Monday, July 22, 2019 Last Updated 56 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 04.11 PM

ജീവിതശൈലി രോഗങ്ങളില്‍ തളരുന്ന യുവത്വം

ജീവിതശൈലി രോഗങ്ങള്‍ ഇപ്പോള്‍ യുവതലമുറയെ പിടികൂടിയിരിക്കുന്നു. നാല്‍പ്പതിനും അന്‍പതിനും ശേഷം പിടിമുറുക്കിയിരുന്ന ജീവിതശൈലി രോഗങ്ങള്‍ ഇരുപതുകാരിലും കാണാന്‍ കഴിയുന്നു.
uploads/news/2018/08/239866/Youthhelth080818.jpg

യൗവനം പ്രസരിപ്പിന്റെ കാലമാണ്. എന്തും എപ്പോഴും ചെയ്യാനുള്ള ആത്മവിശ്വാസത്തിന്റെ പ്രായം. രോഗങ്ങളെ പൊരുതിതോല്‍പ്പിക്കാനുള്ള ശക്തി ചെറുപ്പക്കാരില്‍ കൂടുതലാണ്. എന്നാല്‍ ആധുനിക യുവത്വം രോഗങ്ങളുടെ പിടിയില്‍പ്പെട്ട് വലയുകയാണ്. അത് ഒരു രാജ്യത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്കു തന്നെ ഭീഷണി ഉയര്‍ത്തുന്നു.

അലസതയും സ്വാര്‍ഥ താല്‍പര്യവുമാണ് യുവതലമുറയെ പലപ്പോഴും രോഗങ്ങള്‍ക്ക് അടിമയാക്കി മാറ്റുന്നത്. ആരോഗ്യമാണ് മറ്റെന്തിനേക്കാളും വലിയ സമ്പത്തെന്ന് ജീവിതത്തിരക്കിനിടയില്‍ അവര്‍ മറന്നു പോകുന്നു. സംഘര്‍ഷഭരിതമായ ജീവിതശൈലി നിരവധി രോഗങ്ങള്‍ പകര്‍ച്ചവ്യാധിപോലെ ചെറുപ്പക്കാര്‍ക്കിടയില്‍ വ്യാപിക്കാന്‍ കാരണമായി. സ്വാഭാവിക ജീവിതക്രമത്തില്‍നിന്നും മനുഷ്യന്‍ മാറിയതോടെ അവന് ആരോഗ്യവും സ്വസ്ഥതയും ഊര്‍ജ്ജവും നഷ്ടപ്പെട്ടു.

മലിനമാകാത്ത വായു, ജലം, പരിസ്ഥിതി ഇവ അന്യമായി. പരമ്പരാഗത ജീവിതരീതിയില്‍നിന്നുള്ള ഈ വ്യതിയാനം ആധുനിക മനുഷ്യന്റെ ജീവിതവഴി ദുര്‍ഘടമാക്കി. യുവാക്കളില്‍ ഇന്ന് കൂടുതലായി കണ്ടു വരുന്ന രോഗങ്ങള്‍.

ഹൃദ്രോഗം


മാരകമായ പകര്‍ച്ച വ്യാധിയായാണ് ലോകാരോഗ്യ സംഘടന ഹൃദ്രോഗത്തെ വിശേഷിപ്പിക്കുന്നത്. മാനസിക സംഘര്‍ഷം നിറഞ്ഞ ജീവിതശൈലിയും പുകയിലപോലുള്ള ലഹരി വസ്തുക്കളോടുള്ള അടങ്ങാത്ത ആര്‍ത്തിയുമാണ് ഹൃദ്രോഗം വ്യാപകമാകാന്‍ ഇടയാക്കിയത്.

കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ നഗരവാസികളായ ഇന്ത്യക്കാര്‍ക്കിടയില്‍ ഹൃദ്രോഗബാധയുടെ തോത് 4 ശതമാനത്തില്‍നിന്നും 11 ശതമാനമാണ് ഉയര്‍ന്നത്. കേരളത്തില്‍ ഇരുപതിനുമു
കളില്‍ പ്രായമുള്ളവരില്‍ നഗരങ്ങളില്‍ 10 ശതമാനത്തിനും ഗ്രാമപ്രദേശങ്ങളില്‍ 4 ശതമാനത്തിനും ഹൃദ്രോഗ പ്രശ്‌നങ്ങളുണ്ട്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ഹൃദ്രോഗം ഒരു പകര്‍ച്ചവ്യാധിയായി പടര്‍ന്നു പിടിച്ചെങ്കിലും പാശ്ചാത്യ സമൂഹത്തിലുണ്ടായ ആരോഗ്യകരമായ ജീവിതക്രമവും ഭക്ഷണനിയന്ത്രണവും ഹൃദ്രോഗ നിരക്ക് ഗണ്യമായി കുറച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

ചെറുപ്പക്കാരിലുണ്ടാകുന്ന ഹൃദ്രോഗത്തിന്റെ ഒരു പ്രധാന കാരണം പുകവലിയാണ്. സിഗരറ്റ് പുകയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് രക്തധമനികളുടെ ജരാവസ്ഥയ്ക്കു കാരണമാകുന്നു. നിക്കോട്ടിന്‍ എന്ന വിഷവസ്തു രക്തസമ്മര്‍ദം കൂട്ടുകയും ഹൃദയത്തിന് കൂടുതല്‍ ഓക്‌സിജന്‍ ആവശ്യമായി വരുന്ന അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു.

പുകവലിയില്‍നിന്നുള്ള ഹൃദ്രോഗ സാധ്യത, വലിക്കുന്ന സിഗരറ്റിന്റെ എണ്ണത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഫില്‍ട്ടര്‍ സിഗരറ്റുകള്‍ ഹൃദ്രോഗത്തിനെതിരെ സംരക്ഷണം നല്‍കുമെന്ന ധാരണ അടിസ്ഥാനരഹിതമാണ്. എന്നാല്‍ പുകവലി ഉപേക്ഷിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യതയും ഗണ്യമായി കുറയുന്നു.

താരതമ്യേന വ്യായാമ രഹിതമായ ജീവിതശൈലി പിന്‍തുടരുന്നവര്‍ക്കും ഹൃദ്രോഗ സാധ്യത കൂടുതലാണ്. അതുപോലെ ജീവിതത്തില്‍ എവിടെയും ഒന്നാം സ്ഥാനത്തെത്താന്‍ മത്സരിക്കുന്നവരിലും ഹൃദ്രോഗസാധ്യത കൂടുതലാണ്. അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും സമ്മര്‍ദങ്ങളും ഹൃദയതാളം തെറ്റിക്കുന്നു.

യുവാക്കള്‍ ആഘോഷങ്ങളില്‍ ഏറ്റവുമധികം പണം ചെലവാക്കുന്നതു മദ്യത്തിനു വേണ്ടിയാണ്. എല്ലാ ടെന്‍ഷനും മറക്കാന്‍ ലഹരി കൂട്ടുപിടിക്കുമ്പോള്‍ ഒരു കാര്യം മറക്കരുത്, അമിത മദ്യപാനമാണ് ഹൃദയാരോഗ്യത്തെ തകര്‍ക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം. രക്താദിസമ്മര്‍ദവും ഹൃദയമിടിപ്പിന്റെ ക്രമം തെറ്റലുമൊക്കെ അമിത മദ്യപാനത്തിന്റെ പ്രശ്‌നങ്ങളാണ്. രക്തസമ്മര്‍ദത്തില്‍ ഉണ്ടാകുന്ന വ്യതിയാനവും രക്തത്തിലെ കൊഴുപ്പിന്റെ ആധിക്യവുമാണ് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നത്.

ജീവിതത്തില്‍ ഏറ്റവും കര്‍മ്മ നിരതരാകേണ്ട കാലഘട്ടത്തില്‍ ഹൃദ്രോഗം പിടികൂടുന്നത് കുടുംബഭദ്രതപോലും തകര്‍ത്തുക്കളഞ്ഞേക്കാം. ഹൃദയാഘാതത്തിനുശേഷം രോഗി പാലിക്കേണ്ടിവരുന്ന ചിട്ടകളും നിയന്ത്രണങ്ങളും തൊഴില്‍ രംഗത്തും പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. ഹൃദ്രോഗചികിത്സയ്ക്കു ആവശ്യമായി വരുന്ന ഭീമമായ തുകവേറെയും. അതിനാല്‍ അടിച്ചുപൊളി ജീവിതത്തിനൊപ്പം ഹൃദ്രോഗം വരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ക്കും ചെറുപ്പക്കാര്‍ മുന്‍ഗണന നല്‍കണം.

uploads/news/2018/08/239866/Youthhelth080818b.jpg

അമിത കൊളസ്‌ട്രോള്‍


ഭക്ഷണരീതിയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ അപചയം ഉണ്ടായത്. ആരോഗ്യവും പോഷണവും പകര്‍ന്നു നല്‍കേണ്ട ഭക്ഷണ വിഭവങ്ങള്‍ ചെറുപ്പക്കാരെ അലസരും രോഗികളുമായി മാറ്റി. നമ്മുടെ ആഹാരത്തിലെ മുഖ്യ ഘടകങ്ങളിലൊന്നാണ് കൊഴുപ്പുകള്‍. സസ്യഎണ്ണകളിലും, മുട്ട, പാല്‍ എന്നിവയിലുമാണ് കൊഴുപ്പ് പ്രധാനമായും അടങ്ങിയിരിക്കുന്നത്.

വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിനാവശ്യമായ കൊഴുപ്പാണ് കൊളസ്‌ട്രോള്‍. എന്നാല്‍ കൊളസ്‌ട്രോളിന്റെ അളവ് അധികരിക്കുമ്പോള്‍ അവ രക്തധമനികളില്‍ അടിഞ്ഞുകൂടി രക്തപ്രവാഹത്തിനു തടസമുണ്ടാക്കുന്നു. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമായേക്കാം.

പ്രധാനമായും സസ്യേതര ഭക്ഷണപദാര്‍ഥങ്ങളിലൂടെയാണ് നമുക്ക് ആവശ്യമായ കൊളസ്‌ട്രോള്‍ ലഭിക്കുന്നത്. മുട്ടയുടെ മഞ്ഞക്കരു, വെണ്ണ, മാംസം ഇവയില്‍ കൊളസ്‌ട്രോളിന്റെ അളവ് താരതമ്യേന കൂടുതലാണ്.

ശാരീരിക ധര്‍മ്മങ്ങള്‍ക്കാവശ്യമായ കൊളസ്‌ട്രോള്‍ ആഹാരത്തില്‍നിന്നു മാത്രമല്ല ലഭിക്കുന്നത്. നമ്മുടെ ശരീരം സ്വയം ഉല്‍പാദിപ്പിക്കപ്പെടുന്ന കൊളസ്‌ട്രോളും ഉണ്ട്. കരളിലെ കോശങ്ങളാണ് പ്രധാനമായും ഇത് ഉല്‍പപാദിപ്പിക്കപ്പെടുന്നത്. ഭക്ഷണത്തിലെ കൊളസ്‌ട്രോളിന്റെ അളവാണ് യഥാര്‍ഥത്തില്‍ കരളിലെ കൊളസ്‌ട്രോളിന്റെ ഉല്‍പാദനത്തെ നിയന്ത്രിക്കുന്നത്.

ഭക്ഷണത്തില്‍ മാംസാഹാരം കൂടുതലായി ഉള്‍പ്പെടുത്തുമ്പോള്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂടുകയും കരളിന്റെ ഉല്‍പാദനം കുറയുകയും ചെയ്യുന്നു. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് സാധാരണ നിലയില്‍ നിയന്ത്രിച്ചു നിര്‍ത്തുവാന്‍ ഈ സംവിധാനം സഹായിക്കുന്നു.

യുവത്വത്തിന് പോത്തിറച്ചിയും പന്നിയിറച്ചിയും എണ്ണയില്‍ വറുത്തെടുക്കുന്ന ചിക്കനുമെല്ലാം ഇഷ്ട വിഭവങ്ങളായി മാറുമ്പോള്‍ കൊളസ്‌ട്രോള്‍ എന്ന ഭീകരനെക്കുറിച്ച് മറന്നു പോകരുത്. മാംസാഹാരങ്ങളില്‍ സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് എന്ന ഘടകത്തിന്റെ അളവ് കൂടുതലാണ്.

മാംസാഹാരം രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് 15 മുതല്‍ 25 ശതമാനംവരെ വര്‍ധിപ്പിക്കുന്നു. കാരണം കരളില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് കൊളസ്‌ട്രോളിന്റെ ഉല്‍പാദനത്തിനാവശ്യമായ അസറ്റൈല്‍ കോ എ എന്ന ഘടകത്തെ സുലഭമായി ലഭ്യമാക്കുന്നു.

എന്നാല്‍ അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന സസ്യ എണ്ണകള്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവിനെ കുറയ്ക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

അമിത കൊളസ്‌ട്രോളിന്റെ പ്രശ്‌നങ്ങള്‍ യുവാക്കളെ പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണക്രമീകരണം, വ്യായാമം, മരുന്നുകള്‍ എന്നിവയെ ആശ്രയിച്ചാണ് കൊളസ്‌ട്രോളിന്റെ ചികിത്സ. ലളിതമായ ഭക്ഷണരീതിയും കൃത്യമായ വ്യായാമവും ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ അമിത കൊളസ്‌ട്രോളിന്റെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം.

പ്രമേഹം


ജീവിതത്തിന്റെ ഗതിവേഗം കൂടിയപ്പോള്‍ പ്രായമായവരില്‍ കണ്ടു വന്നിരുന്ന പല രോഗങ്ങളും ചെറുപ്പക്കാരെ കീഴടക്കാന്‍ തുടങ്ങി. ഒന്നിനും സമയം തികയുന്നില്ലെന്ന മട്ടിലുള്ള തിരക്കു പിടിച്ച ജീവിതശൈലിയും വേണ്ടതിനും വേണ്ടാത്തതിനും ടെന്‍ഷനടിക്കുന്ന പ്രകൃതവും പ്രമേഹം പോലുള്ള രോഗങ്ങള്‍ ചെറുപ്പക്കാരിലും വ്യാപകമാകാന്‍ കാരണമായി. ഗുരുതരമായ ഭവിഷ്യത്തുകള്‍ക്ക് കാരണമാകുന്ന ഒരു സാമൂഹികാരോഗ്യപ്രശ്‌നമാണ് പ്രമേഹം. ഈ രോഗത്തിനുള്ള വ്യക്തമായ കാരണം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

എന്നാല്‍ ജീവിതത്തിലെ സംഘര്‍ഷങ്ങളും മാനസികസമ്മര്‍ദങ്ങളും പ്രമേഹത്തിനും രോഗം വഷളാകുന്നതിനും കാരണമാകുന്നുണ്ട്. മാനസികമായ അസ്വസ്ഥതകള്‍ പ്രമേഹ സാധ്യതയുള്ള വ്യക്തികളില്‍ രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാക്കി രോഗം പ്രത്യക്ഷപ്പെടാന്‍ കാരണമാകുന്നു. ചികിത്സയ്‌ക്കൊപ്പം മാനസിക പിന്‍ബലവും സ്വസ്ഥതയും ഉണ്ടെങ്കില്‍ മാത്രമേ പ്രമേഹം പെട്ടെന്നു വരുതിയിലാക്കാന്‍ കഴിയൂ.

രോഗനിയന്ത്രണം തകരാറിലാക്കി പ്രമേഹം സങ്കീര്‍ണതകളിലേക്കും മാനസികപ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കുന്നു. അമിത ആകാംക്ഷ ഉള്ളവരില്‍ ശരീരത്തില്‍ അമിതമായി ഉല്‍പാദിപ്പിക്കപ്പെടുന്ന അഡ്രിനാലിന്‍ ഉള്‍പ്പെടെയുള്ള ഹോര്‍മോണുകള്‍ ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റുന്നത് രക്തത്തിലെ പഞ്ചസാരയുടെ നില കൂട്ടുന്നു.

ഗ്യാസ്ട്രബിള്‍


ഇന്നത്തെ ചെറുപ്പക്കാര്‍ അനുഭവിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ് ഗ്യാസ്ട്രബിള്‍. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വന്ന മാറ്റമാണ് ഇതിന് ഒരു പ്രധാന കാരണം. ടെന്‍ഷനും സ്‌ട്രെസും വര്‍ധിക്കുമ്പോള്‍ ഗ്യാസ്ട്രബിളിനുള്ള സാധ്യതയും വര്‍ധിക്കുന്നു. ജോലിത്തിരക്കിനിടയില്‍ പലരും കൃത്യ സമയത്തു ഭക്ഷണം കഴിച്ചെന്നു വരില്ല. മാത്രമല്ല സ്‌കൂള്‍ കുട്ടികള്‍പോലും പ്രാതല്‍ ഒഴിവാക്കുന്നു. ഇത്തരം ശീലങ്ങള്‍ ഗ്യാസ് കെട്ടിനില്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. സമയം കുറവുമൂലം വാരിവലിച്ചു ഭക്ഷണം കഴിക്കുന്ന രീതിയും ശരിയല്ല.

നിത്യ ജീവിതത്തില്‍ അനുവര്‍ത്തിക്കുന്ന പല കാര്യങ്ങളിലും അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ ഗ്യാസ്ട്രബിള്‍ ഒഴിവാക്കി നിര്‍ത്താവുന്നതാണ്. ഭക്ഷണത്തിലാണ് ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത്. ഗ്യാസ്ട്രബിള്‍ ഉണ്ടാക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കി നിര്‍ത്തുക. കഴിവതും കൃത്യസമയത്തുതന്നെ ഭക്ഷണം കഴിക്കുക. ഡയറ്റിംഗിന്റെയും സമയക്കുറവിന്റെയും കാര്യം പറഞ്ഞ് ഭക്ഷണം കഴിക്കാതിരിക്കുന്നത് ഗ്യാസ്ട്രബിളിലേക്കു നയിക്കുന്ന കാരണങ്ങളാണ്.

ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കി നിര്‍ത്തുകയെന്നതാണ് ഗ്യാസ്ട്രബിളിനെതിരേയുള്ള മുന്‍കരുതല്‍. ആഹാരം ഉപേക്ഷിക്കുന്നതു മാത്രമല്ല അമിതാഹാരവും ഗ്യാസ്ട്രബിളിനു കാരണമാകാം. ദഹനക്കുറവാണ് ഇവിടെ വില്ലനാകുന്നത്. മാനസിക സംഘര്‍ഷങ്ങളും കുടലിന്റെ ചലനത്തെ ബാധിക്കാം.

സാധാരണ കാണപ്പെടുന്ന ഗ്യാസ്ട്രബിള്‍ ഒരു പ്രശ്‌നക്കാരനല്ല. അതിനാല്‍ പ്രത്യേകിച്ച് ചികിത്സകളൊന്നും ആവശ്യമില്ല. അല്‍പ സമയത്തിനുശേഷം മാറിക്കൊള്ളും. ഉലുവ വെള്ളം, ജീരക വെള്ളം, ചുക്ക് വെള്ളം ഇവ കുടിക്കുന്നത് ഗ്യാസിന്റെ അസ്വസ്ഥതകള്‍ കുറയ്ക്കും. എന്നാല്‍ ഗ്യാസ്ട്രബിള്‍ വിട്ടു മാറാതെ തുടര്‍ച്ചയായി ഉണ്ടാകുകയോ നിത്യ ജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായി നില്‍ക്കുകയോ ചെയ്യുമ്പോഴാണ് ചികിത്സ ആവശ്യമായി വരുന്നത്.

ആസ്ത്മ


മാനസിക അസ്വസ്ഥതകള്‍ ശ്വാസകോശ രോഗങ്ങളുടെ വര്‍ധനവിനും കാരണമാകുന്നുണ്ട്. ആസ്ത്മ ഗുരുതരമാകുന്നതിനും കൂടുതല്‍ തവണ ആസ്ത്മ ഉണ്ടാകുന്നതിനും മാനസികസമ്മര്‍ദം കാരണമാകാം. റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് പോലുള്ള സന്ധിവാതരോഗങ്ങളുടെ പുരോഗതിയേയും മാനസികസമ്മര്‍ദം ത്വരിതപ്പെടുത്തുന്നുണ്ട്.

പൊണ്ണത്തടി


ഒരു സ്ഥലത്ത് അടങ്ങി ഒതുങ്ങിയുള്ള വൈറ്റ് കോളര്‍ ജോലിക്കാരുടെ എണ്ണം കൂടിയതോടെ പൊണ്ണത്തടിയന്മാരുടെ എണ്ണവും കൂടി. സമ്പന്നതയുടെയും സുഖലോലുപതയുടേയും പ്രതീകമായി കണക്കാക്കിയിരുന്ന അമിതവണ്ണം ഒരു രോഗമാണെന്ന് വൈദ്യശാസ്ത്രം അംഗീകരിച്ചു കഴിഞ്ഞു.

ഭക്ഷണനിയന്ത്രണമാണ് അമിതവണ്ണം കുറയ്ക്കുന്നതിനുള്ള ആദ്യപടി. സ്ഥിരമായ ആഹാരനിയന്ത്രണം ആവശ്യമായതിനാല്‍ രോഗിയുടെ അഭിരുചിക്കും ശീലങ്ങള്‍ക്കും അനുസരിച്ചുവേണം മെനു തയാറാക്കാന്‍. കൊഴുപ്പടങ്ങിയ ആഹാര സാധനങ്ങള്‍ കുറയ്ക്കുകയും പഴവര്‍ഗങ്ങള്‍, ഇലക്കറികള്‍ ഇവ കൂടുതലായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുകയും വേണം.

ഇടസമയങ്ങളിലെ ആഹാരം ഒഴിവാക്കണം. ധൃതിയില്‍ വാരിവലിച്ചു കഴിക്കാതെ സമയമെടുത്ത് ശ്രദ്ധയോടെ കഴിക്കുന്നതാണ് ശരിയായ രീതി. ക്രമമായ വ്യായാമമാണ് ഊര്‍ജ്ജം ചെലവഴിക്കുന്നതിന് ഏറ്റവും ഉത്തമ മാര്‍ഗം.

uploads/news/2018/08/239866/Youthhelth080818a.jpg

അര്‍ബുദവും മദ്യപാനവും


ഉത്സവങ്ങളും ആഘോഷങ്ങളും മദ്യത്തില്‍ നുരഞ്ഞു പതയുകയാണ്. യുവത്വത്തിന് മദ്യം ഒഴിവാക്കി ഒരു ആഘോഷവുമില്ല. പുകവലി പൊതുവേ ചെറുപ്പക്കാരില്‍ കുറഞ്ഞു വരികയാണെങ്കിലും സ്‌കൂള്‍തലം മുതല്‍ കുട്ടികള്‍ മദ്യത്തിന് അടിമപ്പെടുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ് ഇന്ന്.

സാമൂഹിക ആരോഗ്യത്തെ കാര്‍ന്നുതിന്നുന്ന മദ്യം അര്‍ബുദത്തിന്റെ രൂപത്തില്‍ മദ്യപരെ കീഴ്‌പ്പെടുത്താം. മദ്യപരില്‍ അര്‍ബുദ സാധ്യത സാധരണക്കാരേക്കാള്‍ 10 മടങ്ങു കൂടുതലാണ്. മദ്യം ഉപയോഗിക്കുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത ഇരട്ടിയോളമാകുന്നുണ്ട്.

മസ്തിഷ്‌ക്കാഘാതം


മനുഷ്യ ശരീരത്തിലെ വിസ്മയങ്ങള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന ഒരു അത്ഭുത അവയവമാണ് തലച്ചോറ്. അതിനാല്‍ തലച്ചോറിന്റെ പ്രവര്‍ത്തന തകരാറുകള്‍ ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഒരുകാലത്ത് വാര്‍ധക്യത്തിന്റെ മാത്രം പ്രശ്‌നമായിരുന്ന പക്ഷാഘാതം ഇന്നു ചെറുപ്പക്കാരേയും പിടികൂടി തുടങ്ങിയിരിക്കുന്നു.

ഇന്ത്യയില്‍ രോഗം ബാധിക്കുന്നവരില്‍ അഞ്ചില്‍ ഒരു ഭാഗം 40 വയസില്‍താഴെ പ്രായമുള്ളവരാണ്. അടുത്തിടെ നടത്തിയ ഒരു പഠനം തെളിയിച്ചിരിക്കുന്നത് 20 വയസിനുമുകളില്‍ പ്രായമുള്ളവരില്‍ ഒരുലക്ഷത്തിന് 203 എന്ന അനുപാതത്തില്‍ പക്ഷാഘാത പ്രശ്‌നങ്ങളുണ്ടാകുന്നുവെന്നാണ്.

തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെട്ട് തലച്ചോറിലെ കോശങ്ങള്‍ക്ക് ഊര്‍ജ്ജസ്രോതസായ ഗ്ലൈക്കോജന്‍ ലഭിക്കാതെ വരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. പലപ്പോഴും കര്‍മ്മനിരതനായിരിക്കുന്ന വ്യക്തിയില്‍ മിനിട്ടുകള്‍ക്കുള്ളിലായിരിക്കും വൈകല്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.

മിക്കവരിലും തലച്ചോറിലേക്കു രക്തം പ്രവഹിക്കുന്ന രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന തടസങ്ങളാണ് പക്ഷാഘാതത്തിനു കാരണമാകുന്നതെങ്കിലും 20 ശതമാനം രോഗികളില്‍ അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്നും രക്തക്കുഴലുകളിലെ ഘടനാപരമായ വൈകല്യങ്ങള്‍ മൂലവും രക്തധമനികള്‍ പൊട്ടി മസ്തിഷ്‌ക രക്തസ്രാവം ഉണ്ടാകുന്നതാണ് പക്ഷാഘാതത്തിനിടയാക്കുന്നത്.

സാധാരണയായി പക്ഷാഘാതമുണ്ടാകുമ്പോള്‍ ശരീരത്തിന്റെ ഒരു വശത്തെ കൈയും കാലും ഒരുമിച്ച് തളരുന്ന അവസ്ഥയാണുണ്ടാകുന്നത്. ചിലപ്പോള്‍ കൈയ്‌ക്കോ കാലിനോ മാത്രമായും തളര്‍ച്ചയുണ്ടാകും. അമിതവണ്ണം, പുകവലി, രക്തത്തിലെ കൊഴുപ്പ്, ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം തുടങ്ങിയ ഘടകങ്ങളും പക്ഷാഘാത സാധ്യത കൂട്ടുന്നു.

ജീവിതയാത്രയില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ആഘാതമാണ് മസ്തിഷ്‌കാഘാതം. രക്തസമ്മര്‍ദം, പ്രമേഹം അമിത കൊഴുപ്പ് തുടങ്ങിയ ആധുനിക ആരോഗ്യ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കുകയും ആരോഗ്യകരമായ ജീവിതക്രമം സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ മസ്തിഷ്‌കാഘാതം ഒരുപരിധിവരെ നിയന്ത്രിക്കാവുന്നതാണ്.

സന്ധിവാത രോഗങ്ങള്‍


സന്ധികളുടെ തേയ്മാനത്തെ തുടര്‍ന്നുണ്ടാകുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് ഏറ്റവും സാധാരണയായി കണ്ടുവരുന്ന സന്ധിവാതരോഗം. സന്ധിവേദനയുമായെത്തുന്നവരില്‍ 30 ശതമാനത്തോളം ആളുകളില്‍ ഈ പ്രശ്‌നം കണ്ടുവരുന്നു.

പ്രായമായവരില്‍ മാത്രം കണ്ടു വന്നിരുന്ന സന്ധിവാതരോഗം ഇപ്പോള്‍ നാല്‍പ്പതുകള്‍ക്കുമുമ്പേ കണ്ടുവരുന്നു. രോഗം ബാധിക്കുമ്പോള്‍ സന്ധികളിലെ അസ്ഥികളെ പൊതിഞ്ഞു സൂക്ഷിക്കുന്ന തരുണാസ്ഥിക്ക് തേയ്മാനം സംഭവിക്കുകയും തുടര്‍ന്ന് സന്ധികളുടെ ഘടന തകരാറിലാവുകയും ചെയ്യുന്നു.

സന്ധികളില്‍ അനുഭവപ്പെടുന്ന വേദനയും വീക്കവുമാണ് പ്രധാന ലക്ഷണം. ആരംഭത്തില്‍ സന്ധികള്‍ ചലിപ്പിക്കുമ്പോള്‍ മാത്രം അനുഭവപ്പെട്ടിരുന്ന വേദന രോഗം പുരോഗമിക്കുമ്പോള്‍,വിശ്രമിക്കുമ്പോള്‍ പോലും അനുഭവിക്കേണ്ടി വരുന്നു. പൊണ്ണത്തടി ഓസ്റ്റിയോ ആര്‍ത്രൈറ്റിസിനുള്ള കാരണങ്ങളില്‍ പ്രഥമ സ്ഥാനത്താണ്.

അമിത ശരീരഭാരം താങ്ങേണ്ടി വരുന്ന സന്ധികള്‍ക്ക് തേയ്മാനം സംഭവിക്കുകയും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ സന്ധിവാതമായി മാറുകയും ചെയ്യും. അമിതവണ്ണമുള്ളവരില്‍ ശരീരഭാരം അഞ്ചുശതമാനം കുറഞ്ഞാല്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസിനുള്ള സാധ്യത അന്‍പതുശതമാനം കുറയും.

സന്ധികളുടെ അമിത ഉപയോഗവും തെറ്റായ രീതിയിലുള്ള നടപ്പും ഇരിപ്പുമൊക്കെ സന്ധികളുടെ സമ്മര്‍ദം കൂട്ടുന്നു. കൂടുതല്‍നേരം നിന്നു ജോലി ചെയ്യുന്നവര്‍ ഇടയ്ക്ക് അല്‍പനേരം ഇരുന്നു വിശ്രമിക്കുന്നതും കുറച്ചുദൂരം നടക്കുന്നതും സന്ധികളുടെ ആരോഗ്യത്തിന് നല്ലതാണ്.

കടപ്പാട് :
ഡോ. പദ്മകുമാര്‍

Ads by Google
Wednesday 08 Aug 2018 04.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW