Monday, July 22, 2019 Last Updated 38 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 11.39 PM

ഒരു കാലഘട്ടത്തിന്റെ കഥ

uploads/news/2018/08/238908/sun1.jpg

ലോകം ചുറ്റിക്കാണുകയും, കണ്ടലോകം മലയാളികള്‍ക്ക്‌ തന്റെ രചനകളിലൂടെ കാട്ടിത്തരികയും ചെയ്‌ത എഴുത്തുകാരനാണ്‌ എസ്‌.കെ. പൊെറ്റക്കാട്‌. അതിലുപരി മലയാളത്തിലെ മുന്‍നിര എഴുത്തുകാരില്‍ എണ്ണം പറഞ്ഞവരുടെ പട്ടികയെടുത്താല്‍ ഗണനീയമായ സ്‌ഥാനം എസ്‌.കെ.യ്‌ക്കുണ്ട്‌. അദ്ദേഹത്തിന്റെ വ്യക്‌തിജീവിതം അടുത്തു നിന്നു കാണാന്‍ ഭാഗ്യം ലഭിച്ച മകള്‍ സുമിത്ര അക്ഷരങ്ങള്‍ക്കപ്പുറത്തുളള എസ്‌.കെ.യുടെ സമീപദൃശ്യം നമ്മോട്‌ പങ്കുവയ്‌ക്കുന്നു.

അച്‌ഛനുമൊന്നിച്ചുള്ള ഏറ്റവും നിറമുള്ള ഓര്‍മ്മകള്‍?
എന്റെ ജീവിതത്തിലെ ഏറ്റവും നിറമുള്ള ഓര്‍മ അച്‌ഛനോടൊപ്പമുള്ള വൈകുന്നേരങ്ങളിലെ നടത്തമാണ്‌. കോഴിക്കോട്‌ പുതിയറയിലെ വീട്ടില്‍ നിന്ന്‌ മിഠായിത്തെരുവിലേക്കുള്ള ദൂരമത്രയും പരിചയക്കാരോടും എന്നോടും സംസാരിച്ചങ്ങനെ നടക്കും. ഇന്നത്തെപ്പോലെയല്ല. ദീപാവലി സമയത്ത്‌ സന്ധ്യയ്‌ക്ക് ബള്‍ബുകളും ജമന്തിപ്പൂക്കളുംകൊണ്ടലങ്കരിച്ച മിഠായിത്തെരുവിന്‌ വര്‍ണനാതീതമായ ഭംഗിയാണ്‌. എസ്‌.എം. സ്‌ട്രീറ്റിലെ മോഡേണ്‍ ബേക്കറിയില്‍ മാധവേട്ടന്റെ കയ്യില്‍നിന്ന്‌ അച്‌ഛന്‍ വാങ്ങിത്തന്നിരുന്ന പലഹാരങ്ങള്‍ക്കാണ്‌ ഞാന്‍ അറിഞ്ഞതില്‍വച്ച്‌ ഏറ്റവും മധുരം. ആ ഓര്‍മകള്‍ക്കും...
എസ്‌.കെ.യ്‌ക്ക് ഞങ്ങള്‍ നാലുമക്കളാണ്‌. ജ്യോതീന്ദ്രന്‍,സുമംഗല, ജയദേവന്‍ പിന്നെ ഞാന്‍. ജയദേവന്‍ ജീവിച്ചിരിപ്പില്ല. സന്തോഷം നിറഞ്ഞ കുടുംബാന്തരീക്ഷമായിരുന്നു ഞങ്ങളുടേത്‌. അച്‌ഛനൊരിക്കല്‍പോലും അമ്മയോട്‌ ദേഷ്യപ്പെട്ട്‌ കണ്ടിട്ടില്ല. എന്തിനും ഏതിനും ജയേ എന്ന്‌ അമ്മയെ ഉറക്കെ വിളിക്കുന്ന അച്‌ഛനും ചോദിക്കുന്നതിനും മുന്‍പ്‌ ആവശ്യപ്പെടുന്ന സാധനവുമായി എത്തുന്ന അമ്മയുമാണ്‌ മനസ്സില്‍. ഞങ്ങളോടും അച്‌ഛന്‍ ദേഷ്യപ്പെട്ടിട്ടില്ല. സത്യം മാത്രമേ പറയാവൂ എന്ന്‌ നിര്‍ബന്ധമായിരുന്നു. വൈകുന്നേരങ്ങളില്‍ റേഡിയോയില്‍ പതിവായി ഇംഗ്ലീഷ്‌ വാര്‍ത്ത കേള്‍ക്കുന്ന ശീലമുണ്ടായിരുന്നു അച്‌ഛന്‌. ആ നേരത്ത്‌ ഞങ്ങള്‍ വഴക്കു കൂടുമ്പോള്‍, ചെറുതായൊന്ന്‌ മൂളും. ആ മൂളലില്‍ തന്നെ ഞങ്ങള്‍ ശാന്തരാകും. ഉദ്‌ഘാടനങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും പോകുന്ന അച്‌ഛനെ എത്ര വൈകിയാലും ഉറങ്ങാതെ കാത്തിരിക്കുമായിരുന്നു ഞാന്‍. സ്‌നേഹംകൊണ്ടുമാത്രമായിരുന്നില്ല അത്‌. അച്‌ഛനെ അണിയിക്കുന്ന മുല്ലപ്പൂമാലകള്‍ക്കുവേണ്ടിയായിരുന്നു എന്റെ കാത്തിരിപ്പ്‌. പിറ്റേ ദിവസം അതും ചൂടിയാകും സ്‌കൂളില്‍ പോവുക.
യാത്രകള്‍ക്ക്‌ ശേഷം എത്തുമ്പോള്‍ വീട്‌ അലങ്കരിക്കുന്ന വസ്‌തുക്കള്‍ക്കൊപ്പം മക്കളുടെ അഭിരുചിക്കനുസരിച്ചുള്ള സമ്മാനങ്ങളും കരുതുന്ന ശീലം അച്‌ഛനുണ്ടായിരുന്നു. മൂത്തചേട്ടന്‌ കളിക്കാന്‍ ഇലക്‌ട്രോണിക്‌ വാഹനങ്ങള്‍, ചേച്ചിക്ക്‌ മുടികെട്ടുന്നതിനുള്ള സാധനങ്ങള്‍, ഇളയ സഹോദരന്‌ വരയ്‌ക്കാന്‍ കളര്‍ പെന്‍സിലും എനിക്ക്‌ പാവക്കുട്ടികളും. ഇപ്പോഴും പാവക്കുട്ടികളോടുള്ള എന്റെ ഭ്രമം മാറിയിട്ടില്ല. അച്‌ഛന്‍ വാങ്ങിത്തന്ന ഡോള്‍ വീട്ടില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്‌. എഴുതപ്പെട്ട കഥകളേക്കാള്‍ സുന്ദരമായിരുന്നു അച്‌ഛന്‍ പറഞ്ഞുതന്ന കഥകള്‍. അപൂര്‍വ ഭാഗ്യമായാണ്‌ അതിനെയൊക്കെ ഞാന്‍ കാണുന്നത്‌.

'ഒരു ദേശത്തിന്റെ കഥ' ആത്മകഥാംശമുള്ള നോവല്‍ ആണല്ലോ, അമ്മയെ ആദ്യമായി കണ്ട സാഹചര്യത്തെക്കുറിച്ചാണോ അതിലെ വര്‍ണന?
അതെ. അത്‌ അച്‌ഛന്‍ പറഞ്ഞിട്ടുമുണ്ട്‌. പ്രഥമദൃഷ്‌ടിയിലുള്ള അനുരാഗമെന്ന്‌ തന്നെ വിശേഷിപ്പിക്കാം. അമ്മ സിംഗപ്പൂരാണ്‌ പഠിച്ചതും വളര്‍ന്നതും. മാഹിയിലാണ്‌ അമ്മാവന്റെ വീട്‌. അമ്മമ്മയുടെ ചികിത്സയ്‌ക്കാണ്‌ കേരളത്തില്‍ വന്നത്‌. തലശേരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ ഉത്സവം നടക്കുമ്പോള്‍ അമ്മ അവിടെ പോയിരുന്നു. കൂടെയുള്ള കുട്ടിയുടെ കയ്യില്‍ നിന്ന്‌ പറന്നുയര്‍ന്ന ബലൂണ്‍ പിടിക്കുന്നതിനിടയിലാണ്‌ അച്‌ഛന്‍ ആദ്യമായി അമ്മയെ കണ്ടത്‌. ഇഷ്‌ടപ്പെട്ടപ്പോള്‍, സുഹൃത്തുക്കളുമായി പിന്തുടര്‍ന്ന്‌ വീടൊക്കെ കണ്ടുപിടിച്ച്‌, നാട്ടുനടപ്പനുസരിച്ച്‌ പെണ്ണുചോദിച്ചായിരുന്നു വിവാഹം. കല്യാണം കഴിഞ്ഞാണ്‌ അമ്മ മലയാളം പഠിക്കുന്നത്‌. അതും അച്‌ഛനെഴുതിയ 'വിഷകന്യക' എന്ന നോവല്‍ വായിക്കാന്‍. തുടര്‍ന്ന്‌ അച്‌ഛന്‍ എഴുതുന്നതൊക്കെ വായിക്കുകയും അഭിപ്രായം പറയുകയും ചെയ്‌തിരുന്നു. യാത്രകള്‍ക്ക്‌ പുറപ്പെടുമ്പോള്‍ എണ്ണ ഉള്‍പ്പെടെ അച്‌ഛന്‌ ആവശ്യമുള്ളതൊക്കെ പെട്ടിയില്‍ വച്ചുകൊടുത്തിരുന്നത്‌ അമ്മയാണ്‌. ഒരിക്കല്‍പോലും പരിഭവമേതും ഇല്ലാതെ നിറഞ്ഞ ചിരിയോടെ സ്വീകരിക്കുന്ന അമ്മയുടെ മുഖമായിരുന്നു അച്‌ഛന്റെ ഊര്‍ജം. അമ്മയുടെ മരണശേഷം രണ്ടുവര്‍ഷം കൂടിയേ അച്‌ഛന്‍ ജീവിച്ചുള്ളു. അമ്മയോട്‌ അനിര്‍വചനീയമായ സ്‌നേഹമായിരുന്നു. ഇനിയൊരു ജന്മമുണ്ടെങ്കില്‍ നാടോടി ആയി ജനിക്കണമെന്നും ഒരു കെട്ടുപാടുകളുമില്ലാതെ ലോകം കാണണമെന്നും അന്നും ജയ ജീവിതപങ്കാളിയായി ഒപ്പമുണ്ടെങ്കില്‍ ഈ ലോകത്ത്‌ ഏറ്റവും ഭാഗ്യവാന്‍ ഞാനായിരിക്കുമെന്നും അവസാന നാളുകളില്‍ പറഞ്ഞിരുന്നു.

എഴുത്തില്‍ പ്രത്യേകമായ ചിട്ടകളോ, ശീലങ്ങളോ അച്‌ഛനുണ്ടായിരുന്നോ?
എഴുത്തില്‍ മാത്രമല്ല, മറ്റാരിലും കാണാത്ത വിചിത്രമായ പല ശീലങ്ങളും അച്‌ഛനില്‍ കണ്ടിട്ടുണ്ട്‌. ഒരു ദിവസം തന്നെ ആറോളം ഡയറികള്‍ എഴുതിയിരുന്നു. അധികവും ഇംഗ്ലീഷിലാണ്‌. വ്യക്‌തിപരമായത്‌ മലയാളത്തില്‍ കുറിക്കും. ഓരോന്നിനും പല നിറങ്ങളിലുള്ള പേനയാണ്‌ ഉപയോഗിച്ചിരുന്നത്‌. ഹരിശ്രീ ഗണപതയെ നമഃ അവിഘ്‌നമസ്‌തു എന്നാദ്യം കുറിക്കും. പ്രഭാതസവാരിക്കിടയിലും യാത്രകള്‍ക്കിടയിലും പരിചയപ്പെടുന്ന സാധാരണക്കാരുമായി സംസാരിച്ച്‌ അവരുടെ ജീവിതകഥകള്‍ ചോദിച്ചറിഞ്ഞ്‌ എഴുതി സൂക്ഷിക്കും. അതായിരുന്നു പിന്നീട്‌ കഥകളായി രൂപപ്പെട്ടതില്‍ അധികവും. വിചിത്രമായ പത്രവാര്‍ത്തകള്‍ വെട്ടി സൂക്ഷിക്കും. അതുപോലെ അടച്ച ബില്ലും രസീതുകളും പിന്‍ ചെയ്‌തുവയ്‌ക്കും. ഡേറ്റ്‌ കഴിഞ്ഞ ലോട്ടറി ടിക്കറ്റുകളുടെയും യാത്രാ ടിക്കറ്റുകളുടെയും കളക്ഷന്‍ ഉണ്ടായിരുന്നു. നിസ്സാരമെന്ന്‌ തോന്നാവുന്ന പലതും അച്‌ഛന്‍ സൂക്ഷിച്ചുവച്ചു. ആഫ്രിക്കയിലേക്കുള്ള ആദ്യയാത്രയില്‍ കപ്പല്‍ മറിഞ്ഞതിന്റെ ഓര്‍മയ്‌ക്കായി അന്ന്‌ അടര്‍ന്ന പല്ലുപോലും ബോക്‌സിലാക്കി വച്ചെന്ന്‌ പറയുമ്പോള്‍ ഊഹിക്കാമല്ലോ? കത്തുകള്‍ ടൈപ്പ്‌ ചെയ്യുകയായിരുന്നു പതിവ്‌. വായനക്കാരുടെ കത്തുകള്‍ക്കും മുടങ്ങാതെ മറുപടി അയയ്‌ക്കും. അയയ്‌ക്കുന്ന കത്തുകളുടെ കോപ്പി എടുത്ത്‌ വയ്‌ക്കുകയും ചെയ്യും. കത്തിടപാടുകളിലൂടെ ആതിഥേയരെ കണ്ടെത്തിയാണ്‌ യാത്രകള്‍ നടത്തിയിരുന്നതും. അച്‌ഛന്റെ ഡയറികള്‍ റെഫറന്‍സ്‌ മെറ്റീരിയല്‍ കൂടിയാണ്‌.
1936 മുതലുള്ളതുണ്ട്‌. വര്‍ഷവും മാസവും നോക്കി അക്കാലയളവില്‍ നടന്ന പല ചരിത്രങ്ങളും അതിലൂടെ നോക്കിയറിഞ്ഞ്‌ ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്‌. ഇപ്പോഴും വെറുതെ ഇരിക്കുമ്പോള്‍ വായിച്ചാസ്വദിക്കും. അച്‌ഛനുണ്ടായിരുന്നെങ്കില്‍ ചോദിക്കാമായിരുന്ന നൂറായിരം സംശയങ്ങള്‍ അന്നേരം മനസ്സില്‍ ഒഴുകിയെത്തും. പല പ്രസാധകരും അതിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട്‌ സംസാരിച്ചെങ്കിലും രഹസ്യമായി അച്‌ഛന്‍ സൂക്ഷിച്ച ചിലതും അതിലുള്ളതുകൊണ്ട്‌ അത്‌ ശരിയാവില്ലെന്ന്‌ തോന്നി. ചിലരെ വേദനിപ്പിക്കുന്ന സത്യങ്ങളും അതില്‍പ്പെടും. വടിവൊത്ത കയ്യക്ഷരമാണ്‌ അച്‌ഛന്റേത്‌. എന്റെ വിവാഹക്ഷണക്കത്ത്‌ ആ കൈപ്പടയിലാണ്‌.

മറ്റെഴുത്തുകാരുമായുള്ള സൗഹൃദം?
സായാഹ്നങ്ങളിലെ സാഹിത്യ ചര്‍ച്ചകളുമായി എന്നും സജീവമായ സൗഹൃദസദസ്സായിരുന്നു ചന്ദ്രകാന്തം എന്ന വീട്ടിലെ സ്വീകരണമുറി. എഴുത്തിനപ്പുറമൊരു ആത്മബന്ധം അക്കാലത്ത്‌ എഴുത്തുകാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. വിവാഹശേഷം ആദ്യമായി ഭര്‍തൃഗൃഹത്തില്‍ എത്തുന്നതിനുപകരം, വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഭാര്യ ഫാബിത്താത്ത ഞങ്ങളുടെ വീട്ടിലാണ്‌ കഴിഞ്ഞതെന്ന്‌ പറഞ്ഞുകേട്ടിട്ടുണ്ട്‌. അന്ന്‌ ഞാന്‍ ജനിച്ചിട്ടില്ല. ചന്ദ്രകാന്തത്തിലെ ഊഞ്ഞാലിലിരുന്ന ഓര്‍മയൊക്കെ ഫാബിത്താത്ത പറഞ്ഞ്‌ അറിഞ്ഞതാണ്‌. എന്റെ വിവാഹത്തിന്‌ ഒട്ടുമിക്ക എഴുത്തുകാരും പങ്കെടുത്തിരുന്നത്‌ അച്‌ഛനുമായുള്ള ആത്മബന്ധംകൊണ്ടാണ്‌. ഇപ്പോഴും ആ സ്‌നേഹം എല്ലാവരും കാണിക്കാറുണ്ട്‌.

എസ്‌. കെ യുടെ കഥകളില്‍ മക്കള്‍ കഥാപാത്രങ്ങളായിട്ടുണ്ടോ?
അങ്ങനെ പ്രത്യേകമായ ഉദ്ദേശ്യത്തോടെ എഴുതിയതല്ല. ഞങ്ങളെ ഒരുപാട്‌ വിഷമിപ്പിച്ച ഒരു സംഭവം കഥയ്‌ക്ക് വിഷയമായി മാറുകയായിരുന്നു. വീട്ടിലൊരു അംഗത്തെപ്പോലെ ഞങ്ങള്‍ കണ്ടിരുന്ന പട്ടിക്കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കഥയാണത്‌. പേവിഷബാധയേറ്റ മറ്റൊരു നായയുടെ കടിയേറ്റതോടെ വീട്ടുകാര്‍ വളര്‍ത്തുനായയെ കൊല്ലാന്‍ നിര്‍ബന്ധിതരാകുന്ന കഥയ്‌ക്ക് 'വധശിക്ഷ' എന്നാണച്‌ഛന്‍ പേരിട്ടത്‌. ആ കഥ ഇപ്പോള്‍ വായിച്ചാലും അന്നത്തെ സംഭവങ്ങളും മാനസികാവസ്‌ഥയും അേത തീവ്രതയോടെ അനുഭവപ്പെടും. എഴുത്തില്‍ വികാരങ്ങളുടെ വേലിയേറ്റം സൃഷ്‌ടിക്കാനുള്ള അച്‌ഛന്റെ കഴിവ്‌ അപാരമാണ്‌.

എസ്‌.കെ യുടെ യാത്രകളിലെ വിചിത്രമായ ഓര്‍മ്മ?
പതിനെട്ടു മാസം നീണ്ട ആഫ്രിക്കന്‍-യൂറോപ്പ്‌ ട്രിപ്പിനിടയില്‍ അച്‌ഛന്‍ വിറച്ചുപോയൊരു സന്ദര്‍ഭം പറഞ്ഞിട്ടുണ്ട്‌. ആഫ്രിക്കന്‍ കാടുകളിലൂടെ നടക്കുമ്പോഴായിരുന്നു അത്‌. ഒറ്റയ്‌ക്ക് പോകുമ്പോള്‍ ആരോ പിന്തുടരുന്നതായി തോന്നി. പേടിയോടെ തിരിഞ്ഞുനോക്കിയതും ആജാനബാഹുവായ കാപ്പിരി കത്തിയുമായി നില്‍ക്കുന്നു. പിന്നീടാണറിഞ്ഞത്‌ അച്‌ഛനെ മൃഗങ്ങള്‍ ആക്രമിക്കാതിരിക്കാന്‍ സംരക്ഷണത്തിനുവേണ്ടിയാണ്‌ അയാള്‍ ആയുധവുമായി പിറകെ വന്നതെന്ന്‌. പച്ചയായ മനുഷ്യരെക്കാണാന്‍ ആഫ്രിക്കയില്‍ പോകണമെന്നും പ്രകൃതിഭംഗി ആസ്വദിക്കാന്‍ സ്വിറ്റ്‌സര്‍ലണ്ടില്‍ പോകണമെന്നും പറയുമ്പോഴും കോഴിക്കോടും മിഠായിത്തെരുവുമായിരുന്നു അച്‌ഛന്‌ ഏറ്റവും പ്രിയം.

അച്‌ഛന്റെ ഭക്ഷണരീതി?
തിരിച്ചുകടിക്കാത്തതെന്തും കഴിക്കുമെന്ന്‌ പറയുമെങ്കിലും ബീഫ്‌ കഴിച്ചിരുന്നില്ല. മട്ടണാണ്‌ ഏറ്റവും ഇഷ്‌ടം. ചിക്കനും കഴിക്കും. നാടന്‍ ഭക്ഷണം ആസ്വദിച്ച്‌ കഴിക്കും. സിംഗപ്പൂര്‍ ആയിരുന്നതുകൊണ്ട്‌ ചൈനീസ്‌ ഭക്ഷണം ഉണ്ടാക്കുന്നതില്‍ അമ്മയ്‌ക്ക് വൈദഗ്‌ധ്യമുണ്ടായിരുന്നു. അച്‌ഛനുവേണ്ടിയാണ്‌ നാടന്‍ പാചകം പഠിച്ചത്‌. പ്രമേഹം കൂടിയതോടെ മധുരത്തോടു വല്ലാത്ത താല്‌പര്യം കാണിച്ചിരുന്നു. പലപ്പോഴും അമ്മ കാണാതെ പലഹാരങ്ങള്‍ കട്ടുകഴിക്കുമ്പോള്‍ കുസൃതിനിറഞ്ഞ ചിരിയോടെ ഒരു നോട്ടമുണ്ട്‌.

എഴുത്തിലൂടെ ലഭിച്ച അംഗീകാരങ്ങള്‍?
എഴുതാന്‍ മാത്രമായിരുന്നു അച്‌ഛന്റെ ആഗ്രഹം. ആരുടേയും കീഴില്‍ ജോലി ചെയ്‌ത് സര്‍ എന്നുവിളിച്ച്‌ ശമ്പളം കൈപ്പറ്റാന്‍ താല്‌പര്യപ്പെട്ടിരുന്നില്ല. പൂര്‍ണമായും എഴുത്തുകൊണ്ടാണ്‌ അച്‌ഛന്‍ ജീവിച്ചത്‌. എഴുതുന്ന വസ്‌തുവിന്‌ വിലയുണ്ടെന്ന്‌ തെളിയിച്ചുകൊടുത്തവരില്‍ പ്രധാനിയാണ്‌ അദ്ദേഹം. ഞങ്ങളുടെ വിദ്യാഭ്യാസം, വിവാഹം എല്ലാം എഴുത്തിലൂടെയുള്ള വരുമാനംകൊണ്ടാണ്‌ നടത്തിയത്‌.
ആദ്യ അംഗീകാരത്തിന്റെ രസകരമായ ഓര്‍മ അമ്മയുടെ ബന്ധുവായ ജയേട്ടനോട്‌ പങ്കുവയ്‌ക്കുന്നത്‌ കേട്ടിട്ടുണ്ട്‌. അച്‌ഛന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ കഥകള്‍ക്കും കവിതകള്‍ക്കും എന്നും ഒന്നാമതെത്തിയിരുന്നത്‌ ഒരു നമ്പൂതിരിക്കുട്ടിയായിരുന്നു. ഉപന്യാസ രചനയ്‌ക്ക് പതിവുതെറ്റിച്ച്‌ അച്‌ഛന്‌ ഒന്നാം സ്‌ഥാനം കിട്ടി. എഴുത്തിന്റെ പേരിലുള്ള ആദ്യ അംഗീകാരം കിട്ടാനൊരു കാരണമുണ്ട്‌. ചര്‍ക്ക എന്നതായിരുന്നു മാഷ്‌ കൊടുത്ത വിഷയം. പാവം നമ്പൂതിരിക്കുട്ടി അത്‌ ചക്കയെന്നാണത്രെ കേട്ടത്‌. മദ്രാസ്‌ സര്‍ക്കാരിന്റെ ആദ്യ അവാര്‍ഡ്‌ ലഭിച്ചത്‌ 'യവനികയ്‌ക്ക് പിന്നില്‍' എന്ന കൃതിക്കാണ്‌. സാഹിത്യത്തിന്‌ ലഭിക്കാവുന്ന ഏറ്റവും വലിയ പുരസ്‌കാരമായ ജ്‌ഞാനപീഠം ലഭിച്ചപ്പോള്‍ അമ്മ കൂടെ ഇല്ലാത്തതില്‍ അച്‌ഛന്‍ ഏറെ വേദനിച്ചു. ഞാനും ഭര്‍ത്താവും അച്‌ഛനുംകൂടി ഒരു ഗൃഹപ്രവേശച്ചടങ്ങില്‍ പങ്കെടുത്ത്‌ മടങ്ങിവരുമ്പോള്‍ വീടിനു മുന്‍പില്‍ തടിച്ചുകൂടിയ മാധ്യമ പ്രവര്‍ത്തകരില്‍ നിന്നാണ്‌ ആ വാര്‍ത്തയറിഞ്ഞത്‌. അമ്മയുടെ ഫോട്ടോയ്‌ക്ക് മുന്‍പില്‍ ഏറെനേരം നോക്കി നിന്നപ്പോള്‍ എന്തുപറ്റിയെന്ന്‌ ഞാന്‍ ചോദിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ചപ്പോള്‍ അതിലും വലിയ പുരസ്‌കാരം നിങ്ങളെ തേടിയെത്തുമെന്ന്‌ അമ്മ പറഞ്ഞിരുന്നതോര്‍ത്താണ്‌ അച്‌ഛന്‍ വികാരാധീനനായത്‌.
ഞങ്ങള്‍ മക്കള്‍ക്ക്‌ അച്‌ഛന്റെ പുസ്‌തകങ്ങള്‍ തുല്യമായി വീതിച്ചു തന്നിരുന്നു. ഇന്ദ്രനീലം എന്ന പുസ്‌തകം എനിക്കാണ്‌ ലഭിച്ചത്‌. അതാണ്‌ ഞാനെന്റെ വീടിനു നല്‍കിയിരിക്കുന്ന പേരും.

സാഹിത്യകാരന്‌ രാഷ്‌ട്രീയം വഴങ്ങില്ലെന്ന പതിവ്‌ തിരുത്തിയ ആളാണല്ലോ എസ്‌.കെ?
തലശ്ശേരിയില്‍ സുകുമാര്‍ അഴിക്കോടിനെതിരെ അറുപത്തിയാറായിരം വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചാണ്‌ അച്‌ഛന്‍ എം.പി. ആയത്‌. ഇന്ത്യന്‍ കമ്മ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തിന്റെ ചരിത്രം പ്രമേയമാക്കി 'നോര്‍ത്ത്‌ അവന്യു' എന്നൊരു നോവല്‍ രചിക്കാനിരിക്കെയായിരുന്നു ആകസ്‌മികമായ വേര്‍പാട്‌. എം.പി. ആയിരുന്ന കാലം ജീവിതത്തിലെ വിലയേറിയ അഞ്ച്‌ വര്‍ഷങ്ങള്‍ നഷ്‌ടമായതായാണ്‌ അദ്ദേഹം വിലയിരുത്തിയിരുന്നത്‌. ആകെ ഉണ്ടായ നേട്ടം ഒരു ടെലിഫോണ്‍ കണക്ഷന്‍ മാത്രമായിരുന്നു. ഒന്നും സമ്പാദിച്ചുമില്ല, എഴുതിയുമില്ല. കുറഞ്ഞകാലയളവായിരുന്നതിന്റെ പേരില്‍ പെന്‍ഷന്‍ പോലുള്ള ആനുകൂല്യംപോലും ആ തസ്‌തികയുടെ പേരില്‍ ഉണ്ടായില്ല. സാഹിത്യകാരനായി മാത്രം അറിയപ്പെടാനാണ്‌ അച്‌ഛന്‍ ആഗ്രഹിച്ചത്‌.

എസ്‌.കെ. പൊറ്റെക്കാട്ടിന്റെ മകള്‍ എന്നതില്‍ അഭിമാനം തോന്നിയ നിമിഷം?
ഓരോ നിമിഷവും അതിന്റെപേരില്‍ അഭിമാനംകൊള്ളുന്നുണ്ട്‌. ഒരു പരിചയവുമില്ലാത്ത ആളുകളുടെ സ്‌നേഹം പല തവണ അച്‌ഛന്റെ പേരുപറയുമ്പോള്‍ തന്നെ അനുഭവിച്ചറിഞ്ഞിട്ടുണ്ട്‌. എട്ടിലും ഒമ്പതിലും പത്തിലും മലയാളം പാഠപുസ്‌തകത്തില്‍ അച്‌ഛന്റെ കഥ പഠിക്കാനുണ്ടായിരുന്നു. അധ്യാപകരൊക്കെ എസ്‌.കെ.യുടെ മകള്‍ എന്ന രീതിയിലൊരു വാത്സല്യം കാണിച്ചിരുന്നു.
ഞാന്‍ സ്‌കൂള്‍ ലീഡറായിരിക്കെ, മലയാള സാഹിത്യസമാജം ഉദ്‌ഘാടനം ചെയ്യാന്‍ അച്‌ഛന്‍ എത്തിയത്‌ മറക്കാനാവാത്ത അനുഭവമാണ്‌. ഒരേ വേദിയില്‍ അന്ന്‌ ഞങ്ങള്‍ ഇരുവരും പ്രസംഗിച്ചു. യാത്രകളോട്‌ അച്‌ഛനെപ്പോലെ തന്നെ കുടുംബത്തില്‍ എല്ലാവര്‍ക്കും താല്‌പര്യമാണ്‌. എന്റെ മകള്‍ നീതു അമിത്‌, ജോര്‍ദാനിലാണ്‌. അവള്‍ക്ക്‌ ഫോട്ടോഗ്രഫിയില്‍ കമ്പമുണ്ട്‌. വിദേശയാത്രകള്‍ നടത്തി അവിടുത്തെ ചിത്രങ്ങള്‍ അവളുടെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുമ്പോള്‍ അച്‌ഛന്റെ അനുഗ്രഹം അതില്‍ പ്രതിഫലിക്കുന്നതായി തോന്നാറുണ്ട്‌. എത്ര ജന്മമെടുത്താലും അച്‌ഛന്റെ മകളായി തന്നെ ജനിക്കണമെന്നാണെന്റെ ആഗ്രഹം.

Ads by Google
Saturday 04 Aug 2018 11.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW