Tuesday, December 18, 2018 Last Updated 45 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 09.12 PM

വിറ്റൊഴിവാക്കാന്‍ ശ്രമിച്ച ഖനിയില്‍ വന്‍ സ്വര്‍ണനിധി; ലോകത്തിലെ ഏറ്റവും പരിശുദ്ധമായ സ്വര്‍ണശേഖരം കണ്ടെത്തിയത് ഖനിത്തൊഴിലാളി

Mother lode of gold at Australian mine
Image Credit: Royal Nickel Corp

ടൊറന്റോ ആസ്ഥാനമായുളള ഖനിക്കമ്പനിയാണ് റോയല്‍ നിക്കല്‍ കോര്‍പറേഷന്‍ (ആര്‍എന്‍സി). നിക്കലാണ് കമ്പനിയുടെ നേതൃത്വത്തില്‍ പ്രധാനമായും ഖനനം ചെയ്തെടുത്തിരുന്നത്. തങ്ങളുടെ കീഴില്‍ ഓസ്‌ട്രേലിയയിലുള്ള ബീറ്റ ഹണ്ട് എന്ന ഖനി വിറ്റൊഴിവാക്കാനുള്ള ശ്രമങ്ങളിലായിരുന്നു കമ്പനി. എന്നാല്‍ ഒഴിവാക്കാന്‍ ശ്രമിച്ച ഖനി തന്നെ ഇപ്പോള്‍ കമ്പനിയ്ക്ക് വന്‍ നിധി തിരികെ നല്‍കിയിരിക്കുകയാണ്. നിക്കലിനായുള്ള ഖനനത്തിനിടെ ബീറ്റ ഹണ്ടിലെ ഒരു ജീവനക്കാരന്‍ കണ്ടെത്തിയത് ഏറ്റവും പരിശുദ്ധമായ സ്വര്‍ണം നിറഞ്ഞ പാറക്കൂട്ടമായിരുന്നു.

ഒരു ടണ്ണില്‍ രണ്ടോ നാലോ ഗ്രാം എന്ന കണക്കിനായിരുന്നു നേരത്തെ അയിരില്‍ നിന്നു സ്വര്‍ണം ലഭിച്ചിരുന്നത്. എന്നാല്‍ പുതിയ പാറക്കൂട്ടത്തില്‍ ഒരു ടണ്ണിന് രണ്ടായിരം ഗ്രാം എന്ന നിലയിലാണു സ്വര്‍ണം. 94 കിലോഗ്രാം വരുന്ന ഒരു പാറക്കഷ്ണം കമ്പനി അടര്‍ത്തിയെടുത്തിരുന്നു. അതില്‍ മാത്രം ഏകദേശം 2440 ഔണ്‍സ് സ്വര്‍ണമാണുണ്ടായിരുന്നത്. സംസ്‌കരിക്കാന്‍ പോലും അയയ്ക്കേണ്ടാത്ത വിധം പരിശുദ്ധമാണ് ഈ സ്വര്‍ണമെന്നും ആര്‍എന്‍സി അവകാശപ്പെടുന്നു. കെന്റി ഡോള്‍ എന്ന ഖനിത്തൊഴിലാളിയാണ് ഈ സ്വര്‍ണ നിധി കണ്ടെത്തിയത്. തന്റെ ജീവിതത്തില്‍ ഇന്നേവരെ ഇതുപോലൊരു കാഴ്ച കണ്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

Mother lode of gold at Australian mine

നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന അദ്ഭുതം എന്നാണ് മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും പരിശുദ്ധമായ, ഏറ്റവും വലിയ സ്വര്‍ണക്കട്ടിയെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലും വ്യക്തമാക്കി. ഭൗമോപരിതലത്തില്‍ നിന്ന് ഏകദേശം 500 മീറ്റര്‍ താഴെയായിട്ടായിരുന്നു ഖനനം നടന്നിരുന്നത്. ഖനിയില്‍ നിന്നു വേര്‍തിരിച്ചെടുത്തതാകട്ടെ മൂന്നു മീറ്റര്‍ നീളവും അത്ര തന്നെ വീതിയുമുള്ള പാറക്കഷ്ണങ്ങളും. ഇതിന്റെ രണ്ടു വലിയ കഷ്ണങ്ങളിലായി ഏകദേശം 9000 ഔണ്‍സിന്റെ സ്വര്‍ണമുണ്ടായിരുന്നു. നിലവിലെ വിപണിമൂല്യമനുസരിച്ച് ഏകദേശം 1.4-1.5 കോടി ഡോളര്‍ വില വരും ഇതില്‍ നിന്നുള്ള സ്വര്‍ണത്തിന്. അതായത് ആര്‍എന്‍സി കമ്പനിയുടെ വിപണി മൂല്യത്തിന്റെ ഒരു വലിയ ഭാഗത്തോളം.

2016-ലാണ് ആര്‍എന്‍സി ഈ ഖനി സ്വന്തമാക്കിയത്. പെര്‍ത്തില്‍ നിന്ന് ഏകദേശം 600 കിലോമീറ്റര്‍ മാറി പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലായിരുന്നു ഖനി. 1970-കള്‍ മുതല്‍ക്കു തന്നെ ഇവിടെ നിക്കല്‍ ഖനനം നടക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ബീറ്റ ഹണ്ട് വിറ്റൊഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു കമ്പനി. ക്വിബെക്കില്‍ 100 കോടി ഡോളര്‍ ചെലവില്‍ പുതിയ നിക്കല്‍ ഖനി വാങ്ങാനുള്ള ശ്രമത്തിലായിരുന്നു ആര്‍എന്‍സി. അതിനു പണം തേടിയാണ് ബീറ്റ ഹണ്ട് വില്‍ക്കാനൊരുങ്ങിയത്. സംഭവത്തിനു പിന്നാലെ റോയല്‍ നിക്കല്‍ കോര്‍പറേഷന്‍ ഓഹരി മൂല്യം ഒറ്റയടിക്കു 83 ശതമാനമാണു കുതിച്ചു കയറിയത്.

Ads by Google
Thursday 13 Sep 2018 09.12 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW