ലോകമെമ്പാടും ഏറ്റവും കൂടുതല്‍ നടക്കുന്ന ശസ്ത്രക്രിയകളില്‍ ഒന്നാണ് സിസേറിയന്. സ്വാഭാവിക പ്രസവം സാധ്യമല്ലാത്ത സാഹചര്യത്തില്‍ ഗര്‍ഭപാത്രം തുറന്ന് വയറു വഴി കുഞ്ഞിനെ പുറത്തെടുക്കുന്ന ശസ്ത്രക്രിയയാണിത്. അമ്മയുടെയും കുഞ്ഞിന്റെയും ജീവന് രക്ഷിക്കാനുള്ള അന്തിമമാര്ഗ്ഗമായിട്ടാണ് മുന്‍കാലങ്ങളില്‍ സിസേറിയനെ കണ്ടിരുന്നത്.
എന്നാലിന്ന് സുരക്ഷിത മാര്‍ഗ്ഗമെന്ന നിലയിലാണ് സിസേറിയനെ പലരും കരുതുന്നത്. നോര്‍മല്‍ ഡെലിവറിയെക്കാള്‍ സുരക്ഷിതത്വം സിസേറിയനാണ് എന്ന ചിന്ത തന്നെയാണ് ഡോക്ടര്‍മാരും പങ്കുവയ്ക്കുന്നത്.
ആരോഗ്യമുള്ള ഒരു കുഞ്ഞിനെ സുരക്ഷിതമായി കിട്ടണം എന്ന ആഗ്രഹത്തിലാണ് പലരും സിസേറിയന് തെരഞ്ഞെടുക്കുന്നത്. വൈദ്യചികിത്സാരംഗത്തെ മുന്നേറ്റം ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളും സങ്കീര്‍ണതകളും മനസ്സിലാക്കാന്‍ ഇപ്പോള്‍ കഴിയും.
അതുമൂലം ചെറിയ പ്രശ്നങ്ങള്‍ക്ക് തന്നെ സിസേറിയന് എല്ലാവരും തെരഞ്ഞെടുക്കുന്നു. സിസേറിയന്റെ എണ്ണം കൂടാന്‍ ഈ മനോഭാവവും ഒരു കാരണമാണ്.
ഗര്‍ഭിണിയെ അനസ്തേഷ്യ നല്കി അബോധാവസ്ഥയില്‍ എത്തിക്കുന്നതാണ് സിസേറിയന്റെ ആദ്യഘട്ടം. അനസ്തേഷ്യ നട്ടെല്ലില്‍ കുത്തിവച്ച് ശസ്ത്രക്രിയ ചെയ്യുന്നതാണ് ഏറ്റവും സുരക്ഷിതം. ശസ്ത്രക്രിയാസമയത്ത് രോഗി പൂര്‍ണമായും സുബോധാവസ്ഥയിലാവുകയും രക്തസ്രാവം കുറയുകയും ചെയ്യും.
കുഞ്ഞിനെ പുറത്തെടുത്ത ഉടന്‍ തന്നെ അമ്മയ്ക്ക് കുഞ്ഞിനെ കാണാന്‍ കഴിയുമെന്നതാണ് ഒരു ഗുണം. ശാരീരിക പ്രശ്നങ്ങളോ മറ്റോ കാരണം ഇത്തരത്തില്‍ അനസ്തേഷ്യ നല്കാന് പറ്റാത്ത അവസ്ഥയിലാണെങ്കില്‍ ജനറല്‍ അനസ്തേഷ്യയാണ് നല്‍കുന്നത്.
ഇത് ചെയ്യുമ്പോള്‍ ആമാശയത്തില്‍ നിന്നു ശ്വാസനാളത്തിലേക്ക് ആഹാരത്തിന്റെ അംശം കയറി അവസ്ഥ സങ്കീര്‍ണമാവാന്‍ സാധ്യതയുണ്ട്. ഈ രീതിയില്‍ ലുള്ള ഓപ്പറേഷന് രക്തസ്രാവവും കൂടുതലാണ്.
സാധാരണ രണ്ടു തരത്തിലുള്ള സിസേറിയനാണ് ചെയ്യാറ്. ലോവര്‍ സെഗ്മെന്റ് ഓപ്പറേഷനും, അപ്പര്‍ സെഗ്മെന്റ് ഓപ്പറേഷനും. ലോവര്‍ സെഗ്മെന്റ് ഓപ്പറേഷനില്‍ പൊക്കിളിന്റെ അടിഭാഗത്തു നിന്നു നേരെ കീഴോട്ട് ഉദരം രണ്ടായി പിളര്‍ന്നാണ് ഓപ്പറേഷന് ചെയ്യുന്നത്. ഈ ഭാഗത്ത് സലൈന്‍ സൊലൂഷനില്‍ മുക്കിയ തുണി വച്ച് സംരക്ഷിക്കുന്നു.
ശേഷം കുടലുകള്‍ ഒരു വശത്തേക്ക് മാറ്റി സോയന്‍സ് റിട്രേക്ടറ്റര്‍ എന്ന ഉപകരണം കൊണ്ട് പിളര്‍ന്ന ഭാഗത്തെ ഉള്‍ഭിത്തികള്‍ സാവധാനത്തില്‍ വലിച്ച് വികസിപ്പിക്കുന്നു. പിന്നീട് പൊരിട്ടോണിയം കീറിയ ശേഷം മൂത്രാശയം താഴേക്ക് അമര്‍ത്തും.
ഗര്‍ഭാശയത്തിന്റെ കീഴ്ഭാഗം ഏകദേശം ഒമ്പത് സെന്റീമീറ്റര്‍ കീറിയാണ് കുട്ടിയെ പുറത്തെടുക്കുന്നത്. പൊക്കിള്‍ക്കൊടി മുറിച്ച് കെട്ടിയ ശേഷം മറുപിള്ള നീക്കുന്നു. ശേഷം ഗര്‍ഭാശയവും ഉദര ഭാഗവും തുന്നിക്കെട്ടുന്നു.
പൊക്കിളിന് അല്പം മുകളില്‍ കീറി യാണ് അപ്പര്‍ സെഗ്മെന്റ് ശസ്ത്രക്രിയ. ഗര്‍ഭാശയം 10 സെന്റീമീറ്റര്‍ നെടുകെ കീറി ഡോക്ടറുടെ ഒരു കൈ ഗര്‍ഭാശയത്തിനുള്ളില്‍ കടത്തി ശിശുവിന്റെ കാലുകള്‍ പിടിച്ചു പുറത്തേക്കെടുക്കുകയാണ് ചെയ്യുന്നത്. അപ്പര്‍ സെഗ്മെന്റ് ശസ്ത്രക്രിയയാണ് കൂടുതല്‍ ചെയ്യുന്നത്.
ഇതൊരു മേജര്‍ സര്‍ജറി ആയതിനാല്‍ സാധാരണ ശസ്ത്രക്രിയയുടെ എല്ലാ സങ്കീര്‍ണതകളും സിസേറിയനും ഉണ്ട്. സിസേറിയന് പൂര്‍ണ്ണമായും വേദന മുക്തമാണ് എന്നത് തെറ്റായ ധാരണയാണ്. അനസ്തേഷ്യയുടെ മയക്കം വിട്ടുമാറി കഴിഞ്ഞാല്‍ അസഹ്യമായ വേദന ഉണ്ടാകും. അനങ്ങുമ്പോഴും നടക്കുമ്പോഴും വേദന കൂടും.
മുറിവില്‍ അണുബാധ ഉണ്ടായാല്‍ ജീവന് തന്നെ അപകടത്തിലാകും. ഭാരം എടുക്കുന്നതിനും കഠിനജോലികള് ചെയ്യുന്നതിനും ആഴ്ചകള്‍ വേണ്ടി വരും. ആദ്യത്തെ തവണ സിസേറിയന് കഴിഞ്ഞ് വീണ്ടും ഗര്‍ഭിണിയാകുമ്പോള്‍ പ്രസവത്തിനു മുമ്പായി മുറിവു വിട്ടുപോകാനുള്ള സാധ്യതയുണ്ട്.
അതിനാല്‍ രണ്ടാമത്തെ പ്രസവവും സിസേറിയന് നടത്തേണ്ടി വരും. എന്നാല്‍ ഇത്തരം ചിന്താഗതികള്‍ക്ക് വലിയ മാറ്റം വന്നിരിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.