Monday, November 19, 2018 Last Updated 23 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 12.27 AM

ബിഷപ്പിനെതിരായ അന്വേഷണം തൃപ്‌തികരം അറസ്‌റ്റാണോ ശിക്ഷയാണോ പ്രധാനം? ഹൈക്കോടതി

uploads/news/2018/09/248463/1.jpg

കൊച്ചി: കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌തെന്നു ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരായ കേസിലെ അന്വേഷണം തൃപ്‌തികരമാണെന്നും ഈ ഘട്ടത്തില്‍ ഇടപെടുന്നില്ലെന്നും ഹൈക്കോടതി. ആരോപിക്കപ്പെടുന്ന സംഭവങ്ങള്‍ക്കു വര്‍ഷങ്ങള്‍ പഴക്കമുള്ളതിനാല്‍ ഉടന്‍ അറസ്‌റ്റ്‌ എന്ന പൊതുരീതി ഉചിതമായേക്കില്ല, അക്കാര്യം പോലീസ്‌ തീരുമാനിക്കട്ടെ. സി.ബി.ഐ. അന്വേഷണമെന്ന ആവശ്യം പരിഗണിക്കാന്‍ സമയമായിട്ടില്ല.
അറസ്‌റ്റാണോ പ്രതിക്കു ശിക്ഷ ലഭിക്കുന്നതാണോ ഹര്‍ജിക്കാര്‍ക്കു താല്‍പര്യമെന്നു കോടതി ചോദിച്ചു. പ്രതി കുറ്റം സമ്മതിച്ചാല്‍പ്പോലും ശിക്ഷിക്കണമെങ്കില്‍ മതിയായ തെളിവുകള്‍ വേണം. തെളിവു ശേഖരിക്കാന്‍ സമയമെടുക്കുന്നതു സ്വാഭാവികം. അന്വേഷണം എങ്ങനെയാകണമെന്നു പോലീസിനെ നിര്‍ബന്ധിക്കാന്‍ കഴിയില്ല. ഇതുവരെ ശേഖരിച്ച തെളിവുകളിലെ വൈരുധ്യം പരിശോധിച്ചതിനു ശേഷമേ അറസ്‌റ്റിന്റെ കാര്യം തീരുമാനിക്കാന്‍ കഴിയൂ എന്നു പ്രോസിക്യൂഷന്‍ അറിയിച്ചിട്ടണ്ട്‌. അറസ്‌റ്റിനു മുറവിളി കൂട്ടുന്നവര്‍ പരാതിക്കാരിയായ കന്യാസ്‌ത്രീ കാണിക്കുന്ന ക്ഷമയെങ്കിലും കാണിക്കണമെന്നു ചീഫ്‌ ജസ്‌റ്റിസ്‌ ഋഷികേശ്‌ റോയി, ജസ്‌റ്റിസ്‌ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുടെ ബെഞ്ച്‌ അഭിപ്രായപ്പെട്ടു.
ബിഷപ്പിനെ അറസ്‌റ്റ്‌ ചെയ്യണമെന്നും ഇരയ്‌ക്കും സാക്ഷികള്‍ക്കും സംരക്ഷണം നല്‍കണമെന്നും അന്വേഷണം സി.ബി.ഐക്കു വിടണമെന്നും ആവശ്യപ്പെടുന്ന മൂന്നു ഹര്‍ജികളാണു കോടതി പരിഗണിച്ചത്‌. ഉന്നത ശ്രേണിയിലുള്ളവര്‍ ഇരയെയോ സാക്ഷികളെയോ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യുന്നില്ലെന്ന്‌ ഉറപ്പാക്കാന്‍ കോടതിയുടെ നിരീക്ഷണമുണ്ടാകും. പോലീസ്‌ അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. ഇരയ്‌ക്കോ സാക്ഷികള്‍ക്കോ ഭീഷണിയുണ്ടെങ്കില്‍ അക്കാര്യം കോടതിയെ അറിയിക്കാം. ചോദ്യംചെയ്യലിനായി 19-ന്‌ അന്വേഷണോദ്യോഗസ്‌ഥര്‍ക്കു മുന്നില്‍ ഹാജരാകാന്‍ ബിഷപ്പിനു നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. ചോദ്യംചെയ്യലിനു ശേഷം അന്വേഷണ പുരോഗതി വിലയിരുത്താമെന്നു വ്യക്‌തമാക്കി കോടതി കേസ്‌ 24-ലേക്കു മാറ്റി. ഇതുവരെ 81 സാക്ഷികളുടെ മൊഴിയെടുത്തെന്നും നാലു തൊണ്ടിസാധനങ്ങളും 34 രേഖകളും പിടിച്ചെടുത്തെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കന്യാസ്‌ത്രീയുടെ പരാതി കേസെടുക്കാന്‍ പറ്റുന്ന തരത്തിലുള്ളതല്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

Ads by Google
Friday 14 Sep 2018 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW