Monday, November 19, 2018 Last Updated 20 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 12.30 AM

ക്ലാസ്‌ മുറികളില്‍ സി.സി. ടിവി ക്യാമറ സ്‌ഥാപിക്കാമെന്നു ഹൈക്കോടതി

uploads/news/2018/09/248478/4.jpg

ന്യൂഡല്‍ഹി: ക്ലാസ്‌ മുറികളില്‍ സി.സി. ടിവി ക്യാമറ സ്‌ഥാപിക്കുന്നതില്‍ തെറ്റില്ലെന്നു ഡല്‍ഹി ഹൈക്കോടതി. ഇതു കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്ന വാദം അസംബന്ധമാണെന്നും കോടതി വ്യക്‌തമാക്കി.
ഇക്കാര്യത്തില്‍ സ്വകാര്യതയുടെ പ്രശ്‌നമില്ല. ക്ലാസ്‌ മുറികളില്‍ സ്വകാര്യമായൊന്നും നടക്കുന്നില്ലെന്നു ചീഫ്‌ ജസ്‌റ്റിസ്‌ രാജേന്ദ്രമേനോനും ജസ്‌റ്റിസ്‌ വി.കെ. റാവുവും ഉള്‍പ്പെട്ട ബെഞ്ച്‌ ചൂണ്ടിക്കാട്ടി. സ്വകാര്യതയെക്കാള്‍ കുട്ടികള്‍ക്കു പ്രധാനം സുരക്ഷയാണ്‌. ചില അധ്യാപകര്‍ കൃത്യമായി പഠിപ്പിക്കുന്നില്ലെന്ന രക്ഷാകര്‍ത്താക്കളുടെ പരാതിക്കും സി.സി. ടിവി ക്യാമറകള്‍ പരിഹാരമാണെന്നു കോടതി ചൂണ്ടിക്കാട്ടി.
സ്‌കൂളുകളില്‍ 1.4 ലക്ഷം സി.സി. ടിവി ക്യാമറകള്‍ സ്‌ഥാപിക്കാനുള്ള ഡല്‍ഹി സര്‍ക്കാര്‍ നീക്കത്തിനെതിരേ സമര്‍പ്പിക്കപ്പെട്ട പൊതുതാത്‌പര്യഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ക്യാമറ സ്‌ഥാപിക്കാനുള്ള തീരുമാനത്തിന്‌ ഇടക്കാല സ്‌റ്റേ അനുവദിക്കണമെന്നു ഹര്‍ജിക്കാരനായ ഡാനിയേല്‍ ജോര്‍ജിന്റെ അഭിഭാഷകന്‍ വാദിച്ചു.
പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ വ്യക്‌തിപരമായ കാര്യങ്ങള്‍ പങ്കുവയ്‌ക്കുന്ന ക്ലാസ്‌ മുറികളില്‍ ക്യാമറ സ്‌ഥാപിക്കുന്നതു ശരിയല്ലെന്നു ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, കോടതികളില്‍വരെ സി.സി. ടിവി ക്യാമറകള്‍ സ്‌ഥാപിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം ചൂണ്ടിക്കാട്ടിയ ഡിവിഷന്‍ ബെഞ്ച്‌, ക്ലാസ്‌ മുറികളില്‍ സ്വകാര്യമായൊന്നും നടക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളി.
ഏതു നല്ല കാര്യത്തെയും എതിര്‍ക്കാന്‍ ചിലരുണ്ടെന്നും കോടതി വിമര്‍ശിച്ചു. സി.സി. ടിവി ദൃശ്യങ്ങള്‍ രക്ഷാകര്‍ത്താക്കള്‍ക്കു മാത്രം കാണാവുന്ന വിധത്തില്‍ പാസ്‌വേഡ്‌ ഉപയോഗിച്ച്‌ സംരക്ഷിച്ചിട്ടുണ്ടെന്നും അപരിചിതരില്‍ അവ എത്തില്ലെന്നും ഡല്‍ഹി സര്‍ക്കാര്‍ അഭിഭാഷകന്‍ ബോധിപ്പിച്ചു.

Ads by Google
Friday 14 Sep 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW