Monday, July 22, 2019 Last Updated 37 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 11.39 PM

രുചിപ്പെരുമ തന്ന ജീവിതം

uploads/news/2018/08/238906/sun3.jpg

കോഴിക്കോട്‌ കോര്‍പ്പറേഷന്‍ ഓഫീസിനു സമീപമുള്ള കുടുംബശ്രീ വനിതാ വിപണന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന രുചിപ്പുരയില്‍ ഊണിന്റെ തിരക്ക്‌. നാടന്‍രുചി നിറഞ്ഞ മീന്‍കറി കൂട്ടിയുള്ള ഊണിന്‌ നാല്‍പത്‌ രൂപ മാത്രം. വിശ്വാസത്തോടെ കഴിക്കാവുന്ന ഭക്ഷണം. വീട്ടില്‍ അമ്മ വിളമ്പി തരുന്ന അതേ സ്വാദ്‌. ഒപ്പം നല്ല ആതിഥ്യവും. ഊണു കഴിക്കാന്‍ എത്തുന്നവരില്‍ ഏറെയും കോര്‍പ്പറേഷനിലെയും സമീപ സ്‌ഥാപനങ്ങളിലെയും ഉദ്യോഗസ്‌ഥരും വിവിധ ആവശ്യങ്ങള്‍ക്കായി അവിടെയെത്തിയവരുമാണ്‌. പരിചയക്കാരോട്‌ ഇന്നു താമസിച്ചു പോയല്ലോ.. എന്ന സ്‌നേഹത്തോടെയുള്ള കുശലാന്വേഷണം. ഭക്ഷണം പാകം ചെയ്യാനുള്ള അരിയും പലവ്യഞ്‌ജനങ്ങളും മീനും കപ്പയുമെല്ലാം വാങ്ങുന്നതു മുതല്‍ പാകം ചെയ്യുന്നതും വിളമ്പുന്നതും എല്ലാം സ്‌ത്രീകള്‍ തന്നെ. ഇവിടെയെത്തുന്നവര്‍ക്ക്‌ മിതമായ നിരക്കില്‍ ശുദ്ധമായ നാടന്‍ ഭക്ഷണം വയറുനിറയെ കഴിച്ച്‌ സംതൃപ്‌തിയോടെ മടങ്ങാം.
സിബിത, ജയ, ഉഷ, രാധിക, സുഹറ, അയിഷ എന്നിവര്‍ ചേര്‍ന്ന്‌ നടത്തുന്ന രുചിപ്പുര ഇന്നു വിജയത്തിന്റെ പാതയിലാണ്‌. കഫേ കുടുംബശ്രീ യൂണിറ്റായാണ്‌ സംരംഭം രൂപീകരിച്ചിട്ടുളളത്‌. സിബിത എന്ന വീട്ടമ്മയുടെ നിശ്‌ചയദാര്‍ഢ്യമാണ്‌ രുചിപ്പുരയുടെ പെരുമയ്‌ക്ക് പിന്നില്‍. കോഴിക്കോട്‌ നഗരസഭാ പ്രദേശത്ത്‌ മൂന്നാം വാര്‍ഡില്‍ കുറ്റിത്താഴത്ത്‌ നവജ്യോതി അയല്‍ക്കൂട്ടത്തിന്റെ സെക്രട്ടറിയായ സിബിതയ്‌ക്ക് അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങളിലൂടെ ലഭിച്ച ആത്മവിശ്വാസമാണ്‌ സംരംഭത്തിന്റെ അടിത്തറ പാകാന്‍ സഹായിച്ചത്‌.
2012 ലാണ്‌ സംരംഭത്തിന്റെ തുടക്കം. അതിനു മുമ്പ്‌ ഫാഷന്‍ ഡിസൈനിങ്ങ്‌ കോഴ്‌സ് പഠിക്കാന്‍ പോയി. മൂന്നു വര്‍ഷമായിരുന്നു കോഴ്‌സിന്റെ കാലാവധി. അതിനുശേഷം വനിതകള്‍ക്ക്‌ തയ്യലില്‍ പരിശീലനം നല്‍കി. എന്നാല്‍ കാര്യമായ വരുമാനം ലഭിച്ചില്ല. സ്വന്തമായി ഒരു വീടു പോലും ഇല്ലാതിരുന്ന അവസ്‌ഥയായിരുന്നു സിബിതയുടേത്‌. മാസം നാലായിരം രൂപയുടെ വാടകവീട്ടിലായിരുന്നു താമസം. ടൂ വീലര്‍ മെക്കാനിക്കായ ഭര്‍ത്താവും രണ്ട്‌ ആണ്‍മക്കളും അടങ്ങുന്ന കുടുംബം. ബന്ധുക്കളൊക്കെ നല്ല സാമ്പത്തികശേഷിയുള്ളവര്‍. പക്ഷേ സാമ്പത്തികമായ പിന്നാക്കാവസ്‌ഥ കാരണം വളരെയധികം അവഗണന സഹിക്കേണ്ടി വന്ന വ്യക്‌തിയാണ്‌ സിബിത. കുടുംബത്തില്‍ വിശേഷങ്ങളുണ്ടാകുമ്പോള്‍ മാറ്റി നിര്‍ത്തപ്പെടുന്നതു പോലെയുള്ള അനുഭവം. കല്യാണമൊക്കെ വരുമ്പോള്‍ എല്ലാവരേയും പോലെ സംഭാവന കൊടുക്കാന്‍ സിബിതയ്‌ക്ക് കഴിഞ്ഞിരുന്നില്ല. എന്തിന്‌ അസുഖം വന്നാല്‍ ആശുപത്രിയില്‍ പോകാനോ നല്ല ചികിത്സ തേടാനോ പോലും കൈയില്‍ പൈസയുണ്ടായിരുന്നില്ല. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാത്ത അവസ്‌ഥ.
ഭര്‍ത്താവിന്റെ വരുമാനത്തെ മാത്രം ആശ്രയിച്ച്‌ ജീവിതം മുന്നോട്ടു പോകുമ്പോഴാണ്‌ കുടുംബശ്രീയില്‍ സംരംഭം തുടങ്ങാമെന്ന ആശയം വരുന്നത്‌. അയല്‍ക്കൂട്ടത്തിലെ ജയ, ഉഷ, രാധിക, സുഹറ, അയിഷ എന്നിവരും ഒപ്പം ചേര്‍ന്നു. എല്ലാവരും സാമ്പത്തികമായി ഏറെ പരാധീനതകള്‍ ഉള്ളവര്‍. സ്വന്തമായി വീടില്ലാത്തവരും അക്കൂട്ടത്തിലുണ്ടായിരുന്നു. വായ്‌പയ്‌ക്കായി അന്ന്‌ പല ബാങ്കുളിലും കയറിയിറങ്ങി. ഫലമുണ്ടായില്ല. ആത്മവിശ്വാസമുള്ള സ്‌ത്രീകളാണെന്ന്‌ തിരിച്ചറിഞ്ഞ്‌ ഒടുവില്‍ കേരള ഗ്രാമീണ്‍ ബാങ്കാണ്‌ സഹായഹസ്‌തം നീട്ടിയത്‌. അങ്ങനെ ഒരു ലക്ഷം രൂപ വായ്‌പയെടുത്തു സംരംഭം തുടങ്ങി. കുടുംബശ്രീ 1.75 ലക്ഷം രൂപ സബ്‌സിഡിയും നല്‍കി.
കുടുംബശ്രീയുടെ കീഴില്‍ ചേര്‍ന്നതിനുശേഷം ആദ്യമായി പുത്തരിക്കണ്ടത്ത്‌ സംഘടിപ്പിച്ച ഭക്ഷ്യമേളയിലാണ്‌ ഇവര്‍ പങ്കെടുത്തത്‌. മുളയരി പായസമായിരുന്നു നവജ്യോതി യൂണിറ്റിന്റെ സ്‌പെഷ്യല്‍ ഐറ്റം. ഭക്ഷ്യമേളകളില്‍ അധികമൊന്നും കേള്‍ക്കാത്ത മുളയരി പായസത്തിന്റെ സ്വാദറിയാന്‍ ഏറെ ആളുകളെത്തി. മേള തീരും മുമ്പേ മുളയരി തീരുകയും ചെയ്‌തു. അത്രയ്‌ക്ക് ഡിമാന്‍ഡായിരുന്നു അനന്തപുരി ഫെസ്‌റ്റില്‍ മുളയരി പായസത്തിനു ലഭിച്ചത്‌. 'നാടന്‍ ഊണും മുളയരി പായസവുമാണ്‌ ഞങ്ങളുടെ ഹോട്ടലിലെ പ്രധാന വിഭവങ്ങള്‍. വയനാട്ടിലെ ഉറവ്‌ എന്ന സംഘടനയുടെ പ്രവര്‍ത്തകരെ എനിക്കറിയാമായിരുന്നു. അവിടുത്തെ ആദിവാസി സൊസൈറ്റിയില്‍ നിന്നും വാങ്ങുന്ന മുളയരിയാണ്‌ പായസത്തിന്‌ ഉപയോഗിക്കുന്നത്‌. അതിന്‌ ഒരുപാട്‌ ആവശ്യക്കാരുണ്ട്‌. മേളകള്‍ക്കു പോകുമ്പോള്‍ ഇതിന്‌ പ്രത്യേക കൗണ്ടറിട്ടാണ്‌ വില്‍ക്കുന്നത്‌.'സിബിത പറയുന്നു.
സംരംഭം തുടങ്ങി ആറു വര്‍ഷം കഴിയുമ്പോള്‍ ജീവിതത്തില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാന്‍ ഈ സ്‌ത്രീകള്‍ക്കെല്ലാം കഴിഞ്ഞിട്ടുണ്ട്‌. ആദ്യം എടുത്ത ഒരു ലക്ഷം രൂപയുടെ വായ്‌പ മുഴുവന്‍ അടച്ചു തീര്‍ത്തു. മൂന്നുവര്‍ഷം കാലാവധിയുണ്ടായിരുന്ന വായ്‌പ രണ്ടര വര്‍ഷം കൊണ്ട്‌ അടച്ചു തീര്‍ത്തതോടെ ബാങ്കിന്‌ ഇവരിലുള്ള വിശ്വാസം ഇരട്ടിച്ചു. അപ്പോഴാണ്‌ സംരംഭം ഒന്നുകൂടി വിപുലീകരിക്കാമെന്ന ആശയം യൂണിറ്റില്‍ ഉയര്‍ന്നത്‌. അതോടെ വീണ്ടും രണ്ട്‌ ലക്ഷം രൂപ കൂടി ലോണ്‍ എടുത്ത്‌ മഹീന്ദ്രയുടെ വണ്ടി വാങ്ങി അതില്‍ പാഴ്‌സല്‍ ഊണ്‌ പലയിടത്തും എത്തിച്ചു കൊടുക്കുന്ന പരിപാടിയും തുടങ്ങി. സിറ്റിയിലും കെ.എസ്‌.ആര്‍.ടി.സി, പ്രൈവറ്റ്‌ ബസ്‌ സ്‌റ്റാന്‍ഡ്‌ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ പാഴ്‌സല്‍ വില്‍പന. ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കാന്‍ അസൗകര്യമുള്ള സ്‌ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക്‌ പാഴ്‌സല്‍ ഭക്ഷണം അരികിലെത്തിക്കുന്നത്‌ ഏറെ സഹായകമായതോടെ അതും ക്‌ളിക്കായി. ഇന്ന്‌ രുചിപ്പുരയില്‍ മാത്രം ദിവസവും അഞ്ഞൂറിലേറെ ഊണ്‌ ചെലവാകുന്നുണ്ട്‌. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നിയേക്കാം. വെജിറ്റേറിയന്‍ ഊണിനും മീന്‍ കറി കൂട്ടിയുള്ള ഊണിനും നാല്‍പതു രൂപ മാത്രമേയുള്ളൂ. സ്‌പെഷല്‍ മീന്‍ വിഭവങ്ങളും മുളയരി പായസവും കപ്പയും മീന്‍ കറിയുമെല്ലാം വേറെയും വില്‍ക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്നവര്‍ക്ക്‌ പോക്കറ്റു ചോരാതെ ഭക്ഷണം കഴിച്ചു പോകാന്‍ ഏറ്റവും അനുയോജ്യമായ ഇടമായി ഇപ്പോള്‍ രുചിപ്പെരുമ മാറിയിട്ടുണ്ട്‌.
സംരംഭത്തിലെ ആറു പേര്‍ക്കു പുറമേ മുപ്പത്‌ അയല്‍ക്കൂട്ട വനിതകള്‍ക്കും ഇവര്‍ വഴി മാന്യമായ വരുമാനം ലഭിക്കുന്നുണ്ട്‌. സി.ഡി.എസ്‌ ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുത്തതാണ്‌ ഇവരെയും. ഈ അയല്‍ക്കൂട്ട വനിതകളില്‍ പത്തു പേരെ ഉള്‍പ്പെടുത്തി നാട്ടുരുചി എന്ന പേരില്‍ മറ്റൊരു ഹോട്ടല്‍ കൂടി തുടങ്ങാന്‍ സിബിതയും കൂട്ടരുമാണ്‌ ഏറെ സഹായിച്ചത്‌. അവര്‍ക്കും സ്വന്തമായി ഒരു വരുമാന മാര്‍ഗം ഉണ്ടാക്കാനുള്ള വഴി കാണിച്ചു കൊടുക്കാന്‍ കഴിഞ്ഞല്ലോ.' സിബിത പറയുന്നു.
സംരംഭം തുടങ്ങി ആറു വര്‍ഷത്തിനുള്ളില്‍ രുചിപ്പുരയിലെ അംഗങ്ങളായ രാധികയും അയിഷയും സ്വന്തമായി വീട്‌ പണിതു. അന്നന്നു കഴിഞ്ഞു കൂടാനുള്ള വകപോലും ഇല്ലാതിരുന്ന ഈ സ്‌ത്രീകള്‍ക്ക്‌ ചെറിയ തോതിലുള്ള നിക്ഷേപങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞതും രുചിപ്പുരയെന്ന സംരംഭം തുടങ്ങിയതിനു ശേഷമാണ്‌.
'വീടുപണിയാന്‍ ചെറിയൊരു ബാങ്ക്‌ വായ്‌പയെടുത്തിട്ടുണ്ട്‌. അതു മുടങ്ങാതെ അടയ്‌ക്കുന്നുമുണ്ട്‌. ഈ സംരംഭം ഉളളതുകൊണ്ട്‌ ഒരു സ്‌ഥിരവരുമാനമായി. വീട്ടുകാര്യങ്ങളൊക്കെ ബുദ്ധിമുട്ടില്ലാതെ നടന്നു പോകുന്നത്‌ ഈ തൊഴിലുള്ളതുകൊണ്ടാണ്‌. പകല്‍ ഞങ്ങളുടെ ആഹാരവും ഇവിടുന്നു തന്നെയാണ്‌.' യൂണിറ്റ്‌ അംഗമായ രാധിക പറയുമ്പോള്‍ ബാക്കിയുളളവരും അത്‌ ശരി വയ്‌ക്കുന്നു.
സിബിതയും സഹകരണ ബാങ്കില്‍ നിന്നും ഏഴു ലക്ഷം രൂപ വായ്‌പയെടുത്താണ്‌ വീടു പണിതത്‌. നല്ല ഭംഗിയുള്ള ഇരുനില വീട്‌. 'സ്വന്തമായി ഒരു വീടുണ്ടായപ്പോള്‍ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമാണ്‌ സാക്ഷാത്‌ക്കരിച്ചത്‌. കാരണം കേറി കിടക്കാന്‍ സ്വന്തമായി ഒരു കൂരയില്ലാതെ വാടകവീട്ടില്‍ താമസിക്കുന്നതിന്റെ വിഷമം എത്ര വലുതാണെന്ന്‌ അനുഭവിച്ചവര്‍ക്കേ അറിയൂ. ഇന്ന്‌ എന്റെ ഭര്‍ത്താവും മക്കളുമെല്ലാം വളരെ സന്തോഷത്തിലാണ്‌.
വായ്‌പയുടെ മാസത്തവണ അടയ്‌ക്കാനും ഐ.ടി.ഐയ്‌ക്കും പ്‌ളസ്‌ ടുവിനും പഠിക്കുന്ന മക്കളുടെ ഫീസ്‌ കൊടുക്കാനുമെല്ലാം ഇത്രയും നാള്‍ ഭര്‍ത്താവ്‌ ഒറ്റയ്‌ക്കാണ്‌ കഷ്‌ടപ്പെട്ടത്‌. അന്നത്‌ കാണുമ്പോള്‍ വിഷമം തോന്നിയിരുന്നു. ഇപ്പോള്‍ ഞാന്‍ കൂടി ജോലി ചെയ്യുന്നതു കൊണ്ട്‌ അവര്‍ക്കും ഒരു സഹായമാകാന്‍ കഴിയുന്നുണ്ട്‌. അതോര്‍ക്കുമ്പോള്‍ അഭിമാനവും സന്തോഷവും തോന്നും. എന്റെ കൂടെ ജോലി ചെയ്യുന്നവര്‍ക്കെല്ലാം ഇതേ അനുഭവം തന്നെയാണ്‌.'
സംരംഭത്തിന്റെ വിജയത്തിനായി എല്ലാവിധ പിന്തുണയും നല്‍കി കുടുംബശ്രീയും കോഴിക്കോട്‌ കോര്‍പ്പറേഷനും ഇവര്‍ക്കൊപ്പമുണ്ട്‌. കൂടാതെ കുടുംബവും.

Ads by Google
Saturday 04 Aug 2018 11.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW