Thursday, April 25, 2019 Last Updated 9 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 01.07 AM

കാടേറി കറിയയുടെ നീരാലിലയും ചില ഓസോണ്‍ ദിന ചിന്തകളും

uploads/news/2018/09/248242/bft1.jpg

മഹാദേവന്‍ തമ്പിയുടെ "ജലപര്‍വം" എന്ന നോവലിലെ കാടേറി കറിയ എന്ന കഥാപാത്രം പരിസ്‌ഥിതി സ്‌നേഹിയായ കര്‍ഷകനാണ്‌. കറിയ തന്റെ മകനും വിഖ്യാത സീസ്‌മോളജിസ്‌റ്റുമായ ഡോ. മാത്യൂസ്‌ തോമസ്‌ വര്‍ഗീസ്‌ പണിക്കര്‍ക്കു നല്‍കുന്ന വില്‍പ്പത്രത്തിലെ വിചിത്രമായ വാചകം എന്നും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നതാണ്‌. "നിനക്കു തരുവാനായി അപ്പന്റേതായി മറ്റൊന്നുമില്ല; ഒരിലയല്ലാതെ. ആസന്നമായ പ്രളയത്തില്‍ അഭയമാകുന്ന ആ ഒരില. നമ്മുടെ നീരാലില, ഇലപ്പലക ഞാന്‍ നിനക്കു തരുന്നു".
കടലിലേക്ക്‌ ഒഴുകിപ്പോകുന്ന വെള്ളത്തെ തടുത്തുനിര്‍ത്താന്‍ ഒരുപാധിയായി പ്രകൃതി സജ്‌ജീകരിച്ചിരിക്കുന്ന മാര്‍ഗമായാണു നീരാലിനെ നോവലില്‍ ചിത്രീകരിച്ചിരിക്കുന്നത്‌. മഴ പെയ്യുമ്പോള്‍ നീരാലിന്റെ ഒരിലയില്‍ ഒരുകുടം വെള്ളംവരെ ശേഖരിക്കുമത്രേ! ജലാംശം വറ്റിത്തുടങ്ങുമ്പോള്‍ നീരാലില മണ്ണിലേക്കു ജലവിന്യാസം തുടങ്ങും. 400 വര്‍ഷം വരെ ജലം വിന്യസിച്ചു ജീവിക്കുന്ന നീരാലില്‍ അവസാനത്തെ ഇലയാകുമ്പോള്‍ അതു നേര്‍ത്ത പലകപോലെ ഒരിക്കലും നശിക്കാത്ത ഇലപ്പലകയാകും. മനുഷ്യകേന്ദ്രീകൃതമായ വികസനദുരന്തങ്ങളുടെ കാലയളവില്‍ നീരാലിലയുടെ കഥ ഒരോര്‍മപ്പെടുത്തലാണ്‌. ഭാവി തലമുറയ്‌ക്കായി സൂക്ഷിച്ചുവയ്‌ക്കാന്‍ ഒരു നീരാലിലപോലും ബാക്കിവയ്‌ക്കാതെ എല്ലാം ചൂഷണം ചെയ്യുന്ന കാലഘട്ടത്തില്‍ ഒരു സെപ്‌റ്റംബര്‍ 16 കൂടി കടന്നുവരുന്നു-അന്തര്‍ദേശീയ ഓസോണ്‍ ദിനം.
പ്രളയാനന്തരകേരളം വരള്‍ച്ചാകാഠിന്യം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെടുമ്പോള്‍, കലിതുള്ളിയ നദികള്‍ ദ്രുതഗതിയില്‍ വരളുമ്പോള്‍, ഈ ദിനത്തിന്റെ പ്രസക്‌തി ഏറെയാണ്‌. അന്തരീക്ഷത്തിലെ ചൂടു നിയന്ത്രിക്കാന്‍ പ്രകൃതിയൊരുക്കിയ കവചങ്ങളില്‍ പുഴുക്കുത്തു വീണതിന്റെ പരിണതഫലമാണു നാം അനുഭവിക്കുന്നത്‌. ഒട്ടേറെ ദിനാചരണങ്ങള്‍ക്കിടയില്‍ എന്തുകൊണ്ടോ ആരുമറിയാതെ ഓരോ സെപ്‌റ്റംബര്‍ പതിനാറും കടന്നുപോകുന്നു. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഓസോണിന്റെ അളവ്‌ കൂടുതലുള്ള പാളിയാണ്‌ ഓസോണ്‍ പാളി. സൂര്യനില്‍നിന്നുള്ള അള്‍ട്രാവയലറ്റ്‌ രശ്‌മികളില്‍ 93.99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു. ഭൂമിയിലെ ജീവജാലങ്ങള്‍ക്കു ഹാനികരമാണ്‌ അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍. 1913-ല്‍ ഫ്രഞ്ച്‌ ഭൗതികശാസ്‌ത്രജ്‌ഞരായ ചാള്‍സ്‌ ഫാബ്രി, ഹെന്റി ബിഷണ്‍ എന്നിവരാണ്‌ അന്തരീക്ഷത്തില്‍ ഓസോണിന്റെ സാന്നിധ്യം കണ്ടെത്തിയത്‌. ബ്രിട്ടീഷ്‌ ശാസ്‌ത്രജ്‌ഞന്‍ ജി.എം.ബി. ഡൊബ്‌സണാണ്‌ ഓസോണിനെ അളക്കാന്‍ സ്‌പെക്രേ്‌ടാഫോമീറ്റര്‍ എന്ന ഉപകരണം വികസിപ്പിച്ചെടുത്തത്‌. 1928-1958 കാലയളവില്‍ അദ്ദേഹം ഓസോണ്‍ നിരീക്ഷണകേന്ദ്രങ്ങളുടെ വന്‍ശൃംഖല സ്‌ഥാപിച്ചു. അന്തരീക്ഷത്തിലെ ഓസോണിന്റെ ആകെ അളവിനെ അദ്ദേഹത്തിന്റെ സ്‌മരണാര്‍ഥം ഡോബ്‌സ്‌ യൂണിറ്റ്‌ എന്നു വിളിക്കുന്നു. കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഇര്‍വിന്‍ എഫ്‌. ഷേര്‍വുഡ്‌ റൗളണ്ട്‌, മാരിയോ ജെ. മോളര്‍ എന്നീ ശാസ്‌ത്രജ്‌ഞര്‍ 1974-ല്‍ നടത്തിയ പഠനത്തില്‍ ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍ (സി.എഫ്‌.സി) ഭൗമാന്തരീക്ഷത്തിലെ ഓസോണ്‍ പാളിയെ നശിപ്പിക്കുമെന്നും ഭാവിയില്‍ പരിസ്‌ഥിതി നാശത്തിനു വഴിതെളിക്കുമെന്നുമുള്ള സിദ്ധാന്തം മുന്നോട്ടുവച്ചു. നിര്‍ഭാഗ്യവശാല്‍ ഈ കണ്ടെത്തലിനെ 1985 വരെ നാം അവഗണിച്ചു. 1985-ല്‍ അന്റാര്‍ട്ടിക്കയില്‍ ആദ്യമായി ഓസോണ്‍ പാളിയില്‍ വിള്ളല്‍ കണ്ടെത്തി. തുടര്‍ന്ന്‌ 1985-ല്‍ വിയന്നാ ഉച്ചകോടി ചേരുകയും മോണ്‍ട്രിയോള്‍ പ്രോട്ടോക്കോള്‍ എന്ന ഉടമ്പടി അംഗീകരിക്കുകയും ചെയ്‌തു.
അമേരിക്കയുടെ നിംബസ്‌ ഉപഗ്രഹവും ജപ്പാന്റെ സ്വായ ഉപഗ്രഹവും ഓസോണ്‍ വിടവിന്റെ വ്യാപ്‌തി 15-20 കിലോമീറ്ററാണെന്നു ലോകത്തെ അറിയിച്ചു. അന്തരീക്ഷമലിനീകരണത്തിന്റെ ആപത്‌കരമായ ഈ അവസ്‌ഥയ്‌ക്കു കാരണമായി ചൂണ്ടിക്കാണിക്കുന്നത്‌ ഒ.ഡി.എസ്‌. എന്നറിയപ്പെടുന്ന ഓസോണ്‍ ഡിപ്ലെറ്റിങ്‌ സബ്‌സ്‌റ്റാന്‍സസ്‌ (ഓസോണ്‍ ശോഷണത്തെ ത്വരിതപ്പെടുത്തുന്ന വസ്‌തുക്കള്‍) ആണ്‌. എയര്‍ കണ്ടീഷണറുകള്‍, അഗ്‌നിശമനവസ്‌തുക്കള്‍, ശുദ്ധീകരണലായകങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിലെ പ്രധാനികളാണ്‌. പെട്രോള്‍ വാഹനങ്ങള്‍, കീടനാശിനികള്‍, വളം നിര്‍മാണം, എണ്ണ ശുദ്ധീകരണം എന്നിവയിലൊക്കെ ഉപയോഗിക്കുന്ന നൈട്രസ്‌ ഓക്‌സൈഡ്‌ ഉള്‍പ്പെടെ ഓസോണ്‍ പാളിക്കു ദോഷകരമായ ഒട്ടേറെ ഘടകങ്ങള്‍ ശാസ്‌ത്രലോകം കണ്ടെത്തി. ഓസോണ്‍ ശോഷണത്തില്‍ സി.എഫ്‌.സിക്കു വലിയ പങ്കാണുള്ളത്‌. ഓസോണിന്റെ നാശം മൂലം അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ അന്തരീക്ഷത്തിന്റെ താഴ്‌ന്ന ശ്രേണിയിലെത്തി താപവര്‍ധനയുണ്ടാക്കുന്നു. ചര്‍മാര്‍ബുദം, തിമിരം എന്നിവ വ്യാപിപ്പിക്കുന്നതിനൊപ്പം ജീവജാലങ്ങളുടെ ജനിതകഘടനയില്‍പ്പോലും മാറ്റങ്ങളുണ്ടാകുന്നു. സമുദ്രജീവികളുടെ ആവാസവ്യവസ്‌ഥയെ ബാധിക്കുന്നു. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുപാളികള്‍ ഉരുകുന്നു. സമുദ്രനിരപ്പ്‌ ഉയരാന്‍ കാരണമാകുന്ന ഓസോണ്‍ ശോഷണവുമായി ബന്ധപ്പെട്ട ആദ്യത്തെ രാജ്യാന്തരകരാര്‍ ഒപ്പുവയ്‌ക്കുന്നത്‌ 1987 സെപ്‌റ്റംബര്‍ 16-നാണ്‌. മോണ്‍ട്രിയല്‍ പ്ര?ട്ടോക്കോള്‍ എന്ന ഈ കരാറില്‍ 46 രാജ്യങ്ങള്‍ ഒപ്പുവച്ചു. ഇന്ത്യയും ഇതില്‍ പങ്കാളിയാണ്‌. 1995 ജനുവരി 23-ന്‌ ഐക്യരാഷ്‌ട്രസംഘടന സെപ്‌റ്റംബര്‍ 16 രാജ്യാന്തര ഓസോണ്‍ സംരക്ഷണദിനമായി പ്രഖ്യാപിച്ചു. അടുത്ത ഞായറാഴ്‌ച ഓസോണ്‍ ദിനമാചരിക്കുമ്പോള്‍ കേരളം ഉള്‍പ്പെടെ വലിയ ചൂടിലേക്കു നീങ്ങുകയാണ്‌.
ഈ രംഗത്തു നടപ്പാക്കിയ മറ്റൊരു പ്രധാന നിര്‍ദേശമാണു ക്യോട്ടോ പ്രോട്ടോക്കോള്‍. കാലാവസ്‌ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട്‌ 1992-ല്‍ യു.എന്‍. മുന്നോട്ടുവച്ച നിര്‍ദേശങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ 1997 ഡിസംബര്‍ 11-നു ജപ്പാനിലെ ക്യോട്ടോയില്‍ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതും 2005 ഫെബ്രുവരി 16-നു നിലവില്‍ വന്നതും. പരിസ്‌ഥിതിരംഗത്ത്‌, പ്രത്യേകിച്ച്‌ കാലാവസ്‌ഥാ വ്യതിയാനത്തിലെ ഗൗരവതരമായ ഇടപെടലുകള്‍ സമാനതകളില്ലാത്തതാണ്‌. എന്നാല്‍ അവയെല്ലാം പൂര്‍ണമായി വിജയിച്ചെന്നു പറയാന്‍ കഴിയില്ല. 2000-ലെ ഒ.ഡി.എസ്‌. നിയമങ്ങള്‍ ഇന്ത്യയില്‍ സി.എഫ്‌.സി. ഉപയോഗം പൂര്‍ണമായി നിരോധിച്ചു. ഇന്നു നമ്മുടെ നാട്ടില്‍ ഓസോണിനു ഹാനികരമല്ലാത്ത വസ്‌തുക്കള്‍ നിര്‍മിക്കാന്‍ പല ഉത്‌പാദകരും മുന്നോട്ടുവരുന്നതു ശ്ലാഘനീയമാണ്‌.
പ്രളയാനന്തരം വരാനിരിക്കുന്ന കടുത്ത വരള്‍ച്ചയുടെ നാളുകള്‍ കേരളത്തെ ആശങ്കപ്പെടുത്തുന്നു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വരള്‍ച്ച നേരിടാനുള്ള പ്രവര്‍ത്തനങ്ങളും ശക്‌തമാക്കണം. ജലസ്രോതസുകള്‍ സംരക്ഷിക്കാനും കുടിവെള്ളപദ്ധതികള്‍ പൂര്‍ത്തീകരിക്കാനും നടപടിയുണ്ടാകണം. കേരളത്തിലെ ഭൂതലമാറ്റങ്ങള്‍ പഠിച്ച്‌, പ്രശ്‌നങ്ങള്‍ക്കു പരിഹാരങ്ങള്‍ കണ്ടെത്തണം. രാജ്യാന്തര ഏജന്‍സികളുടെ സഹകരണത്തോടെ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം.
സംസ്‌ഥാനസര്‍ക്കാര്‍ ഗ്രീന്‍ ക്ലൈമറ്റ്‌ ഫണ്ടിനായുള്ള മൂന്നു നിര്‍ദേശങ്ങള്‍ നബാര്‍ഡിന്‌ സമര്‍പ്പിച്ചതായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്‌. പാലക്കാടന്‍ ചുരവുമായി ബന്ധപ്പെട്ട കാലാവസ്‌ഥാ വ്യതിയാനവും ഭാരതപ്പുഴയുടെ പാരിസ്‌ഥിതികപ്രശ്‌നങ്ങളുമാണ്‌ ആ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്‌. മറ്റു പുതിയ നിര്‍ദേശങ്ങളില്ല. നിലവില്‍ കാലാവസ്‌ഥാ വ്യതിയാന പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ രോഗങ്ങളും കാലാവസ്‌ഥാ വ്യതിയാന ആഘാതങ്ങളും കേരളത്തിലെ ഹൈറേഞ്ചിന്റെ ഭൗമശാസ്‌ത്രപഠനവും നടക്കുന്നതായി മനസിലാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച കാലാവസ്‌ഥാ വ്യതിയാന പഠനകേന്ദ്രത്തിനു കീഴില്‍ കൂടുതല്‍ ഗവേഷണവിഷയങ്ങള്‍ ഏറ്റെടുക്കണം. ഗ്രീന്‍ ക്ലൈമറ്റ്‌ ഫണ്ടിനായി കൂടുതല്‍ പദ്ധതികള്‍ സമയബന്ധിതമായി അവതരിപ്പിക്കണം. ചീഫ്‌ സെക്രട്ടറിയും പരിസ്‌ഥിതി വകുപ്പ്‌ സെക്രട്ടറിയും ഉള്‍പ്പെട്ട ആ സമിതി 2017 മാര്‍ച്ചിനുശേഷം കൂടിയിട്ടില്ലെന്നാണു നിയമസഭയില്‍ ലഭിച്ച മറുപടി. കാലാവസ്‌ഥ സംബന്ധിച്ച ഇത്തരം ഉദാസീനതയ്‌ക്കു വന്‍വില നല്‍കേണ്ടിവരും.
ലോകരാഷ്‌ട്രങ്ങള്‍ ഒന്നിച്ചുനിന്നപ്പോള്‍ ഓസോണ്‍ പ്രശ്‌നത്തില്‍ ശുഭോദര്‍ക്കമായ നടപടികള്‍ നടപ്പാക്കാനായി. ഇതൊരു പാഠമാക്കാന്‍ കേരളത്തിനും കഴിയണം. കാലാവസ്‌ഥാ വ്യതിയാനത്തെക്കുറിച്ചു കഴിഞ്ഞദിവസം യു.എന്‍. സെക്രട്ടറി ജനറല്‍ പറഞ്ഞ കാര്യങ്ങളില്‍ കേരളത്തിലെ പ്രളയവും പരാമര്‍ശിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞവസാനിപ്പിച്ച വാക്കുകള്‍ ശ്രദ്ധേയമാണ്‌: "നമ്മുടെ ഭാവി നമ്മുടെ കൈയിലാണ്‌, ഏറെ വൈകുന്നതിനു മുമ്പ്‌ കാലാവസ്‌ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികള്‍ നാം ഏറ്റെടുത്തേ കഴിയൂ". ഈവര്‍ഷത്തെ ഓസോണ്‍ ദിന സന്ദേശം "കീപ്പ്‌ കൂള്‍ ആന്‍ഡ്‌ കാരി ഓണ്‍" എന്നാണ്‌. നാം ജ്വലിപ്പിച്ച അഗ്‌നിയെ കെടുത്താന്‍ നമുക്കേ കഴിയൂ.

Ads by Google
Thursday 13 Sep 2018 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW