Tuesday, June 25, 2019 Last Updated 14 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.39 AM

പുരുഷധനം

uploads/news/2018/09/247067/sun3.jpg

'ഇതും കൂടി കൂട്ടി 141- ാമത്‌ പെണ്ണ്‌ കാണലാണ്‌, ഇതെങ്കിലും നടന്നാല്‍ മതിയായിരുന്നു'.ഒരു ദീര്‍ഘ നിശ്വാസത്തോടെ അയാള്‍ പറഞ്ഞു നിര്‍ത്തി. ആധുനിക ലോകം പുരോഗതി പ്രാപിക്കുമ്പോള്‍ ചില ദോഷങ്ങളും ഉണ്ടാകണമല്ലോ?
ജനിക്കാനിരിക്കുന്ന കുഞ്ഞ്‌ ആണോ പെണ്ണോ എന്ന്‌ മുന്‍കൂട്ടി കണ്ടെത്താം. ലോകം ആവേശത്തോടെ അതും സ്വീകരിച്ചു.
കൂട്ടുകുടുംബത്തില്‍ നിന്ന്‌ അണുകുടുംബത്തിലേക്കുള്ള വേഷപ്പകര്‍ച്ചയില്‍ എപ്പോഴോ ബന്ധങ്ങളെ പോലും തഴഞ്ഞുകളയുമ്പോള്‍ പുതിയ തലമുറയ്‌ക്ക്‌ ഇനിയെന്ത്‌ ചിന്തിക്കാന്‍?
ഉത്തരം അന്വേഷിച്ച്‌ അധികം നടേക്കണ്ടിവന്നില്ല പെണ്‍കുട്ടി ജനിച്ചാല്‍ ശരിയാണ്‌ എല്ലാം നഷ്‌ടം മാത്രം. വളര്‍ത്തി വലുതാക്കി വസ്‌ത്രം, ഭക്ഷണം, വിദ്യാഭ്യാസം, ചികിത്സ പിന്നെ പ്രായപൂര്‍ത്തി ആയാല്‍ നല്ല പയ്യനെ കണ്ടെത്തി നല്ല വില നല്‍കി കെട്ട്‌ കച്ചവടം ഉറപ്പിക്കണം.
നിരവധി ആവലാതികള്‍ ഉള്ളപ്പോള്‍ എന്തിന്‌ ഇതു കൂടി ചുമക്കണം. ''പെണ്‍കുട്ടിയാണേല്‍ ഞങ്ങക്ക്‌ വേണ്ട ഡോക്‌ടറെ.''
ഭാര്യയ്‌ക്കും ഭര്‍ത്താവിനും ഒരേ ഉത്തരം. പ്രകൃതിയുടെ നീതിയും നിയമവും തെറ്റിച്ച്‌ മനുഷ്യന്‍ അഹങ്കാരത്തിന്റെ തീച്ചൂള കൂട്ടുമ്പോള്‍ അയാളും ചിരിച്ചിരുന്നു. പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ആയിരുന്നു ഇപ്പോ അപ്പപ്പോള്‍ കിട്ടുന്നുണ്ട്‌ മക്കളേ... അകത്തേ മൂലയിലിരുന്ന്‌ മുത്തശ്ശി പല്ലിളിച്ചു.
ഒരു ചെറിയവീടിന്‌ സമീപത്ത്‌ കാറില്‍ വന്നിറങ്ങി. തിണ്ണയില്‍ ഇരുന്ന സ്‌ത്രീയോട്‌ ബ്രോക്കര്‍ ചോദിച്ചു.
'ഈ ദേവികേടത്തിയുടെ വീടെവിടാ ?'
'ഏടത്തിയോ...? ആരുടെ ഏടത്തി...?'
അപ്രതീക്ഷിത മറുപടി ആയിരുന്നു അത്‌.
'ക്ഷമിക്കണേ ഞങ്ങള്‍ അവരുടെ മകളെ പെണ്ണ്‌ കാണാന്‍ വന്നവരാ...?'
ഒരുവിധം പറഞ്ഞൊപ്പിച്ചു.
അവര്‍ പതറിയില്ല ചെറുതായി മന്ദഹസിച്ചു. എന്നിട്ട്‌ ചോദിച്ചു
'കയറ്‌ വല്ലതും കൊണ്ടുവന്നിട്ടുണ്ടോ?'
ഇവര്‍ക്ക്‌ എന്താ വട്ടാണോ? അയാള്‍ക്ക്‌ അരിശം വന്നു.
'ഞങ്ങള്‍ കന്നുകാലിയെ വാങ്ങാന്‍ വന്നവരല്ല, നിങ്ങള്‍ക്ക്‌ പറഞ്ഞുതരാമോ, അല്ലേ വേണ്ട' അയാള്‍ തിരികെ നടന്നു. 'നിക്ക്‌! 'ഒരു പതിഞ്ഞ സ്വരം.
അതേ സ്‌ത്രീയുടെ സ്വരം തെല്ല്‌ ശങ്കിച്ചെങ്കിലും അയാള്‍ നിന്നു. 'ദാ ഇതിലേ കയറി നടന്നാല്‍ മതി നേരെ പോകുമ്പോള്‍ വലതുവശത്ത്‌ കാണുന്ന വീടാണ്‌, ഓടിട്ട വീടാണ്‌ മുറ്റത്ത്‌ ടാര്‍പാ കെട്ടിയിട്ടുണ്ട്‌.'
അതുംപറഞ്ഞ്‌ അവര്‍ അകത്തേക്ക്‌ കയറി.
വീടിന്റെ താഴത്തെത്തിയപ്പോള്‍ അയാളുടെ മുഖത്ത്‌ ഒരു പ്രതീക്ഷ നിഴലിച്ചു.
കട്ട കെട്ടിയ ചുമര്‍, ചാണകം മെഴുകിയ തറ, ഓടിട്ട മേല്‍ക്കൂര, ടാര്‍പാ കെട്ടിയ തൂണുകള്‍ ചിതല്‍ തിന്ന്‌ തീരാറായി.
അയാളുടെ ചിന്തകള്‍ കുറച്ച്‌ പുറകോട്ടു പോയി. പണിക്കരുടെ കൂടെ അമ്മ കട്ട പിടിക്കുമ്പോള്‍ തീപ്പെട്ടി ബോക്‌സില്‍ പിടിച്ച കട്ടയാല്‍ നിര്‍മ്മിതമായ ഒരു കൊച്ചു കളിവീട്‌, വെയിലത്ത്‌ തിരിച്ചും മറിച്ചും ഇട്ട്‌ ഉണക്കണം, കല്ല്‌ പൊട്ടിച്ച്‌ തറ കെട്ടി, കട്ട കെട്ടി ചുമരുയരുമ്പോള്‍ എങ്ങോ പ്രതീക്ഷയുടെ പുഞ്ചിരി, ഓട്‌ മേഞ്ഞു, തറതല്ലി ഉപയോഗിച്ച്‌ തറ ഒരുക്കി, ചാണകം മെഴുകി.
ഓര്‍മ്മകള്‍ക്ക്‌ ഇടവേള നല്‍കി അയാള്‍ പകല്‍കിനാവുകള്‍ കണ്ടു തുടങ്ങി. ഇത്‌ നടക്കും. അയാളുടെ ചുണ്ടുകള്‍ ആരോടെന്നില്ലാതെ മന്ത്രിച്ചു. ദൂരത്ത്‌ അവരെ കണ്ടപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ എഴുന്നേറ്റു 'ദാ അവര്‍ വന്നു ട്ടോ ... '
'കയറി ഇരിക്കൂ.'
എന്തൊരെളിമ.. നേരത്തേകണ്ട സ്‌ത്രീയെ ഓര്‍ത്ത്‌ അയാള്‍ക്ക്‌ അരിശം വന്നു. 'അമ്മേ' അവന്‍ അകത്തേക്ക്‌ നോക്കി വിളിച്ചു, പ്ലേറ്റില്‍ ചായയുമായി മകളോടൊപ്പം അവര്‍ പുറത്തേക്ക്‌ വന്നു.
'എന്താ പേര്‌?'
'ലക്ഷ്‌മി'
'എന്ത്‌ വരെ പഠിച്ചു?'
'10' അവള്‍ പറഞ്ഞോപ്പിച്ചു
'എന്റെ പേര്‌ പ്രസാദ്‌. ഡിഗ്രി കഴിഞ്ഞു. ഇപ്പോള്‍ വയറിങ്‌ പണി ചെയ്യുന്നു.'
'എന്നെ... എന്നെ ഇഷ്‌ടായോ?'
അവള്‍ നിലത്ത്‌ ചിത്രം വരച്ചില്ല. നാണംകൊണ്ട്‌ പുളഞ്ഞുമില്ല. പകരം ഉള്ള്‌ നിറഞ്ഞ ചിരിയോടെ അകത്തേക്ക്‌ നടന്നു. അവള്‍ക്ക്‌ ഇഷ്‌ടമായെന്ന്‌ തോന്നുന്നു.
അകത്ത്‌ ഒരു പരുക്കന്‍ സ്വരം.
അര്‍ഥശങ്കയെ മാറ്റി അവന്‍ പറഞ്ഞു 'അച്‌ഛനാ... ഓ എന്ത്‌ പറ്റിയതാ...?'
'പണിക്കിടേ അപകടം പറ്റിയതാ പാതി തളര്‍ന്നുപോയി.
'ഓ...'
അയാള്‍ അദ്ദേഹത്തെ സഹതാപത്തോടെ നോക്കി. ഒരു നിമിഷം കൊണ്ട്‌ അയാള്‍ മനസ്സില്‍ അവള്‍ക്കായി താജ്‌മഹല്‍ പണിതീര്‍ത്തു. അപ്പോഴാണ്‌ അകത്തുനിന്ന്‌ ഒരു സ്വരം.
'അകത്ത്‌ കയറി ഇരിക്ക്‌. കാര്യങ്ങള്‍ ഇത്ര ആയ സ്‌ഥിതിക്ക്‌ നേരിട്ട്‌ സംസാരിക്കാം.' പയ്യനും ബ്രോക്കറും ബഞ്ചിലിരുന്നു, അച്‌ഛന്‍ സംസാരിച്ചു തുടങ്ങി.
'എന്താ പേര്‌?'
' പ്രസാദ്‌.'
'പ്രസാദേ എനിക്ക്‌ രണ്ട്‌ മക്കളുണ്ട്‌ മൂത്തത്‌ മോളാ ഇളയത്‌ മോനും. അവള്‍ക്ക്‌ ഒരു കുറവുമുണ്ടാകരുത്‌ അതുകൊണ്ട്‌ ചോദിക്കുവാ? അവള്‍ക്ക്‌ എന്ത്‌ കൊടുക്കും. നാളെ നിങ്ങള്‍ക്ക്‌ എന്തെങ്കിലും പറ്റിയാല്‍?' അദ്ദേഹം പറഞ്ഞുനിര്‍ത്തി.
പ്രസാദ്‌ സ്‌തംഭിച്ചു പോയി. പാതി കുടിച്ച ചായ ഗ്ലാസ്സ്‌ നിലത്ത്‌ വച്ചു എഴുന്നേറ്റ്‌ പതിയെ പുറത്തേക്ക്‌ നടക്കുമ്പോള്‍ അയാള്‍ ദാരുണമായി സഹോദരനെ നോക്കി മന്ദഹസിച്ചു. ഭൂമി കറങ്ങുന്നത്‌ അയാള്‍ക്ക്‌ കാണാമായിരുന്നു, കാലുകള്‍ക്ക്‌ ബലക്കുറവ്‌ അനുഭവപ്പെട്ടു. നേരത്തെ കണ്ട വീട്ടുമുറ്റത്ത്‌ അതേ സ്‌ത്രീ നില്‍ക്കുന്നു, കയ്യില്‍ കരുതിയ കയര്‍ നീട്ടി ചോദിച്ചു. 'ഇതിന്റെ കുറവ്‌ ഉണ്ടായിരുന്നല്ലേ...?'
അവര്‍ കൈ ചൂണ്ടിക്കാട്ടി. ഒരു ശവദാഹം കഴിഞ്ഞ സ്‌ഥലം.
അയാള്‍ അവരെ വീണ്ടും നോക്കി.
'എന്റെ മകനാ... അവനുറങ്ങുവാ... നിങ്ങള്‍ ശബ്‌ദിക്കരുത്‌ അവനുണരും. ഭയങ്കര ദേഷ്യമാണ്‌, അവന്‍ സ്‌നേഹിച്ച പെണ്ണിനെ കാണാന്‍ വന്നവരാണെന്ന്‌ അറിയും മുമ്പ്‌ പോയ്‌ക്കോ.' അവര്‍ ആജ്‌ഞാപിച്ചു. 'നശിച്ചു പോകട്ടെ ആണെന്നവര്‍ഗ്ഗം എങ്കിലേ പഠിക്കൂ.'
അവര്‍ ശാപവാക്കുകളുമായി നിലത്തിരുന്നു. നിഴല്‍പോലും തരിച്ച്‌ നില്‍ക്കവേ കാലത്തിന്റെ പ്രതികാരമോര്‍ത്ത്‌ ചുറ്റും മാതാപിതാക്കന്‍മാരുടെ അമര്‍ത്തിപ്പിടിച്ച തേങ്ങലുകള്‍ കേള്‍ക്കാമായിരുന്നു. ബാറുകളുടെയും വേശ്യാലയങ്ങളുടെയും മുന്നിലെ നീണ്ട നിര നോക്കി മാദക സുന്ദരിമാര്‍ ചിരിച്ചു...

നിതിന്‍ രാജന്‍

Ads by Google
Sunday 09 Sep 2018 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW