Thursday, April 25, 2019 Last Updated 11 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.38 AM

നവാസ്‌ ഷെരീഫിന്‌ എത്താനായില്ല, മകള്‍ക്കും; കാത്തിരിപ്പ്‌ അവസാനിപ്പിച്ച്‌ കുല്‍സും യാത്രയായി

uploads/news/2018/09/247858/in1.jpg

ലണ്ടന്‍: പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫിന്റെ ഭാര്യ കുല്‍സും നവാസ്‌(68) അന്തരിച്ചു. തൊണ്ടയില്‍ ക്യാന്‍സറിനെ തുടര്‍ന്ന്‌ 2014 മുതല്‍ ലണ്ടനില്‍ ചികിത്സയിലായിരുന്നു. അവസാന നിമിഷം കുല്‍സുമിന്‌ ആശ്വാസം പകരാന്‍ നവാസിനും മകള്‍ മറിയമിനും കഴിഞ്ഞില്ല. ഇരുവരും അഴിമതിക്കേസില്‍ പാകിസ്‌താനില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ്‌. കുല്‍സുമിന്റെ മൃതദേഹം പാകിസ്‌താനില്‍ സംസ്‌കരിക്കുമെന്നു പി.എം.എല്‍-എന്‍ വക്‌താവ്‌ മരിയും ഔറംഗസേബ്‌ അറിയിച്ചു. റാവല്‍പിണ്ടിയിലാകും സംസ്‌കാരം.
കുല്‍സുമിന്റെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നവാസ്‌ ഷെരീഫിനും മകള്‍ മറിയമിനും മരുമകന്‍ മുഹമ്മദ്‌ സഫ്‌ദറിനും പരോള്‍ അനുവദിക്കുമെന്നു പാക്‌ സര്‍ക്കാര്‍ അറിയിച്ചു. സംസ്‌കാര ദിവസം മാത്രമാകും പരോള്‍ നല്‍കുക. സംസ്‌കാരത്തീയതി ഇതുവരെ നിശ്‌ചയിച്ചിട്ടില്ലെന്നു നവാസിനെ സഹോദരന്‍ ഷഹബാസ്‌ ഷെരീഫ്‌ അറിയിച്ചു.
ഹസന്‍, ഹുസന്‍, അസ്‌മ എന്നിവരാണു നവാസ്‌ - കുല്‍സും ദമ്പതികളുടെ മറ്റുമക്കള്‍.
കുല്‍സുമിന്റെ ആരോഗ്യനില ഗുരുതരമായിരിക്കെയാണു മാസങ്ങള്‍ക്കു മുമ്പ്‌ ജയില്‍ശിക്ഷ അനുഭവിക്കാന്‍ നവാസ്‌ ഷെരീഫും മകളും പാകിസ്‌താനിലേക്കു മടങ്ങിയത്‌. അഴിമതിക്കേസില്‍ 10 വര്‍ഷത്തെ തടവ്‌ ശിക്ഷയാണ്‌ അദ്ദേഹത്തിന്‌ അനുഭവിക്കേണ്ടത്‌. ഭാര്യയെക്കാണാന്‍ പലതവണ ലണ്ടന്‍ സന്ദര്‍ശനത്തിനു ഷെരീഫ്‌ അനുമതി തേടിയെങ്കിലും ലഭിച്ചില്ല.
ലണ്ടനില്‍ ചികിത്സയിലിരിക്കെ നിരവധിത്തവണയാണു കുല്‍സും മരണത്തെ അതിജീവിച്ചത്‌. വെന്റലേറ്റര്‍ സഹായത്തോടെ ആഴ്‌ചകള്‍ ജീവന്‍ നിലനിര്‍ത്തിയ സംഭവങ്ങളുമുണ്ട്‌. ഭര്‍ത്താവിനെയും മകളെയും കാണണമെന്നു ബോധം ലഭിക്കുമ്പോള്‍ അവര്‍ അഭ്യര്‍ഥിച്ചിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. സംസ്‌കാരച്ചടങ്ങിനു പാകിസ്‌താനിലേക്കു മടങ്ങിയാല്‍ ഷെരീഫ്‌ കുടുംബത്തിലെ മറ്റ്‌ അംഗങ്ങളും അറസ്‌റ്റ്‌ ചെയ്യപ്പെട്ടേക്കാം.
അഴിമതിക്കേസുകള്‍ നിലനില്‍ക്കുന്ന പശ്‌ചാത്തലത്തിലാണത്‌. രാഷ്‌ട്രീയത്തില്‍ പലതവണ ഷെരീഫിനു പകരക്കാരിയായെങ്കിലും കുല്‍സും അദ്ദേഹത്തിനൊപ്പം പൊതുച്ചടങ്ങുകളില്‍ പങ്കെടുത്തത്‌ അപൂര്‍വം. മകള്‍ മറിയമിനെയാണു അവര്‍ ഷെരീഫിനൊപ്പം അയച്ചിരുന്നത്‌.
കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടെങ്കിലും രോഗം മൂലം സത്യപ്രതിജ്‌ഞ ചെയ്‌തില്ല. നവാസ്‌ ഷെരീഫിന്‌ പാര്‍ലമെന്റ്‌ അംഗത്വം നഷ്‌ടമായതിനെ തുടര്‍ന്ന്‌ ലാഹോറിലെ എന്‍എ- 120 സീറ്റിലാണ്‌ അവര്‍ മത്സരിച്ചത്‌. പ്രചാരണത്തിന്‌ ഇറങ്ങും മുമ്പ്‌ രോഗബാധിതയായി. വന്‍ ഭൂരിപക്ഷത്തോടെ അവര്‍ തെരഞ്ഞെടുക്കപ്പെട്ടത്‌ ഷെരീഫ്‌ കുടുംബത്തിന്‌ ആശ്വാസമായിരുന്നു.
ലാഹോറിലെ ഒരു കശ്‌മീരി കുടുംബത്തില്‍ 1950 ലാണു ജനനം. അമ്മയുടെ അച്‌ഛന്‍ ഗുലാം മുഹമ്മദ്‌ ബക്‌ത്‌ പാകിസ്‌താനിലെ അറിയപ്പെടുന്ന ഗുസ്‌തിതാരമായിരുന്നു.
1970 പഞ്ചാബ്‌ സര്‍വകലാശാലയില്‍നിന്നു ഉറുദുവില്‍ ബിരുദാനന്തര ബിരുദം നേടി. 1971 ലാണു നവാസ്‌ ഷെരീഫിനെ വിവാഹം ചെയ്‌തത്‌. പര്‍വേശ്‌ മുഷാറഫിന്റെ ഭരണകാലത്ത്‌ നവാസ്‌ ഷെരീഫിനു നാടുവിടേണ്ടിവന്നപ്പോള്‍ പ്രതിപക്ഷത്തിന്റെ സ്വരമായത്‌ കുല്‍സുമാണ്‌.
2000 ലെ റാലിയിലൂടെയാണു അവര്‍ പാക്‌ രാഷ്‌ട്രീയത്തില്‍ ശ്രദ്ധേയയായത്‌. നവാസ്‌ ഷെരീഫ്‌ പ്രവാസത്തിലായിരുന്നു അന്ന്‌. വളള്‍ച്ച ബാധിതരെ സഹായിക്കാനെന്ന പേരില്‍ നടത്തിയ റാലിയാണു പി.എം.എല്‍- എന്നിനു കരുത്ത്‌ പകര്‍ന്നത്‌.

Ads by Google
Wednesday 12 Sep 2018 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW