Monday, June 17, 2019 Last Updated 4 Min 38 Sec ago English Edition
Todays E paper
Ads by Google
സാമാജികന്‍ സാക്ഷി / ഡോ.എന്‍. ജയരാജ്‌
Thursday 26 Jul 2018 02.32 AM

അനാഥബാല്യങ്ങള്‍ക്ക്‌ തണല്‍ നിഷേധിക്കരുത്‌

uploads/news/2018/07/236363/opinom260718.jpg

കഴിഞ്ഞദിവസം നാട്ടിലെ ഒരു പ്രതിഷേധയോഗത്തില്‍ പങ്കെടുത്തപ്പോഴാണു സമൂഹത്തിലെ ഗൗരവതരമായ ഒരുപ്രശ്‌നം തിരിച്ചറിഞ്ഞത്‌. വിശുദ്ധ മദര്‍ തെരേസയുടെ മിഷണറീസ്‌ ഓഫ്‌ ചാരിറ്റീസ്‌ സ്‌ഥാപനങ്ങളില്‍ ഭരണകൂടം നടത്തുന്ന അന്യായ ഇടപെടലിനെതിരേയായിരുന്നു ആ പ്രതിഷേധം.

അഗതികളുടെ അമ്മയായ മദര്‍ തെരേസ 1950-ല്‍ ആരംഭിച്ച മിഷനറീസ്‌ ഓഫ്‌ ചാരിറ്റി 139 രാജ്യങ്ങളിലായി 760 കേന്ദ്രങ്ങളില്‍ 5167 പേരെ സംരക്ഷിച്ചുപോരുന്നു. ഇവരിലേറെയും ശാരീരിക-മാനസികവെല്ലുവിളി നേരിടുന്ന കുട്ടികളും അശരണരായ സ്‌ത്രീകളും വയോധികരുമാണ്‌. നമ്മുടെ നാട്ടിലെ ഒട്ടേറെ നഷ്‌ടബാല്യങ്ങള്‍ തിരിച്ചുപിടിക്കാനും ആത്മഹത്യാ മുനമ്പിലെത്തിയവരെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാനും സഹായിക്കുന്നത്‌ ഇത്തരം സ്‌ഥാപനങ്ങളാണ്‌.

ഒരു സര്‍ക്കാര്‍ സംവിധാനത്തിനും ഭംഗിയായി നടപ്പാക്കാന്‍ കഴിയാത്ത ഇത്തരം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കിടയില്‍നിന്നാണു കഴിഞ്ഞദിവസം റാഞ്ചിയിലെ നിര്‍മല്‍ ഹൃദയഭവനത്തിലെ ഒരു കന്യാസ്‌ത്രീയെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഈ സന്യാസിനീസമൂഹത്തിനു കീഴിലുള്ള ശിശു സംരക്ഷണകേന്ദ്രങ്ങളില്‍ റെയ്‌ഡ്‌ നടത്താനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നിയമത്തിന്റെ അടിസ്‌ഥാനത്തില്‍ തെറ്റുകള്‍ അന്വേഷിച്ചു കണ്ടെത്തട്ടെ. പക്ഷേ, അതിന്റെ പേരില്‍ അശരണസംരക്ഷകര്‍ക്കെതിരേ കാടടച്ചു വെടിവയ്‌ക്കുകയല്ല ഒരു ജനാധിപത്യസര്‍ക്കാര്‍ ചെയ്യേണ്ടത്‌.

രാജ്യത്തു പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌ഥാപനങ്ങളും നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്‌ഥമാണ്‌. എന്നാല്‍ വൈരാഗ്യബുദ്ധിയോടെയും മുന്‍ധാരണകളോടെയുമുള്ള നടപടികള്‍ എതിര്‍ക്കപ്പെടണം. നിയമങ്ങളുടെ ഉദ്ദേശ്യശുദ്ധി നഷ്‌ടപ്പെടാതെ കാക്കാന്‍ അധികൃതര്‍ക്ക്‌ ഉത്തരവാദിത്വമുണ്ട്‌. കുട്ടികളുടെ സംരക്ഷണത്തിനായി സഭകളും മറ്റു സന്നദ്ധസംഘടനകളും നടത്തുന്ന ശിശുഭവനങ്ങളുടെ പ്രവര്‍ത്തനം ഈ സന്ദര്‍ഭത്തില്‍ വിശകലനം ചെയ്യേണ്ടതുണ്ട്‌.

പത്തനംതിട്ട ജില്ലയിലെ ഇത്തരമൊരു സ്‌ഥാപനത്തില്‍ അന്തേവാസിയായിരുന്ന നാലുവയസുള്ള കുട്ടി കഴിഞ്ഞ മേയില്‍ അസുഖം മൂലം മരിച്ചു. നിയമത്തിന്റെ നൂലാമാലകളില്‍പ്പെട്ട്‌, ആ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കഴിഞ്ഞതു 11 ദിവസത്തിനുശേഷമാണ്‌. നിയമത്തിന്റെ അനാവശ്യനടപടിക്രമങ്ങളും കാര്‍ക്കശ്യങ്ങളുമാണ്‌ ഇവിടെ വില്ലനായത്‌. ജനിച്ചനാള്‍ മുതല്‍ മാതാപിതാക്കളുടെ പരിലാളന ലഭിക്കാതെ, കന്യാസ്‌ത്രീകളുടെ പരിചരണത്തില്‍ നാലുവര്‍ഷം മാത്രം ഭൂമിയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു മനുഷ്യജീവന്റെ കാര്യമായിരുന്നു അത്‌. മനഃസാക്ഷി എന്നത്‌ ഏതു നിയമത്തിനുമപ്പുറമല്ലേ?

സംസ്‌ഥാനത്തു ബാലനീതിനിയമം പൂര്‍ണമായി നടപ്പാക്കുമ്പോള്‍ സമാനമായ ചില പ്രശ്‌നങ്ങള്‍കൂടി ചര്‍ച്ചചെയ്യപ്പെടണം. 1974-ലാണ്‌ ദേശീയശിശുനയം രൂപീകരിച്ചത്‌. 1989-ല്‍ ഐക്യരാഷ്‌ട്രസംഘടന, കുട്ടികളുടെ സംരക്ഷണത്തിനും വികസനത്തിനും ജീവനത്തിനുമായുള്ള പ്രഖ്യാപനം അംഗീകരിച്ചു നടപ്പാക്കി. 1992 ഡിസംബറില്‍ ബാലാവകാശ ഉടമ്പടി ഇന്ത്യയും അംഗീകരിച്ച്‌ ഒപ്പുവച്ചു. ഈ നയങ്ങളുടെ അടിസ്‌ഥാനതത്വങ്ങള്‍ അംഗീകരിച്ചാണ്‌ വിദ്യാഭ്യാസ അവകാശനിയമവും ശൈശവവിവാഹ നിരോധനനിയമവും ദത്തെടുക്കല്‍ നിയമവും ബാലവേല നിരോധനനിയമവും ബാലനീതി നിയമവും ബാലാവകാശ കമ്മിഷനും പോക്‌സോയും ഉള്‍പ്പെടെ രൂപീകരിക്കപ്പെട്ടത്‌.

2012-ലെ നിര്‍ഭയ സംഭവത്തേത്തുടര്‍ന്നാണു 2015-ല്‍ ബാലനീതി നിയമം പരിഷ്‌കരിച്ചത്‌. 2016 ജനുവരി 15-ന്‌ അതു പ്രാബല്യത്തില്‍ വന്നു. 2000-ലെ ബാലനീതി-ശിശുസംരക്ഷണനിയമം ഈ നയങ്ങളുടെ അടിസ്‌ഥാനത്തില്‍ നടപ്പാക്കിയെങ്കിലും നിര്‍ഭയ സംഭവത്തോടെ അതില്‍ കാതലായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. ഈ നിയമത്തിന്റെ ചുവടുപിടിച്ച്‌ പല സംസ്‌ഥാനങ്ങളും ചട്ടങ്ങള്‍ രൂപീകരിച്ചെങ്കിലും കേരളം അതു ചെയ്‌തില്ല.

തമിഴ്‌നാട്ടിലെ ഒരു സ്‌ഥാപനത്തിലുണ്ടായ പീഡനക്കേസിന്റെ അടിസ്‌ഥാനത്തില്‍ 2017 മേയില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയും ശിശുഭവനങ്ങളെല്ലാം ബാലനീതി നിയമപ്രകാരം രജിസ്‌റ്റര്‍ ചെയ്യണമെന്നു നിര്‍ദേശിക്കുകയും ചെയ്‌തു. അതിനായി 2017 ഡിസംബര്‍ 31 വരെ കാലാവധി അനുവദിച്ചു. ചില സംസ്‌ഥാനങ്ങളില്‍ ഇതു നടപ്പാക്കാന്‍ കഴിയാത്തതുമൂലം കഴിഞ്ഞ മാര്‍ച്ച്‌ 31 വരെ കാലാവധി നീട്ടി.

ഇതുപ്രകാരം 790 സ്‌ഥാപനങ്ങള്‍ കേരളത്തില്‍ രജിസ്‌റ്റര്‍ ചെയ്‌തു. 126 സ്‌ഥാപനങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചു. കഴിഞ്ഞ 11-ന്‌ സുപ്രീം കോടതി ഇവര്‍ക്ക്‌ രജിസ്‌ട്രേഷന്‌ ഓഗസ്‌റ്റ്‌ വരെ സമയമനുവദിച്ചു. കേരളത്തിലെ ശിശുഭവനുകളില്‍ 27,260 കുട്ടികളാണുള്ളത്‌. ഇവരില്‍ നല്ലൊരു പങ്കും സനാഥരാണെങ്കിലും രക്ഷിതാക്കളുടെ പ്രാരബ്‌ധങ്ങള്‍ മൂലം ഇവിടങ്ങളില്‍ എത്തിപ്പെട്ടതാണ്‌. 30% കുട്ടികള്‍ മാത്രമാണ്‌ അനാഥരായുള്ളത്‌.

ബാലനീതി നിയമം ആര്‍ട്ടിക്കിള്‍ 214-ല്‍ 12 വിഭാഗം കുട്ടികളെയാണ്‌ ആറുവിഭാഗം സ്‌ഥാപനങ്ങളിലേക്ക്‌ അയയ്‌ക്കാന്‍ നിര്‍ദേശിക്കുന്നത്‌.

(താമസസ്‌ഥലമോ ഉപജീവനമാര്‍ഗമോ ഇല്ലാത്തവര്‍, ബാലവേലയില്‍ ഏര്‍പ്പെട്ടവരോ ഭിക്ഷ യാചിക്കുന്നവരോ പൊതുനിരത്തില്‍ ജീവിക്കുന്നവരോ, രക്ഷാകര്‍ത്താവോ സംരക്ഷകനോ ഉപദ്രവിക്കുകയോ ചൂഷണം ചെയ്യുകയോ അധാര്‍മികമായി ഉപയോഗിക്കുകയോ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവര്‍, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവരോ ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റാത്ത അസുഖമുള്ളവരോ, രക്ഷാകര്‍ത്താക്കള്‍ക്കു സംരക്ഷണം നല്‍കാന്‍ കഴിയാത്തവര്‍, മാതാപിതാക്കള്‍ പരിപാലിക്കാന്‍ തയാറല്ലാത്തവര്‍, കാണാതാവുകയും ഒളിച്ചോടിപ്പോവുകയും മാതാപിതാക്കള്‍ക്കു കണ്ടെത്താന്‍ സാധിക്കാതെ വന്നവരും, ലൈംഗിക ചൂഷണത്തിനോ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിക്കപ്പെട്ടവര്‍, മോശം സാഹചര്യത്തില്‍ കാണപ്പെടുന്നവരും മയക്കുമരുന്നു വ്യാപാരത്തിലും മറ്റും ഉള്‍പ്പെടാന്‍ സാധ്യതയുള്ളവരും, മനഃസാക്ഷിക്കു നിരക്കാത്ത നേട്ടത്തിനായി ദുരുപയോഗിക്കപ്പെടുകയോ അത്തരം സാഹചര്യങ്ങളില്‍ കാണപ്പെടുന്നതോ ആയ കുട്ടികള്‍, നിര്‍ബന്ധിത ശൈശവവിവാഹത്തില്‍പ്പെട്ടവര്‍).

ഇത്തരം കുട്ടികളെ ചില്‍ഡ്രന്‍സ്‌ ഹോം, ഒബ്‌സര്‍വേഷന്‍ ഹോം, സ്‌പെഷല്‍ ഹോം, പ്ലേസ്‌ ഓഫ്‌ സേഫ്‌ടി, ഷെല്‍ട്ടര്‍ ഹോം, സ്‌പെഷലൈസ്‌ഡ്‌ അഡോപ്‌ഷന്‍ സെന്റര്‍ എന്നിവിടങ്ങളിലേക്കാണ്‌ അയയ്‌ക്കേണ്ടത്‌. ഇവയാണ്‌ രജിസ്‌റ്റര്‍ ചെയ്യേണ്ട സ്‌ഥാപനങ്ങള്‍.

കേരളത്തില്‍ ഇത്തരം സ്‌ഥാപനങ്ങളിലെ കുട്ടികളുടെ മറ്റൊരു പ്രധാനപ്രശ്‌നം, ചിലര്‍ വീട്ടിലെ ബുദ്ധിമുട്ടുകള്‍ മൂലം ശിശുഭവനുകളില്‍ താമസിച്ചു പഠിക്കുന്നവരാണ്‌ എന്നതാണ്‌. അവധിക്കാലത്തും വിദ്യാഭ്യാസശേഷവും ഇവര്‍ മടങ്ങിപ്പോകും. മേല്‍പ്പറഞ്ഞ 12 വിഭാഗങ്ങളില്‍പ്പെടാത്ത നിരവധി കുട്ടികള്‍ താമസിക്കുന്ന ഒട്ടേറെ സ്‌ഥാപനങ്ങള്‍ നമുക്കുണ്ട്‌.

ചട്ടങ്ങള്‍ രൂപീകരിക്കുമ്പോള്‍ അവയുടെ അവസ്‌ഥയെന്താകുമെന്ന ആശങ്കയുണ്ട്‌. കേരളത്തിന്റെ സവിശേഷസാഹചര്യത്തില്‍ ബാലനീതി നിയമം നടപ്പാക്കുമ്പോള്‍, ചട്ടങ്ങളില്‍ ഇളവു നല്‍കിയില്ലെങ്കില്‍ പല സ്‌ഥാപനങ്ങളും പൂട്ടേണ്ടിവരും. ഈ ആശങ്ക പരിഗണിക്കപ്പെടണം. ശിശുക്ഷേമസമിതികളാണു കുട്ടികളെ ഏതു സ്‌ഥാപനത്തിലേക്ക്‌ അയയ്‌ക്കണമെന്നു തീരുമാനിക്കുന്നത്‌.

ഇവിടെ രക്ഷാകര്‍ത്താവിന്റെ തെരഞ്ഞെടുക്കല്‍ അവകാശം പൂര്‍ണമായി നിരാകരിക്കുന്നതു പ്രായോഗികമല്ല. 100 കുട്ടികള്‍ക്കു 40 ജോലിക്കാര്‍ വേണമെന്നാണു നിയമം വ്യവസ്‌ഥ ചെയ്യുന്നത്‌. ഐ.സി.പി. സ്‌കീമില്‍ 50 കുട്ടികള്‍ക്കു 11 ജോലിക്കാര്‍ മതിയെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്‌.

ഫണ്ട്‌ നല്‍കുന്നതുമായി ബന്ധപ്പെട്ട വ്യവസ്‌ഥയും പ്രവേശനം സംബന്ധിച്ച വ്യവസ്‌ഥയും തമ്മില്‍ ഇത്തരമൊരു അന്തരമുണ്ട്‌. കേരളത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കുമ്പോള്‍ നമ്മുടെ സ്‌ഥാപനങ്ങളുടെ അവസ്‌ഥ തിരിച്ചറിഞ്ഞ്‌ സ്‌റ്റാഫ്‌ പാറ്റേണില്‍ മാറ്റം വരുത്താന്‍ കഴിയണം. ഒരു കുട്ടിക്കു 40 ചതുരശ്രയടി സ്‌ഥലവും കളിസ്‌ഥലവുമൊക്കെ നിഷ്‌കര്‍ഷിക്കുന്ന നിയമം കര്‍ശനമായി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ പല സ്‌ഥാപനങ്ങള്‍ക്കും മുന്നോട്ടുപോകാന്‍ കഴിയില്ല.

Ads by Google
Ads by Google
Loading...
TRENDING NOW