Tuesday, June 25, 2019 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jul 2018 04.23 PM

മഴക്കാലം കരുതലോടെ

ചര്‍മ്മത്തിന് ഏറ്റവുമധികം ശ്രദ്ധ നല്‍കേണ്ട സമയമാണ് മഴക്കാലം. അല്പമൊന്നു ശ്രദ്ധിച്ചാല്‍ സൗന്ദര്യം കാത്തു സൂക്ഷിക്കാം.
uploads/news/2018/07/231023/SkinCareMazhakalam050718.jpg

മഴയെത്തി... ആകെ നനഞ്ഞു കുളമാകും... ചെളിപുരണ്ട കാലുകളും കുതിര്‍ന്നിളകിയ മേക്കപ്പുമായി എങ്ങനെ പുറത്തിറങ്ങും എന്നു പറഞ്ഞ് മടിപിടിച്ചിരിക്കാറുണ്ടോ നിങ്ങള്‍? ഒന്നുശ്രദ്ധിച്ചാല്‍ മണ്‍സൂണിലും സുന്ദരിയായി പുറത്തിറങ്ങാമെന്ന് മറക്കേണ്ട.

ചര്‍മ്മ സംരക്ഷണം


മഴക്കാലത്ത് ചര്‍മ്മ സംരക്ഷണത്തിനായി ബ്യൂട്ടിപാര്‍ലറിനെ ആശ്രയിക്കേണ്ടതില്ല, ഫേസ്പാക്ക് വീട്ടിലുണ്ടാക്കാം. ഒരു ടീസ്പൂണ്‍ ഓറഞ്ച് നീര്, ഒരു ടീസ്പൂണ്‍ കാരറ്റ് നീര്, കാല്‍ ടീസ്പൂണ്‍ നാരങ്ങനീര്, ഒരു ടീസ്പൂണ്‍ മാതളനാരങ്ങ, ഒരു ടീസ്പൂണ്‍ വെള്ളരിക്കാ നീര്, ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍, ഒരു ടീസ്പൂണ്‍ കട്ടതൈര്, കാല്‍ ടീസ്പൂണ്‍ ഈസ്റ്റ് എന്നിവ കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. 20 മിനിട്ടിനു ശേഷം ചെറുചൂടുവെള്ളത്തിലും പിന്നീട് തണുത്ത വെള്ളത്തിലും കഴുകി വെള്ളം ഒപ്പിയെടുക്കുക. മുഖത്തിന് ഫ്രഷ്‌നസ്സ് ലഭിക്കുന്നതിനോടൊപ്പം ചര്‍മ്മവും നന്നാവും.

കൈകളിലെ ചര്‍മ്മത്തിന് ചുളിവ് വീഴാന്‍ സാധ്യതയുള്ള കാലം കൂടിയാണിത്. ഒലിവ് ഓയിലോ വെളിച്ചെണ്ണയോ പുരട്ടുന്നത് നല്ലതാണ്. കൈകളില്‍ ഗ്‌ളിസറിനും പഞ്ചസാരയും ഇട്ട് അല്‍പസമയം ഉരച്ചതിന് ശേഷം കഴുകുന്നതും ഉത്തമം. കയ്യിലെ മൃതകോശങ്ങള്‍ നീക്കാന്‍ ഇത് സഹായിക്കും. ചുണ്ട് ഡ്രൈ ആകാതിരിക്കാനും പോംവഴിയുണ്ട്, പാലിന്റെ പാടയോ വാസ്ലിനോ പുരട്ടാം.

കാലുകള്‍ക്ക്


1. മഴക്കാലത്ത് കാലിന് കൂടുതല്‍ ശ്രദ്ധ വേണം. ദിവസവും രാവിലെയും വൈകിട്ടും പാദം വൃത്തിയാക്കി മോയിസ്ചറൈസര്‍ പുരട്ടുക. പ്രത്യേകിച്ച് കാലില്‍ വിണ്ടുകീറല്‍ ബാധിച്ചിട്ടുണ്ടെങ്കില്‍.
2. തുകല്‍ ചെരുപ്പിലെ പൂപ്പല്‍, കാലില്‍ അണുബാധ ഉണ്ടാക്കാം. ചെരുപ്പില്‍ പൂപ്പല്‍ ഉണ്ടെങ്കില്‍ നന്നായി തുടച്ചു വൃത്തിയാക്കിയശേഷം മാത്രം ഉപയോഗിക്കുക.

3. മഴക്കാലത്ത് ഷൂ ഉപയോഗിക്കേണ്ടി വരുന്നെങ്കില്‍ കാലില്‍ പൂപ്പല്‍ ബാധയുണ്ടാവാന്‍ സാധ്യതയേറും. നനഞ്ഞ ഷൂ ഏറെ നേരം ഉപയോഗിക്കരുത്. പൂപ്പല്‍ബാധയുണ്ടാകാതിരിക്കാന്‍ ചെറുചൂടുവെള്ളത്തില്‍ 25 മില്ലി അണുനാശിനി ഒഴിച്ച്, കിടക്കും മുമ്പ് കാല്‍ അതില്‍ മുക്കി വയ്ക്കുക. ഷൂവിനൊപ്പം നിര്‍ബന്ധമായും സോക്‌സ് ധരിച്ചിരിക്കണം.
4. മഴക്കാലത്ത് രണ്ടാഴ്ചയില്‍ ഒരിക്കല്‍ പെഡിക്യൂര്‍ ചെയ്യുന്നത് കാലിന്റെ ആരോഗ്യം വര്‍ധിപ്പിക്കും.
5. വിരലിനിടയില്‍ വിണ്ടു കീറിയാല്‍ മൈലാഞ്ചിയും മഞ്ഞളും അരച്ചിടാം.

6. ചെറുചൂടുവെള്ളത്തില്‍ ഉപ്പിട്ട് പാദങ്ങള്‍ അതില്‍ മുക്കിവയ്ക്കുക. പ്യുമിക് സ്‌റ്റോണ്‍ ഉപയോഗിച്ച് പാദങ്ങള്‍ ഉരച്ചു കഴുകുക. അതിനുശേഷം ഉപ്പു വെള്ളം മാറ്റി തണുത്ത വെള്ളത്തില്‍ കാല്‍ കഴുകി വൃത്തിയായി തുടച്ച് ഒലിവ് ഓയില്‍ പുരട്ടുക. കാലില്‍ നനവില്ലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
7. കിടക്കുമ്പോള്‍ സോക്‌സുപയോഗിക്കുന്നത് നല്ലതാണ്.

തലമുടിക്ക്


1. രാത്രി തല നനച്ച് കുളിക്കുന്നതിന് പകരം കുളി രാവിലെയാക്കിയാല്‍ മുടിയിലെ പൂപ്പല്‍ തടയാം. വൈകിട്ടാണ് കുളിക്കുന്നതെങ്കില്‍ തലമുടി ഉണങ്ങിയശേഷമേ ഉറങ്ങാവൂ. മുടി നനഞ്ഞ് ഏറെ സമയമിരുന്നാല്‍ പൂപ്പല്‍,താരന്‍ എന്നിവ വര്‍ധിക്കും.
2. മുടിയില്‍ ഓയില്‍ മസാജ് ചെയ്യാന്‍ പറ്റിയ സമയമാണ് മഴക്കാലം. പക്ഷേ എണ്ണമയം തീര്‍ത്തും കഴുകിക്കളയാന്‍ മറക്കരുത്.
3. ആഴ്ചയിലൊരിക്കല്‍ ഹെയര്‍പാക്ക് ഉപയോഗിക്കുന്നത് നല്ലതാണ്.

4. തലേദിവസം വെള്ളത്തിലിട്ടു കുതിര്‍ത്ത ഉലുവ അരച്ച്, ഒരു മുട്ടയുടെ വെള്ളയും അല്പം ആല്‍മണ്ട് ഓയിലും ചേര്‍ത്ത് മുടിയില്‍ പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് കളുകി കളയാം.
5. ഹെയര്‍ സ്പ്രേ തലയില്‍ പുരട്ടുന്നവര്‍ അത് രാത്രിയില്‍ കഴുകി കളയാന്‍ മറക്കരുത്.
6. ദിവസവും ഒരു തവണയെങ്കിലും മുടിയില്‍ ആവി കൊള്ളിക്കുന്നത് മഴക്കാലത്തു ഗുണം ചെയ്യും. ടവ്വല്‍ ചൂടുവെള്ളത്തില്‍ നനച്ച് മുടിയില്‍ കെട്ടുകയോ സുഗന്ധ ദ്രവ്യങ്ങള്‍ കൊണ്ടുള്ള പുക കൊള്ളിക്കുകയോ ആവാം.

uploads/news/2018/07/231023/SkinCareMazhakalam050718a.jpg

മേക്കപ്പ്


1. മഴക്കാലത്ത് വാട്ടര്‍പ്രൂഫ് മേക്കപ്പ് ഉപയോഗിക്കാം.
2. ഹെവി മേക്കപ്പ് ഒഴിവാക്കുന്നതാണ് നല്ലത്.
3. ഫൗണ്ടേഷന്‍, കോംപാക്ട് എന്നിവ ഒഴിവാക്കണം.

4. ഉറങ്ങുംമുമ്പ് മേക്കപ്പ് റിമൂവര്‍ കൊണ്ട് മേക്കപ്പ് നീക്കം ചെയ്യാന്‍ മറക്കരുത്.
5. വിശേഷാവസരങ്ങളിലും മറ്റും മഴ നനഞ്ഞാലും മേക്കപ്പ് നഷ്ടപ്പെടാതിരിക്കാന്‍ മേക്കപ്പ് ഫിക്സിങ് സ്‌പ്രേ ഉപയോഗിക്കാം.
6. ലിപ്സ്റ്റിക് കൂടുതല്‍ സമയം നിലനിര്‍ത്താന്‍ ജെല്‍ രൂപത്തിലുള്ള ഫിക്സിങ് ഉപയോഗിക്കാം.

വസ്ത്രങ്ങള്‍


തുണിത്തരങ്ങള്‍ തെരഞ്ഞെടുക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധവേണ്ടത്. എളുപ്പം ഉണങ്ങുന്ന സിന്തറ്റിക് തുണിത്തരങ്ങള്‍ മഴക്കാലത്ത് ഉപയോഗിക്കാം.
1. ജോര്‍ജറ്റ്, നൈലോണ്‍, പോളിസ്റ്റര്‍ മിക്‌സ് തുണികള്‍ മഴക്കാലത്ത് അനുയോജ്യമാണ്.
2. നനഞ്ഞാലും എളുപ്പം ഉണങ്ങുന്നതും കരിമ്പനടിക്കാത്തതുമായ വസ്ത്രങ്ങളായിരിക്കും ഉപയോഗിക്കാന്‍ സുഖം.
3. പട്ടുസാരികള്‍ റോസില്‍ക്ക്, ജൂട്ട്, ഡെനീം വസ്ത്രങ്ങള്‍ എന്നിവ തീര്‍ത്തും ഒഴിവാക്കാം. ഡെനീം നിര്‍ബന്ധമാണെങ്കില്‍ ഷോര്‍ട്ട്സ് ഉപയോഗിക്കാം.

4. തറയില്‍ ഇഴയുന്ന ഫ്‌ളോര്‍ ലെങ്ത് ഡ്രസ്സുകളും സാരികളും തീര്‍ത്തും ഒഴിവാക്കാം. മുട്ടിന് താഴെ നില്‍ക്കുന്ന പാവാടകള്‍, കാപ്രി, കണങ്കാല്‍ നീളമുള്ള ലെഗ്ഗിങ്സ് ഒപ്പം പ്രിന്റഡ് ടോപ്പുകള്‍ എന്നിവ ധരിച്ച് മഴക്കാലം ട്രെന്‍ഡിയാക്കാം.
5. വേറിട്ടുനില്‍ക്കുന്ന പ്രിന്റഡ് വസ്ത്രങ്ങളുടെ സുവര്‍ണകാലമാണ് മണ്‍സൂണ്‍. ഇളം നിറത്തിലുള്ള പ്രിന്റഡ് വസ്ത്രങ്ങള്‍ ,നീലയുടെയും പച്ചയുടെയും വിവിധ ഷെയ്ഡുകള്‍, പിസ്ത, പീച്ച് നിറങ്ങള്‍ എന്നിവ മഴക്കാലത്തിന് അനുയോജ്യമാണ്. കടുത്ത നിറങ്ങള്‍ കഴിവതും ഒഴിവാക്കാം.

സ്‌റ്റൈലിഷാകാം


1. മഴക്കാലത്ത് അധികം ആക്‌സസറീസ് വേണ്ട. എന്നാല്‍ എന്നും ഉപയോഗിക്കുന്ന മഴക്കോട്ടും (ജാക്കറ്റ്), കുടയും ചെരിപ്പുമെല്ലാം വ്യത്യസ്തമാക്കാം.
2. എളുപ്പം കാണാത്ത പ്രിന്റുകളുള്ള കുട തിരഞ്ഞെടുക്കാം.
3. ഹൈഹീല്‍ ചെരിപ്പുകളോട് ബൈ പറയാം. ഫ്‌ളിപ്പ് ഫ്‌ളോപ്പുകളാണ് നല്ലത്. ചളിയായാലും കഴുകി ഉണക്കാവുന്നവ തെരഞ്ഞെടുക്കുക.

4. പ്രിന്റുള്ളതോ കടുത്ത നിറത്തിലുള്ളതോ ആയ ജാക്കറ്റുകള്‍ തെരഞ്ഞെടുക്കാം.
5. അധികം മിന്നിത്തിളങ്ങാത്ത ലളിതമായ ആഭരണങ്ങള്‍ സെലക്ട് ചെയ്യാം.
6. കടുംനിറത്തിലുള്ളതും കരിമ്പനടിക്കാത്തതുമായ നല്ലൊരു ബാഗും കൂടിയായാല്‍ ആക്‌സസറീസ് പൂര്‍ത്തിയായി.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW