Sunday, June 16, 2019 Last Updated 20 Min 29 Sec ago English Edition
Todays E paper
Ads by Google
ശ്രീപാര്‍വ്വതി
Saturday 14 Jul 2018 04.39 PM

നീരാളി ; സമയത്തെ വരിഞ്ഞു മുറുക്കുന്ന സിനിമാനുഭവം

ഹോളിവുഡിൽ സർവൈവൽ സിനിമകൾ നിരവധി ഇറങ്ങുകയും കാണുകയും ചെയ്തവർക്ക് ഒരുപക്ഷെ ഹോളിവുഡ് സിനിമയുടെ ഒരു സ്വാദ് നീരാളിയ്ക്ക് അനുഭവിക്കാൻ കഴിഞ്ഞേക്കാം, എന്നാൽ ഹോളിവുഡ് സിനിമകളുടെ നിലവാരം നമ്മുടെ സിനിമക്കുണ്ടെന്ന് സമ്മതിച്ചു തരാൻ മലയാളി പ്രേക്ഷകർക്ക് ബുദ്ധിമുട്ടുണ്ടുതാനും.
uploads/news/2018/07/233361/neeralimoverevie140718a.jpg

അമിതമായ പ്രതീക്ഷകളാണ് ജീവിതത്തിന്റെ എത്രയോ ഭംഗികളെയും സന്തോഷങ്ങളെയും ഇല്ലാതാക്കുന്നത്! ഈ വാക്കുകൾ ആരുടേതാണാവോ ! ആരുടേതാണെങ്കിലും ഇതോർത്തുകൊണ്ടാണ് ഏറ്റവും പുതിയ സിനിമ, അജോയ് വർമ്മയുടെ "നീരാളി" കാണാൻ പോയത്.

മോഹൻലാലിന്റെ സിനിമ എന്ന് തുടക്കത്തിലേ പറയാത്തതിന് കാരണമുണ്ട്, ലാൽ മാജിക്കോ, ലാലിസമോ ഒന്നുമില്ലാത്ത അജോയ് വർമ്മയുടെ സിനിമ തന്നെ ആണ് ഇത് എന്നതുകൊണ്ട് തന്നെയാണ് അങ്ങനെയൊരു പരിചയപ്പെടുത്തൽ. അല്ലെങ്കിലും സംവിധായകന്റേതാണ് സിനിമ എന്നാണ് ന്യു ജനറേഷൻ സിനിമാ സൂത്രവാക്യം! എന്ത് തന്നെ ആയാലും പ്രതീക്ഷകൾ ഇല്ലാതെ പോയതുകൊണ്ടും നെഗറ്റീവ് റിവ്യൂ കണ്ടു കയറിയതുകൊണ്ടും എന്തുകിട്ടിയാലും സന്തോഷിച്ചേക്കും എന്ന അവസ്ഥയിലായിരുന്നു, ആ തോന്നലിലേക്കാണ് വേട്ടയാടുന്നതുപോലെ ടൈറ്റിൽ മ്യൂസിക് അടിച്ചു കയറിയത്. ആ വേട്ടയാടൽ തീരുന്നതിനു തൊട്ടു മുൻപ് വരെ പിന്നാലെ കൂടുകയും ചെയ്തിരുന്നു. ആദ്യം തന്നെ നീരാളിയെ കുറിച്ചു ചുരുങ്ങിയ വാക്കുകളിൽ അങ്ങ് പറയാം, നീരാളിപ്പിടിത്തം പോലെ സിനിമയുടെ സമയങ്ങളിൽ ചുറ്റി വരിഞ്ഞൊരു സിനിമ...

സർവൈവൽ മൂവീസ് മലയാളി പ്രേക്ഷകർക്ക് പൊതുവെ അത്ര പരിചിതമായ ഇടങ്ങളല്ല.ഹോളിവുഡിൽ സർവൈവൽ സിനിമകൾ നിരവധി ഇറങ്ങുകയും കാണുകയും ചെയ്തവർക്ക് ഒരുപക്ഷെ ഹോളിവുഡ് സിനിമയുടെ ഒരു സ്വാദ് നീരാളിയ്ക്ക് അനുഭവിക്കാൻ കഴിഞ്ഞേക്കാം, എന്നാൽ ഹോളിവുഡ് സിനിമകളുടെ നിലവാരം നമ്മുടെ സിനിമക്കുണ്ടെന്ന് സമ്മതിച്ചു തരാൻ മലയാളി പ്രേക്ഷകർക്ക് ബുദ്ധിമുട്ടുണ്ടുതാനും. പക്ഷെ അത്രയ്ക്കൊന്നും പോകണ്ട, ഒരു ഹോളിവുഡ് സർവൈവൽ സിനിമയ്ക്കുള്ള ലാഗോന്നും നീരാളിയിൽ അനുഭവപ്പെട്ടില്ല. ഒരു അവസ്ഥയിൽ നിന്നും അതിജീവിക്കാൻ പലവഴികളും അന്വേഷിക്കാം, അതൊരു മണിക്കൂറാണെങ്കിൽ പോലും അവർ അനുഭവിക്കുന്ന നിമിഷങ്ങൾക്ക് നൂറ്റാണ്ടുകളുടെ താമസമുണ്ടാകും. ആ നിമിഷങ്ങൾ "ലാഗ്" ആയി വേണമെങ്കിൽ അനുഭവപ്പെടാവുന്ന സാഹചര്യങ്ങളുണ്ട്. 127 hours പോലെയുള്ള ഹോളിവുഡ് സിനിമകൾ അനുഭവിപ്പിച്ച അത്തരം നീണ്ട ഇടവേളകൾ നീരാളി തരുന്നില്ല, വളരെ നിറങ്ങളുള്ള ജീവിതത്തിന്റെ കാഴ്ചകളും നീരാളിപ്പിടുത്തത്തിൽ ത്രസിപ്പിക്കുന്ന അനുഭവങ്ങളും അതെ തുറന്നു വച്ച കണ്ണുകളോടെ തന്നെയാണ് ഇരുന്നു കണ്ടത്.

uploads/news/2018/07/233361/neeralimoverevie140718a1.jpg

ഇക്കഴിഞ്ഞ ദിവസമാണ് തായ് വാനിലെ ഗുഹയിൽ പെട്ട കുഞ്ഞുങ്ങളെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ട് വന്നത്. അതുവരെ അവർ അനുഭവിച്ചു തീർത്ത നിമിഷങ്ങൾ, അവർ ഒരുപക്ഷെ ഓരോ നിമിഷങ്ങളെയും ഓരോ മണിക്കൂറുകളായി തന്നെയാകും കണ്ടിട്ടുണ്ടാവുക, അത്തരം ഒരു അതിജീവനം തന്നെയാണ് സണ്ണി ജോർജ് നടത്തുന്നത്. മോഹൻലാലിന്റെ സണ്ണി ജോർജ്ജ് എന്ന കഥാപാത്രം മിടുക്കനായ ഒരു ജെമ്മോളജിസ്റ്റാണ്. ലക്ഷങ്ങൾ വിലയുള്ള കല്ലുകളുമായി നിത്യവും ഇടപാടുകള്‍ നടത്തുന്നവൻ, പക്ഷെ ജീവിതത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിൽ അയാൾ തിരിച്ചറിയുന്നുണ്ട്, ഇതേ തിളങ്ങുന്ന കല്ലുകളുടെ വിലയില്ലായ്മ, മുന്നിൽ പറന്നു നടക്കുന്ന മിന്നാമിനുങ്ങുകളുടെ വെളിച്ചത്തിന്റെ മൂല്യമില്ലാത്ത മരതക കല്ലുകളുടെ ശോഭ ...

സണ്ണിയുടെയും മോളിക്കുട്ടിയുടെയും നീണ്ട നാളത്തെ പ്രാർത്ഥനയും ചികിത്സയും കൊണ്ട് മുപ്പത്തിയഞ്ചാമത്തെ വയസ്സിൽ ഗർഭിണിയായ മോളിക്കുട്ടിയുടെ പ്രസവത്തിനു വേണ്ടിയാണ് സണ്ണി വീരപ്പന്റെ ട്രക്കിൽ ബാങ്കളൂരിൽ നിന്നും കോഴിക്കോടേയ്ക്ക് യാത്ര ചെയ്യുന്നത്. സണ്ണിയ്ക്കും വീരപ്പനും അവരുടേതായ സങ്കൽപ്പങ്ങളും സങ്കടങ്ങളും നിവൃത്തികേടുകളുമുണ്ട്. ദാരിദ്ര്യം ഒരു വ്യക്തിയുടെ ദു:ഖമാകുമ്പോൾ അടുത്തയാളുടേത് പ്രിയപ്പെട്ട സുഹൃത്തിന്റെ പ്രണയം താങ്ങാൻ വയ്യാത്തതാകുന്നു. വേദനിക്കുവാൻ ഓരോരുത്തർക്ക് ഓരോ കാരണങ്ങൾ ഉണ്ടെന്നു പറയുന്നതുപോലെ അവർ തന്നെ അതിനുള്ള പരിഹാരങ്ങളും കണ്ടെത്തുന്നുണ്ട്. ആ പരിഹാരത്തിന്റെ ഇടയ്ക്കുള്ള യാത്രയിലാണ് വിധിയുടെ നീരാളിക്കയ്യുകൾ ഇരുവരെയും വലിഞ്ഞു മുറുക്കുന്നത്.

മരണത്തിന്റെ മുന്നിൽ ജീവിതത്തിന്റെ വഴിയിൽ നിന്നും മാറി കിടന്നിട്ടുണ്ടോ? കണ്ണ് തുറന്നു നോക്കുമ്പോൾ മുന്നിൽ അതിഭീകരമായ താഴ്ച മുന്നിലുണ്ടായിട്ടുണ്ടോ? അതാണ് സണ്ണി ജോർജ്ജ് അനുഭവിച്ചതും. താഴ്ചകളെ ഭയമുള്ള ആളാണ് സണ്ണി. രക്ഷപെടാൻ വഴികളില്ലാതെ , ഒരാൾ പോലും വരാത്ത ആ മലമുകളിൽ ഏതു നിമിഷവും താഴേയ്ക്ക് ചാടാം എന്ന ഭയത്തിൽ ഇങ്ങനെ കിടക്കുമ്പോൾ മരണത്തെ നേരിടാൻ സണ്ണിയെ പഠിപ്പിച്ചത് കൊലകൊമ്പന്റെനേർക്കും ചങ്കും വിരിച്ച് തോക്കും ചൂണ്ടി നിന്ന സ്വന്തം അപ്പന്റെ ചങ്കൂറ്റമായിരിക്കണം. അല്ലെങ്കിൽ തനിയ്ക്ക് വേണ്ടി ആശുപത്രിയിലെ പ്രസവ വാർഡിൽ മരണത്തോട് മല്ലിട്ടെന്നപോലെ പ്രസവ വേദന കൊണ്ട് നിലവിളിക്കുന്ന മോളിക്കുട്ടിയുടെ നിലവിളിയോ പിറക്കാൻ പോകുന്ന കുഞ്ഞുങ്ങളുടെ കരച്ചിലോ ആകാം.

ഓരോ കഥാപാത്രങ്ങൾക്കും നീരാളിയിൽ അവരുടേതായ കഥകളുണ്ട്. ആദ്യമൊക്കെ കാണുമ്പോൾ സ്റ്റീവൻ സ്പിൽസ്ബർഗിന്റെ ഡ്യൂൽ ഓർമ്മിച്ചു പോയെങ്കിലും ഓരോ കഥാപാത്രങ്ങളും ചെന്നെത്തി നിൽക്കുന്നത് വിചാരിച്ച ട്വിസ്റ്റിലേയ്ക്ക് അല്ലെന്ന് ബോധ്യപ്പെടുന്നതോടെ നീരാളിക്കയ്യുകളുടെ നിലപാടുകൾ ബോധ്യപ്പെടും.

uploads/news/2018/07/233361/neeralimoverevie140718a2.jpg

മുൻപേ പറഞ്ഞതുപോലെ മലയാളിയ്ക്ക് അപരിചിതമാണ് സർവൈവൽ മൂവീസ്. ബോളിവുഡിൽ സിനിമയെടുത്ത അജോയ് വർമ്മ മലയാളത്തിൽ ഒരു സിനിമയെടുക്കുമ്പോൾ അതിൽ അജോയുടെതായ പ്രത്യേകതയുണ്ടായിരിക്കണമല്ലോ! പരീക്ഷണ ചിത്രമാണ് നീരാളി. മോഹൻലാൽ എന്ന നടനെ നീരാളിയ്ക്ക് കാണാൻ ബുദ്ധിമുട്ടാണ്, അതിനുമപ്പുറം സണ്ണി ജോർജ്ജ് എന്ന ലാലേട്ടൻ മുഖം ആരാധകർക്ക് അത്ര പരിചിതമാകാനും വഴിയില്ല. നിർണയം പോലെയുള്ള സിനിമകളിലെ ആ പഴയ മുഖമോർക്കുമ്പോൾ ലാലേട്ടന്റെ സണ്ണി ജോർജ്ജ് വേർഷൻ മുഖം എത്ര വ്യത്യസ്തമാണ്!

സ്റ്റീഫൻ ദേവസ്സിയുടെ സംഗീതം എടുത്തു പറയാതെ വയ്യ. ടൈറ്റിൽ സോങ് മുതൽ ചുറ്റിപ്പിടിക്കുന്ന കയ്യുകൾ പോലെ മുറുകി വരുന്ന സംഗീതം. ഇടയ്ക്കെപ്പോഴോ പ്രണയാർദ്രമായെങ്കിലും അത് അതിന്റെ സ്ഥായിയായ വേട്ടയാടൽ തുടർന്നുകൊണ്ടേയിരുന്നു സിനിമ തീരുന്നതുവരെ. സാജു തോമസിന്റേതാണ് തിരക്കഥ. വളരെ വ്യക്തമായി പല ചെറിയ കാര്യങ്ങൾക്കും ശ്രദ്ധ കൊടുത്തുകൊണ്ട് ചെയ്ത തിരക്കഥ അഭിനന്ദനീയമാണ്. വീരപ്പനായി അഭിനയിച്ച സുരാജ് വെഞ്ഞാറമ്മൂട് ഇടയ്ക്ക് കരഞ്ഞും ഇടയ്ക്ക് കള്ളത്തരങ്ങൾ ഒളിപ്പിച്ചും പല കള്ളത്തരങ്ങളും ചികഞ്ഞെടുക്കാൻ മിടുക്കു കാണിച്ചും കണ്ണുകൾ കൊണ്ടും മൂക്കുകൊണ്ടും ചുണ്ടു കൊണ്ടും വരെ മികച്ച അഭിനയം കാഴ്ച വച്ചു. പാർവ്വതിയേക്കാൾ കയ്യടി കൊടുക്കേണ്ടത് മോളിക്കുട്ടി ആയി അഭിനയിച്ച നദിയ മൊയ്തുവിന് തന്നെ. വയസ്സ് നാല്പത്തിയഞ്ചായിട്ടും മുപ്പത്തിയഞ്ചുകാരിയായി സൂപ്പർ താരത്തിന്റെ അതെ റേഞ്ചിൽ അഭിനയിക്കാൻ കഴിയുന്നത് അത്ര ചെറിയ കാര്യമല്ലല്ലോ.

മൊത്തത്തിൽ പറഞ്ഞാൽ കാണാവുന്നത്! എന്ന ഗണത്തിൽ തന്നെ നീരാളിയെ പെടുത്തണം. പക്ഷെ അമിതമായ പ്രതീക്ഷയോടെയോ മോഹൻലാലിനെ കാണാനോ, നീരാളി കാണാൻ പോകാതിരിക്കുക. വ്യത്യസ്തമായൊരു സിനിമ കാണാൻ പോയാൽ നീരാളി നല്ലൊരു അനുഭവമായിരിക്കും! ഉറപ്പ്!

Ads by Google
Ads by Google
Loading...
TRENDING NOW