Friday, November 16, 2018 Last Updated 7 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 06.57 PM

നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടത് കോണ്‍ഗ്രസാണെന്ന് മന്ത്രി ഇ.പി ജയരാജന്‍

EP Jayarajan, Nambi Narayanan

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടത് കോണ്‍ഗ്രസാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. ഐ.എസ്.ആര്‍.ഒ കേസില്‍ നമ്പി നാരായണനെതിരെ കേസെടുത്തത് അനാവശ്യമായായിരുന്നെന്നും അദ്ദേഹത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സുപ്രീം കോടതി വിധിച്ചിരുന്നു. കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇ.പി ജയരാജന്റെ പ്രതികരണം.

സുപ്രീം കോടതി വിധി മാനിച്ച് ആവശ്യമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് ഇ.പി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഗൂഢാലോചന അന്വേഷിക്കാനുള്ള കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നു. ചാരക്കേസില്‍ കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍ ഉള്‍പ്പെടെയുള്ളവര്‍ ഖേദം പ്രകടിപ്പിക്കുന്നത് നാം കണ്ടതാണ്. കരുണാകരനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ടാക്കിയ ഗൂഢാലോചനയാണ് കേസെന്നും ജയരാജന്‍ പറഞ്ഞു.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 1210 കോടി രൂപ ലഭിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതുവരെ 816 കോടി രൂപ വിവിധ ഫണ്ടുകളിലേക്ക് അനുവദിച്ചു. 420 കോടി രൂപ മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്ന് നല്‍കി. സെപ്റ്റംബര്‍ 12 വരെ 5.27 ലക്ഷം കുടുംബങ്ങള്‍ക്ക അടിയന്തര സഹായമായ 10,000 രൂപ നല്‍കിക്കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 48,411 കുടുംബങ്ങള്‍ക്ക് കൂടി അടിയന്തര സഹായം നല്‍കാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പ്രളയക്കെടുതിയില്‍ 40,000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് പുതിയ നിവേദനം നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. യു.എ.ഇ നല്‍കുമെന്ന് വ്യക്മാക്കിയ സാമ്പത്തിക സഹായത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടു എന്നത് തികച്ചും അടിസ്ഥാനരഹിതമായ ആരോപണമാണെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി തിരിച്ചു വരുന്ന തീയതി തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ അഭാവം ഭരണത്തെ ബാധിച്ചിട്ടില്ലെന്നും ഇ.പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW