Friday, November 16, 2018 Last Updated 4 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 03.41 PM

ശബ്ദത്തിനു വേണം കരുതല്‍

''തൊണ്ടയെ ബാധിക്കുന്ന പലതരം ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇവ ചിലപ്പോള്‍ ശബ്ദത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തിയേക്കാം. ചിലപ്പോള്‍ ശബ്ദം നിലച്ചു പോകുന്ന അവസ്ഥയ്ക്കുപോലും കാരണമായേക്കാം. ശബ്ദത്തിനുണ്ടാകുന്ന മാറ്റങ്ങളെ എങ്ങനെ തിരിച്ചറിയാമെന്നതിനെക്കുറിച്ചും വിവിധ രോഗാവസ്ഥകളെക്കുറിച്ചും ഡോ. ഡയാന ആന്റണി വിശദമാക്കുന്നു''
uploads/news/2018/09/248026/voicecare120918.jpg

ഒച്ചയടപ്പ് ഒരു സാധാരണ പ്രതിഭാസമാണ്. പ്രത്യേക ചികിത്സകളൊന്നുമില്ലാതെ തന്നെ അവ പരിഹരിക്കപ്പെടുകയും ചെയ്യും. എന്നാല്‍ ഒച്ചയടപ്പ് ദീര്‍ഘനാളായി തുടര്‍ന്നാല്‍ അതു ശബ്ദത്തിനുണ്ടാകുന്ന ആയാസമായി കണ്ട് പരിഹരിക്കേണ്ടതുണ്ട്.

ശബ്ദത്തിന്റെ അമിത ഉപയോഗം ഒച്ചയടപ്പില്‍ തുടങ്ങി ശബ്്ദം നഷ്ടമാകുന്ന പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും എത്താം.

ശബ്ദത്തിന്റെ അമിത ഉപയോഗം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് അധ്യാപകര്‍, ഗായകര്‍, പ്രസംഗകര്‍ തുടങ്ങി ശബ്ദത്തിനു അനുദിന ജീവിതത്തില്‍ പ്രാധാന്യം നല്‍കുന്നവരെയാണ്.

ശബ്ദത്തിനുണ്ടാകുന്ന വളരെ ചെറിയ പ്രശ്‌നങ്ങള്‍ പോലും മിക്കവാറും പരിഹരിക്കപ്പെടാറില്ല. അതുകൊണ്ട് തന്നെ എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങള്‍ പോലും പലപ്പോഴും സങ്കീര്‍ണമാകാറുമുണ്ട്.

ശബ്ദ മാറ്റങ്ങള്‍ തിരിച്ചറിയണം


ഓരോ വ്യക്തിയെയും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത് അവരുടെ ശബ്ദമാണ്. ഒരാളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്ന പല ഘടകങ്ങളില്‍ ഒന്നാണ് ശബ്ദം. ശ്വാസകോശത്തില്‍ നിന്നും വായു പുറത്തേക്ക് എത്തി സ്വനപേടകത്തില്‍ തട്ടി പ്രകമ്പനം കൊള്ളുമ്പോഴാണ് ശബ്ദം ഉണ്ടാകുന്നത്.

വായ, നാക്ക്, പല്ല്, കവിള്‍ എന്നിവയുടെ ചലനത്തിലൂടെ പുറത്തേക്ക് വരുന്നതിനാല്‍ ഓരോരുത്തരുടെയും ശബ്ദത്തിനുണ്ടാകുന്ന ഗാഭീര്യം വ്യത്യസ്തമായിരിക്കും.

ജലദോഷം മുതല്‍ വോക്കല്‍ കോഡിനുണ്ടാകുന്ന അര്‍ബുദം വരെ ശബ്ദത്തിനു പ്രശ്‌നങ്ങളുണ്ടാക്കുന്ന കാരണങ്ങളില്‍ ഉള്‍പ്പെടുന്നു. അതുകൊണ്ട് ശബ്ദത്തിനുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ വരെ ഗൗരവമായി കണക്കാക്കേണ്ടതുണ്ട്. വ്യക്തമായി ശബ്ദം പുറത്തേക്ക് വരുന്നതിനു തൊണ്ടയിലെ രണ്ടു സ്വനപേടകങ്ങളും പ്രവര്‍ത്തിക്കണം.

അതായത് വലതും ഇടതുമുള്ള സ്വനപേടകങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുമ്പോഴാണ് ശബ്ദമുണ്ടാകുന്നത്. കൂടാതെ സ്വനപേടകത്തിന്റെ ഘനം, വലുപ്പം, കൃത്യമായ പ്രകമ്പനം എന്നിവയെ അടിസ്ഥാനമാക്കിയാണ് ശബ്ദം വ്യക്തമായി പുറത്തേക്ക് വരുന്നത്.

uploads/news/2018/09/248026/voicecare120918a.jpg

അമിത ശബ്ദം അപകടം


ശബ്ദത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പലവിധത്തില്‍ തരംതിരിക്കാം. അവയില്‍ ഏറ്റവും പ്രധാനം ജലദോഷം, ഇന്‍ഫ്‌ളുവന്‍സ, ക്രോണിക് ഇന്‍ഫക്ഷനുകളായ ടി.ബി, ഫംഗല്‍ ഇന്‍ഫക്ഷനുകള്‍ എന്നിവ മൂലം ശബ്ദത്തിനുണ്ടാകുന്ന വ്യത്യാസങ്ങളാണ്.

മറ്റൊന്ന് പലതരത്തിലുള്ള ട്യൂമറുകള്‍, തൊണ്ടയില്‍ ഉണ്ടാകുന്ന കാന്‍സര്‍ എന്നിവ ശബ്ദത്തെ ബാധിക്കാനിടയുണ്ട്. ഇവ കൂടാതെ ട്യൂമറിനു സമാനമായ മുഴകളും (നൊഡ്യൂള്‍സ്) ശബ്ദത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

തൊണ്ടയിലുണ്ടാകുന്ന നൊഡ്യൂളുകളില്‍ ഏറ്റവും പ്രധാനം വോക്കല്‍ നൊഡ്യൂളുകളാണ്. അതായത് തൊണ്ടയിലെ രണ്ടു വോക്കല്‍ കോഡുകളും വൈബ്രേറ്റ് ചെയ്യുമ്പോള്‍ വൈബ്രേറ്റ് ചെയ്യുന്ന പ്രതലത്തില്‍ ഒരു തഴമ്പ് ഉണ്ടാകും. ഇതിനെ വോക്കല്‍ നൊഡ്യൂള്‍സ് എന്നു പറയും. വളരെയധികം ശബ്ദത്തില്‍ സംസാരിക്കേണ്ടി വരുന്ന വ്യക്തികള്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ശബ്ദത്തിന്റെ അമിത ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്‌നമാണ് വോക്കല്‍ നൊഡ്യൂള്‍.

ശബ്ദ ദുര്‍വിനിയോഗവും ശബ്ദം അമിതമായി ഉപയോഗിക്കുന്നതും ശബ്ദത്തെ ബാധിക്കും. അമിത ശബ്ദത്തില്‍ സംസാരിക്കുന്നതും ദീര്‍ഘനേരം സംസാരിക്കുന്നതും അപകടം തന്നെയാണ്. ഇത്തരത്തില്‍ സംസാരിക്കുന്നതുകൊണ്ട് സ്വനപേടകത്തിന്റെ പ്രതലത്തില്‍ ഉണ്ടാകുന്ന തഴമ്പാണ് നൊഡ്യൂളുകള്‍.

ഗായകര്‍ക്കും അധ്യാപകര്‍ക്കും ഇത്തരത്തില്‍ നൊഡ്യൂള്‍സ് കൂടുതലായി കാണപ്പെടാറുണ്ട്. സിങ്ങേഴ്‌സ് നൊഡ്യൂള്‍സ്, ടീച്ചേഴ്‌സ് നൊഡ്യൂള്‍സ് എന്നിവ സര്‍വസാധാരണമായി കണ്ടുവരുന്നു. സ്വനപേടകത്തിനുണ്ടാകുന്ന നീര്‍വീക്കം(വോക്കല്‍ പോളിപ്പുകള്‍), വോക്കല്‍ കോഡ് സിസ്റ്റുകള്‍, ട്രോമ എന്നിവയും ശബ്ദത്തെ ബാധിക്കും.

അപകടങ്ങളില്‍ തൊണ്ടയ്ക്ക് ഏല്‍ക്കുന്ന ക്ഷതങ്ങളും അതേ തുടര്‍ന്നുണ്ടാകുന്ന ശബ്ദമാറ്റങ്ങളും ദോഷമായി തന്നെ ബാധിക്കുന്നവയാണ്. വോയ്‌സ് റെസ്റ്റ്, വോയ്‌സ് തെറാപ്പി എന്നിവയിലൂടെ ഇവ പരിഹരിക്കാനാകും.

ലക്ഷണങ്ങള്‍


1. അല്‍പസമയം സംസാരിച്ചു കഴിയുമ്പോള്‍ ശബ്ദം ലഭിക്കാതെ വരിക
2. സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക
3. ശബ്ദത്തിനുണ്ടാകുന്ന വ്യത്യാസം
4. തൊണ്ടയില്‍ തടസം അനുഭവപ്പെടുക
5. ഇന്‍ഫക്ഷനുകള്‍
uploads/news/2018/09/248026/voicecare120918b.jpg

കാരണങ്ങള്‍


ശബ്ദം കൂടുതല്‍ ഉപയോഗിക്കുന്നവരിലും മറ്റ് അലര്‍ജി ഉള്ളവരിലും സ്വനപേടകത്തില്‍ മുഴകള്‍(വോക്കല്‍ നൊഡ്യൂള്‍സ്) ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ആല്‍ക്കഹോളിന്റെ ഉപയോഗം, അസിഡിറ്റി എന്നിവ ശബ്ദത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

വയറ്റിലുള്ള ആസിഡ് തൊണ്ടയിലേക്ക് എത്തുന്നതു ശബ്ദ വ്യത്യാസങ്ങള്‍ക്കിടയാക്കും. ഇടയ്ക്കിടെ അമിത ശബ്ദത്തില്‍ കണ്ഠശുദ്ധീകരണം നടത്തുന്നതും വോക്കല്‍ നൊഡ്യൂളുകളും പോളിപ്പുകളും ഉണ്ടാകാന്‍ കാരണമാകും.

അമിത പുകവലി, ഹോ ര്‍മോണ്‍ വ്യതിയാനങ്ങള്‍, ഹൈപ്പോ തൈറോയിഡിസം എന്നിവയും ശബ്ദത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ശബ്ദ ദുര്‍വിനിയോഗവും ശബ്ദത്തിന്റെ അമിത ഉപയോഗവും ശബ്ദത്തെ ഗുരുതരമായി ബാധിക്കും. ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുന്നതും ശബ്ദ വ്യത്യാസങ്ങള്‍ക്കും തകരാറുകള്‍ക്കും ഇടയാക്കുന്ന പ്രധാന കാരണങ്ങളിലുള്‍പ്പെടുന്നു.

ആവശ്യത്തിനു വെള്ളം കുടിക്കാത്തതു വോക്കല്‍ കോഡില്‍ നിര്‍ജ്ജലീകരണമുണ്ടാകാന്‍ ഇടയാക്കും. വോയിസ് നൊഡ്യൂള്‍ ഉണ്ടെങ്കില്‍ ദീര്‍ഘനേരം സംസാരിച്ച് കഴിയുമ്പോള്‍ ശബ്ദം ലഭിക്കാതെ വരികയോ പിന്നീട് സംസാരിക്കുമ്പോള്‍ ആയാസം അനുഭവപ്പെടുകയോ ചെയ്യാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


അമിത ശബ്ദം ഉപയോഗിക്കേണ്ട സാഹചര്യങ്ങള്‍ ഉള്ളവര്‍ ശബ്ദത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. ശബ്ദത്തിന്റെ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കുകയെന്നതാണ് പ്രധാനം, പ്രത്യേകിച്ചും അധ്യാപകരും ഗായകരും. ശബ്ദം കൂടുതലായി ഉപയോഗിക്കേണ്ടി വരുന്നവര്‍ വോയ്‌സ് തെറാപ്പി പരിശീലിക്കുന്നത് ഉചിതമായിരിക്കും.

വോയ്‌സ് തെറാപ്പിയില്‍ പല തരത്തിലുള്ള റിലാക്‌സേഷന്‍ എക്‌സര്‍സൈസുകള്‍ ഉള്ളതിനാല്‍ ശബ്ദത്തിനുണ്ടാകുന്ന സമ്മര്‍ദങ്ങള്‍ക്ക് മാറ്റമുണ്ടാകും. ഇതൊരു വോയ്‌സ് തെറാപ്പിസ്റ്റിന്റെ സഹായത്തോടെ പരിശീലിക്കാവുന്നതാണ്. അതോടൊപ്പം ഇടയ്ക്കിടെ തിളപ്പിച്ചാറിയ ചെറു ചൂടുവെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.

അലര്‍ജി ഉള്ളവര്‍ അതിനുള്ള ചികിത്സകളും പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കുക. പുകവലി ഒഴിവാക്കുക. അസിഡിറ്റി പ്രശ്‌നമുള്ളവര്‍ അതിനുള്ള മരുന്നുകള്‍ വിദഗ്ധ നിര്‍ദേശപ്രകാരം ചെയ്യുക. അമിത ശബ്ദത്തില്‍ കണ്ഠം ഇടയ്ക്കിടെ ശുദ്ധീകരിക്കുന്നത് കഴിവതും ഒഴിവാക്കണം. ഇത്തരത്തില്‍ നിത്യജീവിതത്തിലുള്ള ചില ശീലങ്ങളില്‍ ശ്രദ്ധിച്ചാല്‍ ശബ്ദത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും.

ശബ്ദത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാറ്റമില്ലാതെ തുടര്‍ന്നാല്‍ തീര്‍ച്ചയായും ഇ. എന്‍. ടി സര്‍ജന്റെ സഹായം തേടേണ്ടതുണ്ട്. ശബ്ദത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമാകുമ്പോഴാണ് വോയ്‌സ് റെസ്റ്റ് പാലിക്കണമെന്ന് പറയുന്നത്. അപ്പോഴേക്കും സ്വനതന്തുക്കളില്‍ നീര്‍വീക്കമോ(പോളിപ്പ്) ചെറിയ മുഴയോ (നൊഡ്യൂള്‍) രൂപപ്പെട്ടിട്ടുണ്ടാകാം.

uploads/news/2018/09/248026/voicecare120918c.jpg

ഇതു പരിഹരിക്കാന്‍ നിര്‍ദേശിക്കാവുന്ന ഏറ്റവും ലളിതവും ചെലവു കുറഞ്ഞതുമായ മാര്‍ഗമാണ് വോയ്‌സ് റെസ്റ്റ്. വിദഗ്ധര്‍ വോയ്‌സ് റെസ്റ്റ് നിര്‍ദേശിച്ചാല്‍ ശബ്ദം ഉണ്ടാക്കുന്ന എല്ലാ പ്രവര്‍ത്തികളും ഒഴിവാക്കണമെന്നര്‍ത്ഥം. ആയാസപ്പെട്ട് സംസാരിക്കുമ്പോള്‍ സ്വനതന്തുക്കള്‍ക്ക് കൂടുതല്‍ ക്ഷതമേല്‍ക്കും.

വളരെ ചെറിയ നീര്‍വീക്കം പോലും നിശബ്ദത പാലിക്കുന്നതിലൂടെ കുറയും. ശക്തമായി ചുമയ്ക്കുക, ഇടയ്ക്കിടെ കണ്ഠം ശുദ്ധീകരിക്കുക, മുരളുക, ഉറക്കെ സംസാരിക്കുക, ചിരിക്കുക, അലറുക, ശബ്ദം അനുകരിക്കുക, ഉറക്കെ കരയുക, ശ്വാസം പിടിച്ചുനിര്‍ത്തുക തുടങ്ങിയവയും സ്വനതന്തുക്കളെ ബാധിക്കും. ഇത്തരം എല്ലാ പ്രവര്‍ത്തികളും ഒഴിവാക്കണം.

അലര്‍ജി, അസിഡിറ്റി എന്നിവ മൂലം മുഴകള്‍ ഉള്ളതായി തോന്നിയാല്‍ ചികിത്സ ആരംഭിക്കേണ്ടതുണ്ട്. ശബ്ദം നഷ്ടപ്പെടുന്ന തരത്തില്‍ ലക്ഷണങ്ങള്‍ തോന്നിത്തുടങ്ങിയാല്‍ തുടക്കത്തില്‍ തന്നെ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഗായകരും അധ്യാപകരും തൊണ്ടയില്‍ ഇന്‍ഫക്ഷനുള്ള സമയങ്ങളില്‍ അമിത സമ്മര്‍ദ്ദം നല്‍കാതെ വോയ്‌സ് റെസ്റ്റ് എടുക്കാന്‍ ശ്രമിക്കണം.

അമിതക്ഷീണം, അമിതാധ്വാനം, വികാരസമ്മര്‍ദം, വിശ്രമമില്ലായ്മ, ആരോഗ്യകരമല്ലാത്ത ശ്വസനക്രമം, പോഷകക്കുറവ് അനാരോഗ്യം എന്നിവയെല്ലാം സ്വനതന്തുക്കളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കാന്‍ കാരണമാകും. അസുഖകരമായ ശബ്ദമലിനീകരണത്തിനിടയാക്കുന്ന സാഹചര്യങ്ങളും പുക, പൊടിപടലങ്ങള്‍ എന്നിവയും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

ഡോ. ഡയാന ആന്റണി
കണ്‍സള്‍ട്ടന്റ് ഇ.എന്‍.ടി. സര്‍ജന്‍
കാരിത്താസ് ഹോസ്പിറ്റല്‍, കോട്ടയം

തയാറാക്കിയത്:
നീതു സാറാ ഫിലിപ്പ്

Ads by Google
Wednesday 12 Sep 2018 03.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW