Saturday, December 15, 2018 Last Updated 16 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 01.16 AM

പ്രളയപ്പെരിയാര്‍ : ഷട്ടറുകള്‍ അഞ്ചും തുറന്നു; ഇടുക്കിയുടെ ചരിത്രത്തിലാദ്യം

uploads/news/2018/08/240493/k1.jpg

ഇടുക്കി : തുള്ളിക്കൊരു കുടം പേമാരിയില്‍ ജലനിരപ്പ്‌ കുതിച്ചുയര്‍ന്നതോടെ, ചരിത്രത്തിലാദ്യമായി ഇടുക്കി, ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറന്നു. ജില്ലയില്‍ അതീവജാഗ്രതാനിര്‍ദേശം. ഇന്നലെ രാവിലെ ഏഴോടെ രണ്ടാം ഷട്ടറും പിന്നാലെ നാലാം ഷട്ടറും തുറന്നങ്കിലും ജലനിരപ്പു കുറഞ്ഞില്ല. ഇതേത്തുടര്‍ന്നാണ്‌ ഉച്ചകഴിഞ്ഞ്‌ ഒന്നോടെ ഒന്നാമത്തെയും അഞ്ചാമത്തെയും ഷട്ടറുകള്‍ തുറന്നത്‌. ഇതോടെ രൗദ്രഭാവം പൂണ്ട പെരിയാര്‍, ചെറുതോണി ടൗണിനെ മുക്കിയും തീരങ്ങളെ തച്ചുതകര്‍ത്തും കുതിച്ചു.
അഞ്ചു ഷട്ടറും തുറന്നതോടെ ഇന്നലെ രാത്രി ഏഴിന്‌ അണക്കെട്ടിലെ ജലനിരപ്പ്‌ 2401.62 അടിയായി താഴ്‌ന്നു. 2403 അടിയാണു പരമാവധി സംഭരണശേഷി. മൂന്നു ഷട്ടറുകള്‍ 1.8 മീറ്ററും രണ്ടെണ്ണം ഒരു മീറ്ററുമാണ്‌ ഉയര്‍ത്തിയിരുന്നത്‌. ജലനിരപ്പ്‌ താഴ്‌ന്ന സാഹചര്യത്തില്‍ ഇതു യഥാക്രമം ഒരു മീറ്ററും 50 സെന്റിമീറ്ററുമാക്കി. സെക്കന്‍ഡില്‍ 7.5 ലക്ഷം ലിറ്റര്‍ (750 ക്യുമെക്‌സ്‌) വെള്ളം പുറത്തേക്കൊഴുകുമ്പോള്‍ 575 ക്യുമെക്‌സ്‌ വെള്ളം അണക്കെട്ടിലേക്ക്‌ ഒഴുകിയെത്തുന്നു. 81.082 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉത്‌പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളമാണ്‌ ഒഴുകിയെത്തിയത്‌. മൂലമറ്റത്തെ വൈദ്യുതി ഉത്‌പാദനത്തിന്റെ നാലിരട്ടി വെള്ളം ഇന്നലെ മാത്രം ഒഴുകിയെത്തി.
നാലാമത്തെയും അഞ്ചാമത്തെയും ഷട്ടര്‍ തുറന്നതോടെ ചെറുതോണി ബസ്‌ സ്‌റ്റാന്‍ഡും പാലവും വെള്ളത്തിനടിയിലായി. റവന്യൂ വകുപ്പ്‌, പോലീസ്‌, അഗ്നിശമനസേന എന്നിവയ്‌ക്കൊപ്പം ദേശീയ ദുരന്തനിവാരണസേനയും ചേര്‍ന്നാണു സുരക്ഷാക്രമീകരണങ്ങള്‍ ഏകോപിക്കുന്നത്‌. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഉച്ചഭാഷിണിയിലൂടെ ചെറുതോണി ടൗണിലും തീരപ്രദേശങ്ങളിലും തുടര്‍ച്ചയായി ജാഗ്രതാനിര്‍ദേശം നല്‍കിവരുന്നു.
രാവിലെ രണ്ടു ഷട്ടറുകള്‍ തുറന്നതോടെ പെരിയാര്‍ കരകവിഞ്ഞ്‌ തീരപ്രദേശമായ കരിമ്പനില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. തീരപ്രദേശങ്ങളിലെ കൃഷിയിടങ്ങളും പെരിയാറിനു കുറുകേയുള്ള വെള്ളക്കയം പാലവും ഒലിച്ചുപോയി. മൂന്നു ഷട്ടറുകള്‍ തുറന്ന്‌ വെള്ളം പുറത്തുവിട്ടിട്ടും ജലനിരപ്പ്‌ ക്രമാതീതമായി ഉയരുകയായിരുന്നു. തുടര്‍ന്ന്‌, രാവിലെ പതിനൊന്നരയോടെ ഷട്ടറുകള്‍ ഒരു മീറ്റര്‍ ഉയര്‍ത്തി ഒഴുക്കുവെള്ളത്തിന്റെ അളവ്‌ സെക്കന്‍ഡില്‍ മൂന്നുലക്ഷം ലിറ്ററാക്കി ഉയര്‍ത്തി. അതും പ്രയോജപ്പെടാത്ത സാഹചര്യത്തിലാണു കാര്യമായ മുന്നറിയിപ്പില്ലാതെ ബാക്കി രണ്ടു ഷട്ടറും തുറന്നത്‌.
ചെറുതോണി ബസ്‌ സ്‌റ്റാന്‍ഡിന്റെ കൂടുതല്‍ ഭാഗങ്ങള്‍ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്‌. വെള്ളപ്പാച്ചിലില്‍ പെരിയാര്‍ തീരങ്ങളിലെ മരങ്ങള്‍ കടപുഴകി. ബസ്‌ സ്‌റ്റാന്‍ഡിനോടു ചേര്‍ന്നുണ്ടായിരുന്ന അലങ്കാരപ്പനകള്‍ ഒലിച്ചുപോയി. സ്‌റ്റാന്‍ഡിനു സമീപമുണ്ടായിരുന്ന ബദാം മരങ്ങള്‍ മുന്‍കരുതലെന്ന നിലയില്‍ അഗ്നിശമനസേന രാവിലെ എട്ടോടെ മുറിച്ചുമാറ്റിയിരുന്നു. ചെറുതോണി തടയണയോടു ചേര്‍ന്നുനിന്ന ചേലമരം കടപുഴകി, പാലത്തില്‍ വന്നിടിച്ചു. ശിഖരങ്ങള്‍ വൈദ്യുതി കമ്പിയില്‍ തട്ടി പ്രദേശത്തെ വൈദ്യുതിവിതരണം നിലച്ചു. പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പികള്‍ കെ.എസ്‌.ഇ.ബി. ജീവനക്കാര്‍ മുറിച്ചുമാറ്റി.
ഇതിനിടെ, ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ച്‌, ഇടുക്കിയില്‍നിന്നു കൂടുതല്‍ വെള്ളമൊഴുക്കാന്‍ വൈദ്യുതി വകുപ്പ്‌ തീരുമാനിച്ചു. രാവിലെ പതിനൊന്നരയോടെ മൂന്നു ഷട്ടറുകളും ഒരു മീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ മൂന്നുലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കിവിട്ടു. എന്നാല്‍, കനത്തമഴയില്‍ ഉച്ചകഴിഞ്ഞ്‌ ഒന്നോടെ ജലനിരപ്പ്‌ 2401.6 അടിയായി ഉയര്‍ന്നു. തുടര്‍ന്ന്‌, ഒരുമണിക്ക്‌ ഒന്നാം ഷട്ടറും 1.45-ന്‌ അഞ്ചാം ഷട്ടറും തുറന്നു. ഇതിനു മുന്നോടിയായി പെരിയാര്‍ തീരത്തിനു 100 മീറ്റര്‍ പരിധിയിലുള്ളവര്‍ ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
ചെറുതോണി ടൗണും പരിസരവും ദേശീയ ദുരന്തനിവാരണസേനയുടെയും പോലീസിന്റെയും നിയന്ത്രണത്തിലാണ്‌. ടൗണില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന മുഴുവന്‍ വാഹനങ്ങളും മാറ്റി. അടിമാലി ജങ്‌ഷന്‍ വരെയുള്ള കടകള്‍ പൂട്ടാനും ആളുകളോട്‌ ഒഴിഞ്ഞുപോകാനും നിര്‍ദേശം നല്‍കി. ഉരുള്‍പൊട്ടലില്‍ രണ്ടുപേര്‍ മരിച്ച കഞ്ഞിക്കുഴി പഞ്ചായത്ത്‌, പെരിയാര്‍വാലിയിലെ താമസക്കാരെ കീരിത്തോട്‌ പള്ളി പാരിഷ്‌ ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി. 73 കുടുംബങ്ങളില്‍നിന്നുള്ള 233 പേരാണ്‌ ഇവിടെയുള്ളത്‌.
ക്യാമ്പിലേക്കു പോകാന്‍ തയാറാകാത്ത, വാഴത്തോപ്പ്‌ പഞ്ചായത്തിലെ 22 കുടുംബങ്ങളെയും മരിയാപുരം പഞ്ചായത്തിലെ 15 കുടുംബങ്ങളെയും ബന്ധുവീടുകളിലേക്കു മാറ്റി. വാത്തിക്കുടി പഞ്ചായത്തില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന 13 കുടുംബങ്ങളിലെ 46 പേരെ രാജപുരം പള്ളിയുടെ കെട്ടിടത്തിലേക്കു മാറ്റി. ജോയ്‌സ്‌ ജോര്‍ജ്‌ എം.പി, റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ, ജില്ലാ കലക്‌ടര്‍ ജീവന്‍ ബാബു എന്നിവര്‍ ചെറുതോണിയില്‍ ക്യാമ്പ്‌ ചെയ്‌ത്‌ സുരക്ഷാനടപടികള്‍ക്കു നേതൃത്വം നല്‍കുന്നു.

വിനോദ്‌ കണ്ണോളി

Ads by Google
Saturday 11 Aug 2018 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW