Monday, July 22, 2019 Last Updated 29 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 02.05 AM

കുമ്പസാരം സഭയുടെ ആത്മീയാധികാരം

ചെയ്യാത്ത പാപങ്ങള്‍ക്കു പരിഹാരമായി പെസഹാത്തിരുനാളില്‍ ബലിവസ്‌തുവായ കുഞ്ഞാടിന്റെ പ്രതിരൂപമാണ്‌ കുമ്പസാരിപ്പിക്കുന്ന വൈദികന്‍. ആ വൈദികന്റെ യോഗ്യതയല്ല, പാപങ്ങള്‍ മോചിക്കാനുള്ള ഈശോയുടെ അധികാരവും അളവറ്റ കാരുണ്യവുമാണ്‌ കുമ്പസാരമെന്ന കൂദാശയുടെ ഫലദായകത്വത്തിന്‌ അടിസ്‌ഥാനം.
uploads/news/2018/08/239304/bft1.jpg

സഭയുടെ ആത്മീയബലത്തിന്റെ നെടുംതൂണുകളിലൊന്നായ കുമ്പസാരം മാധ്യമവിചാരണ നേരിടുകയാണല്ലോ. ആ സാഹചര്യത്തില്‍ കുമ്പസാരത്തിന്റെ വിശുദ്ധഗ്രന്ഥാടിസ്‌ഥാനത്തെക്കുറിച്ചും സഭാപാരമ്പര്യങ്ങളെക്കുറിച്ചും പ്രബോധനങ്ങളെക്കുറിച്ചും പറയുന്നതും അറിയുന്നതും കാലികപ്രസക്‌തമാണെന്നു തോന്നുന്നു.

കുമ്പസാരം കേള്‍ക്കുന്നതിന്‌, പ്രത്യേകിച്ച്‌ സ്‌ത്രീകളെ കുമ്പസാരിപ്പിക്കുന്നതിനു കര്‍ക്കശമായ നിയമങ്ങളാണു സഭയിലുള്ളത്‌. ദേവാലയത്തില്‍വച്ചു കുമ്പസാരിപ്പിക്കണമെന്നും കുമ്പസാരക്കൂട്‌ ഉപയോഗിച്ചിരിക്കണമെന്നുമാണു ചട്ടം. കുമ്പസാരിക്കുന്നയാളെ ചോദ്യങ്ങള്‍ ചോദിച്ചു വിഷമിപ്പിക്കരുത്‌. അയാളുടെ വ്യക്‌തിത്വം വൈദികന്‍ വെളിപ്പെടുത്തരുത്‌. കുമ്പസാരരഹസ്യം ലംഘിച്ചാല്‍ കടുത്തശിക്ഷ നല്‍കണമെന്നും സഭാനിയമം അനുശാസിക്കുന്നു.

കുമ്പസാരക്കൂട്‌ കര്‍ത്താവിന്റെ കാരുണ്യം കണ്ടുമുട്ടാന്‍ സാധിക്കുന്ന ഇടമായിരിക്കണമെന്നാണു ഫ്രാന്‍സിസ്‌ പാപ്പായുടെ വാക്കുകള്‍. ഈ കൂദാശ പരികര്‍മം ചെയ്യുമ്പോള്‍ വൈദികര്‍ കരുണയുടെ വക്‌താക്കളും പ്രവാചകരുമായിരിക്കണമെന്ന യാഥാര്‍ഥ്യത്തിലേക്ക്‌ ഇതു വിരല്‍ചൂണ്ടുന്നു (സുവിശേഷത്തിന്റെ ആനന്ദം, 44). നല്ല ഇടയന്റെ ദൗത്യം നിര്‍വഹിക്കുന്ന കുമ്പസാരക്കാരന്‍ പാപങ്ങളിന്മേല്‍ വ്യക്‌തിപരമായി വിധിതീര്‍പ്പുകല്‍പ്പിക്കുകയല്ല, മിശിഹായുടെ അനന്തമായ ക്ഷമയുടെ ശുശ്രൂഷകനാകുകയാണു ചെയ്യുന്നത്‌ (മതബോധനഗ്രന്ഥം, 1466).

സമയം പൂര്‍ത്തിയായി; ദൈവരാജ്യം സമീപിച്ചിരിക്കുന്നു; അനുതപിച്ചു സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍ (മര്‍ക്കോ 1:15) എന്ന ആഹ്വാനത്തോടെയാണ്‌ ക്രിസ്‌തു തന്റെ പരസ്യജീവിതം ആരംഭിച്ചത്‌. ദൈവജനത്തിനു രോഗസൗഖ്യത്തോടൊപ്പം ഈശോ പാപമോചനവും നല്‍കി. ജനത്തിന്റെ പാപങ്ങള്‍ മോചിക്കാനുള്ള അധികാരം ശിഷ്യന്മാരെയാണ്‌ അവിടുന്ന്‌ ഭരമേല്‍പ്പിച്ചത്‌. നിങ്ങള്‍ ആരുടെയെങ്കിലും പാപങ്ങള്‍ മോചിച്ചാല്‍ അവ മോചിക്കപ്പെട്ടിരിക്കും (മത്താ 18:18) എന്നു ശിഷ്യന്മാര്‍ക്ക്‌ ഈശോ ഉറപ്പുനല്‍കുന്നു. ശ്ലൈഹികമായി തിരുസഭയ്‌ക്കു കൈമാറിക്കിട്ടിയ ഈ ആത്മീയാധികാരമാണ്‌ കുമ്പസാരം എന്ന കൂദാശയ്‌ക്ക്‌ അടിസ്‌ഥാനം.

ശ്ലീഹന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാരിലൂടെയും അവരുടെ സഹശുശ്രൂഷകരായ വൈദികരിലൂടെയുമാണ്‌ സഭയില്‍ ഈ അധികാരം നിലനിന്നുപോരുന്നത്‌ (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, 1461). ആദ്യനൂറ്റാണ്ടുകളില്‍ വിശുദ്ധകുര്‍ബാനയോടും മാമ്മോദീസായോടും ചേര്‍ന്നുള്ള അനുരഞ്‌ജനവും പാപമോചനവുമാണ്‌ സഭയിലുണ്ടായിരുന്നത്‌. അഞ്ചാം നൂറ്റാണ്ടോടുകൂടിയാണ്‌ പരസ്യകുമ്പസാരം സാധാരണമായത്‌.

ഏഴാം നൂറ്റാണ്ടുമുതലാണ്‌ സഭയുടെ പ്രതിനിധികളായ മെത്രാന്മാരോടോ വൈദികരോടോ പാപങ്ങള്‍ രഹസ്യമായി ഏറ്റുപറയുന്ന രീതി വന്നത്‌. തുടര്‍ന്നുവന്ന ഫ്‌ളോറന്‍സ്‌ സൂനഹദോസും (1439) ത്രെന്തോസ്‌ സൂനഹദോസും (1545-1563) രണ്ടാം വത്തിക്കാന്‍ സൂനഹദോസും (1962-1965) വൈദികന്റെ മുമ്പില്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞു പാപമോചനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഉദ്‌ബോധിപ്പിച്ചു.

ചെയ്യാത്ത പാപങ്ങള്‍ക്കു പരിഹാരമായി പെസഹാത്തിരുനാളില്‍ ബലിവസ്‌തുവായ കുഞ്ഞാടിന്റെ പ്രതിരൂപമാണ്‌ കുമ്പസാരിപ്പിക്കുന്ന വൈദികന്‍. ആ വൈദികന്റെ യോഗ്യതയല്ല, പാപങ്ങള്‍ മോചിക്കാനുള്ള ഈശോയുടെ അധികാരവും അളവറ്റ കാരുണ്യവുമാണ്‌ ഈ കൂദാശയുടെ അടിസ്‌ഥാനം.
മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പൗരസ്‌ത്യസഭാപ്രബോധകനായ അഫ്രാത്ത്‌ വ്യക്‌തിഗത കുമ്പസാരത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും പ്രായശ്‌ചിത്തത്തെക്കുറിച്ചും (On penance) എന്ന പ്രബോധനത്തില്‍ സൂചിപ്പിക്കുന്നുണ്ട്‌. കുമ്പസാരവിവരങ്ങള്‍ അതീവരഹസ്യമായി സൂക്ഷിക്കാനുള്ള കടമ വൈദികനുണ്ടെന്ന്‌ സഭാനിയമം ചൂണ്ടിക്കാട്ടുന്നു (പൗരസ്‌ത്യസഭയുടെ കാനന്‍നിയമം, 733).

കുമ്പസാരരഹസ്യം നേരിട്ടു പുറത്താക്കുന്ന (idrectly violate) കുമ്പസാരക്കാരനെ വലിയ മഹറോന്‍ ശിക്ഷയില്‍ (Major Excommunication) ഉള്‍പ്പെടുത്തണമെന്നാണു സഭാനിയമം. (ങ്കങ്കഞ്ഞമ്പ.1456/1). സഭയില്‍ നിന്നു പുറത്താക്കുന്നതാണു മഹറോന്‍ ശിക്ഷ.

*** കര്‍ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരി
(സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌)

Ads by Google
Monday 06 Aug 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW