Saturday, March 23, 2019 Last Updated 5 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 01.16 AM

ആശങ്കയുടെ വെള്ളത്തില്‍ എറണാകുളം

uploads/news/2018/08/240491/k11.jpg

കൊച്ചി: ചെറുതോണി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നതോടെ എറണാകുളം ജില്ലയിലെ നാലു താലൂക്കിലെ ജനം ഭീതിയില്‍. പ്രധാനനദികളും കൈവഴികളും നിറഞ്ഞൊഴുകി. ശുദ്ധജലം വിതരണം ഭാഗികമായി തടസപ്പെട്ടു. ഇതിനൊപ്പം ഗതാഗതകുരുക്കും വൈദ്യുതിതടസവും കൂടിയായതോടെ ജനജീവിതം ദുരിതപൂര്‍ണമായി. വൈകിട്ടോടെ കുന്നത്തുനാട്‌, കോതമംഗലം, ആലുവ, പറവൂര്‍ താലൂക്കുകളിലെ താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നിരവധി വീടുകളില്‍ വെള്ളം കയറി. വ്യാപക കൃഷിനാശമുണ്ടായി.
ജില്ലയില്‍ 68 ക്യാമ്പുകളിലായി 9476 പേരുണ്ട്‌. ഏതു സാഹചര്യവും നേരിടുന്നതിനായി ദേശീയ ദുരന്തനിവാരണ സേനയും ഫയര്‍ ഫോഴ്‌സ്‌, പോലീസ്‌, കര-നാവിക സേനാംഗങ്ങളും നില ഉറപ്പിച്ചിട്ടുണ്ട്‌. താലൂക്ക്‌ കേന്ദ്രങ്ങളില്‍ ജില്ലാഭരണ കൂടം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ആലുവയില്‍ ഉന്നതതല യോഗം ചേര്‍ന്നു.
കൊച്ചി കുന്നുംപുറത്ത്‌ കൂട്ടാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന്‌ 13 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക്‌ മാറ്റി. കളമശേരി, ഏലൂര്‍ പ്രദേശങ്ങളില്‍ 56 വീടുകളില്‍ വെള്ളം കയറി. ആലുവയില്‍ നിരവധി വീടുകളില്‍ വെള്ളംകയറി. മണപ്പുറം പൂര്‍ണമായും വെള്ളത്തിനടിയിലാണ്‌. കുറ്റിക്കാട്ടുകരയില്‍നിന്ന്‌ നിരവധി പേരെ മാറ്റി പാര്‍പ്പിച്ചു. പെരിയാറില്‍ ചെളിയുടെ അളവ്‌ ക്രമാതീതമായി വര്‍ധിച്ചതോടെ പമ്പിംഗ്‌ തടസപ്പെട്ട്‌ കൊച്ചി നഗരത്തിലും പശ്‌ചിമകൊച്ചിയിലും കുടിവെള്ള വിതരണം മുടങ്ങി. ജലനിരപ്പ്‌ ഇനിയും ഉയര്‍ന്നാല്‍ ശുദ്ധജലം കിട്ടാനില്ലാത്ത സ്‌ഥിതി വരും. കൊച്ചി കോര്‍പറേഷന്‍ പ്രദേശത്ത്‌ കുടിവെള്ളം എത്തിക്കുന്ന രണ്ട്‌ പമ്പ്‌ ഹൗസുകളില്‍ ഒന്നിന്റെ പ്രവര്‍ത്തനമാണ്‌ ചെളി നിറഞ്ഞതോടെ തടസപ്പെട്ടത്‌. കുടിവെള്ളത്തിന്‌ ടാങ്കര്‍ ലോറികളെ ആശ്രയിക്കേണ്ട സ്‌ഥിതിയാണ്‌.
പ്രതികൂല കാലാവസ്‌ഥയെ തുടര്‍ന്ന്‌ ആലുവയിലെ ഹജ്‌ജ്‌ ക്യാമ്പിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം നിയന്ത്രിച്ചു. ആലുവയ്‌ക്കു പുറമെ കളമശേരി, ചെമ്പകശേരി, ചൊവ്വര, കാഞ്ഞൂര്‍, കാലടി പ്രദേശങ്ങളിലും വെള്ളംകയറി. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന്‌ ഭീഷണിയായി ചെങ്കല്‍ തോട്‌ നിറഞ്ഞൊഴുകുകയാണ്‌.
കുന്നത്തുനാട്‌ താലൂക്കില്‍ മൂന്ന്‌ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്‌. വാഴക്കുളം, വെങ്ങോല പഞ്ചായത്തുകളിലെ 134 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ഒക്കല്‍ തുരുത്ത്‌ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ്‌. നാലുവശത്തും വെള്ളം ഉയര്‍ന്നതോടെ തുരുത്തുമായി പുറംലോകത്തിനുള്ള ബന്ധം നഷ്‌ടമായി. അപകടസാധ്യത കണക്കിലെടുത്ത്‌ 75 കുടുംബങ്ങളെ ഇവിടെനിന്ന്‌ മാറ്റി പാര്‍പ്പിച്ചു.
ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ഇന്ന്‌ നടക്കേണ്ടിയിരുന്ന കര്‍ക്കിടക വാവുബലി തര്‍പ്പണവും പ്രതിസന്ധിയിലാണ്‌. കര്‍ക്കിടക വാവുബലിക്ക്‌ എല്ലാവര്‍ഷവും ഒരു ലക്ഷത്തോളം പേര്‍ എത്തുന്ന ചേലാമറ്റം ശ്രീകൃഷ്‌ണസ്വമി ക്ഷേത്ര പരിസരവും വെള്ളപ്പൊക്ക ഭീഷണിയിലാണ്‌. ഇവിടെ ബലി അര്‍പ്പിക്കാനെത്തുന്നവര്‍ക്ക്‌ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി. വടക്കന്‍ പറവൂരില്‍ കുന്നുകര, പുത്തന്‍വേലിക്കര പഞ്ചായത്തുകളില്‍ വ്യാപക നാശനഷ്‌ടം സംഭവിച്ചു. ഇവിടുത്തെ വീടുകളും റോഡുകളും വെള്ളത്തിലായി. പെരിയാറിന്റെ കൈവഴിയായ മാഞ്ഞാലി പുഴ കരകവിഞ്ഞു. പാലത്തിന്‌ മുകളിലൂടെയാണ്‌ വെള്ളം ഒഴുകുന്നത്‌. കായലും കൈവഴികളും നിറഞ്ഞതോടെ പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്‌. ശുദ്ധജല വിതരണ പദ്ധതികളുടെ പ്രവര്‍ത്തനവും നിലച്ചു. ഇതോടെ ഈ പഞ്ചായത്തുകളില്‍ കുടിവെള്ളം ലഭിക്കാത്ത സ്‌ഥിതിയാണ്‌. ചാലക്കുടിയാറും പെരിയാറും സംഗമിക്കുന്ന സ്‌ഥലമാണ്‌ പുത്തന്‍വേലിക്കര.

Ads by Google
Saturday 11 Aug 2018 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW