പറപ്പൂക്കര: കേരളം ഒന്നടങ്കം വിറങ്ങലിച്ച പ്രളയത്തില്‍ തകര്‍ന്നത് മതത്തിന്റെ വേലിക്കെട്ടുകള്‍ കൂടിയാണ്. ജാതിയും മതവും വര്‍ഗ്ഗവും മറന്ന് ഏവരും ഒരുമ്മിച്ച ദിവസങ്ങളാണ് കടന്നുപോയത്. പ്രളയത്തിനിടെ മരിച്ച ഛത്തീസ്ഗഡ് സ്വദേശിനിക്ക് പള്ളി സെമിത്തേരിയില്‍ അന്ത്യവിശ്രമം ഒരുക്കിയതാണ് മതസൗഹാര്‍ദത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം.
ഛത്തീസ്ഗഢ് ജെസ്പൂര്‍ സ്വദേശി പട്നാബ് ബഹഭൂത് റാമിന്റെ ഭാര്യ ഫുല്‍മാനിയ ഭായി( 36) ക്കാണ് പറപ്പൂക്കര പള്ളി സെമിത്തേരിയില്‍ അന്ത്യവിശ്രമമൊരുക്കിയത്. ഹോളോബ്രിക്സ് നിര്‍മ്മാണ യൂണിറ്റിലെ തൊഴിലാളിയായ ഫുല്‍മാനിയ പ്രളയത്തിനിടെ പനി മൂര്‍ഛിച്ചാണ് മരിച്ചത്.
റോഡില്‍ വെള്ളം നിറഞ്ഞതോടെ വഞ്ചിയില്‍ പറപ്പൂക്കര അസീസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും കഴിഞ്ഞ 17 ന് മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് പുതുക്കാട് മണ്ഡലത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളപ്പൊക്കത്തില്‍ മുങ്ങിയതോടെ മൃതദേഹം മറ്റൊരിടത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കാതെ വന്നു. ഇതോടെയാണ് പള്ളി സെമിത്തേരിയില്‍ അന്ത്യ വിശ്രമത്തിന് മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത് ഇടമൊരുങ്ങിയത്.