Wednesday, August 15, 2018 Last Updated 5 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 01.16 AM

മഴയ്‌ക്ക്‌ മതിയായില്ല; മരണം 29

uploads/news/2018/08/240494/k2.jpg

സകലതും കടപുഴക്കിയെറിഞ്ഞു തുടരുന്ന ദുരിതപ്പെയ്‌ത്തില്‍ സംസ്‌ഥാനത്ത്‌ ഇന്നലെ ഏഴുമരണം കൂടി. രണ്ടുദിവസങ്ങളിലായി 29 പേരാണ്‌ സംസ്‌ഥാനത്ത്‌ വിവിധ ഇടങ്ങളിലായി മരിച്ചത്‌. എട്ടു പേരെ കാണാതായി.
ഇടുക്കിയില്‍ 13 വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌ ജില്ലകളില്‍ ഇന്നും കൂടിയാണ്‌ അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌. ജലനിരപ്പ്‌ ക്രമാതീതമായതിനെത്തുടര്‍ന്ന്‌ അണക്കെട്ടുകള്‍ തുറന്നുവിട്ടതോടെ കുട്ടനാട്‌ അടക്കമുള്ള പ്രദേശങ്ങള്‍ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയില്‍. ഇടുക്കി അണക്കെട്ട്‌ തുറന്നതോടെ എറണാകുളം ജില്ലയിലെ താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി.
കഴിഞ്ഞദിവസം കാണാതായ അടിമാലി പണിക്കന്‍കുടി ചിന്നാര്‍നിരപ്പ്‌ മനക്കപ്പറമ്പില്‍ തോമസ്‌-സൂസന്‍ ദമ്പതികളുടെ മകന്‍ റെനീഷിന്റെ (റിനു-28) മൃതദേഹം ഇന്നലെ മണ്ണിനടിയില്‍നിന്നു കണ്ടെടുത്തു. ഇടുക്കി മൂലമറ്റത്ത്‌ ചെത്തുതൊഴിലാളിയായ ചേറാടി മള്ളുവേലില്‍ കൃഷ്‌ണന്‍കുട്ടി (47)യെ കാണാതായി. വ്യാഴാഴ്‌ച ഉണ്ടായ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ കുടുങ്ങിയ വയനാട്‌ മേപ്പാടി വാറക്കോടന്‍ ഷൗക്കത്തലി (30)യുടെ മൃതദേഹം കണ്ടെടുത്തു. മൂന്നുദിവസത്തിനിടെ നാലുപേരെയാണ്‌ വയനാട്ടില്‍ മഴ കവര്‍ന്നത്‌.
നിലമ്പൂര്‍ എരുമമുണ്ട ചെട്ടിയാംപാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍പ്പെട്ട്‌ കാണാതായ പറമ്പാടന്‍ സുബ്രഹ്‌മണ്യന്‍(30)ന്റെ മൃതദേഹവും ഇന്നലെ കണ്ടെടുത്തു. വ്യാഴാഴ്‌ച ഉണ്ടായ ഉരുള്‍പൊട്ടലില്‍ സുബ്രഹ്‌മണ്യന്റെ മാതാവ്‌ പറമ്പാടന്‍ കുഞ്ഞി(50), മരുമകള്‍ ഗീത(29), മക്കളായ നവനീത്‌(9),നിവേദ്‌(മൂന്ന്‌), കുഞ്ഞിയുടെ സഹോദരി പുത്രന്‍ മിഥുന്‍(16) എന്നിവരുടെ മൃതദേഹം നേരത്തേ കണ്ടെത്തിയിരുന്നു.
കക്കി ഡാമിന്റെ ഷട്ടര്‍ തുറന്നതിനെത്തുടര്‍ന്ന്‌ കുട്ടനാട്ടില്‍ ജലനിരപ്പ്‌ 10 സെന്റീമീറ്ററോളം ഉയര്‍ന്നതായാണ്‌ ആലപ്പുഴ ജില്ലാ ദുരന്ത നിവാരണവിഭാഗത്തിന്റെ വിലയിരുത്തല്‍. ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിനെത്തുടര്‍ന്ന്‌ പെരിയാര്‍ നിറഞ്ഞൊഴുകി എറണാകുളം ജില്ലയിലെ കുന്നത്തുനാട്‌, കോതമംഗലം, ആലുവ, പറവൂര്‍ താലൂക്കുകളിലെ താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പെരിയാറില്‍ ചെളിയുടെ അളവ്‌ ക്രമാതീതമായി വര്‍ധിച്ചതോടെ പമ്പിങ്‌ തടസപ്പെട്ട്‌ കൊച്ചി നഗരത്തിലും പശ്‌ചിമകൊച്ചിയിലും കുടിവെള്ള വിതരണം മുടങ്ങി. ആലുവയില്‍ നിരവധി വീടുകളില്‍ വെള്ളംകയറി.
ഇന്നു ബലിതര്‍പ്പണം നടക്കുന്ന ആലുവ മണപ്പുറം പൂര്‍ണമായും വെള്ളത്തിനടിയിലാണ്‌. കളമശേരി, ചെമ്പകശേരി, ചൊവ്വര, കാഞ്ഞൂര്‍, കാലടി പ്രദേശങ്ങളിലും വെള്ളംകയറി. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന്‌ ഭീഷണിയായി ചെങ്കല്‍ത്തോട്‌ നിറഞ്ഞൊഴുകുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഇടുക്കി ചെറുതോണി, ലോവര്‍ പെരിയാര്‍, ആലുവ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഹെലിക്കോപ്‌റ്ററിലാകും സന്ദര്‍ശനം. രണ്ടു ദിവസത്തെ മുഴുവന്‍ പൊതുപരിപാടികളും മുഖ്യമന്ത്രി റദ്ദാക്കിയിരുന്നു.

Ads by Google
Saturday 11 Aug 2018 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW