ് ഡോക്ടറെ കണ്ട് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ഗുളിക കഴിക്കുന്നതുകൊണ്ടുള്ള പാര്‍ശ്വഫലങ്ങളെപ്പറ്റി ഡോക്ടര്‍ പറഞ്ഞു മനസിലാക്കും.

ആര്‍ത്തവത്തെത്തുടര്‍ന്ന് അമിത ക്ഷീണം


മകള്‍ക്ക് 12 വയസ്. മൂന്നു മാസം മുമ്പ് ആര്‍ത്തവം ആരംഭിച്ചു. ആര്‍ത്തവശേഷം കുട്ടിക്ക് അമിത ക്ഷീണവും വിളര്‍ച്ചയും ഉള്ളതായി കാണുന്നു. ആ ദിവസങ്ങളില്‍ സ്‌കൂളില്‍ പോകാന്‍പോലും സാധിക്കുന്നില്ല. എന്തുകൊണ്ടാണ് കുട്ടിക്ക് അമിത ക്ഷീണം ഉണ്ടാകുന്നത്. വിളര്‍ച്ച മാറാന്‍ എന്താണ് ചെയ്യേണ്ടത്?
----- ശ്യാമ സുരേന്ദ്രന്‍ , തിരുവനന്തപുരം

അമിതമായ രക്തസ്രാവമുണ്ടാവുന്നതുകൊണ്ടോ ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറവായതുകൊണ്ടോ ആകാം കുട്ടിക്ക് അമിത ക്ഷീണം ഉണ്ടാകുന്നത്. ആഹാരത്തില്‍ ഇരുമ്പിന്റെ അംശം കൂടുതലുള്ള ഇലക്കറികള്‍, ഇറച്ചി, ലിവര്‍, ധാന്യങ്ങള്‍, ഡ്രൈഫ്രൂട്ട്‌സ്, നട്‌സ് എന്നിവ കൂടുതലായി ഉള്‍പ്പെടുത്തുക, കൃത്യമായ കാലയളവില്‍ വിരമരുന്നുകൊടുക്കുക എന്നിവ പെണ്‍കുട്ടികളില്‍ ആര്‍ത്തവത്തെത്തുടര്‍ന്നുള്ള വിളര്‍ച്ച തടയാന്‍ സഹായിക്കും. രക്തക്കുറവു വന്നാല്‍ അയണ്‍ ഗുളികകള്‍ കഴിക്കുന്നതാണ് ചികിത്സ. കുട്ടിയെ ഒരു ഗൈനക്കോളജിസ്റ്റിനെ കാണിച്ച് പരിശോധന നടത്തുന്നത് നല്ലതാണ്.

ഡോ. ദിവ്യ ജോസ്
കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്
സൈമര്‍ ഹോസ്പിറ്റല്‍, കൊച്ചി

Ads by Google
Ads by Google
Loading...
TRENDING NOW