Wednesday, August 15, 2018 Last Updated 4 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 04.13 PM

ആത്മീയതയിലെ സമര്‍പ്പണം

'' ഭഗവാന്‍ കൃഷ്ണന്‍ ഗീതയില്‍ അര്‍ജ്ജുനനോട് പറയുന്നു: അര്‍ജ്ജുനാ... നീ യുദ്ധം ചെയ്യുക, നിന്നോടൊപ്പം ഞാനുണ്ട്. അല്ലാതെ നീ കര്‍മ്മമൊന്നും ചെയ്യേണ്ടാ, വെറുതെ ഇരുന്നാല്‍ മതി, നിന്നെ ഞാന്‍ രക്ഷിച്ചുകൊള്ളാം എന്നു പറഞ്ഞില്ല.''
uploads/news/2018/08/240066/joythi090818a.jpg

എല്ലാം ഈശ്വരന്‍ നോക്കിക്കോളുമെന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍, ഒരാള്‍ക്ക് വിശന്നാല്‍, ചോദിച്ചു വാങ്ങിയോ, മോഷ്ടിച്ചോ ആഹാരം കൈക്കലാക്കി വയര്‍ നിറയ്ക്കാന്‍ നോക്കും. ആ സമയത്ത് ഈശ്വരന്‍ കൊണ്ടുവരട്ടെയെന്ന് പറഞ്ഞ് തത്വചിന്തയുമായി ആരും പ്രാര്‍ത്ഥിച്ചിരിക്കാറില്ല. വിശപ്പിന്റെ മുമ്പിലും സ്വന്തം കാര്യങ്ങളുടെ മുന്നിലും ഈശ്വരനിലുള്ള സമര്‍പ്പണം വാക്കുകളില്‍ മാത്രമാണ്.

നമ്മുടെ എല്ലാക്കാര്യങ്ങളിലും ഈശ്വരന് പ്രത്യേക ശ്രദ്ധയുണ്ടെന്ന കാര്യത്തില്‍ സംശയമേതും വേണ്ടാ. ഇതിന്റെ അര്‍ത്ഥം കര്‍മ്മം ചെയ്യേണ്ട അവസരങ്ങളില്‍ കൈയും കെട്ടി വെറുതെയിരുന്നാല്‍ ഫലം കിട്ടുമെന്നല്ല, നമുക്ക് ആയുസ്സും ആരോഗ്യവും ബുദ്ധിയും ഈശ്വരന്‍ നല്‍കിയിരിക്കുന്നത് മടിയന്മാരായിരുന്ന് ജീവിതം പാഴാക്കുവാനല്ല. മറിച്ച്, അവിടുത്തെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നാം തയ്യാറാകുകയാണ് വേണ്ടത്.

ഈശ്വരന്‍ കനിഞ്ഞുനല്‍കിയിരിക്കുന്ന അനുഗ്രഹങ്ങളെ ശരിയായരീതിയില്‍ പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ ഗുണത്തിന് പകരം ദോഷമായിരിക്കും സംഭവിക്കുക. തീ കൊണ്ട് ആഹാരവും പാകം ചെയ്യാം, ഒരു വീടും വേണ്ടിവന്നാല്‍ ഒരു ദേശവും ചുട്ടെരിക്കാം. പ്രയത്‌നിക്കേണ്ട സമയത്ത്, പ്രയത്‌നിക്കേണ്ട രീതിയില്‍ ഈശ്വരാര്‍പ്പണമായി പ്രയത്‌നിക്കുക. എങ്കില്‍ മാത്രമേ ശരിയായ ഫലം ലഭിക്കുകയുള്ളൂ.

ഓരാള്‍ മൂന്നുപേര്‍ക്ക് ഓരോ വിത്തു നല്‍കി. ഒന്നാമന്‍ അത് പെട്ടിയില്‍ വച്ച് സൂക്ഷിച്ചു. രണ്ടാമന്‍ അപ്പോഴേ അത് ഭക്ഷിച്ചു വിശപ്പടക്കി. മൂന്നാമന്‍ അത് നട്ട് വേണ്ട വെള്ളവും വളവും നല്‍കി. യാതൊരു കര്‍മ്മവും ചെയ്യാതെ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളുമെന്ന് പറഞ്ഞിരിക്കുന്നവര്‍, കിട്ടിയ വിത്തു പെട്ടിയിലടച്ചു സൂക്ഷിച്ചുവച്ചിരിക്കുന്നവനെപ്പോലെയാണ്. വിത്ത്, പെട്ടിക്ക് ഭാരമാകുന്നതുപോലെ യാതൊരു ഗുണവുമുണ്ടാകുന്നില്ല.

കിട്ടിയ പാടേ വിത്തു തിന്നുന്നവന് താല്‍ക്കാലികമായി തന്റെ വിശപ്പടക്കാന്‍ കഴിയുന്നു. ഇതുപോലെയാണ് ഭൗതികജീവികള്‍. താല്‍ക്കാലിക സുഖം മാത്രമാണ് അവരുടെ ലക്ഷ്യം. എന്നാല്‍, വിത്ത് എങ്ങനെ ശരിയായി പ്രയോജനപ്പെടുത്തണമെന്ന് മനസ്സിലാക്കി, നട്ട്, വേണ്ട വെള്ളവും വളവും നല്‍കി വളര്‍ത്തിയവന്‍ അതില്‍നിന്ന് കിട്ടുന്ന ഫലംകൊണ്ട് തന്റെയും കുടുംബത്തിന്റെയും വിശപ്പടക്കി, വീണ്ടും വിതച്ച് നാട്ടുകാര്‍ക്ക് ആവശ്യമായത് നല്‍കുന്നു.

ഇതുപോലെ ഈശ്വരന്‍ നമുക്കു നല്‍കിയിരിക്കുന്ന കഴിവുകളെ സമര്‍ത്ഥമായി ഉപയോഗിച്ച് യഥാര്‍ത്ഥ ലക്ഷ്യത്തിലെത്തുന്നവര്‍ക്കേ പ്രയോജനപ്രദമായ ജീവിതം നയിക്കാന്‍ കഴിയൂ.

ഭഗവാന്‍ കൃഷ്ണന്‍ ഗീതയില്‍ അര്‍ജ്ജുനനോട് പറയുന്നു: ''അര്‍ജ്ജുനാ... നീ യുദ്ധം ചെയ്യുക, നിന്നോടൊപ്പം ഞാനുണ്ട്.'' അല്ലാതെ നീ കര്‍മ്മമൊന്നും ചെയ്യേണ്ടാ, വെറുതെ ഇരുന്നാല്‍ മതി, നിന്നെ ഞാന്‍ രക്ഷിച്ചുകൊള്ളാം എന്നു പറഞ്ഞില്ല.''

പ്രയത്‌നം ചെയ്യുവാനുളള കഴിവും സാചര്യവും നമുക്ക് ഒരുക്കിത്തരുന്നത് ഈശ്വരന്‍ തന്നെയാണ്. എന്നാല്‍, നമ്മുടെ പ്രയത്‌നത്തിന്റെ വിജയം അവിടുത്തെ കൃപയെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ ഫലം എന്തു തന്നെയായാലും ഈശ്വരനില്‍ സമര്‍പ്പിച്ചുകൊണ്ടു പ്രയത്‌നം ചെയ്യുകയാണ് നമ്മുടെ കര്‍ത്തവ്യം.

സ്മിതാ അനില്‍
ഫോണ്‍: 9656912514

Ads by Google
Thursday 09 Aug 2018 04.13 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW