മലയാളത്തനിമയുളള നടി, ശ്രീജയ നായര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മയില്‍ എത്തുന്നത് ഈ വിശേഷണമാണ്. ചുരുക്കം ചില സിനിമകളില്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും പ്രേക്ഷകര്‍ക്കിന്നും ശ്രീജയ സുപരിചിതയാണ്.
15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചു വരവ് നടത്തുന്ന ശ്രീജയ, തന്റെ നൃത്ത, അഭിനയ ജീവിതത്തെക്കുറിച്ച്...
ജാനകി സുബ്രഹ്മണ്യന് എന്ന ക്ലാസിക്കല്‍ ഡാന്‍സറുടെ വേഷമാണതില്‍. വളരെയധികം ഇഷ്ടപ്പെടുന്ന, പതിവായി പ്രാക്ടീസ് ചെയ്യുന്ന കാര്യം ലൊക്കേഷനില്‍ ചെയ്തു എന്ന വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. പഴയതും പുതിയതുമായ ഒരുപാട് അഭിനേതാക്കള്‍ക്കൊപ്പം വീണ്ടും അഭിനയിക്കാനായതും എടുത്തു പറയേണ്ട കാര്യമാണ്.
പ്രശസ്ത നര്‍ത്തകനായ സി.വി ചന്ദ്രശേഖരന്റെ മകള്‍ ചിത്ര ചന്ദ്രശേഖരന്റെ കീഴില്‍ പൂര്‍ണ്ണമായും കലാക്ഷേത്ര സ്റ്റൈലിലാണ് ഇപ്പോള്‍ പഠനം. നൃത്തമല്ലാത്തൊരു ജീവിതത്തെക്കുറിച്ചു എനിക്കിപ്പോള്‍ ചിന്തിക്കാന്‍ പോലും കഴിയില്ല. സിനിമയില്‍ എത്തിയതുപോലും കലാമണ്ഡല
ത്തില്‍ നൃത്തം പഠിച്ചതുകൊണ്ടാണ്.
ബംഗളൂരുവില്‍ 10 വര്‍ഷമായി ശ്രീജയ സ്കൂള്‍ ഓഫ് ക്ലാസിക്കല്‍ ഡാന്‍സ് നടത്തുന്നു. ഡാന്‍സ് സ്കൂളിന് ബംഗളൂരുവില്‍ തന്നെ അഞ്ച് സെന്ററുകളുണ്ട്. എല്ലായിടത്തും പോയി ക്ലാസുകളെടുക്കാന്‍ ശ്രമിക്കാറുണ്ട്. പ്രോഗ്രാമൊക്കെയായി തിരക്കിലാകുമ്പോള്‍ മറ്റധ്യാപകരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. കേരളത്തിലും ഒരു ബ്രാഞ്ച് തുടങ്ങണമെന്നുണ്ട്.
ബ്രേക്കെടുത്ത സമയത്തും സിനിമയിലേക്ക് വിളിക്കുന്നുണ്ടായിരുന്നു. അപ്പോഴൊന്നും വീണ്ടും അഭിനയിക്കണമെന്ന് തോന്നിയില്ല. നല്ല ക്യാരക്ടര്‍ റോളുകളിലേക്ക് വിളിച്ചപ്പോള്‍ ആ ഓഫര്‍ സ്വീകരിക്കാമായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ട്.
പക്ഷേ കുടുംബത്തിലെയും ഡാന്‍സ് സ്കൂളിലെയുമൊക്കെ കാര്യങ്ങള്‍ നോക്കുന്നതിനിടെ അഭിനയം അത്ര എളുപ്പമായിരുന്നില്ല. വിവാഹശേഷം കുറച്ചുനാള്‍ കുടുംബത്തിനൊപ്പം കോഴിക്കോട്ടായിരുന്നു. പിന്നീട് ഭര്‍ത്താവിന്റെ ബിസിനസിനുവേണ്ടി ബംഗളൂരുവിലും കാനഡയിലുമൊക്കെ കുറച്ചുവര്‍ഷം. ബംഗളൂരുവില്‍ ഡാന്‍സ് ക്ലാസുകളും പ്രോഗ്രാമുകളുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു.
കാനഡയിലെത്തിയപ്പോള്‍ അതിനൊന്നും സാധിച്ചില്ല. കലകള്‍ക്ക് നമ്മുടെ നാട്ടില്‍ കിട്ടുന്ന അംഗീകാരവും ബഹുമാനവുമൊന്നും മറ്റ് രാജ്യങ്ങളില്‍ കിട്ടില്ല. അതുകൊണ്ട് തന്നെ എനിക്ക് തിരികെ നാട്ടിലെത്താനായിരുന്നു തിടുക്കം.
തിരികെ ബഗളൂരുവിലെത്തി പഴയപടി ക്ലാസുകളും പഠനവും തുടര്‍ന്നു. ആ സമയത്താണ് ആയിരത്തില്‍ ഒരുവള്‍ എന്ന സീരിയലിലേക്ക് വിളിക്കുന്നത്. ഓഫര്‍ സ്വീകരിച്ചെങ്കിലും സീരിയല്‍ ചെയ്യുന്നത് അത്ര എളുപ്പമായിരുന്നില്ല, കാരണം ഒരുപാട് ദിവസം വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരും.
അതോടെ സീരിയല്‍ മതിയാക്കി. ഭാഗ്യം കൊണ്ടാവാം പിന്നീട് അവതാരം, കെയര്‍ഫുള്‍, അരവിന്ദന്റെ അതിഥികള്‍ എന്നീ നല്ല സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞത്. ഇപ്പോള്‍ ഒടിയനില്‍ അഭിനയിക്കുന്നു. ഒരു വാരസ്യാര് കഥാപാത്രമാണെന്നല്ലാതെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അനുവാദമില്ല.
പിന്നീട് സിനിമകളില്‍ അഭിനയിക്കുമോ എന്നുപോലും അറിയില്ലായിരുന്നു. പക്ഷേ പിന്നീടും നല്ല വേഷങ്ങള്‍ തേടിയെത്തി. പൊന്തന്മാട, കന്മദം, സമ്മര്‍ ഇന്‍ ബത്ലഹേം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍... അങ്ങനെ ചില സിനിമകളുടെ ഭാഗമായി. ആ കാലത്തെക്കുറിച്ചുള്ളതെല്ലാം നല്ല ഓര്‍മകളാണ്.
കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളുവെങ്കില്‍ കൂടി അതെല്ലാം നല്ല സംവിധായകര്‍ക്കും, സീനിയര്‍ ആര്ട്ടിസ്റ്റുകള്ക്കുമൊപ്പമായിരുന്നു. ലോഹി സാര്‍, സിബി സാര്‍, കമല്‍ സാര്‍, സത്യന് സാര്‍... അവരൊക്കെ എന്റെ ഗുരുക്കന്മാരാണ്. എന്റെ ജീവിതത്തിലെ ഓരോഘട്ടത്തിലും ഞാന്‍ ഓര്‍മിക്കുന്ന മുഖങ്ങളാണ് അവരുടെയൊക്കെ.
ആര്‍ട്ടിസ്റ്റുകളെല്ലാം അത്രയും സീരിയസായി സിനിമയെ സമീപിക്കുന്നു എന്നത് തന്നെ സന്തോഷമാണ്. വളരെ പ്രധാനപെട്ടൊരു കാര്യം സിനിമയുടെ പിന്നണിയില്‍ സ്ത്രീ സാന്നിധ്യങ്ങള്‍ വര്‍ദ്ധിച്ചു എന്നതാണ്. പക്ഷേ ചില നെഗറ്റീവുകളുമുണ്ട്. ഇപ്പോള്‍ ആര്‍ട്ടിസ്റ്റുകള്‍ തമ്മിലുള്ള കമ്മ്യുണിക്കേഷന് കുറവാണ്. ബ്രേക്ക് ടൈമില്‍ എല്ലാവരും കാരവനുകളിലാണ്.
മുമ്പൊക്കെ ബ്രേക്ക് സമയത്ത് അഭിനേതാക്കള്‍ ഒരുമിച്ചിരുന്ന് സംസാരിക്കുമായിരുന്നു. മുകേഷേട്ടനൊക്കെ ലൊക്കേഷനിലുണ്ടെങ്കില്‍ പറയുകയേ വേണ്ട, ചിരിയുടെ പൂരമായിരിക്കും. എങ്കിലുമതിന് നല്ല വശംകൂടിയുണ്ട്. ഔട്ട്ഡോറില് സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം കിട്ടുന്നത് കാരവാനിലാണ്.
സഹോദരി വേഷങ്ങളിലാണ് കൂടുതലും അഭിനയിച്ചത്. ലേലത്തില്‍ സുരേഷ് ഗോപി ചേട്ടന്റെ അനിയത്തിയായും സ്റ്റാലിന് ശിവദാസില്‍ മമ്മൂക്കയുടെ അനിയത്തിയായും വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ ജയറാമിന്റെ അനിയത്തിയായും അഭിനയിച്ചു. കന്മദത്തിലാകട്ടെ മഞ്ജുവാര്യരുടെ ചേച്ചിയും.
എന്നെ എവിടെവച്ച് കണ്ടാലും പ്രേക്ഷകര്‍ മറക്കാതെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ജയറാമിന് പൂച്ചക്കുട്ടിയെ അയച്ച ആ അഞ്ജാത സുന്ദരി ആരാണ്? അതാരാമെന്ന് എനിക്കുമറിയില്ല.
ഭര്‍ത്താവ് മദന്‍ നായര്‍ വളരെയധികം സപ്പോര്‍ട്ടീവാണ്. ഇപ്പോള്‍ ഭര്‍ത്താവാണ് ഡാന്‍സ് സ്കൂളിന്റെ കാര്യങ്ങളെല്ലാം നോക്കുന്നത്. മകള്‍ മൈഥിലി പത്താം ക്ലാസില്‍ പഠിക്കുന്നു.