'' ഭാര്യ ഉദ്യോഗസ്ഥയാണെങ്കില്‍ ഭര്‍ത്താവും തത്തുല്യമായി ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്.''
അനൂ എന്റെ ഷര്ട്ടിതുവരെ അയണ്‍ ചെയ്തില്ലേ?? അടുക്കളയിലെ ജോലിയൊതുക്കി മകളെ റെഡിയാക്കുന്ന അനുവാകട്ടെ ഭര്‍ത്താവിന്റെ ചോദ്യം കേട്ടില്ല.
മകളെ ഒരുക്കി നിര്‍ത്തിയശേഷം ഷര്‍ട്ട് അയണ്‍ ചെയ്തു കൊടുത്തപ്പോള്‍ ചുളിവ് പോയിട്ടില്ലെന്നായി അടുത്ത പരാതി. ഒപ്പം താമസിച്ചെന്ന പരിഭവവും. ക്ഷമ നശിച്ചപ്പോള്‍ 'ഇതൊക്കെ സ്വയം ചെയ്തുകൂടേ, താനും ജോലിക്ക് പോകാന്‍ വൈകിയെന്നായി' അനു.
ഭാര്യയ്ക്കും ഭര്‍ത്താവിനും ജോലിയുള്ള ഒട്ടുമിക്ക വീടുകളിലും സ്ഥിരം കേള്‍ക്കുന്ന വഴക്കുകളുടെ തുടക്കം ഇങ്ങനെയാണ്. വിവാഹത്തോടെ ജോലി നിര്‍ത്തി ഭാര്യ വീട്ടിലിരിക്കണമെന്ന പഴഞ്ചന്‍ ചിന്താഗതിയൊന്നും ഇന്നത്തെ ഭര്ത്താക്കന്മാര്ക്കില്ല. പക്ഷേ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം പഴഞ്ചന്‍ ഭര്‍ത്താവായി അവരും മാറുന്നു.
വീട്ടുകാര്യങ്ങള്‍ക്കൊപ്പം തൊഴിലിടങ്ങളിലും തിളങ്ങുന്ന ഭാര്യമാര്‍ക്ക് ഈ മാറ്റം ഉള്‍ക്കൊള്ളാനാവില്ല. അതോടെ ഭര്ത്താക്കന്മാരുടെ ഉത്തരവാദിത്തവും കൂടുന്നു. പുതിയകാലത്തെ ഭര്‍ത്താവിന്റെ റോള്‍ ഭംഗിയാക്കാന്‍ അല്പമൊന്ന് ശ്രദ്ധിച്ചാല്‍ മതി. മാതൃകാ ഭര്‍ത്താവാകാന്‍ നിങ്ങള്ക്കുമൊന്ന് ശ്രമിച്ചുകൂടെ?
ഒരു കൈ സഹായം
തന്നെപ്പോലെ തന്നെ ഭാര്യയും ജോലി ചെയ്ത് ക്ഷീണിച്ചുവരുന്ന ആളാണെന്ന് മനസിലാക്കണം. മാത്രമല്ല, അതിരാവിലെ ഉണര്‍ന്ന് വീട്ടിലെ ജോലി മുഴുവന്‍ തീര്ത്തിട്ടാണവര് പോകുന്നത്.
ഇതറിഞ്ഞ് വീട്ടുജോലികളില്‍ സഹായിക്കാന്‍ ഭര്‍ത്താവ് തയാറാകണം. പാചകം ചെയ്യാനും പാത്രം കഴുകാനും വസ്ത്രമലക്കാനുമൊക്കെ സഹായിക്കുന്ന ഭര്‍ത്താവിന് ഭാര്യയുടെ മനസില്‍ വലിയ സ്ഥാനമാണെന്ന് മറക്കരുത്.
ഇനി ജോലികളില്‍ സഹായിക്കാന്‍ കഴിഞ്ഞില്ലെന്നിരിക്കട്ടെ, വീട്ടുജോലിക്കിടയില്‍ ഭാര്യയ്ക്കൊപ്പം നിന്ന് സംസാരിച്ചു നോക്കൂ, അന്നത്തെ ജോലി മുഴുവന്‍ ചെയ്ത് തീര്‍ക്കാന്‍ ഭാര്യയ്ക്കൊരു മടിയും കാണില്ല.
ഇതിനൊക്കെ സമയം വേണ്ടേ എന്നാകും ചിന്തിക്കുന്നത്? രാവിലെ നേരത്തെ എഴുന്നേറ്റ് ഭാര്യയെ സഹായിക്കുന്നതില്‍ തെറ്റില്ല. ഭാര്യയ്ക്കും ഓഫീസില്‍ സമയത്തിന് എത്തണമെന്ന് ചിന്തിക്കുക. മക്കളെ സ്കൂളില്‍ വിടാനും ഒരുക്കാനും ഭക്ഷണം നല്‍കാനുമൊക്കെ ഒന്നു സഹായിച്ചു നോക്കൂ. ഭാര്യയും ഹാപ്പി മക്കളും ഹാപ്പി.
ഉത്തരവാദിത്തം ഏറ്റെടുക്കുക
മക്കളെ പഠിപ്പിക്കേണ്ട ഉത്തരവാദിത്തം അമ്മമാര്ക്കാണെന്നാണ് പൊതുവെയുള്ള പറച്ചില്. ജോലി ഉള്ള അമ്മമാര്‍ക്ക് വീട്ടിലെ പണികള്‍ക്കൊപ്പം മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കാന്‍ കഴിയണമെന്നില്ല.
വെറുതെ വാട്ട്സ്ആപ്പും ഫേസ്ബുക്കും നോക്കി ഇരിക്കുന്ന സമയത്ത് ഭര്ത്താക്കന്മാര്ക്കും മക്കളെ പഠിപ്പിക്കാം. ആ സമയത്ത് ഭാര്യ അടുക്കളയിലെ ജോലികള്‍ ചെയ്തു തീര്‍ത്തിട്ടുമുണ്ടാവും.
ശമ്പളത്തില്‍ പങ്കുപറ്റേണ്ട
ഭാര്യയുടെ ശമ്പളത്തിന്റെ അവകാശി താനാണെന്ന് വിശ്വസിക്കുന്ന ഭര്ത്താക്കന്മാരുമുണ്ട്. ശമ്പളം കൃത്യമായി എണ്ണിമേടിച്ച് സ്വന്തം അക്കൗണ്ടില്‍ ഇടുന്നവരും ഭാര്യയുടെ എ.ടി.എം കാര്‍ഡ് കൈകാര്യം ചെയ്യുന്ന ഭര്ത്താക്കന്മാരും കുറവല്ല. താനാണ് വീട്ടുചെലവ് നോക്കുന്നത് എന്നതടക്കം പല ന്യായീകരണങ്ങളുമുണ്ടാകാം ഭര്ത്താക്കന്മാര്ക്ക്.
പണം പങ്കുവയ്ക്കുന്നതിനെെച്ചാല്ലി തര്‍ക്കമുണ്ടാകാതിരിക്കാന്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങുന്നതാണ് ഉത്തമം. പൊതു ചെലവുകള്‍ക്ക് ചര്‍ച്ച ചെയ്ത് തീരുമാനിച്ച് ഒരു നിശ്ചിത തുക അക്കൗണ്ടിലിടാം. എന്നാല്‍ രണ്ടുപേര്‍ക്കും സ്വന്തമായി ഒരു അക്കൗണ്ട് കൂടി ഉണ്ടായാല്‍ നല്ലത്.
വീട്ടുജോലിക്കാരി ആവശ്യമോ?
സാമ്പത്തികം അനുവദിക്കുമെങ്കില്‍ ഭാര്യയെ സഹായിക്കാന്‍ ജോലിക്കാരിയെ നിര്‍ത്തുന്നതില്‍ തെറ്റില്ല. അത്യാവശ്യം ജോലികള്‍ക്കു പാര്‍ട്ട് ടൈംകാരായാലും മതി. വീട്ടിലെ ജോലികള്‍ ഭാര്യയുടെ കടമയാണെന്നും അതിനുവേണ്ടി പണം മുടക്കി ഒരാളെ വയ്ക്കില്ലെന്നുമുള്ള വാശിയും പിശുക്കും നന്നല്ല.
സ്വയംപര്യാപ്തരാക്കാം
വീട്ടിലെ ജോലികളെല്ലാം തീര്‍ത്ത് ഓടിക്കിതച്ചെത്തി, ബസില്‍ കയറി ഓഫീസിലെത്തുമ്പോഴേക്കും ഭാര്യമാര്‍ ഒരു പരുവമായിട്ടുണ്ടാകും. ഭര്‍ത്താവിന് ഭാര്യയെ ജോലിസ്ഥലത്തെത്തിക്കാന് കഴിയുമെങ്കില്‍ അതാണ് ഏറ്റവും നല്ലത്. അല്ലെങ്കില്‍ ഭാര്യയ്ക്ക് ജോലിസ്ഥലത്തേക്ക് പോയിവരാന്‍ വേണ്ട യാത്രാ സൗകര്യം ഒരുക്കിക്കൊടുക്കാന്‍ ഭര്‍ത്താവ് മുന്‍കൈ എടുക്കണം. ഡ്രൈവിങ് വശമില്ലാത്ത ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാന്‍ പ്രേരിപ്പിക്കാം.
ലൈസന്‍സ് നേടിയശേഷം സാമ്പത്തികവും സൗകര്യവുമനുസരിച്ച് ടൂ വീലറോ ഫോര്‍ വീലറോ വാങ്ങാം. സ്വന്തമായൊരു വാഹനമുണ്ടെങ്കില്‍ ജോലി സ്ഥലത്തെത്താന്‍ മാത്രമല്ല, ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് വീട്ടാവശ്യത്തിന് പുറത്തുപോകാനും മക്കളെ സ്കൂളിലെത്തിക്കാനും ഭാര്യയ്ക്ക് കഴിയും.
പിന്തുണ നല്‍കാം
പൊതുവെ സ്ത്രീകള്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്നങ്ങളും ടെന്ഷനുമുണ്ടാവാം. അവര്‍ക്കത് പലപ്പോഴും താങ്ങാനായെന്ന് വരില്ല. ഓഫീസിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനുള്ള സ്വാതന്ത്ര്യം ഭര്‍ത്താവ് നല്‍കേണ്ടത് അത്യാവശ്യമാണ്.
പ്രശ്നങ്ങള്‍ കേട്ടശേഷം ഉചിതമായ നിര്‍ദ്ദേശങ്ങള്‍ നല്കി ഭാര്യയ്ക്ക് മാനസിക പിന്തുണ നല്‍കാം. വീട്ടിലെ പ്രശ്നങ്ങളും പരസ്പരം പറഞ്ഞു തീര്‍ക്കണം. ഈഗോ കാണിക്കാതെ പങ്കാളിയെ മനസിലാക്കാന്‍ ശ്രമിച്ചാല്‍തന്നെ പല പ്രശ്നങ്ങളും പരിഹരിക്കാം.
വീക്കന്ഡിലൊരു ഔട്ടിങ്
ജോലിക്കുവേണ്ടി എന്നും പുറത്തുപോകുന്നതല്ലേ, ഒരവധി കിട്ടിയാല്‍ വീട്ടിലിരിക്കാം എന്നു കരുതരുത്. ആഴ്ചയിലൊരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം പുറത്തൊക്കെ ഒന്ന് പോകാം.
ഭക്ഷണം ഒരുമിച്ചാകാം
ജോലിയെല്ലാം ചെയ്തുതീര്‍ത്ത് കഴിയുമെങ്കില്‍ കുടുംബാംഗങ്ങളെല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണം. സാധിക്കുമെങ്കില്‍ കുറച്ചുസമയം കുടുംബത്തോടൊപ്പം സംസാരിക്കാനും സമയം കണ്ടെത്തണം.
കഴിവതും നേരത്തെ കിടന്നുറങ്ങാന്‍ ശ്രമിക്കുക. ഇരുവര്‍ക്കും നല്ല വിശ്രമം ആവശ്യമാണ്. അല്ലാതെ നീ കിടന്നോ എനിക്ക് ജോലി ചെയ്തു തീര്ക്കാനുണ്ടെന്നന്ന ശൈലി നല്ലതല്ല.
അശ്വതി അശോക്