Wednesday, October 17, 2018 Last Updated 3 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jul 2018 02.29 PM

ഹൃദ്രോഗികള്‍ ട്രെഡ്മില്‍ ഉപയോഗിക്കുമ്പോള്‍

ഹൃദയപൂര്‍വം
uploads/news/2018/07/234265/askdrheart180718.jpg

''ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയ രോഗങ്ങളുണ്ടാകുമ്പോള്‍ ക്ലമീഡിയയും മറ്റും രക്തത്തിലൂടെ സഞ്ചരിച്ച് കൊറോണറി ധമനികളില്‍ പ്രവേശിച്ച് അവിടെ ജരിതാവസ്ഥ ഉണ്ടാക്കുന്നു ''

ജലദോഷപ്പനിയും ഹൃദയാഘാതവും


ഞാനൊരു കോളജ് അധ്യാപകനാണ്. 49 വയസ്. എനിക്ക് തുടര്‍ച്ചയായി രണ്ടു തവണ ഹൃദയാഘാതമുണ്ടായി. വീടിനോട് ചേര്‍ന്ന് ഹോസ്പിറ്റല്‍ ഉള്ളതുകൊണ്ടു മാത്രമാണ് ഞാന്‍ രണ്ടു തവണയും രക്ഷപെട്ടത്. ജലദോഷപനിയും ഹൃയദാഘാതവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? എന്റെ കാര്യം പരിശോധിച്ചാല്‍ ഇതു ശരിയാണ്. ജലദോഷപനി ബാധിച്ച് കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോഴാണ് എനിക്ക് ഹൃദയാഘാതം ഉണ്ടായത്. എന്താണ് ഇവ തമ്മിലുള്ള ബന്ധം? ഹൃദയാഘാതത്തിന്റെ മുന്നോടിയായി ജലദോഷപനി കാണാനാവുമോ?
------ ജോസഫ് , കൊച്ചി

ഹൃദ്രോഗ കാരണങ്ങളെപ്പറ്റി നടത്തിയ ചില പരീക്ഷണങ്ങള്‍ ചെന്നെത്തിയത്, സവിശേഷതരം പരാദങ്ങളുടെയും ബാക്ടീരിയകളുടെയും ആക്രമണം മൂലം ഹൃദയധമനികളില്‍, ജരതാവസ്ഥ ഉണ്ടാകുമെന്നും തന്മൂലം ഹാര്‍ട്ടറ്റാക്ക് ഉണ്ടാകുമെന്നുമാണ്. 'ക്ലിമീഡിയ ന്യുമോണിയ' എന്ന അണുവിന്റെ ആക്രമണം മൂലം ഹൃദയധമനികളില്‍ ബ്ലോക്ക് ഉണ്ടാകുമെന്ന് തെളിഞ്ഞു.

1988 ല്‍ ഫിന്‍ലാന്റുകാരനായ പ്രൊഫ. പെക്കാ സൈക്കുവിന്റെ ഗവേണഷഫലങ്ങള്‍ പുറത്തുവന്നതോടെയാണ് അണുബാധമൂലം ഹൃദ്രോഗം ഉണ്ടാകുന്നു എന്ന ആശയം പ്രചുരപ്രചാരം നേടിയത്.

ക്ലമീഡിയ കൂടാതെ ഹെലികോബാക്ടര്‍ പൈലൊറി, ഹെര്‍പ്പെസ് സിംപ്ലെക്‌സ് വൈറസ്, സിറ്റോമെഗാലോ വൈറസ് തുടങ്ങിയവയും ഹൃദയധമനികളില്‍ ബ്ലോക്ക് ഉണ്ടാക്കുന്നതിനു കാരണമാകുമെന്ന് കണ്ടുപിടിക്കപ്പെട്ടു. ജലദോഷപനിയും ശ്വാസകോശ രോഗങ്ങളും ഹാര്‍ട്ടറ്റാക്കിന്റെ മുന്നോടിയായി വരുന്നുവെന്ന് പല ഗവേഷകരും തെറ്റിദ്ധരിച്ചിട്ടുണ്ട്.

ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയ രോഗങ്ങളുണ്ടാകുമ്പോള്‍ ക്ലമീഡിയയും മറ്റും രക്തത്തിലൂടെ സഞ്ചരിച്ച് കൊറോണറി ധമനികളില്‍ പ്രവേശിച്ച് അവിടെ ജരിതാവസ്ഥ ഉണ്ടാക്കുന്നു. അങ്ങനെയുണ്ടാകുന്ന ബ്ലോക്കുകള്‍ മൂലം രക്തസഞ്ചാരം തടസപ്പെട്ട് ഹൃദ്രോഗം ഉണ്ടാകുന്നു.

റോക്‌സിത്രോമൈസിന്‍, അസിത്രോമൈസിന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ ഏറെ പ്രയോജനപ്പെടുമെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ജലദോഷപനിയോ ശ്വാസകോശ രോഗങ്ങളോ ഉണ്ടാകാതെയും ഹാര്‍ട്ടറ്റാക്ക് ഉണ്ടാകുമെന്ന് പറയേണ്ടതില്ലല്ലോ.

പേസ്‌മേക്കറിന്റെ ഉപയോഗം


എന്റെ സഹോദരന് 50 വയസുണ്ട്. ഹൃദ്രോഗിയാണ്. ഒരു വര്‍ഷം മുമ്പ് ഹൃദയാഘാതമുണ്ടായി. മരുന്നു കഴിക്കുന്നുണ്ട്. ഇപ്പോള്‍ പ്രശ്‌നമില്ല. എന്നാല്‍ ഇനി ഹൃദയാഘാതം ഉണ്ടാവുകയാണെങ്കില്‍ പേസ്‌മേക്കറിന്റെ സഹായം ആവശ്യമായി വരും എന്നാണ് ഡോക്ടര്‍ പറഞ്ഞത്. പേസ്‌മേക്കര്‍ ഘടിപ്പിച്ചാല്‍ പിന്നീട് ഹൃദ്രോഗ സാധ്യത കുറയുമോ? ഇത് വലിയ ചെലവേറിയ ചികിത്സയാണോ? മറ്റ് എന്തെങ്കിലും അസ്വസ്ഥതകള്‍ക്ക് കാരണമാവുമോ?
------ ശ്രീകുമാര്‍ സി , വടശേരിക്കര

ഹൃദയത്തിന്റെ സുഗമമായ ഉത്തേജനപ്രക്രിയ നടക്കുന്നത് ഹൃദയങ്ങളില്‍ പടര്‍ന്നു കിടക്കുന്ന സവിശേഷതരം നാരുകളുടെ പ്രവര്‍ത്തനത്താലാണ്. വലത്തെ മേലറയുടെ ഭിത്തിമുതല്‍ ഹൃദയത്തിന്റെ എല്ലാ അറകളിലും വ്യാപിച്ചു കിടക്കുന്ന സ്വയം ഉത്തേജിക്കുവാന്‍ കഴിവുള്ള, ഈ കോശവ്യൂഹങ്ങളിലൂടെ കുറഞ്ഞ വോള്‍ട്ടേജുള്ള വൈദ്യുതി പ്രസരിക്കുന്നു. ഈ വൈദ്യുതി പ്രസരണം അറകളില്‍ പൂര്‍ത്തിയാകുമ്പോള്‍ സങ്കോചവും തുടര്‍ന്ന് വികാസവും സംഭവിക്കുന്നു.

ഇത് കടലാസില്‍ രേഖപ്പെടുത്തി നോക്കുമ്പോഴാണ് ഹാര്‍ട്ടറ്റാക്ക് ഉണ്ടോ എന്ന് തിരിച്ചറിയാന്‍ സാധിക്കുന്നത്. പല കാരണങ്ങളാല്‍ ഈ സവിശേഷ കോശങ്ങള്‍ക്ക് അപചയം സംഭവിക്കുമ്പോള്‍ വൈദ്യുതി പ്രസരണം തകരാറിലാകുന്നു. അപ്പോള്‍ ഹൃദയസ്പന്ദനം മന്ദഗതിയിലാകുന്നു. ഒരു നിശ്ചിത പരിധിവിട്ട് വേഗത കുറഞ്ഞാല്‍ തലച്ചോറിലേക്കുളള രക്തസഞ്ചാരം കുറഞ്ഞ് തലകറങ്ങി വീഴും. ചിലപ്പോള്‍ മരണംവരെ സംഭവിക്കാം.

ഈ സാഹചര്യത്തില്‍ ഹൃദയത്തെ കൃത്രിമമായി ഉത്തേജിപ്പിക്കുന്ന യന്ത്രമാണ് പേസ്‌മേക്കര്‍. 1958 ല്‍ ആണ് സ്വീഡനിലെ കരോളിന്‍സ്‌കാ ആശുപത്രിയില്‍ വച്ച് ആദ്യമായി പേസ് മേക്കര്‍ രോഗിയുടെ ഹൃദയത്തോട് ഘടിപ്പിച്ചത്. പേസ്‌മേക്കര്‍ ബാറ്ററികൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.

ഹാര്‍ട്ടറ്റാക്ക് ഉണ്ടാകുമ്പോള്‍ ചിലപ്പോള്‍ ഹൃദയസ്പന്ദന വേഗത കുറയാം. ഇത് ക്രമാതീതമാകുമ്പോഴാണ് പേസ്‌മേക്കര്‍ ഘടിപ്പിക്കുന്നത്. ഹാര്‍ട്ടറ്റാക്ക് കൊണ്ട് ഹൃദയമിടിപ്പ് മന്ദഗതിലാ
യാല്‍ പേസ്‌മേക്കര്‍ ഘടിപ്പിക്കേണ്ടതായിട്ടുണ്ട്. ഇതുകൊണ്ട് പ്രത്യേക അസ്വസ്ഥതകളൊന്നുമില്ല.

കൃത്യമായി പേസ്‌മേക്കര്‍ ചെയ്തിരിക്കണമെന്നു മാത്രം. പേസ്‌മേക്കര്‍ ഘടിപ്പിക്കുന്നതിന് എഴുപതിനായിരും രൂപമുതല്‍ മുകളിലേക്ക് ചെലവ് പ്രതീക്ഷിക്കാം. ചില പേസ്‌മേക്കറുകള്‍ക്ക് 2 ലക്ഷം രൂപ വരെ ചെലവ് വരും.

ഹൃദ്രോഗികള്‍ ട്രെഡ്മില്‍ ഉപയോഗിക്കുമ്പോള്‍


എനിക്ക് 56 വയസുണ്ട്. ആറുമാസം മുമ്പ് ഹാര്‍ട്ടറ്റാക്ക് ഉണ്ടായി. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനായതുകൊണ്ടാണ് ജീവന്‍ രക്ഷിക്കാനായത്. കഴിഞ്ഞ ദിവസം ഞാന്‍ വീട്ടില്‍ ഒരു ട്രെഡ് മില്‍ വാങ്ങിവച്ചു. എന്നാല്‍ അറ്റാക്ക് ഉണ്ടായവര്‍ ട്രെഡ്മില്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം എന്നു പറഞ്ഞുകേള്‍ക്കുന്നു. ഞാന്‍ എത്രസമയം ട്രെഡ്മില്‍ ഉപയോഗിക്കണം. എന്തെല്ലാം കാര്യങ്ങള്‍ ഇതില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
------ അന്റണി ജോര്‍ജ് , ആലുവ

ഹാര്‍ട്ടറ്റാക്ക് ഉണ്ടായവര്‍ ഊര്‍ജസ്വലമായി വ്യായാമം ചെയ്യുന്നത് വളരെ നല്ലതാണ്. കൃത്യവും ഊര്‍ജസ്വലവുമായ ഏയ്‌റോബിക് വ്യായാമമുറകള്‍കൊണ്ട് തുടര്‍ന്നുണ്ടാകുന്ന ഹാര്‍ട്ടറ്റാക്ക് 41 ശതമാനം വരെ കുറയ്ക്കാമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

നടക്കുക, ഓടുക, നീന്തുക, തുഴയുക, സൈക്കിള്‍ ചവിട്ടുക, നൃത്തം ചെയ്യുക തുടങ്ങിയ ഏയ്‌റോബിക് വ്യായാമങ്ങളാണ് ഉത്തമം. ശ്വാസം പിടിച്ചുകൊണ്ട് ശക്തിയോടെ ഏയ്‌റോബിക് വ്യായാമങ്ങള്‍ ആപല്‍ക്കരമാണ്. ഉദാഹരണത്തിന് ഭാരം ഉയര്‍ത്തുക തുടങ്ങിയവ. ശുദ്ധവായു ശ്വസിച്ചുകൊണ്ട് അതിരാവിലെയുള്ള നടത്തമാണ് അഭികാമ്യം. ഇനി അതിനു സാധിക്കുന്നില്ലെങ്കില്‍ ട്രെഡ്മില്‍ വാങ്ങി വീട്ടില്‍ വ്യായാമം ചെയ്യാം.

രാവിലെ തന്നെ നല്ല സമയം. കുറഞ്ഞത് 45 മിനിട്ടെങ്കിലും വേഗത്തില്‍ നടക്കണം. ഹൃദയമിടിപ്പിന്റെ വേഗത കൂടത്തക്കവിധത്തില്‍ നടക്കണം. ഇക്കാര്യങ്ങള്‍ ട്രെഡ്മില്ലില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഹാര്‍ട്ടറ്റാക് കഴിഞ്ഞ രോഗി വ്യായാമപദ്ധതി തുടങ്ങുന്നതിനു മുമ്പ് ചികിത്സിക്കുന്ന ഡോക്ടറുമായി ചര്‍ച്ചചെയ്യണം.

ആശുപത്രിയില്‍ ട്രെഡ്മില്‍ പരിശോധനയ്ക്ക് എത്രമാത്രം സ്‌ട്രെസ് ചെയ്യാമെന്ന് വിലയിരുത്തണം. ചിലര്‍ക്ക് അല്‍പം ആയാസപ്പെടുമ്പോള്‍ നെഞ്ചുവേദനയുണ്ടാകാം. ഇത്തരക്കാര്‍ക്ക് ആന്‍ജിയോഗ്രാഫിയോ മരുന്നില്‍ വ്യതിയാനങ്ങളോ വേണ്ടിവരും. അതൊന്നുമില്ലെങ്കില്‍ ധൈര്യമായി വ്യായാമം ചെയ്യാം.

ഡോ. ജോര്‍ജ് തയ്യില്‍
സീനിയര്‍ കാര്‍ഡിയോളജിസ്റ്റ്
ലൂര്‍ദ് ഹോസ്പിറ്റല്‍ , എറണാകുളം

Ads by Google
Ads by Google
Loading...
TRENDING NOW