Monday, June 17, 2019 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 06 Jul 2018 09.48 AM

പ്രകൃതിയുടെ മട്ടുമാറി, പതിനെട്ടായിരം അടി ഉയരത്തില്‍ കനത്ത മഴയില്‍ മഞ്ഞുമലയില്‍ ഉരുള്‍പൊട്ടല്‍, ഓക്‌സിജന്റെ അഭാവം, വിമാന സര്‍വീസ് അസാധ്യം.. മാനസസരോവറില്‍ 5ദിവസം കുടുങ്ങിപ്പോയ അനുഭവങ്ങ​ളെപ്പറ്റി ഞെട്ടലോടെ ലക്ഷ്മി

uploads/news/2018/07/231222/lakshmi.jpg

കൈലാസനാഥന് നന്ദി പറഞ്ഞ് ലക്ഷ്മിയും കുടുംബവും: മാനസസരോവറില്‍ കുടുങ്ങിയ മലയാളികള്‍ തിരിച്ചെത്തി

*രാജീവ് കുമ്പളം
മരട്

പല പ്രാവശ്യം വിവിധ സ്ഥലങ്ങളിലേക്ക് തീര്‍ത്ഥാടനത്തിന് പോയിട്ടുണ്ടെങ്കിലും ഇത്തവണ അനുഭവിച്ചതുപോലുള്ള ഭയാനകാവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ലക്ഷ്മി വിശ്വനാഥന്‍ ഒറ്റ ശ്വാസത്തിന്‍ പറഞ്ഞു. കൈലാസ് മാനസസരോവര്‍ തീര്‍ത്ഥയാത്രയ്ക്കിടെ കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് അഞ്ചുദിവസം സിമിക്കോട്ട് എന്ന സ്ഥലത്ത് കുടുങ്ങിക്കിടന്നതിനുശേഷം സുരക്ഷിതയായി കുണ്ടന്നൂരിലെ വീട്ടിലെത്തിയതിന് കൈലാസനാഥന് നന്ദി പറയുകയാണ് ലക്ഷ്മിയും ഭര്‍ത്താവ് വിശ്വനാഥനും.

സിമിക്കോട്ടില്‍ കുടുങ്ങിയ തീര്‍ത്ഥാടക സംഘത്തിലെ നാല് മലയാളികളില്‍ ഒരാളായ കുണ്ടന്നൂര്‍ ചിലവന്നൂര്‍ റോഡ് കടേക്കുഴി ലക്ഷ്മി വിശ്വനാഥന്‍ ഇന്നലെ രാവിലെയാണ് സുരക്ഷിതമായി നെടുമ്പാശേരി വിമാനത്താവളം വഴി നാട്ടിലെത്തിയത്. ലക്ഷ്മി ഉള്‍പ്പെടെ മുപ്പത്തിയേഴ് പേരെയാണ് കോഴിക്കോട്ടെ സദ്ഗമയ ട്രാവല്‍സ് കൊണ്ടുപോയത്. ലക്ഷ്മിയെ കൂടാതെ കോഴിക്കോട് സ്വദേശികളായ ചന്ദ്രന്‍, വനജാക്ഷി, രമാദേവി എന്നീ നാലുപേരാണു കുടുങ്ങിയത്. ലക്ഷ്മി ഇന്നലെ രാവിലെ നെടുമ്പാശേരി വിമാനത്താവളം വഴിയും ബാക്കിയുള്ളവര്‍ കോഴിക്കോട് വിമാനത്താവളം വഴിയും നാട്ടിലെത്തുകയായിരുന്നു. ആകെ പത്ത് ദിവസത്തെ തീര്‍ത്ഥാടനത്തിനായി 21-ാം തീയതിയാണ് ഇവര്‍ യാത്ര പുറപ്പെട്ടത്.

മാനസസരോവരം കണ്ടു തിരികെ മടങ്ങും വഴി 28ന് ആയിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം.സിമിക്കോട്ടിലാണ് വിമാനത്താവളം. 14 പേര്‍ക്കു കയറാവുന്ന ചെറിയ വിമാനങ്ങളും ഹെലികോപ്റ്ററുകളും മാത്രമാണ് ഇവിടെ സര്‍വീസ് നടത്തുന്നത്. സിമിക്കോട്ടില്‍ നിന്നു നേപ്പാളിലെ ഗഞ്ചില്‍ എത്തിക്കും. അവിടെ നിന്നു നാട്ടിലേക്കും എന്നതായിരുന്നു ലക്ഷ്യം.

സംഘത്തിലെ അംഗങ്ങളെ മൂന്നു പ്രാവശ്യമായി ഗഞ്ചില്‍ എത്തിച്ചതിനുശേഷം ഇവരുടെ ഊഴമായ സമയം രാവിലെ പതിനൊന്നോടെ പ്രകൃതിയുടെ മട്ടുമാറി. ശക്തമായ മഴയും കാറ്റും മഞ്ഞുമായി. വിമാന സര്‍വീസ് അസാധ്യമായപ്പോള്‍ ഇവരെ അടുത്തുള്ള ഹോട്ടലിലേക്കു മാറ്റി. വാര്‍ത്താ വിനിമയത്തിനായി മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ ബന്ധുക്കളുമായി സമൂഹ മാധ്യമങ്ങള്‍ വഴി വീഡിയോ കാളിങ്ങും മറ്റും തടസമില്ലാതെ നടത്തുവാനായതാണ് രക്ഷയായത്. പതിനെട്ടായിരം അടി ഉയരത്തില്‍ കൊടും തണുപ്പും, ഓക്‌സിജന്റെ അഭാവവും മൂലം തീര്‍ത്ഥാടകര്‍ നന്നേ ബുദ്ധിമുട്ടി. മറ്റൊരു സംഘത്തിലെ 56 കാരിയായ ലീല മഹേന്ദ്ര നാരായണന്‍ മരിച്ചത് ശരീരത്തില്‍ ഓക്‌സിജന്റെ അളവു കുറഞ്ഞതിനാലാണെന്ന വിവരം മറ്റുള്ളവരുടെ മനഃസാന്നിധ്യം നഷ്ടപ്പെടുത്തുമെന്നതിനാല്‍ ഇവരെ അറിയിച്ചില്ല. കനത്ത മഴയില്‍ മഞ്ഞുമലയില്‍ ഉരുള്‍പൊട്ടലുണ്ടായതാണ് യാത്ര തടസപ്പെടുത്തിയത്.

ഇതോടെ വിവിധ രാജ്യങ്ങളില്‍ നിന്നുളള തീര്‍ത്ഥാടകര്‍ മലയുടെ പല ഭാഗത്തായി കുടുങ്ങുകയായിരുന്നു. റോഡ് മാര്‍ഗം രക്ഷാപ്രവര്‍ത്തനം അസാധ്യമായിരുന്നു. അഞ്ച് രാത്രികള്‍ ഹോട്ടലില്‍ കുടുങ്ങിയതിനുശേഷം ആറാം ദിവസം വൈകിട്ടത്തെ ചെറുവിമാനത്തിലാണ് ഇവര്‍ രക്ഷപ്പെട്ടത്. ലക്‌നൗ - ഹൈദരാബാദ് - നെടുമ്പാശേരി വഴിയാണ് കേരളീയരായ നാലുപേരും നാട്ടിലെത്തിയത്. തീര്‍ത്ഥാടനം ഏര്‍പ്പാട് ചെയ്ത ട്രാവല്‍സിന്റെ ജീവനക്കാര്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് വിവരങ്ങള്‍ കാണിച്ചുകൊണ്ട് ഇ-മെയില്‍ അയച്ചതിന്റെ ഫലമായി ഉടന്‍ ഇന്ത്യന്‍ എംബസിയിലെ ഒരു ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചതും, യാത്രയ്ക്കായി ചെറുവിമാനം ലഭ്യമാക്കിയ കാര്യവും ലക്ഷ്മി നന്ദിയോടെ ഓര്‍ക്കുന്നു.ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ കോണ്‍സുലേറ്റും വിഷയത്തില്‍ ഇടപെട്ടിരുന്നു.

ആര്‍ട്ട് ഓഫ് ലിവിംഗ് ടീച്ചറായ ലക്ഷ്മി ആദ്യമായാണ് കൈലാസയാത്ര നടത്തിയത്. ഭര്‍ത്താവ് വിശ്വനാഥന്‍ റബര്‍ ബോര്‍ഡില്‍ നിന്നും റിട്ടയര്‍ ചെയ്ത ശേഷം വിശ്രമജീവിതം നയിക്കുകയാണ്. തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുംവഴിയുണ്ടായ ബുദ്ധിമുട്ടുകളൊന്നും പക്ഷേ ലക്ഷ്മിയെ ഭയപ്പെടുത്തുന്നില്ല. കൈലാസനാഥന്റെ കൃപയാല്‍ സുരക്ഷിതയായി വീട്ടിലെത്തിയതുതന്നെ വലിയ പുണ്യമായി കരുതുകയാണീ കുടുംബം.

Ads by Google
Friday 06 Jul 2018 09.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW