Monday, November 19, 2018 Last Updated 10 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 03.53 PM

പൂപോലെ കൈകള്‍...

അഴകും ആരോഗ്യവുമുള്ള കൈകള്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. ഒന്ന് ശ്രദ്ധിച്ചാല്‍ കൈകളുടെ സൗന്ദര്യം നിലനിര്‍ത്താം.
uploads/news/2018/09/247740/beautyhands110918a.jpg

നിന്റെ കൈകള്‍ കണ്ടാല്‍ വയസ്സായവരുടേതുപോലെയുണ്ടല്ലോ, കരുവാളിച്ച് പരുപരുത്ത കൈകള്‍, ഇതെന്താ സോപ്പിന്റെ അലര്‍ജിയാണോ?? പ്രായത്തെ മറയ്ക്കാന്‍ മണിക്കൂറുകളെടുത്തു മുഖം മിനുക്കുമ്പോഴും കൈകളെ അവഗണിക്കുന്ന സ്ത്രീകള്‍ നേരിടാറുള്ള ചോദ്യമാണിത്.

മുഖം പോലെ തന്നെ പുറത്തു കാണുന്നതും നേരിട്ടു വെയില്‍ കൊള്ളുന്നതുമായ ഭാഗമായതിനാല്‍ കൈകള്‍ക്കും പരിചരണം ആവശ്യമാണ്. വൃത്തിയും ഭംഗിയുള്ളതുമായ കൈകള്‍ സൗന്ദര്യത്തിന്റെയും വ്യക്തിത്വത്തിന്റെയും ഭാഗമാണെന്ന് മറക്കേണ്ട.

പ്രായത്തിന്റെ അടയാളങ്ങള്‍ ആദ്യം പതിയുക കൈകളിലാണ്. ഇടയ്ക്കിടെ മാനിക്യൂര്‍ ചെയ്താല്‍ മാത്രം കൈകള്‍ സുന്ദരമായിരിക്കുമെന്നു കരുതരുത്. ചെറുപ്പം മുതല്‍ ശ്രദ്ധയും പരിചരണവും നല്‍കിയാലേ കൈകളുടെ ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താനാവൂ. പ്രായം ചുളിവുകളുടെ രൂപത്തില്‍ കൈകളില്‍ തെളിഞ്ഞു തുടങ്ങിയവര്‍ വിഷമിക്കേണ്ട. കൃത്യമായ പരിചരണത്തിലൂടെ കൈകള്‍ സുന്ദരവുംമൃദുവുമാക്കാം.

ചര്‍മ്മം സംരക്ഷിക്കാം


കൈത്തലത്തിലെ ചര്‍മ്മം മൃദുലവും നേര്‍ത്തതുമാണ്. ഇതുകൊണ്ടു തന്നെ പ്രായമേറുംതോറും ചര്‍മത്തിലെ പ്രോട്ടീനുകളായ കൊളാജനും ജലാംശവും നഷ്ടപ്പെടും. ഇതു ചര്‍മ്മത്തില്‍ എളുപ്പത്തില്‍ ചുളിവു വീഴാന്‍ കാരണമാകും.

1. നിരന്തരം വെയില്‍ കൊള്ളുന്നതുമൂലം കൈകളുടെ നിറം കുറയുകയും പാടുകള്‍ വീഴുകയും ചെയ്യാറുണ്ട്. ഇതു പതിവാകുമ്പോള്‍ ക്രമേണ കൈകളുടെ ഭംഗി നഷ്ടപ്പെടും. വീട്ടുജോലി ചെയ്യുമ്പോഴും മറ്റും അല്‍പം ശ്രദ്ധ നല്‍കിയാല്‍ കൈകളുടെ ഭംഗി വേഗത്തില്‍ നഷ്ടപ്പെടുന്നതു തടയാന്‍ കഴിയും.

2. കൈകളുടെ സംരക്ഷണത്തിനായി കുളി കഴിഞ്ഞാലുടന്‍ മോയ്ചറൈസിങ് ക്രീം പുരട്ടി നന്നായി മസാജ് ചെയ്യുക. പുറത്തിറങ്ങും മുമ്പ് സണ്‍സ്‌ക്രീം പുരട്ടാന്‍ മറക്കരുത്. ഇതു ചര്‍മ്മത്തില്‍ കറുത്തപാടുകള്‍ ഉണ്ടാക്കുന്നതു തടയും.

3. വരണ്ട ചര്‍മ്മമുള്ളവരുടെ കൈകളില്‍ വേഗത്തില്‍ കറുത്ത പാടുകളും ചുളിവുകളും വീഴും. ഇത്തരക്കാര്‍ ചര്‍മ്മത്തിനു കൂടുതല്‍ പരിചരണം നല്‍കണം. എ.സിയില്‍ കൂടുതല്‍ നേരം ഇരിക്കുന്നതും ചൂടുവെള്ളത്തിന്റെ അമിതോപയോഗവും ചര്‍മ്മത്തില്‍ വരള്‍ച്ചയും മൊരിച്ചിലും ഉണ്ടാക്കും. ഇത്തരക്കാര്‍ ഉപ്പിട്ട ഇളം ചൂടുവെള്ളത്തില്‍ അല്‍പനേരം കൈകള്‍ മുക്കി വയ്ക്കുക. കൈ കഴുകിത്തുടച്ചശേഷം പപ്പായ നീരോ തക്കാളി നീരോ പുരട്ടി മസാജ് ചെയ്യുക. 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. ചര്‍മ്മത്തിന്റെ വരള്‍ച്ച അകറ്റാന്‍ പഴങ്ങളുടെയും മറ്റും നീര് പുരട്ടുന്നതും നല്ലതാണ്.

4. വീട്ടുജോലി ചെയ്യുന്ന സ്ത്രീകളുടെ കൈകള്‍ കറയും മറ്റും പുരണ്ട് ഭംഗി നഷ്ടപ്പെടും. പച്ചക്കറികളും മറ്റും അരിയുന്നതിനു മുന്‍പ് ഗ്ലൗസ് ധരിക്കുന്നതു നല്ലതാണ്. പച്ചക്കറി അരിയും മുന്‍പ് വെളിച്ചെണ്ണയോ ബാരിയര്‍ ക്രീമോ പുരട്ടുന്നതും കൈകള്‍ക്കു സംരക്ഷണം നല്‍കും.
5. ആല്‍ക്കലൈന്റെ അംശം കൂടുതലടങ്ങിയ സോപ്പും ഡിറ്റര്‍ജന്റും ചര്‍മ്മത്തിനു ദോഷമാണ്. ഇവയുടെ സ്ഥിരോപയോഗം ചര്‍മം വരണ്ടതാക്കും. വീര്യം കുറഞ്ഞ സോപ്പും ഡിറ്റര്‍ജന്റും ഉപയോഗിക്കുക. അലക്കുമ്പോഴും പാത്രം കഴുകുമ്പോഴും ഗ്ലൗസ് ഉപയോഗിക്കുക.

uploads/news/2018/09/247740/beautyhands110918.jpg

6. ഡിറ്റര്‍ജന്റ് ഉപയോഗിച്ചാല്‍ ലിക്വിഡ് ഹാന്‍ഡ് വാഷ് കൊണ്ടു കൈകഴുകണം. ഇത് ഡിറ്റര്‍ജന്റിന്റെ ഉപയോഗം മൂലമുണ്ടാകുന്ന ദോഷവശങ്ങളെ ഒരു പരിധി വരെ ഇല്ലാതാക്കും. ഇതിനുശേഷം കൈയില്‍ ക്രീം പുരട്ടുക.
7. കൃഷി, ഗാര്‍ഡനിങ് തുടങ്ങിയവ ചെയ്യുമ്പോള്‍ ഗ്ലൗസ് ധരിച്ചാല്‍ ചെളിയും മറ്റും പുരണ്ട് കൈ വൃത്തി കേടാവുന്നതു തടയാം. രാസവസ്തുക്കള്‍, വളം തുടങ്ങിയവ ഉപയോഗിക്കും മുമ്പ് സംരക്ഷണത്തിനായി ബാരിയര്‍ ക്രീം പുരട്ടുന്നതു നല്ലതാണ്. വീടിനകം വൃത്തിയാക്കുമ്പോള്‍ ഗ്ലൗസ് ധരിക്കാം.

8. നിത്യേനയുള്ള വീട്ടുജോലികളും മറ്റും മൂലം കൈകളുടെ ഭംഗി നഷ്ടപ്പെടുന്നവര്‍ക്കു വീട്ടില്‍ത്തന്നെ ചെയ്യാവുന്ന പരിഹാരങ്ങളുണ്ട്. തക്കാളി നീരില്‍ നാരങ്ങാനീര് ചേര്‍ത്ത് പുരട്ടുന്നതു കൈകള്‍ വൃത്തിയാക്കാന്‍ നല്ലതാണ്.
9. നാല് ചെറിയ സ്പൂണ്‍ പൈനാപ്പിള്‍ ജ്യൂസില്‍ മൂന്നു വലിയ സ്പൂണ്‍ ബദാം എണ്ണ ചേര്‍ക്കുക. ഇതില്‍ 15 മിനിറ്റ് നേരം കൈകള്‍ മുക്കിവയ്ക്കുക.

വൃത്തി അമിതമായാല്‍


കൈയില്‍ അല്‍പം പൊടി തട്ടിയാല്‍ ഹാന്‍ഡ്‌വാഷോ സോപ്പോ ഉപയോഗിച്ചു കഴുകി വൃത്തിയാക്കുകയാണു ശീലം. എത്ര തവണ കൈകഴുകിയാലും മതിവരാത്തവരുണ്ട്. ഏതു വസ്തുവില്‍ തൊട്ടാലും സോപ്പിട്ടു കൈ കഴുകാതെ ഇക്കൂട്ടര്‍ക്കു സമാധാനമുണ്ടാവില്ല. ഇത്തരക്കാരുടെ കൈകളെ എളുപ്പത്തില്‍ പ്രായം പിടികൂടുമെന്നാണു ത്വക്ക്‌രോഗസൗന്ദര്യ വിദഗ്ധര്‍ പറയുന്നത്.

1. ആവശ്യത്തിനുമാത്രം കൈകഴുകുന്നതാണു നല്ലത്. അമിതമായി കൈ കഴുകുന്നത് കൈകളുടെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുത്തും. സോപ്പിന്റെയും വെള്ളത്തിന്റെയും സ്ഥിര സമ്പര്‍ക്കം ചര്‍മ്മത്തിലെ ലൈപ്പോ പ്രോട്ടീനുകളെ നശിപ്പിക്കും. ജലാംശം കെട്ടിനിര്‍ത്താനുള്ള ചര്‍മ്മത്തിന്റെ കഴിവ് നഷ്ടപ്പെടാനും ഇടയാക്കും.

2. കൈ വൃത്തിയാക്കാന്‍ മൈല്‍ഡ് ആയ സോപ്പ് ഫ്രീ ക്ലെന്‍സര്‍ ആണു നല്ലത്. പൊടിയും അഴുക്കും പറ്റാനിടയുള്ള സാഹചര്യങ്ങളില്‍ ഗ്ലൗസ് ധരിക്കാം. ഓരോ തവണ കഴുകിയശേഷവും കൈകളില്‍ ക്രീം പുരട്ടുന്നതു നല്ലതാണ്. റബര്‍ ഗ്ലൗസ് ചിലരില്‍ അലര്‍ജിയുണ്ടാകാറുണ്ട്. ഇത്തരക്കാര്‍ക്ക് ഉള്ളില്‍ കോട്ടണ്‍ കവറുള്ള ഗ്ലൗസ് ഉപയോഗിക്കാം. കീറിയതും ദ്വാരമുള്ളതുമായ ഗ്ലൗസുകള്‍ ഒഴിവാക്കുക.

ചര്‍മ്മഭംഗി നിലനിര്‍ത്താന്‍


ചുളിവും ഇരുണ്ട പാടുകളും അകറ്റുമെന്ന് അവകാശപ്പെടുന്ന സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉപയോഗം കൊണ്ട് കൈകളുടെ സ്വാഭാവിക ഭംഗി തിരിച്ചു കിട്ടില്ല. എന്നാല്‍, നവീന ചികിത്സാരീതികളിലൂടെ കൈകളിലെ ചര്‍മത്തിനു യൗവനം തിരികെ നല്‍കാനാവും. മൂസോ തെറപ്പി, ഫോട്ടോ റെജുവനേഷന്‍, കെമിക്കല്‍ പീലിങ് തുടങ്ങിയ ചികിത്സാരീതികള്‍ക്ക് ഇന്നു ഡിമാന്‍ഡേറെയാണ്.
uploads/news/2018/09/247740/beautyhands110918b.jpg

ത്വക്കിന്റെ ഘടനയും നിറവും മെച്ചപ്പെടുത്തി രൂപഭംഗി നല്‍കാന്‍ ഈ ചികിത്സാ രീതികള്‍ സഹായിക്കും. മരുന്നുകള്‍, വൈറ്റമിനുകള്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള ചികിത്സയാണു മൂസോ തെറാപ്പി. ചെറിയ തോതില്‍ ലേസര്‍, ലൈറ്റ് തുടങ്ങിയവ ഉപയോഗിച്ചു ത്വക്കിന്റെ നിറവും ഘടനയും മെച്ചപ്പെടുത്തുന്ന രീതിയാണ് ഫോട്ടോ റെജുവനേഷന്‍. രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് ഇരുണ്ട പാടുകളും ചുളിവുകളും നീക്കുന്ന രീതിയാണു കെമിക്കല്‍ പീലിങ്.

അടുക്കളയില്‍ നിന്നു ബ്യൂട്ടി പായ്ക്ക്


കൈകളുടെയും വിരലുകളുടെയും സൗന്ദര്യ സംരക്ഷണത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ നോക്കരുത്. അടുക്കളയില്‍ നിന്നും വീടിന്റെ പരിസരങ്ങളില്‍ നിന്നും ഇതിനുള്ള ബ്യൂട്ടി പായ്ക്ക് കണ്ടെത്താന്‍ കഴിയും. ഇതാ അതിനുള്ള നാല് വഴികള്‍.

1. കറ്റാര്‍വാഴപ്പോളയുടെ നീര് രണ്ടു സ്പൂണ്‍, ഒരു മുട്ടയുടെ വെള്ള, ഒരു വലിയ സ്പൂണ്‍ തേന്‍ എന്നിവ മിശ്രിതമാക്കി കൈയില്‍ പുരട്ടുക. 15 മിനിറ്റിനുശേഷം കഴുകിക്കളയുക. ഇതു കൈയിലെ കറുപ്പു നിറം മാറ്റാന്‍ സഹായിക്കും.

2. ഒരു വാഴപ്പഴം മിക്‌സിയില്‍ അടിച്ചെടുക്കുക. ഇത് കൈയില്‍ പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. ഇങ്ങനെ സ്ഥിരമായി ചെയ്താല്‍ കൈകളുടെ വരള്‍ച്ച മാറിക്കിട്ടും.

3. മൂന്നു സ്പൂണ്‍ പച്ചമഞ്ഞള്‍ അരച്ചതും മൂന്നു സ്പൂണ്‍ നാരങ്ങാനീരും മിക്‌സ് ചെയ്ത് കൈകളില്‍ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. ഡിറ്റര്‍ജന്റ് ഉപയോഗം മൂലമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും കൈകള്‍ വെളുക്കുന്നതിനും ഇതു സഹായിക്കും.

4. നഖം പൊട്ടുന്നതു തടയാന്‍ ഒരു പാത്രത്തില്‍ കഞ്ഞിവെള്ളം നിറച്ച് വിരലുകള്‍ 15 മിനിറ്റ് മുക്കി വയ്ക്കുക.

അശ്വതി അശോക്

Ads by Google
Tuesday 11 Sep 2018 03.53 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW