Wednesday, December 19, 2018 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 04.03 PM

തിരിച്ചറിയാം നല്ല കൂട്ടുകാരെ

''നല്ല സൗഹൃദങ്ങള്‍ കണ്ടെത്തേണ്ടതെങ്ങനെയെന്നും എക്കാലവും നിലനിര്‍ത്തേണ്ടതെങ്ങനെയെന്നും കുട്ടികളെ പഠിപ്പിക്കാം.''
uploads/news/2018/08/244562/parentingfrndship300818.jpg

നിറമുള്ള സൗഹൃദങ്ങള്‍ ജീവിതത്തിലെ വലിയ സമ്പാദ്യങ്ങളാണ്. സ്‌കൂള്‍ പഠനകാലത്തെ സൗഹൃദങ്ങള്‍ ജീവിതത്തിലുടനീളം നല്ല അനുഭവങ്ങള്‍ സമ്മാനിക്കും. എന്നാല്‍ ചിലപ്പോള്‍ അനുയോജ്യരല്ലാത്ത സുഹൃത്തുക്കളെ തെരഞ്ഞെടുത്താല്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവും. നല്ലൊരു സൗഹൃദം എങ്ങനെയാവണം? അതെക്കുറിച്ച് കൂടുതലറിയാം...

അംഗീകരിക്കാനുള്ള മനസ്സ്


ഒരു നല്ല സൗഹൃദത്തിന് വേണ്ട പ്രധാന ഗുണമാണ് പരസ്പരം അംഗീകരിക്കാനുള്ള കഴിവ്. സാമ്പത്തികമായി അല്പം പിന്നോക്കം നിന്നാലും, പഠനത്തില്‍ അത്ര മികവ് പുലര്‍ത്തുന്നില്ലെങ്കിലും സൗഹൃദം എന്നും ഒരേ പോലെയായിരിക്കണം.

കഴിവും കുറവും തിരിച്ചറിഞ്ഞ്, എല്ലാത്തിനേയും അംഗീകരിച്ചാല്‍ നല്ലൊരു സൗഹൃദം ഉടലെടുക്കും. കൂട്ടുകാരന്‍ എ ന്തെങ്കിലും തെറ്റ് ചെയ്താല്‍ അതിന്റെ പേരില്‍ കുറ്റപ്പെടുത്തി മനസ്സ് മടുപ്പിക്കുന്ന സുഹൃത്തുക്കളുണ്ട്. തെറ്റുകള്‍ തുറന്ന് പറയണം. എന്നാല്‍ സ്‌നേഹശാസനയിലുള്ള തിരുത്തലുകളാണ് ആവശ്യം. കുറ്റപ്പെടുത്താന്‍ മാത്രം ആഗ്രഹിക്കുന്ന സുഹൃത്തിനെ ആരും ആഗ്രഹിക്കില്ല.

ഒപ്പത്തിനൊപ്പം


എന്താവശ്യത്തിനും എപ്പോഴും ആശ്രയിക്കാന്‍ കഴിയുന്നൊരാളാവും നല്ല സുഹൃത്ത്. ഓരോ സമയത്തും ഓരോ സ്വഭാവം പ്രകടിപ്പിക്കുന്നവരാകരുത് നല്ല സുഹൃത്ത്. ഉയര്‍ച്ചയിലും താഴ്ചയിലും കൂടെ നില്‍ക്കുന്ന സുഹൃത്തുക്കള്‍ ഏതവസ്ഥയിലും ആത്മവിശ്വാസം പകരും.

എല്ലാകാര്യത്തിലും നന്മ മാത്രം ആഗ്രഹിച്ച് പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കള്‍ ഒപ്പമുള്ളത് ധൈര്യം നല്‍കുന്ന കാര്യമാണ്. ഉയര്‍ച്ചകള്‍ മാത്രം വരുമ്പോള്‍ കൂടെനില്‍ക്കുകയും പ്രതിസന്ധി ഘട്ടങ്ങളില്‍ അപ്രത്യക്ഷനാകുകയും ചെയ്യുന്നത് നല്ല സുഹൃത്തിന്റെ സ്വഭാവമല്ല.

വിശ്വാസമാണ് പ്രധാനം


എത്ര നിസ്സാര കാര്യമായാലും വിശ്വസിച്ച് പറയുന്ന കാര്യങ്ങള്‍ മൂന്നാമതൊരാള്‍ അറിയാതെ മനസ്സില്‍ സൂക്ഷിക്കുന്നവരാണു നല്ല സുഹൃത്ത്. സ്വന്തം താല്പര്യങ്ങള്‍ക്കായി ഒപ്പം നില്‍ക്കുന്നവരും സാഹചര്യങ്ങള്‍ മുതലെടുക്കുന്നവരും ഒരിക്കലും നല്ല സുഹൃത്താകില്ല.

ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളില്‍ കൈത്താങ്ങായി നിലനില്‍ക്കുകയും, സമയത്തിനോ പണത്തിനോ കണക്ക് പറയാത്ത, പ്രതീക്ഷകളില്ലാതെ സഹായിക്കുന്ന ഒരാള്‍ക്കേ നല്ല സുഹൃത്താകാന്‍ പറ്റൂ.

സത്യസന്ധത പാലിക്കുക


സൗഹൃദത്തില്‍ പൂര്‍ണമായും സത്യസന്ധത പുലര്‍ത്തുകയെന്നതാണ് നല്ലൊരു സുഹൃത്തിന്റെ ഗുണം. വാക്ക് പാലിക്കാതിരുന്നാല്‍ അതിന്റെ കൃത്യമായ കാരണങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയണം. അങ്ങനെ ചെയ്യുന്നവര്‍ നല്ല സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരാവും. ബന്ധങ്ങള്‍ നിലനിര്‍ത്താനോ വിശ്വാസ്യത നേടിയെടുക്കാനോ വേണ്ടി കള്ളം പറയാന്‍ നല്ല സുഹൃത്ത് തയാറാവില്ല.

പറയുന്ന കാര്യങ്ങളിലും ബന്ധങ്ങളിലും അങ്ങേയറ്റം സത്യസന്ധതയും വിശ്വാസവും നിലനിര്‍ത്തുന്നതായിരിക്കണം ഒരു നല്ല സുഹൃത്തിന്റെ ഗുണം.

നല്ല ശ്രോതാവാകുക


സന്തോഷങ്ങളും പ്രയാസങ്ങളും കേള്‍ക്കാന്‍ ഒരാള്‍ ഉണ്ടാകുന്നത് എല്ലാവര്‍ക്കും ആശ്വാസം നല്‍കുന്ന കാര്യമാണ്. ഒരു നല്ല ശ്രോതാവില്ലാത്തതാണ് പലരുടെയും പ്രധാന പ്രശ്നം. എന്തെങ്കിലും സുപ്രധാന കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കേണ്ട സന്ദര്‍ഭങ്ങളില്‍ സുഹൃത്തുക്കളുടെ അഭിപ്രായം ഏറെ ഗുണം ചെയ്യും.

ഇത്തരം സാഹചര്യങ്ങളില്‍ ആത്മാര്‍ഥ സുഹൃത്തി നെ ശ്രോതാവായി ലഭിക്കുന്നത് ആശ്വാസമാകും. അതുകൊണ്ട് തന്നെ നല്ല കേള്‍വിക്കാരനായിരിക്കുകയെന്നത് ഉത്തമ സുഹൃത്തിന്റെ ലക്ഷണമാണ്.

പ്രിയ സുഹൃത്തിന്റെ പ്രശ്നങ്ങള്‍ സ്വന്തം പ്രശ്നങ്ങളുടെ അതേ പ്രാധാന്യത്തോടെ കണ്ടുകൊണ്ട് ക്ഷമയോടെ, ശ്രദ്ധയോടെ കേട്ടിരിക്കാന്‍ കഴിയണം. വിഷമസന്ദര്‍ഭങ്ങളില്‍ ഒഴിവ് കഴിവ് പറഞ്ഞ് മാറിനില്‍ക്കാനോ, ശ്രദ്ധിക്കുന്നതായി അഭിനയിക്കാനോ നല്ല സുഹൃത്തുക്കള്‍ ശ്രമിക്കാറില്ല. ഏതു സന്ദര്‍ഭത്തിലും സംസാരിക്കാനും കാര്യങ്ങള്‍ കേള്‍ക്കാനും നല്ല സുഹൃത്തുക്കള്‍ തയ്യാറായിരിക്കും.

സ്വകാര്യതയെ മാനിക്കണം


സൗഹൃദങ്ങളിലും ഓരോ വ്യക്തിക്കും അവരുടേതായ സ്വകാര്യതകളുണ്ട്. നമ്മുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് പെരുമാറാന്‍ നല്ല സുഹൃത്തിനെ കഴിയൂ. സൗഹൃദത്തിന്റെ പേരില്‍ എല്ലാകാര്യത്തിനും അനുവാദം ചോദിക്കാതെ ഇടിച്ചു കയറുന്ന സ്വഭാവം നല്ല സൗഹൃദങ്ങളില്‍ ഉണ്ടാകില്ല.

എന്തെങ്കിലും കാര്യങ്ങള്‍ ആത്മാര്‍ഥ സുഹൃത്ത് പങ്കുവച്ചില്ലെന്ന പരിഭവത്താല്‍ ദിവസങ്ങളോളം പിണങ്ങി നല്ല സൗഹൃദം ഇല്ലാതാക്കുന്നവരുണ്ടാകും. വ്യക്തിപരമായ പല കാര്യങ്ങളും ഓരോരുത്തരുടെ ജീവിതത്തിലും ഉണ്ടാകും. അതൊക്കെ അറിയണമെന്ന വാശി സൗഹൃദത്തില്‍ കാണിക്കരുത്.

വ്യക്തികളെക്കുറിച്ചോ സാഹചര്യങ്ങളെക്കുറിച്ചോ സുഹൃത്തുക്കള്‍ തുറന്നു പറയുമ്പോള്‍ മാത്രം അറിയാന്‍ ശ്രമിക്കുക. ഓരോരുത്തരുടേയും സ്വകാര്യതകളെ മാനിക്കുന്നവരായിരിക്കണം നല്ല സുഹൃത്ത്. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടി സൗഹൃദം കൂടുന്നവരല്ല നല്ല ചങ്ങാതികള്‍. തിരക്കുകളും പ്രശ്നങ്ങളും മാറ്റിവച്ച് അവരുടെ ജീവിതത്തില്‍ നമുക്കുള്ള പ്രാധാന്യത്തെ ഇടയ്ക്കിടെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കണം. അതാണ് ഒരു നല്ല സുഹൃത്തിന്റെ കടമ.

സൗഹൃദം പുതുക്കുന്നവര്‍


നല്ല സുഹൃത്തുക്കള്‍ സൗഹൃദത്തെ നിരന്തരം പുതുക്കിക്കൊണ്ടിരിക്കും. നമ്മുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്, ഓര്‍ത്തിരുന്ന് നമ്മളെ വിളിക്കുകയും സഹായിക്കുകയും ചെയ്യുന്നവരായിരിക്കും യഥാര്‍ഥ സുഹൃത്ത്.

നമ്മള്‍ അങ്ങോട്ട് വിളിച്ചാലേ ഇങ്ങോട്ട് വിളിക്കൂ എന്ന പിടിവാശി സൗഹൃദത്തിലുണ്ടാകില്ല. ഫോണിലൂടെയോ, മെയിലിലൂടെയോ, കത്തിലൂടെയോ, മറ്റ് സോഷ്യല്‍ നെറ്റുവര്‍ക്ക് സൈറ്റുകളിലൂടെയോ സുഖവിവരങ്ങള്‍ അറിയാനുള്ള താല്‍പര്യവും സന്തോഷവും നല്ല സുഹൃത്തുക്കള്‍ പ്രകടിപ്പിക്കും.

പരസ്പരമുള്ള സഹകരണം സുഹൃത്ത് ബന്ധങ്ങളില്‍ നിരന്തരം ഉണ്ടാകണം. അകല്‍ച്ചകള്‍ ഉണ്ടായാല്‍ എത്രയും വേഗം അവയൊക്കെ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയും
വേണം.

വര്‍ഷങ്ങളായി കാണാതിരുന്ന സുഹൃത്തുക്കളൊത്തു കൂടാന്‍ ഒരു ഗെറ്റ് റ്റുഗെദറോ, റിയൂണിയനോ ഒക്കെ നടത്തി സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിക്കണം. പിണക്കങ്ങളും പരിഭവങ്ങളും മറക്കാനും സൗഹൃദത്തിന് ആഴമുണ്ടാക്കാനുമത് സഹായിക്കും. Friendship is blessing എന്ന ആപ്തവാക്യം ഒരിക്കലും മറക്കാതിരിക്കുക.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Thursday 30 Aug 2018 04.03 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW