Sunday, June 16, 2019 Last Updated 10 Min 36 Sec ago English Edition
Todays E paper
Ads by Google
ശ്രീപാര്‍വതി
ശ്രീപാര്‍വതി
Monday 16 Jul 2018 12.54 PM

തീയേറ്റര്‍ വിട്ടാലും പ്രേക്ഷകന്റെ 'കൂടെ'

കൂടെ ഒരു ട്രാവല്‍ മൂവി അല്ല, പക്ഷെ യാത്രകളും ഉയര്‍ന്നു പറക്കലുകളും അവനവനെ കണ്ടെത്തലുമാണ് സിനിമ പറയുന്നത്. ബാംഗ്‌ളൂര്‍ ഡെയ്‌സ് പോലെ ഒരു ആഘോഷ ചിത്രമല്ല ഇത്. പക്ഷെ ഒരു അഞ്ജലിമേനോന്‍ സിനിമ എന്ന് ഉറക്കെ പറയാന്‍ പറ്റും. മികച്ച ഛായാഗ്രഹണവും ഗാനങ്ങളും ചിത്രത്തിന്റെ എടുത്തു പറയേണ്ട സവിശേഷതയാണ്.
uploads/news/2018/07/233790/koodeMovieReview160718.jpg

''ജീവിതത്തില്‍ നമ്മള്‍ ചെയ്യുന്ന കാര്യങ്ങളെ നമുക്ക് രണ്ടായി കാണാന്‍ കഴിയും, ഒന്ന് അതൊരു കടമയായി കണ്ട് കാര്യങ്ങള്‍ ചെയ്യുക, അല്ലെങ്കില്‍ അവരോടുള്ള സ്‌നേഹം കൊണ്ട്, ഇച്ചായ്ക്ക് ഞങ്ങളോട് ഇതില്‍ ഏതു വിധത്തിലാണു തോന്നുന്നത്? ''

ജെനി എന്ന അനിയത്തിക്കുട്ടി അവളുടെ ഏട്ടനോട് ചോദിച്ച ചോദ്യം ചെന്നു കൊള്ളേണ്ടത് ഓരോ പ്രേക്ഷകന്റേയും മനസ്സിലേക്കാണ്. അഞ്ജലി മേനോന്‍ ഒരുക്കിയ 'കൂടെ' എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണ് നസ്രിയ അവതരിപ്പിക്കുന്ന ജെനി എന്ന അനിയത്തിക്കുട്ടിയും പൃഥ്വിരാജിന്റെ ജോഷ്വാ എന്ന ഇച്ചായനും.

പത്താം ക്ലാസ്സില്‍ തോറ്റപ്പോള്‍ അസുഖക്കാരിയായ അനിയത്തിക്കുട്ടിക്കും വീടുപോലും വില്‍ക്കേണ്ട അവസ്ഥയിലായ വര്‍ക്‌ഷോപ്പുകാരന്‍ അപ്പനും വേണ്ടിയാണ് ജോഷ് പ്രവാസിയാകുന്നത്. പ്രിയമുള്ള ഫുട്‌ബോളിനെ ഉപേക്ഷിച്ച്, പ്രിയങ്കരമായിരുന്ന മുഖങ്ങളെ ഉപേക്ഷിച്ച് അന്നുമുതല്‍ അവന്‍ വീട്ടുകാര്‍ക്കുവേണ്ടി ജീവിതം ഹോമിക്കാന്‍ തുടങ്ങുന്നു.

ആ പ്രായം മുതല്‍ ജോഷ് അനുഭവിച്ചു പോരുന്ന പീഡോഫീലിക് അനുഭവം മുതല്‍ എല്ലാവിധ ചൂഷണങ്ങളുടെയും അപമാനങ്ങളുടെയും ഇരുട്ട് അവന്റെ പ്രായമെത്തിയ മുഖം കാണിച്ചുതരുന്നുണ്ട്. കടുത്ത വിഷാദത്തില്‍പ്പെട്ട്, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട മനുഷ്യന്റെ മുഖം.

ജീവിതത്തിന്റെ അര്‍ത്ഥങ്ങളെ ലളിതമായ വാക്കുകളിലൂടെയാണ് ജെനി ജോഷ്വായ്ക്ക് പറഞ്ഞു കൊടുക്കുന്നത്. അതില്‍ സ്‌നേഹത്തെ കുറിച്ചുള്ള വിലയിരുത്തലുണ്ട്, അച്ഛനെയും അമ്മയെയും കുറിച്ചുള്ള കരുതലുണ്ട്, അവളുടെ ഇച്ചയെ കുറിച്ചുള്ള ആധികളുണ്ട്, വഴിയില്‍ ഒറ്റയ്ക്കായിപോയ സോഫിയെ കുറിച്ചുള്ള വേവലാതികളുണ്ട്... മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ജെനി എന്ന കഥാപാത്രം ജോഷ്വായുടെ മനസാക്ഷിയുടെ തന്നെ സ്വരമാണ്.

uploads/news/2018/07/233790/koodeMovieReview160718a.jpg

എത്രയോ കാലം അവന്‍ ശ്രദ്ധിക്കാതെയിരുന്ന, അവഗണിച്ച, അമര്‍ത്തി വച്ച മനസാക്ഷി അവനോടു തുറന്നു സംവദിച്ചതാണ്. അതുകൊണ്ടു തന്നെ കൂടെ എന്ന സിനിമയെ വ്യത്യസ്തമായ ഒരു അനുഭവത്തിലേക്ക് കൊണ്ട് പോകുന്നുണ്ട്.

റിലീസിനുമുന്നേതന്നെ 'കൂടെ' തരംഗമായത് നസ്രിയ എന്ന ക്യൂട്ട്‌ഗേളിന്റെ സാന്നിധ്യം കൊണ്ടായിരുന്നു. വിവാഹം കഴിഞ്ഞശേഷം വീണ്ടും ആ പഴയ നസ്രിയക്കുട്ടിയായി വീണ്ടുമെത്തി അവര്‍ പ്രേക്ഷകരുടെ നെഞ്ചില്‍ ഇനിയൊരിക്കലും വിട്ടു പോകാതെ സ്ഥാനം ഉറപ്പിക്കുന്നു. പറന്നു നടക്കാന്‍ ഏറെയിഷ്ടമുള്ള ജെനി സങ്കടങ്ങളും ആനന്ദങ്ങളുമുള്ള അവളുടെ ജീവിതത്തെ പറന്നു നടന്നു തന്നെയാണ് ആഘോഷിച്ചത്.

ഒടുവില്‍ ഇച്ചയോടൊപ്പം ഒറ്റയ്ക്കായി പോകുമ്പോള്‍ പുറമേയ്ക്ക് സുന്ദരമായ ആ ചിരി മുഖത്തുവച്ച് പ്രേക്ഷകന്റെ വേദനയായി മാറുന്നു ജെനി. വ്യത്യസ്തമായൊരു മിത്തിക്കല്‍ അനുഭവമായി നസ്രിയയുടെ കഥാപാത്രം. ജെനി ഒരു സങ്കല്‍പ്പമാണെന്ന് വിശ്വസിക്കാന്‍ ജോഷിനെ പോലെ തന്നെ പ്രേക്ഷകനും പ്രയാസമനുഭവപ്പെടുന്നു.

ഒച്ചയുയര്‍ത്തി എന്നതുകൊണ്ട് മാത്രം സ്വന്തം വീട്ടില്‍ അപമാനിക്കപ്പെട്ട, വിവാഹം കഴിച്ചുകൊണ്ട് പോയ വീട്ടില്‍ നിന്നും സ്വമേധയാ ഇറങ്ങി പോരേണ്ടി വന്നവളാണ് പാര്‍വ്വതിയുടെ സോഫി. കുട്ടിക്കാലത്തു മറ്റു ആണ്‍കുട്ടികള്‍ ഒരു പെണ്‍കുട്ടി ഫുടബോള്‍ തട്ടുന്നതിനെ വിലക്കിയ അതെ കാലത്തിലാണ് ജോഷ്വാ എന്ന കൂട്ടുകാരന്‍ ആദ്യമായി ഒരു പന്ത് അവളുടെ കാലിനു നേരെ അവള്‍ക്കു തട്ടാനായി ഇട്ടു കൊടുക്കുന്നത്.

uploads/news/2018/07/233790/koodeMovieReview160718b.jpg

സ്വതന്ത്ര ചിന്താഗതിക്കാരിയായ ഒരു പെണ്‍കുട്ടിയില്‍നിന്ന് സ്ത്രീയായി വളര്‍ന്നു വന്നപ്പോള്‍ അവളുടെ ജീവിതവും ശരീരവും വെണ്ണീരെന്ന പോലെ എരിഞ്ഞു കൊണ്ടേയിരുന്നു.

സ്വന്തമെന്ന് കുരുതിയവരില്‍നിന്നുപോലും തന്റെ ഉടലിന്റെ നേര്‍ക്ക് അതിക്രമണം ഉണ്ടായപ്പോഴാകണം അവള്‍ എങ്ങോട്ടേയ്‌ക്കെങ്കിലും ഒളിച്ചോടിപ്പോകാന്‍ ആദ്യമായി തീരുമാനം എടുത്തിട്ടുണ്ടാവുക! പാര്‍വ്വതിയുടെ സോഫിയ എന്ന കഥാപാത്രം പതിവ് പോലെ സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ് ആയിട്ടുള്ള ഒരു സ്ത്രീയാണ്. തികച്ചും ബോള്‍ഡ് ആയ, അല്ലെങ്കില്‍ അങ്ങനെ ആണെന്ന് സ്വയം ബോധ്യമുള്ള സ്ത്രീ കഥാപാത്രം.

ആരും ആര്‍ക്കും പകരമാകില്ല എന്നിരിക്കിലും സ്‌നേഹമൂറുന്ന ഒരു കൈവിരല്‍ സ്പര്‍ശം കൂടെയുണ്ടെങ്കില്‍ അതുമതി ജീവിതം മനോഹരമായിരിക്കാന്‍. ഒരിക്കല്‍ വെറുത്തുപോയ അച്ഛനെയും അമ്മയെയും ജോഷ്വാ ജീവിതത്തിലേയ്ക്ക് കൂട്ടുന്നതും അത്തരം ഒരു സ്പര്‍ശനത്തിന്റെ ചൂട് നുകര്‍ന്നുകൊണ്ടാണ്.

കണക്കു പറച്ചിലുകളുടെ ഒടുവിലാണ് അവനവനുവേണ്ടി ജീവിക്കാത്തതിന്റെ ആകുലതകള്‍ ജോഷ്വായിലേയ്ക്ക് ജെനി ഇട്ടു കൊടുക്കുന്നത്.

'ഇച്ചാ വിര്‍ജിന്‍ ആണോ?' എന്ന ചോദ്യത്തില്‍ പോലും അവന്‍ തല കുമ്പിട്ട് പോകുന്നതും ഒരിക്കലും അയാള്‍ സ്വയം നോക്കാതിരുന്നതുകൊണ്ടാണ്. സിനിമയുടെ തുടക്കത്തിലുള്ള ജോഷ്വായുടെ വിഷാദമിയന്ന മുഖത്തില്‍ നിന്ന് മെല്ലെ, വളരെ മെല്ലെ അയാള്‍ ഉള്‍ പ്രകാശം വീണ്ടെടുക്കുന്നുണ്ട്.

ആ പരിണാമം പ്രേക്ഷകന് അനുഭവിക്കാനുമാകും. ക്‌ളൈമാക്‌സ് കൃത്യമായി എത്തിക്കേണ്ടത് എത്തിച്ചിട്ടു തന്നെയാണ് ജെനി വിട പറയുന്നത്, പ്രേക്ഷകനില്‍ നിന്നും അവളുടെ ഇച്ചായില്‍ നിന്നും. പൃഥ്വിരാജിന്റെ കരിയറിലെ മികച്ച സിനിമകളില്‍ ഒന്ന് തന്നെയാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ.

uploads/news/2018/07/233790/koodeMovieReview160718c.jpg

സംവിധായകന്റെ കുപ്പായത്തില്‍ നിന്ന് അഭിനേതാവിന്റെ കുപ്പായമണിയുമ്പോള്‍ രഞ്ജിത്ത് കുറച്ചുകൂടി ഗൗരവക്കാരനായത് പോലെ. തീക്ഷ്ണമായ സങ്കടങ്ങള്‍ താങ്ങാനാകാതെ വേച്ചു പോകുന്ന ഒരച്ഛന്റെ നടത്തം അയാള്‍ എത്ര ഭംഗിയോടെയാണ് നടന്നു തീര്‍ക്കുന്നത്. അമ്മയായി മാലാ പാര്‍വ്വതിയും നന്നായി, പൊങ്ങച്ചക്കാരിയായ പൗളിയുടെ കഥാപാത്രം വരണ്ടു കിടന്നു മരുഭൂമിയിലെ മഴ പോലെ ഇടയ്ക്കിടയ്ക്ക് ചിരി പടര്‍ത്തിക്കൊണ്ടേയിരുന്നു.

കൂടെ ഒരു ട്രാവല്‍ മൂവി അല്ല, പക്ഷെ യാത്രകളും ഉയര്‍ന്നു പറക്കലുകളും അവനവനെ കണ്ടെത്തലുമാണ് സിനിമ പറയുന്നത്. ബാംഗ്‌ളൂര്‍ ഡെയ്‌സ് പോലെ ഒരു ആഘോഷ ചിത്രമല്ല ഇത്. പക്ഷെ ഒരു അഞ്ജലിമേനോന്‍ സിനിമ എന്ന് ഉറക്കെ പറയാന്‍ പറ്റും. മികച്ച ഛായാഗ്രഹണവും ഗാനങ്ങളും ചിത്രത്തിന്റെ എടുത്തു പറയേണ്ട സവിശേഷതയാണ്.

Ads by Google
ശ്രീപാര്‍വതി
ശ്രീപാര്‍വതി
Monday 16 Jul 2018 12.54 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW