Monday, July 22, 2019 Last Updated 31 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 01.56 AM

കൊലപ്പെയ്‌ത്ത്...22 മരണം , ഇടുക്കിയിലും വയനാട്ടിലും റെഡ്‌ അലെര്‍ട്ട്‌

uploads/news/2018/08/240216/k1.jpg

കനത്ത മഴ തുടരുന്നതിനാല്‍ ഇടുക്കി, വയനാട്‌ ജില്ലകളില്‍ അതീവ ജാഗ്രതാനിര്‍ദേശം (റെഡ്‌ അലെര്‍ട്ട്‌) പ്രഖ്യാപിച്ചു. ഇടുക്കി ജലസംഭരണിയില്‍ ഇന്നലെ രാത്രി 10-ന്‌ 2400.10 അടിയായിരുന്നു ജലനിരപ്പ്‌.
വെള്ളത്തിന്റെ ഒഴുക്ക്‌ പരിഗണിച്ച്‌ ചെറുതോണി ഡാമില്‍ കൂടുതല്‍ ഷട്ടര്‍ തുറക്കണോ എന്ന്‌ ഇന്നു രാവിലെ കെ.എസ്‌.ഇ.ബി. തീരുമാനിക്കും.
ജീവനും ജീവിതവും കവര്‍ന്നു കേരളത്തില്‍ കാലവര്‍ഷത്തിന്റെ രൗദ്രഭാവം. അക്ഷരാര്‍ഥത്തില്‍ കാളരാത്രിയായ ബുധനാഴ്‌ച രാത്രി മുതല്‍ ഉരുള്‍പൊട്ടലിലും വെള്ളപ്പാച്ചിലിലും മരിച്ചത്‌ 22 പേര്‍. മൂന്നു പേരെ കാണാതായി. കണ്ണൂര്‍, കോഴിക്കോട്‌, മലപ്പുറം, വയനാട്‌, ഇടുക്കി ജില്ലകളില്‍ ഉരുള്‍പൊട്ടി. ഇടുക്കി ചെറുതോണിയടക്കം 22 അണക്കെട്ടുകള്‍ തുറന്നുവിട്ടു. രക്ഷാകരങ്ങളുമായി സൈന്യവുമിറങ്ങി. വടക്കന്‍ ജില്ലകളില്‍ നാളെക്കൂടി അതിതീവ്ര മഴ പ്രതീക്ഷിക്കുന്നു. സാഹചര്യം അതീവ ഗുരുതരമെന്നു മുഖ്യമന്ത്രി.
ഇടുക്കിയില്‍ അഞ്ചംഗ കുടുംബമടക്കം 11 പേരാണു മരിച്ചത്‌. മലപ്പുറത്ത്‌ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ ഉരുള്‍പൊട്ടലില്‍ മരിച്ചു. വയനാട്ടില്‍ മഴ ദമ്പതികളടക്കം മൂന്നു പേരുടെ ജീവനെടുത്തു. കോഴിക്കോട്ട്‌ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയ കാറിലുണ്ടായിരുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി.
തുറന്നുവിട്ട ഇടമലയാര്‍ അണക്കെട്ടില്‍നിന്നു വെള്ളമെത്തിയതോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ലാന്‍ഡിങ്‌ രണ്ടു മണിക്കൂര്‍ നിര്‍ത്തിവച്ചു. മൂന്നു വിമാനങ്ങള്‍ മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. നാലു മണിക്കൂര്‍ ട്രയല്‍ റണ്ണിനായി ഇന്നലെ ഉച്ചയ്‌ക്ക്‌ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നത്‌ അടച്ചിട്ടില്ല. ജലനിരപ്പ്‌ അതിവേഗം ഉയരുന്നതിനാല്‍ ഇന്നു കൂടുതല്‍ ഷട്ടര്‍ തുറക്കും. നാളെ നടത്താനിരുന്ന നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു.
അടിമാലി ടൗണിനു സമീപം എട്ടുമുറിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ ഭാര്യ ഫാത്തിമ (60), മകന്‍ പി.എച്ച്‌. മുജീബ്‌ (38), ഭാര്യ ഷെമീന (32), മക്കളായ ദിയ ഫാത്തിമ (7), നിയ (5) എന്നിവര്‍ മരിച്ചു. കൊന്നത്തടി കുരിശുകുത്തി പന്തപ്പിള്ളില്‍ മാണിയുടെ ഭാര്യ തങ്കമ്മ (47), അടിമാലി കുരങ്ങാട്ടി കുറുമ്പനയ്‌ക്കല്‍ മോഹനന്‍ (52), ഭാര്യ ശോഭന (48), കീരിത്തോട്‌ പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടി കൂട്ടാക്കുന്നേല്‍ ആഗസ്‌തി (65) ഭാര്യ ഏലിക്കുട്ടി(60) എന്നിവര്‍ മരിച്ചു. രാജപുരം കരിമ്പനപടിയില്‍ ഉരുള്‍പൊട്ടിയാണ്‌ കരികുളത്ത്‌ മീനാക്ഷി (90) മരിച്ചത്‌. മീനാക്ഷിയുടെ മക്കളായ രാജന്‍ (56), ഉഷ (48) എന്നിവരെ കാണാതായി.
മലപ്പുറത്ത്‌ ഉരുള്‍പൊട്ടലില്‍ പറമ്പാടന്‍ കുഞ്ഞി(50), മകന്‍ സുബ്രഹ്‌മണ്യന്റെ ഭാര്യ ഗീത (29), ഗീതയുടെ മക്കളായ നവനീത്‌ (ഒമ്പത്‌), നിവേദ്‌ (മൂന്ന്‌), കുഞ്ഞിയുടെ സഹോദരീപുത്രന്‍ മിഥുന്‍ (16) എന്നിവരാണു മരിച്ചത്‌. സുബ്രഹ്‌മണ്യനെ കാണാതായി.
വയനാട്‌ വൈത്തിരിയിലുണ്ടായ മണ്ണിടിച്ചിലില്‍ തൊളിയറത്തല ജോര്‍ജിന്റെ ഭാര്യ ലില്ലി (67), മാനന്തവാടി തലപ്പുഴ മക്കിമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മംഗലശേരി വീട്ടില്‍ റസാഖ്‌ (40), ഭാര്യ സീനത്ത്‌ (32) എന്നിവര്‍ മരിച്ചു. പുതുപ്പാടിയില്‍ ഒഴുക്കില്‍പ്പെട്ട കാറില്‍നിന്ന്‌ പരപ്പന്‍പാറ സ്വദേശി റജിത്തിന്റെ (23) മൃതദേഹം കണ്ടെത്തി. ഇരിട്ടി അയ്ന്‍യകുന്ന്‌ പഞ്ചായത്തിലെ എടപ്പുഴ കീഴങ്ങാനത്ത്‌ ഉരുള്‍പൊട്ടലില്‍ വീട്‌ തകര്‍ന്നു ഇമ്മട്ടിയില്‍ തോമസ്‌, മകന്‍ ജയ്‌സന്റെ ഭാര്യ ഷൈനി എന്നിവര്‍ മരിച്ചു
കാലവര്‍ഷ ദുരന്തം ദുരന്തം നേരിടാനായി സൈന്യത്തിന്റെ സഹായം തേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനച്ചുമതല റവന്യു വകുപ്പിനു നല്‍കി. നാവിക, വ്യോമസേനകള്‍, തീരരക്ഷാസേന, ദേശീയ ദുരന്തനിവാരണ സേന, മിലിട്ടറി ഇന്റലിജന്‍സ്‌ എന്നിവരുടെ സേവനവും തേടി. ഇവര്‍ക്ക്‌ ആവശ്യമായ ഉപകരണങ്ങള്‍ അടിയന്തിരമായി ബംഗളുരുവില്‍നിന്നു വ്യോമമാര്‍ഗം കോഴിക്കോടും കൊച്ചിയിലും എത്തിക്കും. ബംഗളുരുവില്‍നിന്നു മിലിട്ടറി എന്‍ജിനീയറിങ്‌ വിഭാഗത്തിന്റെ രണ്ടു യൂണിറ്റുമെത്തി. ഒറ്റപ്പെട്ടുപോയ സ്‌ഥലങ്ങളില്‍നിന്ന്‌ ആളുകളെ ഹെലികോപ്‌ടര്‍ മുഖേന ഒഴിപ്പിക്കും.
മലപ്പുറം ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതിയുടെ പവര്‍ ഹൗസ്‌ കനത്ത മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന്‌ ഒഴുകി പോയി. ഇവിടെയുണ്ടായിരുന്ന രണ്ടു ജീവനക്കാര്‍ രക്ഷപ്പെട്ടു. കണ്ണൂരില്‍ ഇരുപതോളം സ്‌ഥലങ്ങളിലാണ്‌ ഉരുള്‍ പൊട്ടിയത്‌. വയനാട്‌, കണ്ണൂര്‍, കോഴിക്കോട്‌, പാലക്കാട്‌ ജില്ലകളില്‍ മഴ അതിശക്‌തമാണ്‌. പലയിടത്തും റോഡുകള്‍ ഒലിച്ചുപോയും വെള്ളംകയറിയും ഗതാഗതം തടസപ്പെട്ടു. വയനാട്‌ ജില്ല പൂര്‍ണമായും ഒറ്റപ്പെട്ടു. താമരശേരി, പേരിയ, പക്രംതളം ചുരങ്ങളിലൂടെയുള്ള ഗതാഗതം നിലച്ചു. മലമ്പുഴ ഡാമിന്റെ ഷട്ടര്‍ നാലടി ഉയര്‍ത്തിയതോടെ കല്‍പ്പാത്തിപ്പുഴ ജലസമൃദ്ധമായി. ഭവാനിപുഴയിലെ ഡാമിന്റെ ഷട്ടര്‍ തമിഴ്‌നാട്‌ തുറന്നതോടെ പുഴയുടെ അട്ടപ്പാടി ഭാഗം നിറഞ്ഞുകവിഞ്ഞു. സൈലന്റ്‌ വാലിയിലേക്കു പ്രവേശനം നിര്‍ത്തിവച്ചു. ചാലക്കുടിപ്പുഴയില്‍ വെള്ളം പൊങ്ങിയതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ സന്ദര്‍ശകരെ വിലക്കി.
പമ്പ ഡാം തുറക്കുന്ന പശ്‌ചാത്തലത്തില്‍ ആലപ്പുഴയില്‍ കാര്‍ത്തികപ്പള്ളി, കുട്ടനാട്‌, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ ജലനിരപ്പ്‌ ഉയരാന്‍ സാധ്യതയുണ്ടെന്നു മുന്നറിയിപ്പുണ്ട്‌. പത്തനംതിട്ട ജില്ലയില്‍ ശബരിഗിരി ജലവൈദ്യുതി പദ്ധതിയിലെ കക്കി അണക്കെട്ടിന്റെ ഭാഗമായ ആനത്തോട്‌ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകളാണു തുറന്നത്‌. കക്കി, പമ്പ നദികളിലെ ജലനിരപ്പ്‌ ഉയര്‍ന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 134 അടിയിലെത്തി. ഇടമലയാര്‍, ഭൂതത്താന്‍കെട്ട്‌, പോത്തുണ്ടി, മംഗലം, ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത്‌, കക്കയം അണക്കെട്ടുകളും തുറന്നുവച്ചിരിക്കുകയാണ്‌.

Ads by Google
Friday 10 Aug 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW