ആശകള്‍ക്ക് അതിരുകളില്ല. മോഹങ്ങള്‍ക്ക് കടിഞ്ഞാണുമില്ല. ഒരു യാഗാശ്വത്തെപ്പോലെയാണ് മനുഷ്യ മനസ്സുകള്‍. അതെങ്ങോട്ടാണ് സഞ്ചരിക്കുകയെന്ന് പ്രവചിക്കുക അസാധ്യം. എന്നാല്‍ എല്ലാ മനുഷ്യരും ഒന്നുപോലെ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്.
സ്വന്തമായൊരു വീട്. അത് ചെറുതാകട്ടെ, വലുതാകട്ടെ ആ നാലു ചുവരുകള്‍ക്കുള്ളില്‍ കിട്ടുന്ന സുരക്ഷിതത്ത്വവും സമാധാനവും സന്തോഷവും ഒന്നു വേറെ തന്നെയാണ്. ആശിക്കണം ഒരു വീടിനായ്. പ്രയത്നിക്കണം ആശകള്‍ സാക്ഷാത്ക്കരിക്കുവാന്‍. ജീവിക്കണം സ്വസ്ഥമായി.
ഒരു ജന്മത്തിലെ പ്രയത്നത്തിന്റെ ഫലമാണ് ഒരു വീട്. പലരോടും കടം വാങ്ങിയും ബാങ്കില്‍നിന്നും വായ്പയെടുത്തുമൊക്കെയാകും വീടെന്ന സ്വപ്നം പൂര്‍ത്തീകരിക്കുന്നത്. ഇനി ഗൃഹപ്രവേശമാണ്. അതിന് ഉത്തമമായ ദിവസം നോക്കണം. വേണ്ടപ്പെട്ടവരെയെല്ലാം ക്ഷണിക്കണം. ഈ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കണം. പിന്നെയും ചെലവുകളാണ്.
ഹൈന്ദവര്‍ക്ക് ഒരു വിശ്വാസമുണ്ട്. ഗൃഹപ്രവേശം നടത്താന്‍ ഉത്തമമായ മാസങ്ങളും ദിവസങ്ങളുമുണ്ട്. പൂര്‍വ്വികരായി തുടര്‍ന്നുവരുന്ന വിശ്വാസ പ്രമാണങ്ങള്‍. അതിനെ ലംഘിക്കുക അസാധ്യം.
ഏതൊക്കെയാണ് ഗൃഹപ്രവേശം നടത്താന്‍ പറ്റിയ മാസങ്ങള്‍? ചിങ്ങം, തുലാം, വൃശ്ചികം, ധനു, മകരം, മീനം, മേടം ഇടവം, മിഥുനം എന്നിവയാണ് ആ മാസങ്ങള്‍. ഇനി അത്യുത്തമമായ ദിവസങ്ങളുമുണ്ട്.
ചന്ദ്രഗ്രഹണത്തിന് ശേഷം വരുന്ന തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി എന്നീ പൂര്ണദൃഷ്ടിയുള്ള ദിവസങ്ങളായാല്‍ നന്ന്. എന്നിരിക്കിലും ജ്യോതിഷ വിഷയങ്ങളില്‍ അവഗാഹമുള്ള ഒരു ജ്യോത്സ്യനെ കണ്ട് ഗൃഹപ്രവേശത്തിനുള്ള മുഹൂര്‍ത്തം കുറിപ്പിക്കയാകും നല്ലത്. എന്നാല്‍ ചിലരുണ്ട്. പല ജ്യോത്സ്യന്മാരെ കാണും.
അഭിപ്രായങ്ങളേറെ കേള്‍ക്കും. മുഹൂര്ത്തങ്ങളൊരുപാട് കുറിപ്പിക്കും. പിന്നെ അതില്‍നിന്നും ഒന്നു തെരഞ്ഞെടുക്കാനുള്ള നെട്ടോട്ടമാണ്. എന്നാലും അവരുടെ മനസ്സില്‍ ഒരു സംശയം അവശേഷിക്കും. മുഹൂര്‍ത്തം ശരിയായിരുന്നോ? ഈ പ്രവണത ഒട്ടും നന്നല്ല. ആര്‍ക്കും ഒരു ഗുണവും ഉണ്ടാകുകയുമില്ല. ഭാവിയില്‍ അശുഭകരമായതെന്തെങ്കിലും സംഭവിച്ചാല്‍ മുഹൂര്‍ത്തത്തെ പഴിക്കാനേ നേരം കാണൂ.
ഗൃഹപ്രവേശ ദിവസം എന്തൊക്കെ കാര്യങ്ങളണ് ചെയ്യേണ്ടത്? ഉദയത്തിന് മുമ്പായി ഗണപതിഹോമം നടത്തുക. സര്‍വ്വദോഷങ്ങളും വിഘ്നങ്ങളുമകറ്റുവാന് വിഘ്നേശ്വരനോട് പ്രാര്‍ത്ഥിക്കുക.
ഇനി എന്തെങ്കിലും അശുദ്ധി നിലനില്‍ക്കുന്നുവെന്ന് മനസ്സില്‍ ശങ്കയുണ്ടെങ്കില്‍ പുണ്യാഹം തളിക്കുകയുമാകാം. പിന്നെ ഗോമാതാവിനെ കുളിപ്പിക്കുക. അവയ്ക്ക് വയര്‍ നിറയെ ഭക്ഷണം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്താല്‍ നന്ന്.
പിന്നെ ഗൃഹപ്രവേശത്തിന് മാറ്റുകൂട്ടാന്‍ ആവശ്യമില്ലാത്ത പല കാര്യങ്ങളും പലരും ചെയ്യാറുണ്ട്. അതെല്ലാം ഇന്നൊരു ആചാരമായി മാറുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കുരുത്തോലയും കുലവാഴയും പുഷ്പങ്ങളും മാലകളും എന്നുവേണ്ട ആഡംബരതയിലേക്ക് ഒഴുകിയെത്താന്‍ കൊതിക്കുന്ന മനസ്സുകള്‍ ചെയ്യാവുന്നതൊക്കെ ചെയ്യും. എന്നാല്‍ സാധാരണക്കാരോ അതിനൊപ്പിച്ച് തുള്ളാന്‍ ശ്രമിക്കുമ്പോള്‍ മടിശീല കാലിയാകുമെന്നോര്ത്താല് നന്ന്.
പ്രധാന വാതിലില്‍ നിറപറയും നിലവിളക്കും, ഐശ്വര്യത്തിന്റെ പ്രതീകമായി നിലകൊള്ളുമ്പോള്‍ ഗൃഹനായകനും നായികയും വീടിനെ പ്രദക്ഷിണം വച്ച് നിശ്ചയിച്ച ശുഭമുഹൂര്‍ത്തത്തില്‍ തന്നെ ഗൃഹത്തിനുള്ളില്‍ പ്രവേശിക്കുക.
ഗൃഹനായിക നിലവിളക്കെടുക്കുക. പുരുഷന്മാര് വലതുകാല്‍ വച്ചും സ്ത്രീകള്‍ ഇടതുകാലുവച്ചുമാണ് ഗൃഹത്തിനുള്ളില്‍ പ്രവേശിക്കേണ്ടത്. പലരും ഇക്കാര്യം ശ്രദ്ധിക്കാറില്ല. നിസ്സാരമെന്ന് തോന്നിയേക്കാവുന്ന ഇത്തരം കാര്യങ്ങളില്‍ വീഴ്ചവരുത്താതിരിക്കാന്‍ ഗൃഹനാഥനും ഗൃഹനാഥയും ശ്രദ്ധിക്കേണ്ടതാണ്.
ഗണപതിഹോമം നടത്തിയ അടുപ്പില്‍നിന്നും അഗ്നിയെടുക്കുക. അത് അടുപ്പിലേക്ക് പകരുക. അഗ്നി ജ്വലിക്കട്ടെ. നിറയട്ടെ പാല്ക്കുടങ്ങള് തിളപ്പിച്ചു വാങ്ങുന്ന പാല് എല്ലാവര്ക്കും കൊടുക്കുക. സംതൃപ്തിയോടെ അവരത് കുടിക്കട്ടെ. അതൊരു പുണ്യമായ് എന്നെന്നും ഗൃഹത്തെ പ്രകാശമയമാക്കട്ടെ.