Monday, June 17, 2019 Last Updated 1 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 03.43 PM

ഒരു മുത്തശ്ശിക്കഥ പോലെ...

''എനിക്ക് ഒറ്റയ്ക്ക് താമസിക്കാനാണ് ഇഷ്ടം. മക്കളുടെ കൂടെ പോയി അവരുടെ അമ്മയായി വീട്ടിനുള്ളില്‍ അടച്ചു പൂട്ടി നടു നിവര്‍ത്തി ഇരിക്കാന്‍ കഴിയും. പക്ഷേ ആ ജീവിതം കൊണ്ട് എന്തര്‍ത്ഥം?
uploads/news/2018/08/243969/bhrgavimuthsi280818a.jpg

സാങ്കല്‍പ്പിക കഥകളിലെ അത്ഭുത മനുഷ്യരെ പരിചയപ്പെടുത്തിയ എത്രയോ മുത്തശ്ശി കഥകള്‍... അമാനുഷികതയുടെ അത്ഭുതമുഹൂര്‍ത്തങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയ ആ കഥകളിലെ കഥാപാത്രങ്ങളെ വെല്ലുന്ന ജീവിതകഥയുമായി ഒരു മുത്തശ്ശി...

പണ്ട് പണ്ട് തിരുവനന്തപുരത്തെ വെള്ള നാട് എന്ന ദേശത്ത് ഒരു പാറയുണ്ടായിരുന്നു. വെള്ളരിപ്പാറ. ആരും തിരിഞ്ഞു നോക്കാതെ കിടന്ന വെള്ളരിപ്പാറയുടെ സമീപത്ത് അങ്ങനിരിക്കേ ഒരാള്‍ താമസത്തിന് വന്നു. ഭാര്‍ഗ്ഗവി. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സന്തോഷത്തോടെ കഴിയുകയായിരുന്നു ഭാര്‍ഗ്ഗവി.

25 വര്‍ഷം മുന്‍പ് അപ്രതീക്ഷിതമായി ഭര്‍ത്താവ് ജീവിതത്തോടു വിടപറഞ്ഞതോടെ ഭാര്‍ഗ്ഗവി സ്വന്തമായി ജോലി ചെയ്ത് മക്കള്‍ക്കൊപ്പം ജീവിതം തുടര്‍ന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം മക്കള്‍ വിവാഹിതരായി. അതോടെ ഭാര്‍ഗവി വീട്ടില്‍ തനിച്ചായി.

ഏകാന്തതയുടെ നോവകറ്റാന്‍ ഭാര്‍ഗ്ഗവി കണ്ടെത്തിയ വഴിയായിരുന്നു വെള്ളരിപ്പാറയുമായുള്ള ചങ്ങാത്തം. പ്രകൃതി ഒറ്റപ്പെടുത്തിയ വെള്ളരിപാറയും, ജീവിതം ഒറ്റപ്പെടുത്തിയ ഭാര്‍ഗ്ഗവിയും അങ്ങനെ ഉറ്റചങ്ങാതിമാരായി. പാറപ്പുറത്തിരുന്ന് വിദൂരതയിലേക്ക് കണ്ണും നട്ട് ഭാര്‍ഗ്ഗവി തന്റെ സങ്കടങ്ങളും സന്തോഷങ്ങളും വെള്ളരിപ്പാറയുമായി പങ്കിട്ടു.

വെള്ളരിപ്പാറ മൗനമായി എല്ലാം കേട്ടിരുന്നു. അങ്ങനിരിക്കെ ഒരു ദിവസം ചുട്ടുപൊള്ളുന്ന വെയിലും കരിമരുന്നിന്റെ സ്‌ഫോടന ശബ്ദവും അടര്‍ന്ന് പോയ ഭാഗങ്ങളും കാണിച്ച് വെള്ളരിപ്പാറ ആദ്യമായി ഭാര്‍ഗ്ഗവി അമ്മയോട് തന്റെ സങ്കടങ്ങള്‍ പറഞ്ഞു.

പത്ത് വര്‍ഷം മുന്‍പായിരുന്നു അത്. വെള്ളരിപ്പാറയുടെ സങ്കടം കേട്ട് മടങ്ങിയ ഭാര്‍ഗ്ഗവിയമ്മ പിറ്റേന്ന് രാവിലെ പാറപ്പുറത്തെത്തിയത് തലയില്‍ ഒരു ചട്ടി മണ്ണും കൈയ്യില്‍ ഒരു തൂമ്പയുമായിട്ടായിരുന്നു. പൊള്ളുന്ന ചൂടില്‍ ആരും കാലൂന്നാന്‍ മടിക്കുന്ന വെള്ളരിപ്പാറയിലേക്ക് ഒരു പിടി മണ്ണുമായി അന്ന് കയറി വന്ന ഭാര്‍ഗ്ഗവിയമ്മ 10 വര്‍ഷങ്ങള്‍ക്കിപ്പുറം പാറപ്പുറത്ത് മനോഹരമായയൊരു കൃഷിയിടം ഒരുക്കി വെള്ളരിപ്പാറയുടെ സന്തോഷത്തില്‍ പങ്കുചേരുകയാണ്.

പാറപ്പുറത്ത് പച്ചക്കറി കൃഷിയില്‍ നൂറു മേനി വിളവ് കൊയ്യുന്ന ഭാര്‍ഗ്ഗവിയമ്മയ്ക്ക് പറയാന്‍ ത്യാഗോജ്ജ്വലമായൊരു ജീവിത കഥയുണ്ട്...

ഞാന്‍ ഈ ജന്മത്തില്‍ നടന്നത്രയും ദൂരം നേരേ നടന്നിരുന്നെങ്കില്‍ ഭൂമിയെ പലതവണ വലംവയ്ക്കാമായിരുന്നു. അത്രമാത്രം നടന്നിട്ടുണ്ട്. ഭാര്‍ഗ്ഗവിയമ്മ എന്ന എണ്‍പതുകാരിയുടെ വാക്കുകളില്‍ പ്രായത്തിന്റെ അവശതകള്‍ തീരെയില്ല. തിരുവനന്തപുരം വെള്ളനാട് കണ്ണമ്പള്ളിയിലെ വീട്ടില്‍ ഒറ്റയ്ക്കുള്ള താമസത്തിനിടയിലും ഭാര്‍ഗ്ഗവിയമ്മ അദ്ധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പുതിയൊരു ചരിത്രം രചിക്കുകയാണ്. പാറയില്‍ പൊന്ന് വിളയിക്കുന്ന ഈ മുത്തശ്ശിയമ്മയുടെ വഴിയേ നമുക്കൊന്ന് സഞ്ചരിക്കാം...

uploads/news/2018/08/243969/bhrgavimuthsi280818b.jpg

വിശ്രമമില്ലാത്ത പരിശ്രമം


അധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തി ന്റെയും ഉത്തമ മാതൃകയാണ് ഭാര്‍ഗ്ഗവിയമ്മയുടെ ജീവിതം. കൃഷിയെ ജീവനേക്കാളേറെ സ്‌നേഹി ക്കുന്ന ഇവര്‍ തന്റെ ജീവിതത്തിലെ ഒരു പതിറ്റാണ്ട് മണ്ണും വെള്ളവും ചുമന്നാണ് പാറപ്പുറത്ത് ഇങ്ങനെയൊരു കൃഷിയിടം ഒരുക്കിയത്.

പത്ത് വര്‍ഷം കൊണ്ടാണ് ഇപ്പോള്‍ കാണുന്ന കൃഷി ഒരുക്കിയത്. മഴയില്‍ ഒലിച്ച് വരുന്ന മണ്ണ് ചാല് വെട്ടി തടഞ്ഞു നിര്‍ത്തും. അതിനെ ചട്ടിയില്‍ കോരി തലച്ചുമടായി പാറപ്പുറത്തെത്തിക്കും. മണ്ണ് പാറപ്പുറത്തേക്ക് കയറ്റുന്നത് അല്പം ശ്രമകരമാണ്. ഇപ്പോള്‍ എത്ര ലോഡ് മണ്ണ് പാറപ്പുറത്തെത്തിച്ചുവെന്ന് എനിക്ക് തന്നെ നിശ്ചയമില്ല.

രാവിലെ വെളിച്ചം വീഴുന്നത് മുതല്‍ പണി തുടങ്ങും. തളരും വരെ മണ്ണ് ചുമക്കും. ക്ഷീണിക്കുമ്പോള്‍ കുറച്ച് നേരം വിശ്രമിക്കും. പിന്നെ വെള്ളം കോരി പാറപ്പുറത്തെത്തിച്ച് ചെടി നനയ്ക്കും. മറ്റെന്തൊക്കെ പരിപാടികള്‍ മാറ്റി വച്ചാലും ഈ കാര്യങ്ങളില്‍ ഒരിക്കലും മാറ്റം വരുത്താറില്ല. പുതിയ ചെടികള്‍ക്ക് വേണ്ടി മണ്ണ് എത്തിക്കുന്നതിനൊപ്പം മറ്റുള്ളവയ്ക്ക് വെള്ളം എത്തിക്കുന്നതും നല്ല ജോലിയാണ്.

ദിവസം 50 തൊട്ടി വെള്ളമെങ്കിലും പാറപ്പുറത്തേക്ക് ചുമന്ന് കയറ്റണം. എന്നാലേ ഒരു വിധം നനയ്ക്കാന്‍ കഴിയൂ. ഒരു വഴുതന ചെടി നട്ട് തുടങ്ങിയതാണ്. ഇന്നിപ്പോള്‍ എന്റെ കൃഷിയിടത്തില്‍ ഇല്ലാത്ത പച്ചക്കറികളില്ല. എന്റെ ചോര നീരാക്കിയാണ് തങ്ങളെ പോറ്റുന്നതെന്ന് ചെടികള്‍ക്കറിയാം.

അതുകൊണ്ട് എല്ലാവരും എനിക്ക് നല്ല വിളവും തരുന്നുണ്ട്. വിഷം തളിക്കാത്ത ഈ പച്ചക്കറികള്‍ തന്നെയാണ് ഈ എണ്‍പതാം വയസ്സിലും എന്റെ ആരോഗ്യരഹസ്യം. പാറപ്പുറത്ത് തലയുയര്‍ത്തി നില്‍ക്കുന്ന മാവിന്റെ തണലിലിരുന്ന് ഭാര്‍ഗ്ഗവിയമ്മ തന്റെ ജീവിതചര്യ വിവരിക്കുകയാണ്.

പാറപ്പുറത്ത് വിളയുന്ന പച്ചക്കറികള്‍ ഭാര്‍ഗ്ഗവിയമ്മ തന്റെ ആവശ്യം കഴിഞ്ഞാല്‍ പരിസരവാസികള്‍ക്ക് നല്‍കാറാണ് പതിവ്. വിളവ് കൂടുതല്‍ ലഭിക്കുന്ന മുറയ്ക്ക് മാര്‍ക്കറ്റിലും കൊടുക്കാറുണ്ട്.

മുകളില്‍ വെയിലിന്റെ ചൂടും താഴെ പൊള്ളുന്ന പാറയും കൃഷിക്ക് വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ പ്രായം തളര്‍ത്താത്ത പോരാട്ട വീര്യവുമായി ഭാര്‍ഗ്ഗവിയമ്മ കൂടുതല്‍ ഉഷാറാകും. കാഴ്ചക്കാര്‍ക്ക് ഈ ജീവിതം ഇന്നും ഒരത്ഭുതമാണ്.

ചിലപ്പോഴൊക്കെ ക്ഷീണം തോന്നും. പക്ഷേ ഈ വിളഞ്ഞ് നില്‍ക്കുന്ന പച്ചക്ക റികള്‍ കാണുമ്പോള്‍ എല്ലാം മറക്കും. കൂടുതല്‍ വിപുലമാക്കണമെന്ന തോന്നലാണ് പിന്നെ. ചില രാത്രികളില്‍ ഉറക്കം വരാത്തപ്പോള്‍ ഞാന്‍ ഇവിടെ പാറപ്പുറത്ത് വന്ന് കിടക്കും. ഈ പാറയോടും ചെടികളോടുമൊക്കെ വര്‍ത്തമാനം പറയും. അവരും എന്നോട് സംസാരിക്കും. അതാണ് എന്റെ സന്തോഷവും സമാധാനവും. ഭാര്‍ഗ്ഗവിയമ്മ പറയുന്നു.

uploads/news/2018/08/243969/bhrgavimuthsi280818c.jpg

വായനയില്ലാതെ ജീവിതമില്ല


ഭര്‍ത്താവ് 25 വര്‍ഷം മുന്‍പ് മരിച്ച ശേഷം ഭാര്‍ഗ്ഗവിയമ്മ തനിച്ചാണ് താമസം. കൃഷിയും അധ്വാനവും ഒറ്റയ്ക്ക് തന്നെ. കൃഷിയുമായി ബന്ധപ്പെട്ട സകല ക്ലാസുകള്‍ക്കും പോകും. ദേശീയ തലത്തിലുള്ള കൃഷിപരിപാടികളില്‍ പങ്കെടുക്കാനും രാഷ്്രടപതിയില്‍ നിന്ന് ഉപഹാരം സ്വീകരിക്കാനുമെല്ലാം ഈ കാലത്തിനിടയ്ക്ക് ഭാര്‍ഗ്ഗവിയമ്മയ്ക്ക് സാധിച്ചു.

പച്ചക്കറി കൃഷിക്കൊപ്പം തേനീച്ച വളര്‍ത്തല്‍, സോപ്പ് നിര്‍മ്മാണം എന്നിവയും ഭാര്‍ഗ്ഗവിയമ്മയുടെ നേരമ്പോക്കില്‍ പെടും. എന്നാല്‍ ജീവിതത്തില്‍ നിന്ന് ഒരിക്കലും ഒഴിവാക്കാനാകാത്ത മറ്റൊരു ശീലം കൂടിയുണ്ട് ഭാര്‍ഗ്ഗവിയമ്മയ്ക്ക്, പുസ്തകവായന.

എനിക്ക് ഒറ്റയ്ക്ക് താമസിക്കാനാണ് ഇഷ്ടം. മക്കളുടെ കൂടെ പോയി അവരുടെ അമ്മയായി വീട്ടിനുള്ളില്‍ അടച്ചു പൂട്ടി നടു നിവര്‍ത്തി ഇരിക്കാന്‍ കഴിയും. പക്ഷേ ആ ജീവിതം കൊണ്ട് എന്തര്‍ത്ഥം? ഈ കൃഷിയും അത് തരുന്ന സംതൃപ്തിയും മറ്റെവിടെ നിന്ന് കിട്ടും? കൃഷിപ്പണി കഴിഞ്ഞുള്ള സമയത്ത് തേനീച്ച വളര്‍ത്തലും സോപ്പ് നിര്‍മ്മാണവുമൊക്കെ ചെയ്യും. ഇതൊക്കെയുണ്ടെങ്കിലും പുസ്തകവായന ഇല്ലാതെ എനിക്ക് ജീവിക്കാനാവില്ല.

ഉറക്കം പോലുമില്ലാതെ ചിലപ്പോള്‍ വായനയില്‍ മുഴുകിപ്പോകും. വായനശാലയിലെ മുഴുവന്‍ പുസ്തകങ്ങളും വായിച്ചു തീര്‍ത്തു. വായനാശീലത്തിന്റെ പേരില്‍ ഒട്ടേറെ അനുമോദനങ്ങളും ലഭിച്ചിട്ടുണ്ട്. രണ്ടാമൂഴമാണ് ഏറ്റവും പ്രിയപ്പെട്ട പുസ്തകം.

ഭാര്‍ഗ്ഗവിയമ്മയും വെള്ളരിപ്പാറയും കാഴ്ചക്കാരുടെ മുന്നില്‍ ഇന്ന് അത്ഭുതമാണ്. സന്തോഷവും സങ്കടവും സൗഹൃദവും നിറഞ്ഞ ജീവിതയാത്ര. ത്യാഗവും സ്‌നേഹവും അദ്ധ്വാനവും നിറഞ്ഞ ജീവിത മാതൃക... അങ്ങനെയങ്ങനെ പരസ്പരം സ്‌നേഹിച്ച് ജീവിക്കുന്ന ഭാര്‍ഗ്ഗവിയമ്മയും വെള്ളരിപ്പാറയും കണ്ണമ്പള്ളി നിവാസികളുടെ കണ്ണിലുണ്ണികളായി മാറി.

മനസില്‍ അക്ഷരങ്ങളുടെ വിശാല ലോകവും, പ്രവൃത്തിയില്‍ ത്യാഗത്തിന്റെ പുതിയൊരധ്യായവും രചിച്ച് ഭാര്‍ഗ്ഗവിയമ്മ മണ്ണിനെ മറക്കുന്ന മനുഷ്യര്‍ക്ക് മുന്നില്‍ അദ്ധ്വാനത്തിന്റെ വഴി തെളിക്കുകയാണ്. വിഷമയമായ പച്ചക്കറികള്‍ കഴിച്ച് രോഗാതുരമായി തീര്‍ന്ന സമൂഹത്തിന് ഭാര്‍ഗവിയമ്മ അതുല്യ മാതൃകയാണ്. മണ്ണിന്റെ മനസറിഞ്ഞ ഭാര്‍ഗ്ഗവിയമ്മയുടെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് നമുക്കും പോകാം, ആരോഗ്യമുള്ള വരും തലമുറയ്ക്കായി...!

ദീപു ചന്ദ്രന്‍

Ads by Google
Tuesday 28 Aug 2018 03.43 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW