Saturday, October 20, 2018 Last Updated 14 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 08.07 PM

അയല്‍വാസിയുടെ വീടിന്റെ ജനല്‍ക്കമ്പില്‍ തൂങ്ങി, കൈ കഴച്ചപ്പോള്‍ ഉടുമുണ്ട് അഴിച്ചു ജനല്‍ക്കമ്പിയില്‍ ശരീരം ചേര്‍ത്തുകെട്ടി, ഇടയ്‌ക്കെപ്പോഴോ ഉറങ്ങി, ഒരാള്‍ രക്ഷപ്പെടുത്താനെത്തുമെന്ന പ്രതീക്ഷയില്‍ റാഫേല്‍ തൂങ്ങിക്കിടന്നത് 25 മണിക്കൂര്‍

uploads/news/2018/08/242348/rafel.jpg

തൃശൂര്‍ : മരണത്തിനും ജീവിത്തിനുമിടയില്‍ തൂങ്ങിയാടിയ നിമിഷങ്ങളെ കുറിച്ചാണ് ചാലക്കുടി അന്നനാട് ചിറപ്പണത്ത് വീട്ടില്‍ റാഫേലിന് പറയാനുള്ളത്. അയല്‍വാസിയുടെ വീടിന്റെ തറപ്പടിയില്‍ കാലൂന്നി മുകളിലെ ജനല്‍ക്കമ്പില്‍ തൂങ്ങിപ്പിടിച്ച് രണ്ടുമണിക്കൂറോളം നിന്നു. കൈ കഴച്ചപ്പോള്‍ ഉടുമുണ്ട് അഴിച്ചു മാറ്റി ജനല്‍ക്കമ്പികളില്‍ ശരീരം ചേര്‍ത്തുകെട്ടി കണ്ണടച്ചു പ്രാര്‍ത്ഥിച്ചു. ഇടയ്‌ക്കെപ്പോഴോ ഉറങ്ങി. ഒരാള്‍ രക്ഷപ്പെടുത്താനെത്തുമെന്ന പ്രതീക്ഷയില്‍. വീട്ടില്‍ റാഫേല്‍ തൂങ്ങിക്കിടന്നത് 25 മണിക്കൂറാണ്.

മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെ കുറിച്ച് റാഫേല്‍ പറയുന്നു : രാവിലെ ആറിന് ചാലക്കുടി പുഴയില്‍ നിന്ന് വീട്ടിലേക്ക് വെള്ളം കയറിത്തുടങ്ങി. എട്ടുമണിയോടെ ഭാര്യയെയും രണ്ടുകുട്ടികളെയും ശശിയും സിജോയും തോണിയില്‍ കയറ്റി. റേഷന്‍ കാര്‍ഡും വീടിന്റെ ആധാരവും കവറിലാക്കി അടുത്ത തോണിയില്‍ കയറാമെന്ന് കരുതിയെങ്കിലും കാര്യങ്ങള്‍ കൈവിട്ടു. നിമിഷനേരത്തിനുള്ളില്‍ വെള്ളം നെഞ്ചോളമെത്തി. അല്പം നീന്തി. ഒഴുക്ക് ശക്തമായപ്പോഴാണ് അയല്‍വാസി ജോയിച്ചന്റെ വീടിനടുത്തെത്തിയത്.

കൈകാല്‍ കുഴഞ്ഞതോടെ ജനല്‍ക്കമ്പിയില്‍ പിടിച്ചു കയറി. രേഖകളും ഫോണും ജനലിന് മുകളില്‍ സണ്‍ഷേഡിന്റെ അടിയില്‍ വച്ചു. ഒരു കൈകൊണ്ട് ഫോണെടുത്ത് അറിയാവുന്ന നമ്പരുകളിലൊക്കെ വിളിച്ചു രക്ഷ യാചിച്ചു. ഇടക്കിടയ്ക്ക് കൂവി. ഹെലികോപ്ടര്‍ മുകളിലൂടെ നീങ്ങുമ്പോള്‍ കൈവീശിക്കാണിച്ചു. തൊട്ടടുത്തു കൂടി പാമ്പുകളും ഇഴജന്തുക്കളും ഇഴഞ്ഞുനീങ്ങി. ഭീകരമായ മണിക്കൂറുകള്‍. നാവികസേനയുടെ ബോട്ട് രണ്ടുപ്രാവശ്യം ഈ ഭാഗത്തേക്ക് പുറപ്പെട്ടെങ്കിലും ശക്തമായ ഒഴുക്കുമൂലം മടങ്ങി.

അടുത്ത ദിവസം രാവിലെയാണ് റാഫേല്‍ ബന്ധുവീട്ടിലെത്തിയില്ലെന്ന് ശശി അറിയുന്നത്. ചാലക്കുടിപ്പുഴയില്‍ ഏതു വര്‍ഷകാലത്തും തോണിയില്‍പ്പോയി പരിചയമുണ്ട് ശശിക്ക്. രണ്ടും കല്‍പ്പിച്ച് സുഹൃത്ത് സിജോയെയും കൂട്ടി തോണിയിറക്കി. ജോയിച്ചന്റെ വീട് ലക്ഷ്യം വച്ച് തുഴഞ്ഞു. അടുത്തെത്തി തട്ടിവിളിച്ചപ്പോള്‍ റാഫേല്‍ ഉണര്‍ന്നു. പത്തു മിനിട്ടിനുള്ളില്‍ ബന്ധുവീട്ടിലെത്തിച്ച റാഫേലിനെ കണ്ടപ്പോള്‍ ഭാര്യയും മക്കളും കെട്ടിപ്പിടിച്ചു. കുത്തിയൊലിച്ചുള്ള ഒഴുക്കില്‍ സേനാംഗങ്ങള്‍ വരെ മാറി നിന്നപ്പോള്‍ സ്വന്തം ജീവന്‍ മറന്നാണ് ചെറുവഞ്ചിയില്‍ റാഫേലിന്റെ രക്ഷയ്ക്ക് അയല്‍വാസികളായ ശശിയും സിജോയുമെത്തിയത്.

Ads by Google
Tuesday 21 Aug 2018 08.07 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW