ഹോങ്കോംഗിലേക്ക് കുടിയേറ്റാന്‍ മറുനാട്ടുകാര്‍ നാട്ടുകാരികളായ യുവതികളെ തട്ടിപ്പ് വിവാഹത്തിന് ഇരകളാക്കുന്നു. നിയമപരമായ രീതിയിലുള്ള വിവാഹം നടത്തിയ ശേഷം ഭര്ത്താക്കന്മാര് മുങ്ങുന്നതും പല കല്യാണത്തിലും പെണ്‍കുട്ടികള്‍ക്ക് ആരാണ് തങ്ങളെ വിവാഹം കഴിച്ചതെന്ന് പോലും അറിയാന്‍ കഴിയാത്ത സ്ഥിതി വരുന്നതായിട്ടുമാണ് റിപ്പോര്‍ട്ട്. ഇത്തരം വിവാഹം നടത്താന്‍ തട്ടിപ്പ് സ്ഥാപനങ്ങള്‍ ഉണ്ടെന്നും ബ്യൂട്ടീഷ്യന് കോഴ്സുകള്‍ പോലെയുള്ള കാര്യങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ച് കോഴ്സിന്റെ ഭാഗം എന്ന നിലയിലാണ് തട്ടിപ്പ് വിവാഹങ്ങള്‍ നടത്തുന്നതെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ഓരോ വര്‍ഷവും അതിര്‍ത്തി കടക്കാന്‍ ശരാശരി 1000 തട്ടിപ്പു വിവാഹങ്ങള്‍ ഹോങ്കോംഗില്‍ നടക്കുന്നുണ്ടെന്നാണ് ഹോങ്കോംഗ് പോലീസ് പറയുന്നത്. ഹോങ്കോംഗിലെ പങ്കാളികളെ വിവാഹം കഴിച്ച ശേഷം അവരുമായുള്ള വൈവാഹിക ബന്ധത്തിന്റെ രേഖകള്‍ നഗരത്തിലുള്ള സ്ഥിരതാമസത്തിന് മുതലാക്കുന്നതാണ് രീതി. ഹോങ്കോംഗിലെ അനേകം ചൈനീസ് പെണ്‍കുട്ടികളാണ് ഈ രീതിയില്‍ തട്ടിപ്പിനിരയാകുന്നത്്. പല വിവാഹത്തിലും വിവാഹരേഖകളെല്ലാം നിയമപരം ആണെങ്കിലും വരനും വധുവും തമ്മില്‍ തിരിച്ചറിയുകപോലുമില്ലത്രേ.
മിക്ക വിവാഹങ്ങളും ഹോങ്കോംഗിന് പുറത്താണ് നടക്കാറുള്ളത്. പ്രായപൂര്‍ത്തിയാകുന്ന പല പെണ്‍കുട്ടികളും സാഹചര്യത്തെക്കുറിച്ച് ഒരു വിവരവുമില്ലാതെയാണ് ഈ തട്ടിപ്പിന് ഇരകളാകുന്നത്. വിവാഹിതകളായ ഇവര്‍ക്ക് പിന്നീട് വിവാഹമോചനത്തിന് അപേക്ഷിക്കാമെങ്കിലും വിവാഹശേഷം വരന് ഹോങ്കോംഗില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആരാണ് തന്നെ വിവാഹം കഴിച്ചതെന്ന് പോലും പെണ്‍കുട്ടികള്‍ക്ക് അറിയാന്‍ കഴിയാറില്ല. മേക്കപ്പ് ആര്‍ടിസ്റ്റ് അപ്രന്റീസ് ഷിപ്പിന് ഫേസ്ബുക്കിലെ ലിസ്റ്റ് കണ്ടാണ് മെയ് യില്‍ 21 കാരി അപേക്ഷിച്ചത്. അത് കഴിഞ്ഞപ്പോള്‍ തന്നെ വെഡ്ഡിംഗ് പ്ളാനര്‍ റോളിലേക്കാണ് എടുക്കുന്നതെന്നുംസ്ഥാപനം പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചു.
ഹോങ്കോംഗില്‍ ഒരാഴ്ച സൗജന്യ പരിശീലനം നല്‍കിയശേഷം കോഴ്സിന്റെ ഭാഗമായി ചൈനയിലെ പ്രവിശ്യയായ ഫുഷുവില്‍ വിവാഹം അഭിനയിക്കണമെന്ന് യുവതിയോട് സ്ഥാപനം ആവശ്യപ്പെട്ടു. എല്ലാം നിയമാനുസൃതം ആയിരിക്കുമെന്നും ചടങ്ങ് കഴിഞ്ഞ് ഈ വിവാഹം നിയമപരമല്ലാതാകുമെന്നും മുന്‍കൂട്ടി പറയുകയും ചെയ്തിരുന്നു. എല്ലാം കഴിഞ്ഞ് ഹോങ്കോംഗില്‍ തിരിച്ചെത്തിയപ്പോള്‍ ഒരു സഹപാഠിയാണ് അത് ഒരു തട്ടിപ്പ് വിവാഹമാണെന്ന് പറഞ്ഞത്. വിവാഹമോചനത്തിന് ഇപ്പോള്‍ അപേക്ഷ നല്കാമെങ്കിലൂം ആരാണ് തന്നെ വിവാഹം ചെയ്തതെന്ന് പോലും അറിയില്ല.!!
മറ്റൊരു പെണ്‍കുട്ടിയെയും വെഡ്ഡിംഗ് പ്ളാനര്‍ കോഴ്സിന്റെ ഭാഗമായി വധുവായി അഭിനയിക്കേണ്ടി വന്നു. വിവാഹത്തിനിടയില്‍ വധുവും വരനും ഒപ്പിടുക വരെ ചെയ്തു. വിവാഹം കഴിഞ്ഞ് ഹോങ്കോംഗില്‍ എത്തുമ്പോഴാണ് ഹോങ്കോംഗില്‍ പ്രവേശിക്കാന്‍ ആര്‍ക്കോ വേണ്ടി തട്ടിപ്പ് വിവാഹത്തിന് ഇരയാകുകയണെന്ന് ഇവര്‍ അറിഞ്ഞത്. കാര്യങ്ങള്‍ അറിഞ്ഞ ശേഷം നിയമസഹായം നേടാമെന്ന് വിചാരിച്ചാല്‍ കുറ്റകൃത്യം നടത്തിയതിന്റെ ഒരു തെളിവും ഇല്ലാത്തതിനാല്‍ പോലീസിന് കേസെടുക്കാന്‍ കഴിയാറില്ല. വിവാഹത്തട്ടിപ്പിന്റെ ഏറ്റവും പുതിയ രൂപമാണ് ഇതെന്നാണ് ഹോങ്കോംഗ് ഫെഡറേഷന് ഓഫ് ട്രേഡ് യൂണിയന് പറയുന്നത്.