Thursday, April 25, 2019 Last Updated 34 Min 29 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Tuesday 14 Aug 2018 10.27 AM

എന്തുകൊണ്ട് ജയരാജന്‍? 12 മന്ത്രിമാരില്‍ ആരെയും വിശ്വാസമില്ലാതെ പിണറായി

'' ഇത് ഇടതുമുന്നണി സര്‍ക്കാരുകളുടെ ചരിത്രത്തിലില്ലാത്തതാണ്. ഭരണസംവിധാനത്തിന്റെ ചെലവ് പരമാവധികൂറയ്ക്കുകയെന്നതാണ് ഇടതുസര്‍ക്കാരുകളുടെ മുഖമുദ്ര. എന്നാല്‍ അതെല്ലാം ഈ സര്‍ക്കാര്‍ തകിടം മറിച്ചു. ''
uploads/news/2018/08/241259/Opini140818a.jpg

സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക് എത്തുകയാണ്. ഒരു രാഷ്ട്രീയനേതാവ് മന്ത്രിയാകുകയെന്നത് അത്ര വലിയ കാര്യമാണെന്ന് ആരും അവകാശപ്പെടില്ല. രാഷ്ട്രീയത്തില്‍ പിച്ചവയ്ക്കുന്ന ഓരോരുത്തരുടേയും ആത്യന്തികമായ ആഗ്രഹം അധികാസ്ഥാനങ്ങള്‍ തന്നെയാണ്. അതുകൊണ്ട് സി.പി.എമ്മിന്റെ പരമോന്നത സമിതിയിലെ ഒരു അംഗം മന്ത്രിസഭയിലേക്ക് കടന്നുവരികയെന്നത് അത്ര വലിയ സംഭവമൊന്നുമല്ലെന്ന് വേണമെങ്കില്‍ നമുക്ക് അവകാശപ്പെടാം. എന്നാല്‍ അതേ സി.പി.എമ്മിലെ അംഗമായതുകൊണ്ടുതന്നെ ജയരാജന്റെ മന്ത്രിസഭാ പുനഃപ്രവേശം ചില പ്രശ്‌നങ്ങളും ഉയര്‍ത്തുന്നുണ്ട്.

ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞ ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ നടന്ന മറ്റൊരു സത്യപ്രതിജ്ഞ സൃഷ്ടിച്ച വിവാദത്തിന്റെ അലയൊലികളാണ് ഉയര്‍ത്തുന്നത്. ലീഗിലെ മഞ്ഞളാംകുഴി അലിയെ മന്ത്രിയാക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കുഴിതോണ്ടിയ വിവാദം.

ജയരാജന്‍ രണ്ടുവര്‍ഷത്തിന് ശേഷമാണ് വീണ്ടും മന്ത്രിസഭയില്‍ എത്തുന്നത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ വ്യവസായവകുപ്പിന്റെ ചുമതലയുമായി മന്ത്രിസഭയിലെ രണ്ടാമനായി മന്ത്രിസ്ഥാനത്ത് ഉപവിഷ്ടനായ വ്യക്തിയായിരുന്നു ജയരാജന്‍. സ്വജനപക്ഷപാതവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ 2016 ഒക്‌ടോബര്‍ 14നാണ് അദ്ദേഹം രാജിവച്ചത്. ആ വ്യക്തിയാണ് വീണ്ടും മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നത്. ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന കുറ്റത്തില്‍ നിന്നും വിജിലന്‍സ് അന്വേഷണത്തിലൂടെ കൂറ്റവിമുക്തനായാണ് അദ്ദേഹം മടങ്ങിവരുന്നത്. നല്ലത് തന്നെ. ഒരു കുറ്റം ചെയ്തുവെന്ന ആരോപണത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെടുന്ന വ്യക്തി ജീവിതകാലംമുഴുവന്‍ ശിക്ഷ അനുഭവിക്കണമോയെന്ന ഒരു ചോദ്യം ഈ സാഹചര്യത്തില്‍ ഉയരുന്നുണ്ട്. ധാര്‍മ്മികതയുടെ പേരില്‍ ജീവിതം ഹോമിക്കണമോയെന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്.

ജീവിതകാലം മുഴുവന്‍ ശിക്ഷ അനുഭവിക്കുകയോ, ധാര്‍മ്മികതയുടെ പേരില്‍ ജീവിത സുഖങ്ങള്‍ വേണ്ടെന്ന് വയ്ക്കുകയോ വേണമെന്ന് ആരും പറയുന്നില്ല. എന്നാല്‍ അധികാരത്തിന്റെ അകത്തളങ്ങളിലേക്ക് നടന്ന് എത്തുന്നവരും അവരെ അവിടെ എത്തിക്കുന്നവരും ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് കെ.എം. മാണിയുടെ വിഷയത്തില്‍ ഹൈക്കോടതി പറഞ്ഞതുതന്നെ.. 'സീസറിന്റെ ഭാര്യയും സംശയത്തിനതീതയാകണം'' എന്ന പ്രസിദ്ധമായ ഷേക്‌സ്പിരിയന്‍ വാചകം ഉദ്ധരിച്ച കോടതി, അതില്‍ വലിയ അര്‍ത്ഥങ്ങളാണ് കണ്ടത്. അധികാരത്തിന് പിന്നാലെ പായുന്നവര്‍ ഒരിക്കലും തങ്ങളെ ആ പരമപദത്തിലെത്തിക്കുന്ന ജനങ്ങളെ വിസ്മരിക്കരുതെന്നാണ് ഇത് ഓര്‍മ്മിപ്പിക്കുന്നത്. അതുപോലെ ഒരു രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രത്യേകിച്ച് സി.പി.എം പോലെ ആശയത്തില്‍ പടുത്തുയര്‍ത്തിയിരിക്കുന്ന പ്രസ്ഥാനത്തിന്റെ കാര്യത്തില്‍ നിലപാടുകളില്‍ ഇരട്ടത്താപ്പും പാടില്ല.

ഇപ്പോള്‍ പേമാരിയില്‍ ജനങ്ങള്‍ ജീവിതം നീന്തിപിടിക്കാന്‍ പെടാപാട് പെടുന്ന ഈ സമയത്ത് എന്തിനായിരുന്നു പൊടുന്നനെ ഈ നീക്കം എന്ന ചോദ്യം എല്ലാ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ജയരാജന്‍ മന്ത്രിസഭയില്‍ വരേണ്ടതിന്റെ അനിവാര്യത എന്തായിരുന്നുവെന്ന സംശയം നികുതികൊടുക്കുന്ന ഓരോ പൗരന്മാരുടെയും മനസില്‍ ഉയര്‍ന്നാല്‍ അതിന് ആരെയും കുറ്റം പറയാനാവില്ല. മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നുവെന്ന ഒരു കാര്യം മാത്രമാണ് ഇവിടെ സംഭവിക്കുന്നത്. ധൃതിപിടിച്ചുള്ള ഈ സത്യപ്രതിജ്ഞ കാണുമ്പോള്‍ താന്‍ ഇല്ലാത്ത സമയത്ത് തന്റെ ചുമതലകള്‍ നിര്‍വഹിക്കാന്‍ ഒരാള്‍ എന്ന നിലയിലാണോ ഈ നടപടിയെന്ന സംശയം സ്വാഭാവികമായി ഉയര്‍ന്നേക്കാം.

ചിലപ്പോള്‍ അതുമായിരിക്കാം. ഈ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയെക്കൂടാതെ പതിനെട്ടുമന്ത്രിമാരുണ്ട്. അതില്‍ തന്നെ ഒരു സ്വതന്ത്രനും ചേര്‍ന്ന് 12 മന്ത്രിമാര്‍ സി.പി.എമ്മിനുണ്ട്. തന്റെ അസാന്നിദ്ധ്യത്തില്‍ ചുമതല ഏല്‍പ്പിക്കാന്‍ ഇവരെ ആരെയും വിശ്വാസമില്ലെന്ന് മുഖ്യമന്ത്രിയുടെ മനസില്‍ തോന്നലുണ്ടായിട്ടുണ്ടെങ്കില്‍ ഇവരെല്ലാം മന്ത്രിസഭയില്‍ നിന്നും രാജിവയ്ക്കുകയാണ് വേണ്ടത്. അങ്ങനെ ഒരു ചിന്തയുണ്ടെങ്കില്‍ തന്നെ ഈ മന്ത്രിസഭയ്ക്ക് തുടരാന്‍ അധികാരമില്ല. എന്തെന്നാല്‍ നമ്മുടെ ഭരണത്തെ മുന്നോട്ടുനയിക്കുന്ന മന്ത്രിസഭ എന്നത് കൂട്ടുത്തരവാദത്തില്‍ അടിസ്ഥാനമാക്കിയുള്ളതാണ്. അത്തരത്തിലുള്ള കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടാല്‍ പിന്നെ അത് തുടര്‍ന്നിട്ട് കാര്യമില്ല. പരസ്പരം വിശ്വാസമില്ലാത്തവരെ വച്ചുകൊണ്ട് ഒരു ഭരണം മുന്നോട്ടുപോകുന്നതിലും അര്‍ത്ഥമില്ല.

ഇത് ഭരണപരമായ കാര്യമാണെങ്കില്‍ സി.പി.എം എന്ന പാര്‍ട്ടിക്ക് ചില പ്രത്യേകതകളുണ്ട്. അതിന്റെ ചട്ടക്കൂടും പിന്തുടരുന്ന ആശയങ്ങളും രീതികളുമൊക്കെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാണ്. പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും കഷ്ടപ്പെടുന്ന വര്‍ഗ്ഗത്തിന്റെയും പ്രയത്‌നത്തില്‍ കെട്ടിപ്പെടുത്തിട്ടുള്ള ഒരു പ്രസ്ഥാനത്തിന് ഈ നിലപാട് സ്വീകരിക്കാന്‍ കഴിയുമോയെന്നതാണ് മറ്റൊരു ചോദ്യം. എന്തെന്നാന്‍ ഒരിക്കലും അഴിമതിയേയോ, സ്വജനപക്ഷപാതത്തേയോ സി.പി.എം അംഗീകരിക്കാറില്ല. തന്റെ ബന്ധുവിനെ സ്വന്തം വകുപ്പിലെ ഒരു പൊതുമേഖല സ്ഥാപനത്തില്‍ നിയമിക്കാന്‍ ജയരാജന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ വിഷയം അതീവഗുരുതരമാണെന്ന ്രപതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുമുണ്ടായത്.

അതുപോലെ ഇതേക്കുറിച്ച് ചര്‍ച്ചചെയ്ത സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പത്രലേഖകരെ കണ്ട സംസ്ഥാന സെക്രട്ടറി പറഞ്ഞത് ജയരാജന്‍ തെറ്റുചെയ്തതായി ബോദ്ധ്യപ്പെട്ടുവെന്നാണ്. ആ തെറ്റാണ് രണ്ടുവര്‍ഷത്തിനിടയില്‍ ഇല്ലാതായത്. തെറ്റുകള്‍ ഒരിക്കലും പൊറുക്കാത്ത പാരമ്പര്യമാണ് സി.പി.എമ്മിനുള്ളത്. ചിലപ്പോള്‍ അതില്‍ ചില വിട്ടുവീഴ്ചയുണ്ടാകണമെങ്കില്‍പ്പോലും കാലങ്ങള്‍ കാത്തിരിക്കേണ്ടിവരും. ഇന്ത്യയിലെ മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ ത്രിപുര മുഖ്യമന്ത്രിയുമായിരുന്ന നൃപന്‍ചക്രവര്‍ത്തി മുതല്‍ എം.വി.രാഘവന്‍ തുടങ്ങി നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അപ്പോള്‍ അവരൊക്കെ സംഘടനാപരമായ തെറ്റുകള്‍ ചെയ്തവരാണെന്ന് പറയാം. എന്നാല്‍ സംഘടനാപരമായി ചെയ്യുന്ന തെറ്റുകളെക്കാള്‍ വളരെവലുതാണ് ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് പ്രത്യേകിച്ച് സി.പി.എമ്മിനെപോലെയുള്ള ഒരു ഇടതുപക്ഷ പാര്‍ട്ടിക്ക് ജനങ്ങളോട് ചെയ്യുന്ന തെറ്റ്. എന്തെന്നാല്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പടുത്തുയര്‍ത്തിയിരിക്കുന്നത് രാഷ്ട്രീയധാര്‍മ്മികതയിലും ജനങ്ങളുടെ വിശ്വാസത്തിലുമാണ്. അതാണ് ഇവിടെ ചോദ്യം ചെയ്തിരിക്കുന്നത്. സി.പി.എമ്മിന്റെ പരമോന്നത സമിതിയായ കേന്ദ്രകമ്മിറ്റി ശാസിച്ച കുറ്റം ചെയ്ത വ്യക്തികൂടിയാണ് ജയരാജന്‍. ആ കമ്മിറ്റിയെക്കൂടിയാണ് ഇപ്പോള്‍ പൊതുജന മദ്ധ്യത്തില്‍ അപഹാസ്യമാക്കിയിരിക്കുന്നത്.

ജയരാജന്‍ മന്ത്രിയാകുന്നുവെന്നത് മാത്രമല്ല, അതിലൂടെ കോടികളുടെ ബാദ്ധ്യത കേരളസമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുക കൂടിയാണ് സര്‍ക്കാര്‍. ഇതേക്കുറിച്ച് ചോദിക്കുമ്പോള്‍ ജനങ്ങള്‍ സഹിക്കണമെന്ന് പറയുന്ന ചില നേതാക്കളും ആ പാര്‍ട്ടിയില്‍ ഇപ്പോള്‍ ഉണ്ട്. കഴിഞ്ഞദിവസം പരസ്യമായി തന്നെ ഒരു ചാനല്‍ചര്‍ച്ചയില്‍ ഇത്തരമൊരു പ്രതികരണമാണ് ഒരു നേതാവില്‍ നിന്നും വന്നത്. അധികാരത്തിന്റെ ഈ ധാര്‍ഷ്ട്യം കേരള ജനത അംഗീകരിക്കണമെന്നില്ല. കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് എന്തൊക്കെ പറഞ്ഞുവെന്ന് ഒന്ന് ഓര്‍ത്തിട്ടുവേണം ഇപ്പോള്‍ ദന്തഗോപുരത്തില്‍ വസിക്കുന്നവര്‍ ഇത്തരത്തിലുള്ള പ്രതികരണം നടത്തേണ്ടത്.

പി.സി. ജോര്‍ജിനും ആര്‍. ബാലകൃഷ്ണപിള്ളയ്ക്കും അന്ന് കാബിനറ്റ് റാങ്ക് നല്‍കിയപ്പോള്‍ ഇവിടെ ഉയര്‍ത്തിയ കോലാഹലങ്ങളും ബഹളങ്ങളും വിമര്‍ശനങ്ങളും കേരളം മറന്നിട്ടുണ്ടാവില്ല. അത് അനാവശ്യചെലവായിരുന്നു, ചിലരെ തൃപ്തിപ്പെടുത്താനായിരുന്നു. രാഷ്ട്രീയ അധാര്‍മ്മികതയും ധൂര്‍ത്തുമായിരുന്നു. എന്നാല്‍ ഇന്ന് അതേപോലെ രണ്ടുപേര്‍ക്ക് പകരം മൂന്നുപേര്‍ക്ക് കാബിനറ്റ് റാങ്ക് നല്‍കുമ്പോള്‍ അത് കേരളജനതയെ ഏത്‌നിലയിലാണ് സഹായിക്കുന്നതെന്ന് പറയാനുള്ള ബാദ്ധ്യതയും ഇവര്‍ക്കുണ്ട്. പ്രതിപക്ഷനേതാവ് കഴിഞ്ഞദിവസം പറഞ്ഞതുപോലെ ജയരാജന്റെ മന്ത്രിസഭാപ്രവേശനം രണ്ടു കാബിനറ്റ് റാങ്കുകള്‍ അധികം സൃഷ്ടിക്കുന്നു. പഴയ കണക്കുപ്രകാരം അതിലൂടെ 15 കോടി അധികം പ്രതിവര്‍ഷം സൃഷ്ടിക്കുന്നുവെന്നാണ്.

ഇത് ഇടതുമുന്നണി സര്‍ക്കാരുകളുടെ ചരിത്രത്തിലില്ലാത്തതാണ്. ഭരണസംവിധാനത്തിന്റെ ചെലവ് പരമാവധികൂറയ്ക്കുകയെന്നതാണ് ഇടതുസര്‍ക്കാരുകളുടെ മുഖമുദ്ര. എന്നാല്‍ അതെല്ലാം ഈ സര്‍ക്കാര്‍ തകിടം മറിച്ചു. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മന്ത്രിമാരും കാബിനറ്റ് റാങ്കുള്ളവരുമുളളതാണ് ഈ സര്‍ക്കാര്‍. ഒരു കാബിനറ്റ് റാങ്ക് എന്ന് പറയുമ്പോള്‍ ചെലവുകള്‍ വളരെ കൂടുകയാണ്. ഇത്രയും ചെലവാക്കി ജയരാജനെ മന്ത്രിസഭയില്‍ കൊണ്ടുവരാനുണ്ടായ അടിയന്തിരസാഹചര്യമാണ് പൊതുവില്‍ ആര്‍ക്കും മനസിലാകാത്തത്. അത് അവരുടെ രാഷ്ട്രീയത്തിന്റെ അനിവാര്യതയാണെന്നാണ് നേരത്തെ പറഞ്ഞ നേതാവ് ഇന്നലെ ഒരു ചാനലില്‍ പറഞ്ഞത്.

ഇത്തരത്തില്‍ ഓരോ രാഷ്ട്രീയപാര്‍ട്ടികളുടെയും അനിവാര്യതയ്ക്ക് വെള്ളവും വളവും നല്‍കി വളര്‍ത്താനല്ല, കേരളത്തിലെ ജനങ്ങള്‍ നിലകൊള്ളുന്നതെന്ന് മനസിലാക്കണം. ഇത്തരത്തിലെ ഒരു രാഷ്ട്രീയ അനിവാര്യതയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ കാലത്തെ അഞ്ചാംമന്ത്രി. അത് കേരളത്തിലുണ്ടാക്കിയ വിവാദങ്ങളും യു.ഡി.എഫ് എന്ന മുന്നണിയുടെ സാദ്ധ്യതകളില്‍ ഏല്‍പ്പിച്ച മങ്ങലും നമ്മള്‍ കണ്ടുകൊണ്ടതാണ്. അന്ന് ആ വിവാദത്തിന് തിരികൊളുത്തിയവരില്‍ മുന്നിലുണ്ടായിരുന്നതാണ് ഇടതുമുന്നണി. ആ ധൂര്‍ത്തിനേയും നടപടികളേയും ആക്ഷേപിച്ചു, വിമര്‍ശിച്ചു. അത് തങ്ങള്‍ക്കും ബാധകമാണെന്ന് അവര്‍ മറന്നുപോയി. അന്ന് ഉമ്മന്‍ചാണ്ടിയ്ക്ക് നേരെ സാമുദായികമായി ചില ആരോപണങ്ങളാണ് ഉയര്‍ന്നുവന്നതെങ്കില്‍ ഇന്ന് അത് രാഷ്ട്രീയമായി എന്ന് മാത്രം. പക്ഷേ ഇപ്പോള്‍ കേരളത്തിലെ രാഷ്ട്രീയത്തിനും വര്‍ഗ്ഗീയതയ്ക്കും തമ്മില്‍ വലിയ അതിര്‍വരമ്പുകളില്ല. അതുകൊണ്ടുതന്നെ ഈ ഒരൊറ്റസംഭവം മതി ശക്തരുടെ അടിത്തറയിളകാന്‍.

ഇടതുപക്ഷരാഷ്ട്രീയം ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. നമ്മുക്കുളള പിടിവള്ളിയാണ് ആ രാഷ്ട്രീയം. അതിന്റെ അടിത്തറ സത്യസന്ധതയിലും ധാര്‍മ്മികതയിലും ജനങ്ങളോടുള്ള പ്രതിപത്തിയിലുമാണ്. എന്നാല്‍ അധികാരത്തിന്റെ ശീതികരിച്ച ഇടനാഴികളും സുഖലോലുപതയും വന്നുചേരുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കരുത്. ഇ.എം.എസിനേയും എ.കെ.ജിയേയും ഇ.കെ. നായനാരേയും പോലെ നിരവധി നേതാക്കള്‍ ജീവന്‍കൊടുത്ത് കെട്ടിപ്പെടുത്തതാണ് ഈ പ്രസ്ഥാനം. അവിടെ അധികാരത്തോടല്ല, ജനങ്ങളോടാണ് പാര്‍ട്ടിക്ക് ബാദ്ധ്യതയുണ്ടാകേണ്ടത്. അവിടെ ആ പാര്‍ട്ടിയുടെ അനിവാര്യത ജനങ്ങളുടെ നന്മയാണെന്ന തിരിച്ചറിവുണ്ടാകണം.

Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Tuesday 14 Aug 2018 10.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW