Sunday, July 21, 2019 Last Updated 15 Min 43 Sec ago English Edition
Todays E paper
Ads by Google

റൈറ്റ്ക്ലിക്ക്

S. Sreekumar
S. Sreekumar
Thursday 09 Aug 2018 12.02 PM

'മീശ'യ്ക്ക് ഒരു അനുബന്ധം

uploads/news/2018/08/240030/Opinijn090818Rightclk.jpg

''മനുഷ്യന് ഒരു ആമുഖം" എന്ന സുഭാഷ് ചന്ദ്രന്റെ നോവൽ ഖണ്ഡശ പ്രസിദ്ധീകരിക്കുന്ന സമയത്താണ്, അതുവരെ കവർ പേജിലെ വിഷയം നോക്കി മാത്രം വാങ്ങി വായിച്ചിരുന്ന, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സ്ഥിരം വരിക്കാരനായത്. കൃത്യമായി പറഞ്ഞാൽ നോവലിന്റെ ആദ്യഭാഗം വായിച്ചതിന്റെ പിറ്റേ ആഴ്ച മുതൽ. അത്ര ആവേശത്തോടെയാണ് എന്നെപ്പോലെ സാഹിത്യത്തോടു വായനാബന്ധം വിടർത്താത്തവരെല്ലാം ആ നോവലിനെ വരവേറ്റത്.

'ഖസാക്കിന്റെ ഇതിഹാസ'ത്തിനു ശേഷം ഭാഷാഭംഗികൊണ്ടും പുരാവൃത്തത്തിന്റെ ഇതിവൃത്തം കൊണ്ടും കാൽപനികതകൊണ്ടും മലയാളിയെ വിസ്മയിപ്പിച്ച നോവലാണ് അത്. - 'മനുഷ്യന് ഒരു ആമുഖം' എന്ന ആ നോവൽ അക്കാഡമി അവാർഡുകൾ നേടുമെന്നു സുഹൃദ്സദസുകളിൽ പ്രഖ്യാപിക്കാൻ ധൈര്യം നൽകിയത്, തുലോം തുച്ഛമെങ്കിലും അതുവരെയുള്ള വായനാനുഭവം തന്നെയായിരുന്നു. അതു പിഴച്ചില്ല. വയലാർ, കേരള - കേന്ദ്രസാഹിത്യ പുരസ്കാരങ്ങൾ ആ കൃതിക്കു ലഭിച്ചപ്പോൾ ഇന്നുവരെ നേരിൽ കണ്ടിട്ടില്ലാത്ത സുഭാഷ് ചന്ദ്രനൊപ്പം ഈ എളിയ വായനക്കാരനും പുരസ്കൃതനായ പോലെ ഒരനുഭവമാണുണ്ടായത്.

നോവലിസ്റ്റ് എന്നെപ്പോലെ ഒരു പത്രപ്രവർത്തകനാണെന്നത്‌ അഭിമാനത്തിനൊപ്പം, കവിതയെഴുതി പരാജയപ്പെട്ടു പിൻമാറിയ എന്നിൽ അസൂയയും ഉളവാക്കി. അപ്പോഴാണ് അടുത്തിടെ സുഭാഷ് ചന്ദ്രന്റെ 'കഥയാക്കാനാവാതെ' എന്ന ഓർമക്കുറിപ്പുകളുടെ സമാഹാരം വായിക്കാനിടയായത്.
വിഖ്യാതനായ എഴുത്തുകാരനിലേക്ക് അദ്ദേഹം താണ്ടിയ വഴികൾ, ഒരാളെ സാഹിത്യരചനയ്ക്കു പ്രചോദിപ്പിച്ചില്ലെങ്കിലും വായനയെന്ന സാധന തുടരാൻ പ്രേരിപ്പിക്കുമെന്നുറപ്പ്.

അയച്ച കഥകൾ തുടർച്ചയായി മടങ്ങി വന്നപ്പോൾ നിരാശനായി ആത്മഹത്യാക്കുറിപ്പെഴുതിയ തന്നെ, ഒരുകെട്ടു കടലാസ് എടുത്തുനൽകി 'എഴുതെടാ' എന്നാജ്ഞാപിച്ച സുഹൃത്തിനെ സുഭാഷ് സ്മരിക്കുന്നു. പിന്നീടുള്ള എഴുത്തനുഭവങ്ങൾ അദ്ദേഹം വിവരിക്കുന്നതിങ്ങനെ.

''എഴുത്തിന്റെ ശിവലിംഗം വാഗ്ദേവതയുടെ വരേണ്യമായ ഉടൽവടിവുകൾ കണ്ട് ഉദ്ധരിച്ചു. മത്തഗജത്തെപ്പോലെ അതു തുമ്പിക്കൈ പൊക്കി ചിന്നം വിളിച്ചു"
സന്യസിക്കാൻ പോയാലും സാഹിത്യത്തിന്റെ അപ്സരസ് തപസിളക്കാൻ വന്നാൽ അയാളിലെ നൈസർഗിക ചോദന ഉദ്ധരിച്ചുണരുമെന്ന് സുഭാഷ് ചന്ദ്രൻ ഭംഗിയായി പറഞ്ഞു. എഴുത്തു വരാത്തപ്പോൾ, "കുണ്ഡൂതി ശമിക്കാതെ വാഗ്ദേവത വേഴ്ചയിൽനിന്ന് തിരിഞ്ഞുകിടന്ന് എന്നെ പ്രാകുന്നതു കേട്ട് ഞാൻ സ്വയം ശപിച്ചു " എന്നും "സർഗാത്മകമായി എഴുതുമ്പോൾ ഒരാൾ അവന്റെ മാതൃവാണിയെ ഇണയാക്കുകയാണ്.

പ്രണയവും പകയും ഒരുപോലെ നിറഞ്ഞ ഈ ഡിപ്പൽ സുരതം... ഞങ്ങൾ പ്രണയിച്ചു; ഭോഗിച്ചു; തൃപ്തി കിട്ടാതെ പരസ്പരം പഴി പറഞ്ഞു. വാഗ്ദേവതയുമായുള്ള അവിഹിത ബന്ധം" എന്നും സുഭാഷ് വിവരിക്കുന്നു.

അതേ ആഴ്ചപ്പതിപ്പിൽ വന്ന, എസ്. ഹരീഷിന്റെ 'മീശ' എന്ന നോവൽ മതത്തിന്റെ പേരിൽ ചുരുട്ടിക്കെട്ടിച്ചവർ ഈ വരികൾ വായിച്ചിരുന്നെങ്കിൽ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവിന്റെ കാര്യം... ശിവ, ശിവ! ഹരീഷിന്റെ നോവലിലെ വിവാദഭാഗം എതിർക്കപ്പെടേണ്ടതു തന്നെയാണെന്നും എന്നാൽ, അതു മതത്തിന്റെ പേരിലല്ല, സാമാന്യവത്കരിച്ച സ്ത്രീവിരുദ്ധതയുടെ പേരിലാണെന്നും ഇതേ കോളത്തിൽ മുമ്പ് എഴുതിയിരുന്നു.

അതു മുൻകൂട്ടി കാണുന്നതിൽ പരാജയപ്പെട്ടത് എഴുത്തുകാരൻ മാത്രമല്ല, പ്രസിദ്ധീകരണത്തിന്റെ പത്രാധിപരുമാണ്. അതിന്റെ പേരിൽ ആ പ്രസിദ്ധീകരണശൃംഖല ഒന്നടങ്കം ബഹിഷ്കൃതരാകേണ്ടവരല്ല. അമ്പലത്തിൽ പോകുന്നവരെ അടച്ചാക്ഷേപിക്കുന്ന യുക്തിവാദികൾ നമുക്കിടയിൽ ഏറെയുണ്ടല്ലോ? നിരീശ്വരനായ ചാർവാകനും ഹിന്ദുമതത്തിൽ ഇടമുണ്ടല്ലോ?... അപ്പോൾപിന്നെ സ്ത്രീകളെ അടച്ചാക്ഷേപിക്കലാണത് എന്നു വരികൾക്കിടയിൽ വായിക്കാൻ പത്രാധിപർക്കു കഴിയാതെപോയി.

വിവാദം വിറ്റു കാശാക്കാൻ ആരും പഠിപ്പിക്കേണ്ടതില്ലാത്ത പ്രസാധകർക്കു പക്ഷേ സംഗതി കത്തി. അതു കൊണ്ടാണല്ലോ, യുദ്ധകാലാടിസ്ഥാനത്തിൽ 'മീശ' പുസ്തകരൂപത്തിലായപ്പോൾ, വിവാദഭാഗത്തിന് 'അസംബന്ധം പറയാതെ...' എന്നൊരു അനുബന്ധവാചകം പൊട്ടിമുളച്ചത്. അപ്പോൾപിന്നെ, തന്റെ നോവലിൽ കൈവയ്ക്കരുതെന്ന കാർക്കശ്യമൊന്നും നോവലിസ്റ്റിനുണ്ടായിരുന്നില്ല എന്നു വ്യക്തം. പുതുതലമുറയുടെ ഭാഷയിൽ പറഞ്ഞാൽ നോവൽ പിൻവലിക്കേണ്ടി വന്ന മാതൃഭൂമി 'ശശി'യായി.

ഹരീഷിന്റെ അരാഷ്ട്രീയതയാണ് അദ്ദേഹത്തിനു കൃത്യമായ നിലപാടുതറ ഇല്ലാതെപോയതിനു കാരണമെന്ന് ഒരു രാഷ്ട്രീയനേതാവ് പ്രതികരിച്ചത് എത്ര കൃത്യമാണ്. ആ പ്രതികരണത്തിന് അടിസ്ഥാനം 'പച്ചക്കുതിര' എന്ന പ്രസിദ്ധീകരണത്തിൽ വന്ന, ഹരീഷുമായുള്ള ഒരു അഭിമുഖമാണ്. എത്ര ബാലിശമായാണ് അതിൽ അദ്ദേഹം തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുന്നത്! രാഷ്ട്രീയം മണ്ടത്തരമാണെന്നും ആ വഴിയേ താൻ പോകാറില്ലെന്നുമുള്ള ഹരീഷിന്റെ പ്രസ്താവന എന്താണു വിവാദമാകാതിരുന്നത്? 'ഇവിടെ സത്യസന്ധമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവരായി ആരാണുള്ളത്?' എന്ന ഹരീഷിന്റെ ചോദ്യത്തോട് മേൽപ്പറഞ്ഞ ഒരു നേതാവല്ലാതെ ആരും പ്രതികരിക്കാഞ്ഞതെന്തേ? നോവലിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയാൽ, 'മതേതര'യല്ലാതായിപ്പോകും എന്ന മഹിളാനേതാക്കളുടെ അതേ യുക്തിതന്നെയാണ് ആൺനേതാക്കളെയും ഭരിച്ചത്.

വിവാദമെന്നു കേട്ടപാതി, കേൾക്കാത്ത പാതി ആ നോവൽ ഏറ്റെടുത്തു പ്രസിദ്ധീകരിക്കാമെന്നു പ്രഖ്യാപിച്ച രമേശ് ചെന്നിത്തല ഏതായാലും ഹരീഷുമായുള്ള അഭിമുഖം വായിച്ചിരിക്കാനിടയില്ല. എന്താണു സംഭവമെന്നു പിടികിട്ടിയത്, നോവലിനെതിരേ എൻ.എസ്.എസ്. രംഗത്തുവന്നപ്പോഴാകണം. പിന്നെ, 'മീശ' ഏറ്റെടുക്കുന്നതിനെക്കുറിച്ചൊന്നും ചെന്നിത്തല പറഞ്ഞുകേട്ടില്ല. പത്രം വായിക്കാത്ത, ചാനലിൽ വാർത്ത കാണാത്ത, ചില ന്യൂജെൻ പിള്ളേരെപ്പോലെ രാഷ്ട്രീയത്തെക്കുറിച്ചു ഹരീഷ് പറഞ്ഞതൊക്കെ പ്രസിദ്ധീകരിച്ചത് എവിടെയാണെന്ന് അറിയാത്തവർക്കായി: 'പച്ചക്കുതിര'... രായ്ക്കുരാമാനം 'മീശ'യ്ക്കു വിലയിട്ട്, 'disclaimer' സഹിതം പുസ്തകമാക്കിയ അതേ പ്രസാധകരുടെ മാസിക.

Ads by Google

റൈറ്റ്ക്ലിക്ക്

S. Sreekumar
S. Sreekumar
Thursday 09 Aug 2018 12.02 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW