താരകമന്ത്രമായ രാമമന്ത്രം കൊണ്ടാണ് ഹനുമാന് സമുദ്രലംഘനം നിര്‍വഹിക്കുന്നത്. രാമായണ കര്‍ത്താവായ വാല്മീകി കാട്ടാളത്തത്തില്‍നിന്ന് മഹാമുനിപദത്തിലേക്കു വളരുന്നതു താരക മന്ത്രത്തിലൂടെയാണ്.
"ത്വന്‍ മന്ത്രജപരതന്മാരായ ജനങ്ങളെ
ത്വന്‍ മഹാമായാദേവി ബന്ധിച്ചീടുകയില്ല" എന്നും "ത്വന്‍ മന്ത്ര ജപ വിശുദ്ധാത്മനാ പ്രസാദി"ക്കുമെന്നും സുതീക്ഷ്ണ മഹാമുനി അരുളിച്ചെയ്യുന്നു. ഇത് രാമമഹാമന്ത്രഫലത്തിന് അനുഗ്രഹമായി തീര്‍ന്നിരിക്കുന്നു.
ത്വത്ഭക്തി സുധാ ഹീനന്മാരായുളളവര്ക്കു സ്വപ്നത്തില്‍ പോലും മോക്ഷം സംഭവിക്കുകയില്ല എന്ന് അഗസ്ത്യ മഹര്‍ഷിയും അരുളിച്ചെയ്യുന്നുണ്ട്. രാവണ നിഗ്രഹം നടത്തുന്നത് ആദിത്യഹൃദയം എന്ന മഹാമന്ത്രം ജപിച്ചാണ്.
ദിവ്യാസ്ത്രങ്ങളുടെ പ്രയോഗങ്ങളെല്ലാം മന്ത്രായുക്തമായിട്ടാണു നിര്‍വഹിക്കപ്പെടേണ്ടത് എന്ന വസ്തുതയും രാമായണത്തില്‍ ദര്‍ശിക്കാം. പുത്രകാമേഷ്ടിയിലെ മഹാമന്ത്രവും അസുര ഗുരുവായ ശുക്രമുനിയില്നിന്ന് രാവണന് സ്വീകരിക്കുന്ന മന്ത്രങ്ങളും രാമായണ സങ്കല്പത്തിലെ സജീവ സങ്കേതങ്ങളാണ്.
രാമമന്ത്രം ജപിച്ച് മുക്തി നേടാന്‍ ആജ്ഞാപിക്കപ്പെട്ട അഹല്യയും താരക മന്ത്രശക്തിയുടെ അനുഗ്രഹം സിദ്ധിച്ച മഹതിയാണ്. ശബരിക്കും സ്വയംപ്രഭയ്ക്കും താരകമന്ത്രം തന്നെയാണ് മോക്ഷപദം അരുളിയത്. സീതാദേവിയെ സ്പര്ശിക്കാനാവാതെ അമിത ഭോഗിയായ രാവണന് അകന്നു നിന്നതും താരകമന്ത്ര ശക്തികൊണ്ടാണ്.
ബലയും അതിബലയും ഉപദേശിക്കുന്നതുകൊണ്ട് ദാഹവും വിശപ്പും അടക്കാമെന്നുളള മന്ത്ര രഹസ്യവും രാമായണത്തില്‍നിന്നു ലഭിക്കുന്നു.
ഉളളില്‍ തറച്ച ആയുധങ്ങളെ പുറന്തളളുന്ന വീശല്യ കരത്തിലും മുറിവുകളെ കൂട്ടിയോജിപ്പിക്കുന്ന സന്ധാന കരണിയും പാടുകള്‍ ഇല്ലാതാക്കുന്ന സുവര്‍ണ്ണ കരണിയും മരിച്ചവരെ ജീവിപ്പിക്കുന്ന മൃതസഞ്ജീവനിയും തുടങ്ങി ഔഷധങ്ങളുടെ പ്രാധാന്യവും പ്രകടമായി കാണുന്നു.
ഈ മഹാവിദ്യ 16-ാം നൂറ്റാണ്ടിനുശേഷം ജീവിച്ചിരുന്ന അഗസ്ത്യ പരമ്പരയില്‍പ്പെട്ട മഹാസിദ്ധര്‍ ബ്രഹ്മാനന്ദ ശിവപ്രഭാകര സിദ്ധയോഗികള്‍ പ്രയോഗിച്ചതായി ചരിത്രമുണ്ട്.
പുരാണങ്ങള്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലും നല്കുന്ന വെളിച്ചം ആധുനിക സമൂഹം പൂര്‍ണമായി ഉള്‍ക്കൊണ്ടാല്‍ ജീവിത വിജയത്തിന് ഉതകുന്നതാണ്.
**** (ഹരിപ്പാട് സനാതന വേദപാഠശാല ചെയര്‍മാനാണു ലേഖകന്‍ )