Tuesday, June 25, 2019 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.39 AM

വെള്ളപ്പൊക്കത്തിന്റെ നേര്‍ക്കാഴ്‌ചകള്‍ , കഥാകൃത്ത്‌ ഷൈന്‍ ഷൗക്കത്തലിയുടെ പ്രളയകാലസ്‌മരണകള്‍

uploads/news/2018/09/247071/sun2.jpg

പ്രളയസമയത്ത്‌ ഞാന്‍ കാക്കനാടായിരുന്നു. സ്വന്തം നാട്‌ തൃശ്ശൂരുള്ള കോലഴിയാണെങ്കിലും ജോലി കാക്കനാടായതിനാല്‍ അവിടെ തന്നെ ഒരു ഫ്‌ളാറ്റില്‍ ഒന്നാം ഫ്‌ളോറിലായിരുന്നു കുടുംബത്തോടെ താമസം.
വീട്ടില്‍ നിന്ന്‌ കേവലം മൂന്നോ നാലോ കിലോമീറ്റര്‍ ദൂരമുള്ള കമ്പനിപ്പടി, കളമശ്ശേരി തുടങ്ങിയ സ്‌ഥലങ്ങള്‍ വെള്ളത്തില്‍ മുങ്ങിയ വാര്‍ത്ത കണ്ട കുടുംബം പരിഭ്രാന്തരായി. എസ്‌.സി.എം.എസ്‌ കോളേജിന്റെ ബസ്സുകള്‍ പൂര്‍ണമായി മുങ്ങി. തൃശ്ശൂര്‍ ഹൈവേ ബ്ലോക്ക്‌ ആയി. ട്രെയിന്‍ നിലച്ചു. മരണവാര്‍ത്തകള്‍ കേട്ട്‌ നെഞ്ചില്‍ തീയാളി. അതിനിടയില്‍ വിഷം കുത്തി നിറക്കുന്ന രാഷ്ര്‌ടീയവും. സോഷ്യല്‍ മീഡിയയില്‍ ആരും ഇത്രയും സജീവമായി മുന്‍പ്‌ ഇടപെട്ടിട്ടില്ല. ഓരോ നിമിഷവും എന്ത്‌ സംഭവിച്ചു എന്നറിയാന്‍ വാട്‌സാപ്പ്‌ പരതുന്ന അവസ്‌ഥ. സാഹിത്യഗ്രൂപ്പുകള്‍ പോലും സൈബര്‍ ദുരിതാശ്വാസമേഖലയായി.
ആലുവയിലുള്ള സഹപ്രവര്‍ത്തക ശ്വേതയുടെ രക്ഷിക്കണം എന്ന എഫ്‌ബി പോസ്‌റ്റ് കണ്ട്‌ ഞാന്‍ ഞെട്ടി. ഫോണില്‍ വിളിച്ചപ്പോള്‍ ഒന്നും കേള്‍ക്കുന്നില്ല. കുറച്ചു കഴിഞ്ഞു വിളിച്ചപ്പോള്‍ സ്വിച്ച്‌ ഓഫ്‌. പിറ്റേന്ന്‌ നേവി വന്നാണ്‌ അവരെ രക്ഷപ്പെടുത്തിയത്‌. ചാനലില്‍ വാര്‍ത്ത വന്നു. വേറെയും സഹപ്രവര്‍ത്തകര്‍ ദുരിതത്തിലായെന്ന്‌ പിന്നീട്‌ അറിഞ്ഞു. രണ്ടു കിലോമീറ്റര്‍ നീന്തി രക്ഷപ്പെട്ടവര്‍ വരെയുണ്ട്‌.
ഞങ്ങളുടെ ഫ്‌ളാറ്റിന്റെ ഗ്രൗണ്ട്‌ ഫ്‌ളോറില്‍ വെള്ളം കയറിയതിനാല്‍ അതിലെ താമസക്കാര്‍ സ്‌ഥലം മാറി. മുട്ട്‌ വരെ വെള്ളമുണ്ടായിരുന്നു. ഞാന്‍ എന്റെ ബൈക്ക്‌ മറ്റൊരിടത്തേക്ക്‌ മാറ്റി. ചിലര്‍ കാറില്‍ വെള്ളം കയറിയതിനാല്‍ തള്ളിക്കൊണ്ടു പോയി.
ആലുവയില്‍ ചെളി അടിഞ്ഞതിനാല്‍ പമ്പിംഗ്‌ സ്‌റ്റോപ്പ്‌ ചെയ്‌തു. വെള്ളം നിന്നു. പുറത്ത്‌ പോയി 12 കുപ്പിയുടെ രണ്ടു കേസ്‌ ഡിസ്‌റ്റില്‍ഡ്‌ വാട്ടര്‍ വാങ്ങി സ്‌റ്റോക്ക്‌ ചെയ്‌തു. ബക്കറ്റുകളില്‍ വെള്ളം പിടിച്ചു. ടാങ്കിലെ വെള്ളം പിശുക്കിയുപയോഗിക്കാം എന്ന്‌ ഞങ്ങള്‍ തീരുമാനിച്ചു. രണ്ടു ദിവസം കുളിച്ചില്ല. എന്നിട്ടും വെള്ളം കഴിഞ്ഞു. ടാങ്കര്‍ ലോറികള്‍ കിട്ടാന്‍ പാടായിരുന്നു. പക്ഷെ സന്മനസ്സുള്ള ഒരു അയല്‍വാസി പണം വാങ്ങാതെ തന്റെ കെയര്‍ഓഫില്‍ വെള്ളം അടിച്ചു തന്നു.
കടകള്‍ പലതും അടച്ചു. ലോറി വരാത്തതിനാല്‍ സേ്‌റ്റാക്ക്‌ കഴിഞ്ഞു തുടങ്ങി. ഞാന്‍ ലീവ്‌ എടുത്തു സാധനങ്ങള്‍ വാങ്ങാന്‍ പോയി. റിലയന്‍സ്‌ ആയിരുന്നു ആശ്രയം. ഒരാഴ്‌ചത്തേക്കുള്ള ഐറ്റംസ്‌ വാങ്ങി. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇത്രയും വലിയ ക്യൂ മുന്‍പ്‌ കണ്ടിട്ടില്ല. വെള്ളം കയറിയതിനാല്‍ ലുലു മാള്‍ അടച്ചു.
പലരും വിവരമറിയാന്‍ ഫോണില്‍ വിളിച്ചു. കാക്കനാട്‌ വലിയ അപകടങ്ങള്‍ ഒന്നും ഉണ്ടായില്ല. അതിനാല്‍ ധാരാളം ദുരിതാശ്വാസക്യാമ്പുകള്‍ ഇവിടെയാരംഭിച്ചു. അപാരമായ സഹകരണമാണ്‌ ലഭിച്ചത്‌. ഒരു സുഹൃത്ത്‌ ഇതിലേക്കായി നല്‍കാന്‍ രഹസ്യമായി എന്നെ 30000 രൂപ ഏല്‍പ്പിച്ചു. ഒരു ഹോട്ടല്‍ ദിവസവും സൗജന്യമായി 1500 ഊണ്‌ നല്‍കി. പല കടകളും ലാഭമെടുക്കാതെ സാധങ്ങള്‍ തന്നു. എന്റെ പല സഹപ്രവര്‍ത്തകരും ലീവ്‌ എടുത്താണ്‌ സേവനം ചെയ്‌തത്‌ എന്നത്‌അഭിമാനത്തോടെ ഓര്‍ക്കുന്നു.
തൃശ്ശൂരുള്ള വീട്ടില്‍ വെള്ളം കയറിയില്ലെങ്കിലും രണ്ടു മൂന്ന്‌ കിലോമീറ്റര്‍ ദൂരമുള്ള വിയ്യൂരില്‍ വെള്ളം കയറി. റോഡ്‌ ബ്ലോക്കായി. വീട്‌ മുങ്ങിയ അമ്മാവന്റെ കുടുംബം ഞങ്ങളുടെ വീട്ടില്‍ താമസമാക്കി.
പെരുന്നാളിന്‌ നാട്ടില്‍ പോകാന്‍ പറ്റുമോയെന്ന്‌ ആശങ്കപ്പെട്ടെങ്കിലും ദൈവം സഹായിച്ചു. പെരുന്നാള്‍പ്രഭാഷണത്തില്‍ പ്രളയത്തെ കുറിച്ച്‌ ഉല്‍ബോധനം ഉണ്ടായി എന്ന്‌ മാത്രമല്ല നല്ലൊരു സംഖ്യ പിരിക്കുകയും ചെയ്‌തു. 5 കോടി രൂപ എറണാകുളത്ത്‌ ജാതിമതഭേദമെന്യേ നല്‍കാന്‍ തീരുമാനിച്ചു.
പ്രളയം പുതിയ കൂട്ടുകാരെ സൃഷ്‌ടിച്ചു. എല്ലാവരും പച്ചമനുഷ്യരാണ്‌ എന്ന തിരിച്ചറിവ്‌ ഉണ്ടായി. അതാണ്‌ വലിയ ഭാഗ്യം. വ്യക്‌തിപരമായ നാശനഷ്‌ടങ്ങള്‍ ഉണ്ടായില്ല. പക്ഷെ മറ്റുള്ളവരുടെ ദുഃഖം നമ്മുടേത്‌ കൂടിയാണല്ലോ. നമുക്ക്‌ എല്ലാ വിയോജിപ്പുകളും മാറ്റി നിര്‍ത്തി ഒത്തു പിടിച്ചു മുന്നേറാം. ഇനിയും ഒരുപാട്‌ ദൗത്യം ബാക്കിയുണ്ട്‌. സൗഹൃദങ്ങള്‍ തഴച്ചു വളരട്ടെ. വര്‍ഗീയവിഷങ്ങള്‍ കരിഞ്ഞു പോകട്ടെ.

Ads by Google
Sunday 09 Sep 2018 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW