Sunday, June 16, 2019 Last Updated 10 Min 40 Sec ago English Edition
Todays E paper
Ads by Google
ശ്രീപാര്‍വതി
ശ്രീപാര്‍വതി
Saturday 07 Jul 2018 12.11 PM

മധ്യവയസ്സിലെ പ്രണയവുമായി മൈസ്‌റ്റോറി

പറഞ്ഞു പഴകിയ കഥയാണെങ്കില്‍ പോലും അതിനെ മനോഹരമായ, ഒരു കഥ വായിക്കുന്നതുപോലെ വ്യത്യസ്തമായ ഒരു കാഴ്ചയില്‍ ഒരുക്കിയിരിക്കുന്നു എന്നതാണ് മൈ സ്‌റ്റോറിയെ കുറിച്ച് പറയാനുള്ള ആദ്യത്തെയും അവസാനത്തെയും കമന്റ്.
My story, Parvathy,  Prithviraj

നല്ല പ്രായത്തിലെന്നോ പിരിഞ്ഞ പ്രിയപ്പെട്ടൊരാളെ ഉടലും ഉയിരും കൊതിക്കുന്ന മധ്യവയസ്സില്‍ കണ്ടെത്തുക, അവരുടെ വിരല്‍ തൊടുക. മിഡില്‍ ഏജ് ക്രൈസിസ് അത്ര ചെറിയ വിഷയമല്ല, ആ ഒരു പ്രായത്തില്‍ പണ്ട് ഒരിക്കല്‍ 'തേച്ച' കാമുകിയെ കണ്ടു മാപ്പ് ചോദിയ്ക്കാന്‍ തോന്നിയാല്‍ കുറ്റപ്പെടുത്താനാവില്ല... ആ യാത്രയാണ് ജയ് എന്ന ജയകൃഷ്ണന്‍ നടത്തുന്നത്. കാണാന്‍ പോകുന്നത് താര എന്ന ഒരുകാലത്തെ താരസുന്ദരിയെ.

റോഷ്‌നി ദിനകര്‍ എന്ന പുതുമുഖ സംവിധായികയുടെ 'മൈ സ്‌റ്റോറി' അതിന്റെ ആദ്യ ഗാനം യൂട്യൂബില്‍ റിലീസ് ആയപ്പോള്‍ മുതലേ വിവാദങ്ങളിലാണ്. പാര്‍വ്വതിയും പൃഥ്വിരാജും അഭിനയിക്കുന്നു എന്നതുകൊണ്ട് തന്നെ പാര്‍വ്വതിയെ...' എന്ന് തുടങ്ങുന്ന ഗാനം ഒരുപാട് ഡിസ്‌ലൈക്കുകള്‍ വാരിക്കൂട്ടി. പക്ഷെ ആ ഡിസ്‌ലൈക്കുകളെ സംവിധായിക വെല്ലുവിളിച്ചിരിക്കുന്നത് രണ്ടു പാര്‍വ്വതിമാരെ കളത്തിലിറക്കിക്കൊണ്ടാണ്.

ചില സിനിമകള്‍ കാണുക എന്നത് തന്നെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ചില അരുതുകള്‍ക്കെതിരെ നട്ടെല്ല് കാണിച്ചു പ്രതികരിച്ചു എന്നതുകൊണ്ട് തന്നെ പാര്‍വ്വതിയും പൃഥ്വിരാജും ഫാന്‍സുകളുടെ ഇരകളായി. താര ആരാധനയുടെ പേരില്‍ ഡിസ്‌ലൈക്കുകള്‍ അവര്‍ വാരിക്കോരി നല്‍കുമ്പോള്‍ നീതിയുടെ വാക്കുകള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് മൈ സ്‌റ്റോറി കാണാന്‍ പോകുന്നതിന്റെ രാഷ്ട്രീയം.

My story, Parvathy,  Prithviraj

പോര്‍ച്ചുഗീസിന്റെ പശ്ചാത്തലത്തില്‍ മനോഹരമായൊരു പ്രണയകഥയാണ് മൈസ്‌റ്റോറി. സിനിമ എന്ന സ്വപ്നത്തില്‍ ജീവിച്ച ജയകൃഷ്ണന്‍ എന്ന പയ്യന്റെ സിനിമയിലേക്കുള്ള കടന്നു വരവ് അത്ര സ്വാഭാവികമായി തോന്നയില്ല. ജയ് എന്ന ജയകൃഷ്ണന്റെ ജീവിതത്തിലേക്കുള്ള താരയുടെ കടന്നുവരവും അതേ അസ്വാഭാവികത അവശേഷിപ്പിക്കും. പക്ഷെ ഇത് സിനിമയാണ്. ഇങ്ങനെയും സംഭവിക്കാം. അതില്‍ പ്രത്യേകിച്ച് ഒന്നും തോന്നേണ്ടതില്ല.

ജയ് എന്ന നടനും താര എന്ന ബഹുഭാഷാ താരവും ഒരുമിച്ച് അഭിനയിച്ച ഒരു സിനിമയുടെ ഷൂട്ടിങ് പാക്കപ്പ് ദിവസം വഴിമാറിപ്പോയതാണ് അവരുടെ ജീവിതം. ഒരുപക്ഷെ ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം ജയകൃഷ്ണനെ ഒരു തിരിച്ചുവരവിനു പ്രേരിപ്പിക്കുന്നതുപോലും ആ വഴിമാറി പോകലാണ്. അതുതന്നെയാണ് സിനിമയുടെ ആണിക്കല്ലും. പ്രണയവും ചതിയും കാത്തിരിപ്പും വൈകാരിക ദു:ഖങ്ങളും ആ ട്വിസ്റ്റില്‍ നിന്നും ആരംഭിക്കുന്നു.

മധ്യവയസ്സുള്ള പുരുഷനെ അവതരിപ്പിക്കണമെങ്കില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കുള്ള താടിയും മീശയും വേണമെന്നും അപാരമായ ഗൗരവം മുഖത്ത് ഉണ്ടാവണമെന്നും സിനിമയുടെ നിയമങ്ങളാണ്. അതേ നിയമങ്ങള്‍ പിന്തുടര്‍ന്നു തന്നെയാണ് പൃഥ്വിരാജ് മൈ സ്‌റ്റോറില്‍ എത്തുന്നത്. മുടി ലേശം നരപ്പിച്ചു, കട്ടികൂട്ടിയ കണ്ണടയുമായി പാര്‍വ്വതിയും മധ്യവയസ്സിന്റെ ഭംഗികളെ എടുത്തണിയുന്നു. തീരെ ചെറുപ്പമായ ഹിമ എന്ന കഥാപാത്രത്തില്‍ ഇതുവരെ കാണാത്ത ഒരു രൂപമാണ് പാര്‍വ്വതി പ്രേക്ഷകര്‍ക്കായി കരുതി വയ്ക്കുന്നത്.

മലയാളം മാത്രമല്ല മറ്റു ഭാഷകളിലെ സിനിമകള്‍ക്കും വസ്ത്രാലങ്കാരം ഒരുക്കുന്ന റോഷ്‌നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈ സ്‌റ്റോറി. ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. വാക്കുകള്‍ കോര്‍ത്തുവച്ച് വീഞ്ഞുപോലെ നുകരാന്‍ കഴിയുന്ന പല വാചകങ്ങളും കഥാപാത്രങ്ങളിലൂടെ ശങ്കര്‍ രാമകൃഷ്ണന്‍ പറയുന്നുണ്ട്. പോര്‍ച്ചുഗീസിന്റെ ഭംഗിയെടുത്തു കാണിക്കുന്ന ക്യാമറക്കണ്ണുകള്‍ സിനിമയുടെ ലെവല്‍ തന്നെ മാറ്റി മറിച്ചിരിക്കുന്നു. മറ്റു സിനിമകളില്‍ നിന്നൊക്കെ വ്യത്യസ്തമായി പാര്‍വ്വതിയുടെ വസ്ത്രാലങ്കാരം എടുത്തു പറയേണ്ട പ്രത്യേകതയാണ്.

My story, Parvathy,  Prithviraj

പറഞ്ഞു പഴകിയ കഥയാണെങ്കില്‍ പോലും അതിനെ മനോഹരമായ, ഒരു കഥ വായിക്കുന്നതുപോലെ വ്യത്യസ്തമായ ഒരു കാഴ്ചയില്‍ ഒരുക്കിയിരിക്കുന്നു എന്നതാണ് മൈ സ്‌റ്റോറിയെ കുറിച്ച് പറയാനുള്ള ആദ്യത്തെയും അവസാനത്തെയും കമന്റ്. മനോജ് കെ ജയന്‍, മണിയന്‍ പിള്ള രാജു, ഗണേഷ് വെങ്കിട്ടരാമന്‍ എന്നിവര്‍ പലപ്പോഴായി സിനിമയില്‍ വന്നു പോയി എന്നതല്ലാതെ അവര്‍ക്കൊന്നും കാര്യമായ റോളുകളുണ്ടായിരുന്നില്ല. എന്നാല്‍ നന്ദുവിന്റെ ശക്തമായ കഥാപാത്രത്തെ അത്രയെളുപ്പം മറക്കാനാവില്ല.

വനിതാ സംവിധായിക എന്ന ഔദാര്യം ഈ സിനിമയ്ക്ക്, ഇതിന്റെ മാര്‍ക്കറ്റിങ്ങിനു അത്യാവശ്യമേയല്ല. പക്ഷെ മലയാള സിനിമയില്‍ കാമറയ്ക്കു പിന്നിലും സ്ത്രീകള്‍ വളരെ ശക്തമായി അവരുടെ സാന്നിധ്യം ഉറപ്പിച്ചു തുടങ്ങിയിരിക്കുന്നു എന്ന നിസ്സംശയം പറയാം. പുരുഷ കേന്ദ്രീകൃതമായ ഒരു ലോകത്ത് അരികുകളില്‍ കൂടി സ്ത്രീകള്‍ അവരുടെ ഇടങ്ങള്‍ കണ്ടെത്തുന്നു എന്നത് സന്തോഷകരമാണ്. അതുകൊണ്ടു തന്നെ വളരെ മനോഹരമായി ഈ കഥപറഞ്ഞ രോഷ്‌നിയ്ക്ക് അഭിമാനിക്കാം. ആദ്യമായി സംവിധാനം ചെയ്തതിന്റെ ചില്ലറ പോരായ്മകളെ നികത്താന്‍ ഇനിയും രോഷ്‌നിയ്ക്കു മുന്നില്‍ അവസരങ്ങളുണ്ട്. കാരണം പോരായ്മ എന്നത് ഒരിക്കലും വലിയ കുറവുകളല്ല, തിരിച്ചറിയാനുള്ള അവസരങ്ങള്‍ മാത്രമാണ്. എന്തൊക്കെ പറഞ്ഞാലും പാര്‍വ്വതിയും പൃഥ്വിയും മധ്യവയസ്സിലെ തിരിച്ചെടുക്കുന്ന പ്രണയവും പോര്‍ച്ചുഗീസ് സായാഹ്നങ്ങളും ... തിരികെ പോരുമ്പോഴും വല്ലാത്തൊരു അനുഭൂതിയായിരുന്നു. അതിപ്പോഴും മായാതെ കിടക്കുന്നു, വിട്ടു പോകാന്‍ മടിച്ച് ...

Ads by Google
ശ്രീപാര്‍വതി
ശ്രീപാര്‍വതി
Saturday 07 Jul 2018 12.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW