കേരളത്തിന്റെ തനതു പഴമാണ് ചക്ക. നമ്മുടെ നാട്ടില്‍ ഇന്നു വിഷമില്ലാതെ ലഭിക്കുന്ന അപൂര്‍വം ചില ഭക്ഷ്യ വിളകളിലൊന്നു കൂടിയാണ് ചക്ക. ലോകത്തിലെ ഏറ്റവും വലിയ പഴമെന്നറിയപ്പെടുന്ന ചക്ക പോഷകഗുണങ്ങളിലും മുന്‍പിലാണ്. ജനുവരി മുതല്‍ ജൂണ്‍ വരെയാണ് ചക്കയുടെ കാലം. ഒരു പ്ലാവില്‍ തന്നെ കുറഞ്ഞത് പത്ത് ചക്കയെങ്കിലും ഉണ്ടാകും.
കേരളത്തില്‍ വളരെ സുലഭമായതിനാലാകും കേരളീയര്‍ ചക്കയ്ക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. പണ്ടുകാലത്ത് ചക്ക ഉപയോഗിച്ച് ചക്കപ്പുഴുക്കും ചക്ക വരട്ടിയും ധാരാളമായി ഉണ്ടാക്കിയിരുന്നു. പിന്നീട് ചക്കയുടെ പ്രാധാന്യം കുറഞ്ഞു.
വിദേശ രാജ്യങ്ങളിലെ വിപണിയില്‍ ചക്കയുടെ വില ഉയര്‍ന്നതും പ്രമേഹരോഗങ്ങള്‍ക്ക് ചക്ക കൂടുതല്‍ പ്രയോജനപ്പെടുമെന്നതും കേരളീയര്‍ക്കിടയില്‍ ചക്കയുടെ പ്രാധാന്യം വര്‍ധിപ്പിച്ചു. ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതോടെ ചക്കയുടെ രുചിപ്പെരുമയ്ക്ക് ഇരട്ടി മധുരം.
ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതുകൊണ്ടും കൊളസ്ട്രോള്‍ വളരെ കുറവായതിനാലും ചക്ക ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് വളരെ നല്ലതാണ്. ചക്കയിലെ പൊട്ടാസ്യം രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച മാറുന്നതിനും രക്തപ്രവാഹം ശരിയായ രീതിയിലാകുന്നതിനും ഉത്തമമാണ്. ചക്കയില്‍ ധാരാളം മഗ്നീഷ്യവും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ബലമുള്ളതാക്കാന്‍ സഹായിക്കുന്നു.
പ്രത്യേകിച്ച് കുട്ടികള്‍ക്ക് ചക്ക നല്‍കുന്നത് എല്ലുകള്‍ക്ക് ബലം നല്‍കും. എല്ല് തേയ്മാനം പോലുള്ള രോഗങ്ങള്‍ക്ക് നല്ലൊരു പരിഹാരം കൂടിയാണ് ചക്ക. ഇതിലടങ്ങിയിരിക്കുന്ന ജീവകം എ കണ്ണുകള്‍ക്ക് ഗുണം ചെയ്യും. നിശാന്ധത പോലുള്ള രോഗങ്ങള്‍ക്ക് പരിഹാരം കൂടിയാണ് ചക്ക. ചക്കയ്ക്ക് മധുരം നല്‍കുന്നത് സൂക്രോസ് ഫ്രക്ടോസ് തുടങ്ങിയവയാണ്. ഇവ എളുപ്പത്തില്‍ വിഘടിച്ച് ശരീരത്തിന് ഊര്‍ജം നല്‍കും. ചര്‍മ്മത്തിന് മൃദുത്വം നല്‍കാനും സഹായിക്കും. ചര്‍മ്മത്തിനു മൃദുത്വം ഉണ്ടാകുന്നത് പ്രായക്കുറവ് തോന്നിക്കും.
ധാരാളം കോപ്പര്‍ അടങ്ങിയിട്ടുള്ളതിനാല്‍ തൈറോയിഡ് രോഗമുള്ളവര്‍ ചക്ക കഴിക്കുന്നത് വളരെയധികം പ്രയോജനപ്പെടും. ഹോര്‍മോണ്‍ ഉത്പാദനം ശരിയായ രീതിയില്‍ നടക്കുന്നതിനും ചക്ക സഹായിക്കുന്നു. പ്രമേഹരോഗികള്‍ക്ക് ചക്ക മിതമായ അളവില്‍ കഴിക്കാം.
ചക്കയില്‍ ധാരാളം അന്നജം അടങ്ങിയിട്ടുണ്ടെങ്കിലും നാരുകളും ജീവകങ്ങളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ കുറയ്ക്കാന്‍ സഹായിക്കും. പ്രമേഹരോഗികളിലെ ഗ്ലൂക്കോസ് ടോളറന്‍സ് മെച്ചപ്പെടുത്താന്‍ ചക്കയ്ക്ക് കഴിയുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
ഈര്‍പ്പം -------- 121 ഗ്രാം ----------- 73.23 ഗ്രാം
ഊര്‍ജം ------155 കിലോ കലോറി -------- 94 കിലോ കലോറി
കാര്‍ബോ ഹൈഡ്രേറ്റ് ------- 39.6 ഗ്രാം ----- 24.01 ഗ്രാം
നാരുകള്‍ ------ 2.6 ഗ്രാം ---------- 1.6 ഗ്രാം
കൊഴുപ്പ് -------- 0.5 ഗ്രാം ------- 0.3 ഗ്രാം
മാംസ്യം -------- 2.4 ഗ്രാം ---------- 1.44 ഗ്രാം
ജീവകം എ ----- 490 ഐ യു -------- 5 മൈക്രോ ഗ്രാം
ജീവകം സി ------ 11.1 മി. ഗ്രാം ------ 6.7 മി. ഗ്രാം
റൈബോഫ്ളേവിന്ന് ---- .2 മി. ഗ്രാം ------- 0.11 മി. ഗ്രാം
നിയാസിന് ------- 0.7 മി.ഗ്രാം -------- 0.7 മി.ഗ്രാം
കാത്സ്യം ------ 56. 1 മി. ഗ്രാം ----- 34 മി. ഗ്രാം
ഇരുമ്പ് ------- 1.0 മി. ഗ്രാം -------- 0.6 മി. ഗ്രാം
മഗ്നീഷ്യം ------ 61.1 മി. ഗ്രാം ------ 37 മി. ഗ്രാം
ഫോസ്ഫറസ് ------ 59. 4 മി. ഗ്രാം ------ 36 മി. ഗ്രാം
പൊട്ടാസ്യം ------ 500 മി.ഗ്രാം ------- 303 മി.ഗ്രാം
സോഡിയം ------- 5.0 മി. ഗ്രാം ------- 3 മി. ഗ്രാം
സിങ്ക് --------- 0.7 മി. ഗ്രാം -------- 0.4 മി. ഗ്രാം
ചെമ്പ് (കോപ്പര്‍) ------ 0.3 മി. ഗ്രാം ------ 0.187 മി. ഗ്രാം
മാംഗനീസ് ----- 0.3 മി. ഗ്രാം ------- 0.197 മി. ഗ്രാം
നമ്മുടെ നാട്ടില്‍ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചക്ക. അതുകൊണ്ട് തന്നെ ചക്കയ്ക്ക് നമ്മള് വേണ്ടത്ര പ്രാധാന്യം കല്പിക്കുന്നില്ല. കാരണം ചക്കയുടെ യഥാര്‍ത്ഥ ഗുണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ തന്നെയാണ് അതിനു കാരണം. ഇനിയെങ്കിലും നമ്മുടെ തൊടികളില്‍ ഉണ്ടാകുന്ന ചക്കയുടെ ആരോഗ്യഗുണങ്ങള്‍ പ്രയോജനപ്പെടുത്താം.