Monday, July 22, 2019 Last Updated 27 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 11.06 PM

പ്രാണന്‍പോലെ സാമൂഹ്യസേവനം

uploads/news/2018/07/236967/sun1.jpg

ബുദ്ധിയുറയ്‌ക്കാത്ത എന്റെ പാവം കുഞ്ഞിനെ ദ്രോഹിക്കാന്‍ എങ്ങനെ മനസു വന്നു. ഞാന്‍ വീട്ടുപണിക്കു പോയില്ലെങ്കില്‍ എന്റെ കുഞ്ഞു പട്ടിണിയാകും. കൂടെ കൊണ്ടു പോകാമെന്നു വിചാരിച്ചാല്‍ പണിക്കു പോകുന്ന വീട്ടുകാര്‍ക്ക്‌ അതിഷ്‌ടപ്പെടില്ല. അതുകൊണ്ടാണ്‌ വീട്ടിലാക്കിയിട്ടു പോയത്‌. എന്നാലും എന്റെ കുഞ്ഞിനോടിങ്ങനെ ചെയ്യാന്‍ തോന്നിയല്ലോ ദൈവമേ...''
ഓട്ടിസം ബാധിച്ച, നടക്കാന്‍ പോലും കഴിയാത്ത ഇരുപത്തിയെട്ടുകാരിയായ മകളെയും കെട്ടിപ്പിടിച്ചുകൊണ്ട്‌ നിര്‍ധനയായ ആ അമ്മ നെഞ്ചു പിളരും പോലെ പൊട്ടിക്കരഞ്ഞു. ആ കണ്ണീരിന്റെ നനവും അതിന്റെ ഉറവ പൊട്ടുന്ന നെഞ്ചിലെ കനല്‍ ചൂടുമൊന്നും അറിയാതെ ആ പാവം പെണ്‍കുട്ടി അപ്പോഴും തനിക്കു ചുറ്റും നില്‍ക്കുന്നവരെ മാറി മാറി നോക്കിക്കൊണ്ടിരുന്നു.
പിറന്ന കുഞ്ഞിന്‌ ഓട്ടിസമാണെന്നറിഞ്ഞപ്പോള്‍ അവളെയും അമ്മയെയും ഉപേക്ഷിച്ചു പോയതാണ്‌ അച്‌ഛന്‍. പിന്നീടൊരിക്കലും അയാള്‍ അവരെ തേടി വന്നില്ല. അവര്‍ ജോലിക്കു പോകുമ്പോള്‍ മകളെ നോക്കാന്‍ ആരുമില്ലാത്തതിനാല്‍ മുറിക്കുള്ളില്‍ ജനാലയോട്‌ ചേര്‍ന്ന്‌ അവളുടെ കൈകള്‍ കെട്ടി വച്ച്‌ വീട്‌ പുറത്തു നിന്നും പൂട്ടിയിട്ടാണ്‌ പോവുക. പുറത്തെ കാഴ്‌ചകള്‍ കാണാന്‍ ജനാലകള്‍ തുറന്നിടും. അവര്‍ ജോലിക്കു പോയ നേരം നോക്കി ആരോ ജനല്‍ വഴി ഉപദ്രവിക്കുകയായിരുന്നു ആ പാവത്തെ. അടുത്ത വീട്ടുകാര്‍ കണ്ടതോടെ ആള്‍ ഓടി രക്ഷപെട്ടു. സോന അവളുടെ മുഖത്തേക്ക്‌ നോക്കി. തനിക്ക്‌ എന്താണ്‌ സംഭവിക്കുന്നതെന്നറിയാനോ, ഒച്ച വച്ച്‌ ആളെ കൂട്ടാനോ അറിയാത്ത പാവം. സുഖമില്ലാത്ത ആ പാവത്തോട്‌ ഭ്രാന്തു പിടിച്ച ഏതോ ഒരുവന്‍.
''ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ എന്റെ കുഞ്ഞിന്റെ ഗതി ഇതാണെങ്കില്‍ ഞാന്‍ മരിച്ചാല്‍ അതിന്റെ അവസ്‌ഥയെന്തായിരിക്കും. ആരുണ്ട്‌ എന്റെ കുഞ്ഞിനെ നോക്കാന്‍? സമാധാനത്തോടെ മരിക്കാന്‍ പോലും എനിക്ക്‌ കഴിയില്ല. ഞങ്ങളെ രണ്ടു പേരെയും കൂടി ദൈവം ഒരുമിച്ചു വിളിച്ചാല്‍ മതിയായിരുന്നു. 'അവര്‍ കരഞ്ഞു പറഞ്ഞു. ആ വാക്കുകള്‍ സോന എന്ന യുവതിയുടെ നെഞ്ചിലേക്ക്‌ ഒരസ്‌ത്രം കണക്കാണ്‌ തറച്ചു കയറിയത്‌. എന്തെങ്കിലും ചെയ്‌തേ പറ്റൂ. ആ അമ്മയുടെ കണ്ണീര്‍ മനസിനെ അത്രമാത്രം പൊള്ളിക്കുന്നു. അന്ന്‌ രാത്രി സോനയ്‌ക്ക് ഉറക്കം വന്നില്ല. പൊട്ടിപ്പൊളിഞ്ഞ ആ ഒറ്റമുറി വീട്ടില്‍ ബുദ്ധിമാന്ദ്യമുള്ള തന്റെ മകളെയും നെഞ്ചോടടുക്കി ആധിയോടെ ഉറക്കം വരാതെ കിടക്കുന്ന ആ അമ്മയെ കുറിച്ചായിരുന്നു അവളുടെ ചിന്ത മുഴുവന്‍.
മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന പതിനെട്ടു വയസിനു മുകളിലുള്ളവര്‍ക്കായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബഡ്‌സ് പുനരധിവാസ കേന്ദ്രങ്ങള്‍(ബി.ആര്‍.സി) ആരംഭിക്കുന്ന സമയമായിരുന്നു അത്‌. അങ്ങനെ കൊല്ലം ജില്ലയിലെ പണിയം വെട്ടിക്കവലയില്‍ ഈ കേന്ദ്രം സ്‌ഥാപിക്കാന്‍ അനുമതി ലഭിച്ചു. അധികം വൈകാതെ തന്നെ തലച്ചിറയില്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. അങ്ങനെ പകല്‍ സമയം തന്റെ മകളെ സുരക്ഷിതമായി ഏല്‍പ്പിക്കാന്‍ ആ അമ്മ്‌ക്ക് ഒരിടമുണ്ടായി. പിന്നീട്‌ സോനു മുന്‍കൈയെടുത്ത്‌ പഞ്ചായത്തില്‍ നിന്നും അവര്‍ക്ക്‌ വീടും വച്ചു കൊടുത്തു. ഇപ്പോള്‍ പകല്‍ സമയം ആ അമ്മ തന്റെ മകളെ ബി.ആര്‍.സിയില്‍ ഏല്‍പ്പിച്ച ശേഷം ധൈര്യമായി വീട്ടുജോലിക്കു പോകുന്നു. അവളും സന്തോഷവതിയായിരിക്കുന്നു. അതു കാണുമ്പോള്‍ സാമൂഹ്യ സേവനരംഗത്ത്‌ സജീവമായ സോന എന്ന കുടുംബശ്രീ പ്രവര്‍ത്തകയ്‌ക്കും മനസു നിറയുന്നു.
വെറുതേ ഒരു രസത്തിനു വേണ്ടി സാമൂഹ്യ സേവന രംഗത്തേക്ക്‌ വന്ന സ്‌ത്രീയല്ല സോന. അതിനായി ആത്മസമര്‍പ്പണം ചെയ്‌ത വ്യക്‌തിയാണ്‌. സമൂഹത്തിലെ നിരാലംബരായവരെ കൈപിടിച്ചുയര്‍ത്താനും അവര്‍ക്കായി ശബ്‌ദിക്കാനുമുള്ള ഒരു കനല്‍ സോനയുടെ ഉള്ളിലുണ്ടായിരുന്നു. കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ ലഭിച്ച ഊര്‍ജം അത്‌ ഊതി തെളിച്ചു.
വെട്ടിക്കവലയില്‍ ശ്രീധരന്‍ നായരുടെയും രാധാമണിയമ്മയുടെയും മകളായിരുന്നു സോന. അച്‌ഛന്‍ മധ്യപ്രദേശില്‍ കോണ്‍ട്രാക്‌ടറായിരുന്നു. അമ്മ ടൈപിസ്‌റ്റും. രണ്ടു വയസു വരെ മാത്രമേ സോന അവിടെ നിന്നുള്ളൂ. അനിയന്‍ ജനിച്ച ശേഷം നാട്ടിലേക്ക്‌ പോന്നു. സാമൂഹ്യസേവന തല്‍പരത തനിക്ക്‌ അച്‌ഛനില്‍ നിന്നും പകര്‍ന്നു കിട്ടിയതാണെന്ന്‌ സോന പറയും.
''അച്‌ഛന്‍ മധ്യപ്രദേശില്‍ കോണ്‍ട്രാക്‌ടറായിരുന്നെങ്കിലും ആളുകളെ കൊണ്ട്‌ അധിക സമയം പണിയെടുപ്പിക്കുന്ന ചൂഷണത്തിനൊക്കെ എന്നും എതിരായിരുന്നു. ഭക്ഷണംപോലുമില്ലാതെ അവിടെ ആളുകള്‍ കഷ്‌ടപ്പെടുന്നതുകണ്ട്‌ അച്‌ഛന്‍ തന്നെ ഒരു ഹോട്ടല്‍ തുടങ്ങി. അവിടുത്തെ കരിങ്കല്‍ ക്വാറിയിലും ഡാമിലുമൊക്കെ തൊഴിലാളികളെ ഒരുപാട്‌ സമയം അടിമകളെപ്പോലെ പണിയെടുപ്പിക്കുന്നതിനെ അച്‌ഛന്‍ എതിര്‍ത്തു. അവിടുത്തെ സീനിയേഴ്‌സിന്റെയെല്ലാം കണ്ണില്‍ അച്‌ഛന്‍ കരടായി. ഞങ്ങള്‍ നാട്ടിലേക്ക്‌ പോന്നശേഷം അച്‌ഛന്‌ പതിവായി കത്തുകളയക്കുമായിയിരുന്നു. അതിലൊക്കെയും അച്‌ഛന്‍ എഴുതിയിരുന്നത്‌ സാധുക്കളെ എങ്ങനെ സഹായിക്കാം എന്നതായിരുന്നു. ആ വാക്കുകള്‍ മനസില്‍ ഇപ്പോഴും പതിഞ്ഞു കിടപ്പുണ്ട്‌.''
എന്നാല്‍ സോനയുടെ ഉള്ളില്‍ സഹാനുഭൂതിയും അനുകമ്പയും വളര്‍ത്തിയെടുക്കുന്ന കത്തുകള്‍ക്ക്‌ നിനച്ചിരിക്കാതെ വിരാമമായി. അച്‌ഛന്‍ അപകടത്തില്‍ മരിച്ചതറിഞ്ഞ്‌ ബന്ധുക്കള്‍ എത്തിയപ്പോഴേക്കും നര്‍മദ നദിയുടെ തീരത്തെ ആറടി മണ്ണില്‍ അന്ത്യവിശ്രമം ഒരുങ്ങിയിരുന്നു. അന്ന്‌ സോനയ്‌ക്ക് ഒമ്പതു വയസ്സേയുള്ളു.
''അച്‌ഛന്റെ അപ്രതീക്ഷിത മരണം, അവസാനമായി ഒന്നു കാണാന്‍ പോലും കഴിയാത്തതിന്റെ ദു:ഖം. അതെല്ലാം അമ്മയെ വല്ലാതെ തളര്‍ത്തി. ഇത്തിരി ചിതാഭസ്‌മം മാത്രമാണ്‌ ബന്ധുക്കള്‍ക്ക്‌ കിട്ടിയത്‌. കുറച്ച്‌ റബ്ബര്‍ ഉണ്ടായിരുന്നത്‌ തുണയായി. അതില്‍ നിന്നു കിട്ടുന്ന വരുമാനം കൊണ്ട്‌ കുറച്ചുകാലം ജീവിച്ചു. റബ്ബറിന്റെ വിലയിടിഞ്ഞതോടെ ജീവിതം ശരിക്കും ബുദ്ധിമുട്ടിലായി. ഡിഗ്രിക്കു പഠിക്കുമ്പോള്‍ ട്യൂഷനിലേക്കും മറ്റും തിരിഞ്ഞു. അനിയനെ കൂടി പഠിപ്പിക്കേണ്ട ഉത്തരവാദിത്വമായി.' സോന പറയുന്നു.
കഷ്‌ടപ്പാടുകള്‍ക്കിടയിലും ഇംഗ്‌ളീഷ്‌ സാഹിത്യത്തിലും മലയാള സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടി. കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലേക്ക്‌ കടന്നു ചെല്ലാന്‍ പ്രേരണ നല്‍കിയത്‌ അമ്മാവനാണ്‌. ഇരുപത്തിമൂന്നാം വയസില്‍ സി.ഡി.എസ്‌ ചെയര്‍പേഴ്‌സണായി. തുടര്‍ച്ചയായി ആറുവര്‍ഷം ആ പദവിയില്‍ പ്രവര്‍ത്തിച്ചു. കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത്‌ ഒരുതരം അനുഷ്‌ഠാനം പോലെയാണ്‌ സോനയ്‌ക്ക്. ആരും അതിലേക്ക്‌ നിര്‍ബന്ധിച്ചു തള്ളിവിട്ടതല്ല. ഓരോ കുട്ടിയും അനുഭവിക്കുന്ന ദുരിതങ്ങളുടെ ഇരുട്ടിലേക്ക്‌ ഒരിറ്റു വെളിച്ചമായി അവര്‍ സ്വയം നയിക്കപ്പെടുകയായിരുന്നു. തന്റെ ചുറ്റും കണ്ണില്‍ പെടാതെ മറഞ്ഞിരിക്കുന്ന അവരെ കണ്ടെത്താനുള്ള യാത്രയാണ്‌ സോനുവിന്റെ ഓരോ ദിവസവും.
2012ല്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കുട്ടികളെ സംബന്ധിച്ചു നടത്തിയ സര്‍വേയിലാണ്‌ മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന 38 കുട്ടികള്‍ തങ്ങളുടെ പഞ്ചായത്തിലുണ്ടന്ന കാര്യം വെളിപ്പെടുന്നത്‌. വളരെ ദയനീയമായിരുന്നു ഈ കുട്ടികളുടെ വീടുകളിലെ അവസ്‌ഥ. ചിലരുടെ പിതാക്കന്‍മാര്‍ ബുദ്ധിമാന്ദ്യമുള്ള കുഞ്ഞ്‌ ജനിച്ചതിനാല്‍ അവരുടെ കുടുംബത്തെ ഉപേക്ഷിച്ചു പോയിരുന്നു. ഈ കാരണം കൊണ്ട്‌ അമ്മമാര്‍ ദുരിതത്തിന്റെ നടുക്കയത്തിലായി. മൂന്നു നേരം ആഹാരം പോലുമില്ലാത്ത അവസ്‌ഥ.
ഈ കുട്ടികളെ വിശ്വസിച്ചേല്‍പിക്കാന്‍ അമ്മമാര്‍ക്കൊരിടമില്ല എന്നതായിരുന്നു പ്രധാന പ്രശ്‌നം. സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയാത്ത ഈ കുട്ടികളെ വീട്ടില്‍ തനിച്ചാക്കി അമ്മമാര്‍ക്കു ജോലിക്കു പോകാനും നിവൃത്തിയില്ല. ഫലത്തില്‍ അവരുടെ വീട്‌ പട്ടിണിയാവുകയാണ്‌. അവരുടെ കഷ്‌ടതകള്‍ക്ക്‌ ഒരവസാനം കണ്ടെത്താന്‍ ബഡ്‌സ് പുനരധിവാസ കേന്ദ്രം തുടങ്ങിയതു വഴി സാധിച്ചു. ഇപ്പോള്‍ ഇവിടെ കുട്ടികളെ പകല്‍ സമയം നോക്കാനുള്ള സംവിധാനമുണ്ട്‌. ഇനി എന്തെങ്കിലും അത്യാവശ്യ ഘട്ടത്തില്‍ ഈ കുട്ടികളെ രാത്രി കൂടി സംരക്ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ പുനരധിവാസ കേന്ദ്രത്തില്‍ സംവിധാനം ഒരുക്കണം. അമ്മയ്‌ക്ക് ആശുപത്രിയിലോ മറ്റോ കിടക്കേണ്ടി വരികയോ ദൂരെയെവിടെയെങ്കിലും പോകേണ്ടതായി വരികയോ ചെയ്‌താല്‍ ഈ കുഞ്ഞുങ്ങളെ രാത്രിയിലും സംരക്ഷിക്കാന്‍ കഴിയണം. ഇരുപത്‌ കിടക്കയുള്ള ഒരു ഹോസ്‌റ്റല്‍ സംവിധാനമാണ്‌ ഉദ്ദേശിക്കുന്നത്‌. സന്‍മനസുള്ളവര്‍ കനിഞ്ഞാല്‍ അതു നടക്കും. ഇതു കൂടാതെ ബഡ്‌സ് സ്‌കൂള്‍ സ്‌ഥാപിക്കുന്നതിനായി ജില്ലാമിഷന്‍ ശ്രമിച്ചുകൊണ്ടിരിക്കുകാണ്‌. അതിനുള്ള അനുമതി കിട്ടിയാല്‍ ഈ കുട്ടികളെ ബഡ്‌സ് സ്‌കൂളില്‍ ചേര്‍ക്കാന്‍ കഴിയും. ഇപ്പോള്‍ അവരെ പുനരധിവാസ കേന്ദ്രത്തിലാണ്‌ അയക്കുന്നത്‌.
മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കും പേപ്പര്‍ ബാഗ്‌, ഫാന്‍സി ആഭരണങ്ങള്‍, സോപ്പ്‌, ലോഷന്‍ എന്നിവ ഉള്‍പ്പെടെ അവരുടെ അഭിരുചിക്കിണങ്ങിയ തൊഴില്‍ വൈദഗ്‌ധ്യ പരിശീലനവും ലഭ്യമാക്കുന്നുണ്ട്‌. കൂടാതെ ഈ കുട്ടികളുടെ അമ്മമാര്‍ക്കായി പ്രത്യേക അയല്‍ക്കൂട്ടങ്ങളും രൂപീകരിച്ചു. ആരും സംരക്ഷിക്കാനില്ലാത്തവരും രക്ഷിതാക്കളുണ്ടായിട്ടും ചൂഷണത്തിന്‌ ഇരയാകാന്‍ സാധ്യതയുള്ളതും പഠിക്കാന്‍ നിവൃത്തിയില്ലാത്തതുമായ കുട്ടികള്‍ക്കും സോന ഒരു വലിയ ആശ്വാസമാണ്‌. ഇന്ന്‌ ഇരുപത്തിരണ്ടോളം കുട്ടികള്‍ സോനയുടെ ഇടപെടലിന്റെ ഫലമായി ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഹോസ്‌റ്റലില്‍ സംരക്ഷണത്തിന്റെ തണല്‍ അനുഭവിച്ചു കൊണ്ട്‌ ജീവിക്കുന്നു.
കുട്ടികളെയെല്ലാം നിയമാനുസൃതം തന്നെയാണ്‌ ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റിയില്‍ ഏല്‍പിക്കുന്നത്‌. ഇങ്ങനെ ഏല്‍പിക്കുന്ന കുട്ടികളുടെ എല്ലാ ചെലവും സര്‍ക്കാര്‍ തന്നെ വഹിക്കും. പലതരത്തിലുളള ജീവിതസാഹചര്യങ്ങളില്‍ നിന്നും വന്നവരാണ്‌ ഈ കുട്ടികള്‍. മെച്ചപ്പെട്ട വിദ്യാഭ്യാസവും സനേഹപൂര്‍വമുളള ശ്രദ്ധയും നല്‍കിയാല്‍ നല്ല നിലയില്‍ എത്തിച്ചേരാന്‍ കഴിവുള്ളവര്‍. നൊബേല്‍ പുരസ്‌കാര ജേതാവ്‌ കൈലാഷ്‌ സത്യാര്‍ത്ഥി തിരുവനന്തപുരത്ത്‌ വന്നപ്പോള്‍ ആ പരിപാടിയില്‍ പങ്കെടുക്കാനും അദ്ദേഹത്തോട്‌ സംവദിക്കാനും വരെ അവസരം ലഭിച്ച കുട്ടികള്‍ ഈ കൂട്ടത്തിലുണ്ട്‌.
പതിനെട്ടു വയസു വരെ അവര്‍ക്ക്‌ ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഹോസ്‌റ്റലില്‍ താമസിക്കാം. നല്ല സ്വഭാവവും നന്നായി പഠിക്കുകയും ചെയ്യുന്ന കുട്ടികളാണെങ്കില്‍ സര്‍ക്കാരില്‍ നിന്നും പ്രത്യേക അനുമതി വാങ്ങി അവരെ ഇവിടെ നിര്‍ത്തി പഠിപ്പിക്കാന്‍ കഴിയും. ഏഴാം ക്‌ളാസ്‌ മുതല്‍ എന്‍ജിനീയറിങ്ങിനു വരെ പഠിക്കുന്ന കുട്ടികള്‍ ഇപ്പോഴുണ്ട്‌. നാല്‌ കുട്ടികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ ലഭിക്കുന്നതിനുള്ള എല്ലാ സഹായവും ചെയ്‌തു. അവര്‍ ഇപ്പോള്‍ സ്വന്തം വീടുകളില്‍ നിന്നാണ്‌ പഠിക്കുന്നത്‌. മൂന്നു കുട്ടികള്‍ക്ക്‌ സ്വന്തമായി സ്‌ഥലമോ വീടോ ഒന്നുമുണ്ടായിരുന്നില്ല. അവരുടെ കുടുംബത്തെ ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌ഥലവും വീടും ലഭ്യമാക്കി.
''കുട്ടികളെ ദത്തെടുക്കുന്നവരുമുണ്ട്‌. ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഹോസ്‌റ്റലില്‍ താമസിച്ചിരുന്ന പന്ത്രണ്ടു വയസുകാരനെ ദത്തെടുത്തത്‌ കൊച്ചിയിലെ ഒരു റിട്ടയേര്‍ഡ്‌ നേവി ഉദ്യോഗസ്‌ഥനാണ്‌. അവനിന്ന്‌ രാജകുമാരനെ പോലെ സന്തോഷത്തോടെ ജീവിക്കുന്നു'' സോനു പറയുന്നു.
പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികള്‍ക്കിടയില്‍ വളരെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ച വയ്‌ക്കാന്‍ സോനുവിന്‌ കഴിഞ്ഞിട്ടുണ്ട്‌. വെട്ടിക്കവലയില്‍ കുട്ടികള്‍ക്കായി തുടങ്ങിയ വായനയിടം എന്ന ലൈബ്രറി അതിന്റെ മികച്ച ഉദാഹരണമാണ്‌. ഇതിലേക്ക്‌ കനല്‍ എന്ന സംഘടന വഴി അഞ്ഞൂറിലധികം പുസ്‌തകങ്ങള്‍ ശേഖരിച്ചതും ഈ യുവതിയുടെ ആത്മാര്‍ത്ഥമായ പരിശ്രമത്തിന്റെ ഫലം ഒന്നു കൊണ്ടു മാത്രം. ഈ മേഖലയിലെ കുട്ടികള്‍ പഠനത്തില്‍ പിന്നാക്കം പോകുന്നുവെന്ന്‌ സ്‌കൂളില്‍ നിന്നും അറിഞ്ഞതോടെയാണ്‌ അവരുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും ഉതകുന്ന വിധത്തിലുളള പ്രവര്‍ത്തനങ്ങള്‍ സോനു നടപ്പാക്കാന്‍ തുടങ്ങിയത്‌.
എല്ലാ ദിവസവും കുട്ടികള്‍ ഇവിടെ വന്ന്‌ പുസ്‌തകങ്ങള്‍ വായിക്കുകയും അവരുടെ പഠനസംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും വ്യക്‌തിത്വ വികാസത്തിനു സഹായിക്കുന്ന വിവിധ പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ കലാപരിപാടികളും ഉണ്ട്‌. ഇക്കഴിഞ്ഞ കേരളോത്സവത്തില്‍ പഞ്ചായത്തിനെ പ്രതിനിധീകരിച്ച്‌ വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത ഇവര്‍ ഇരുപത്തി മൂന്ന്‌ ട്രോഫികളാണ്‌ സ്വന്തമാക്കിയത്‌.
ഗ്രാമീണ മേഖലയിലെ നിര്‍ദ്ധനരായ യുവജനങ്ങള്‍ക്ക്‌ നൈപുണ്യ പരിശീലനവും തൊഴിലും ഉറപ്പാക്കുന്ന കുടുംബശ്രീ പദ്ധതി ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നൂറ്റി എണ്‍പത്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ സൗജന്യ പരിശീലനവും നൂറ്റി ഇരുപത്‌ പേര്‍ക്ക്‌ തൊഴിലും ലഭ്യമാക്കാന്‍ സോനുവിന്‌ കഴിഞ്ഞു. ഇതില്‍ ടെക്‌നോപാര്‍ക്കില്‍ ജോലി കിട്ടിയ എട്ടു പേരുണ്ട്‌. അതില്‍ തന്നെ മൂന്നു പേര്‍ പെണ്‍കുട്ടികളാണ്‌. ഇതിനേക്കാളെല്ലാം സോനുവിന്‌ സന്തോഷം നല്‍കുന്ന മറ്റൊരു കാര്യമുണ്ട്‌. സോനു ഏറ്റെടുത്ത്‌ ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഹോസ്‌റ്റലില്‍ താമസിപ്പിച്ചു പഠിപ്പിച്ച പെണ്‍കുട്ടിയുടെ വിവാഹം നിയമപരമായി സബ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ വച്ച്‌ നടത്തിക്കൊടുത്തു. അവള്‍ ഇന്ന്‌ സന്തോഷവതിയായി ജീവിക്കുന്നു.
സാമൂഹ്യ വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്നതോടൊപ്പം തന്നെ സൂക്ഷ്‌മസംരംഭ മേഖലയിലും സോനു മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്‌ച വയ്‌ക്കുന്നു. സ്‌ത്രീകളുടെ നേതൃത്വത്തില്‍ ബേക്കറി, ചിപ്‌സ്, കുടനിര്‍മാണം, ഹോളോബ്രിക്‌സ്, സേ്‌റ്റഷനറി, കാന്റീന്‍-കാറ്ററിങ്ങ്‌ തുടങ്ങി മുപ്പത്തിരണ്ട്‌ വിവിധയിനം സൂക്ഷ്‌മസംരംഭ യൂണിറ്റുകള്‍ പഞ്ചായത്തില്‍ ആരംഭിച്ചു. കൂടാതെ എഴുപത്തഞ്ചോളം സംഘകൃഷി ഗ്രൂപ്പുകള്‍, അറുനൂറ്റി ഇരുപത്തഞ്ച്‌ ഭക്ഷ്യ സുരക്ഷാ ഗ്രൂപ്പുകള്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന ഇക്കോഷോപ്പ്‌ എന്നിവയും ആരംഭിച്ചു കഴിഞ്ഞു.
സ്‌ത്രീശാക്‌തീകരണ പ്രവര്‍ത്തനങ്ങള്‍ ശക്‌തമാക്കാന്‍ കുടുംബശ്രീ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്‌ ഡെസ്‌കിന്റെ പ്രവര്‍ത്തനങ്ങളിലും സജീവം. പഞ്ചായത്തുമായി സഹകരിച്ചാണ്‌ പ്രവര്‍ത്തനങ്ങള്‍. അതിക്രമങ്ങള്‍ക്കിരയാകുന്ന സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ജില്ലാമിഷന്റെ പിന്തുണയോടെ ആവശ്യമായ എല്ലാ പോലീസ്‌-നിയമ സഹായവും ലഭ്യമാക്കിക്കൊണ്ടാണ്‌ പ്രവര്‍ത്തനങ്ങള്‍.
''പഠിച്ചു ജോലി വാങ്ങിയ കുട്ടികളെല്ലാം എന്നെ കാണാന്‍ വരും. വളരെ സന്തോഷത്തോടെയാണ്‌ അവര്‍ കഴിയുന്നത്‌. അതു കാണുമ്പോള്‍ ഉള്ളില്‍ ഒരു വലിയ സംതൃപ്‌തിയാണ്‌. കഷ്‌ടപ്പെടുന്നതിനൊക്കെ ഒരര്‍ത്ഥമുണ്ടെന്ന്‌ തോന്നും.'' സോന പറയുന്നു.
മാസങ്ങള്‍ക്കു മുമ്പ്‌ കുടുംബശ്രീ ജില്ലാതലത്തില്‍ സംഘടിപ്പിച്ച പ്രതിദ്ധ്വനി ടോക്‌ ഷോയില്‍ പങ്കെടുത്ത്‌ സംസാരിച്ചപ്പോള്‍ വിധികര്‍ത്താക്കളില്‍ ഒരാള്‍ സോനയോടു ചോദിച്ചു. അമ്മയെ ഒഴിച്ചു നിര്‍ത്തിയാല്‍ ഏറ്റവുമധികം സ്വാധീനിച്ച സ്‌ത്രീ ആരാണ്‌?
ഒരു തടസവും കൂടാതെ സോന പറഞ്ഞു. ഞാന്‍ തന്നെ. കാരണം എന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനവും നിര്‍ണായകവുമായ ഘട്ടങ്ങളില്‍ ഉറച്ച തീരുമാനങ്ങളെടുക്കാന്‍ എനിക്കായിട്ടുണ്ട്‌. അതിനാല്‍ ഞാന്‍ തന്നെയാണ്‌ എന്റെ മാതൃക. സോനയുടെ പ്രവര്‍ത്തനങ്ങളെ അടുത്തറിഞ്ഞവര്‍ക്ക്‌ അതു സമ്മതിക്കാതെ വയ്യ. കാരണം അവര്‍ തന്റെ ജീവിതം കൊണ്ട്‌ അതു തെളിയിക്കുന്ന വ്യക്‌തിയാണ്‌.

Ads by Google
Saturday 28 Jul 2018 11.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW