Sunday, May 19, 2019 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 17 Sep 2018 09.37 AM

ക്യാപ്റ്റനും ഈശ്വരനും തമ്മിലെന്തു ബന്ധം?

'' സത്യക്രിസ്ത്യാനിയായ ക്യാപ്റ്റന്‍രാജുവിന്റെ ജീവിതത്തില്‍ മൂകാംബികാദേവിയും ശ്രീകൃഷ്ണനും അയ്യപ്പനും വാവരും സൃഷ്ടിച്ച സ്വാധീനമെന്ത്? എല്ലാ ദൈവങ്ങളെയും മതവിശ്വാസങ്ങളെയും ഒരുപോലെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിന്റെ രഹസ്യം ഇതാദ്യമായി വെളിപ്പെടുത്തുകയാണ് ക്യാപ്റ്റന്‍.''
uploads/news/2018/09/249291/mgmsplcaptainraju170918.jpg

ക്യാപ്റ്റന്‍രാജു ഒരു സത്യക്രിസ്ത്യാനിയാണ്. അതിനുമപ്പുറം ഹൈന്ദവ സംസ്‌കാരത്തെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വിശാലമായൊരു മനസ്സുണ്ട് ക്യാപ്റ്റന്. പള്ളികളില്‍ മാത്രമല്ല, അമ്പലങ്ങളിലും മതപ്രഭാഷണത്തിന് പോകുന്നു.

എറണാകുളം പാടിവട്ടത്തെ വീട്ടിലെ പൂജാമുറിയിലെത്തിയാല്‍ യേശുവിന്റെ തിരുവത്താഴത്തിന്റെ വലിയൊരു ചിത്രം കാണാം. തൊട്ടടുത്ത് ശ്രീകൃഷ്ണനും തിരുപ്പതി ശ്രീ വെങ്കിടാചലപതിയും. അലമാരയ്ക്കു മുകളില്‍ ബൈബിളും ഭഗവദ്ഗീതയും ഖുര്‍ആനും ഗുരുഗ്രന്ഥസാഹിബും.

''ഇതൊക്കെയും പ്രഭാഷണത്തിന് പോകുമ്പോള്‍ സമ്മാനമായി കിട്ടുന്നതാണ്. കഴിഞ്ഞ ശ്രീകൃഷ്ണജയന്തിക്ക് പോയപ്പോള്‍ സംഘാടകര്‍ ഈ കൃഷ്ണവിഗ്രഹം തന്നു. റൊമാന്റിക്കായതിനാല്‍ കൃഷ്ണനെയാണ് എനിക്കേറെയിഷ്ടം. ഞാനിങ്ങനെ നില്‍ക്കുന്നതുതന്നെ മൂകാംബികാദേവിയുടെ കാരുണ്യത്തിലാണ്.''

ദൈവങ്ങള്‍ക്കു മുമ്പില്‍ ക്യാപ്റ്റന്‍ ഭക്തിയോടെ കൈകള്‍ കൂപ്പി. മതത്തേക്കാള്‍ മനുഷ്യനെയും ദൈവത്തെയും സ്‌നേഹിക്കാന്‍ പഠിച്ചതെങ്ങനെയെന്ന് ക്യാപ്റ്റന്‍രാജു തന്നെ പറഞ്ഞുതരുന്നു.

ജാതിക്കും മതത്തിനുമപ്പുറം


പത്തനംതിട്ടയിലെ ഓമല്ലൂരിലാണ് ഞാന്‍ ജനിച്ചത്. ഡാനിയേല്‍ സാറിന്റെയും അന്നമ്മടീച്ചറിന്റെയും ഏഴുമക്കളിലൊരാള്‍. അച്ഛനും അമ്മയും അധ്യാപകരായതിനാല്‍ വീട്ടിലും സ്ട്രിക്ടായിരുന്നു. ചൂരല്‍വടിയുടെ മുനയിലാണ് ഞങ്ങള്‍ വളര്‍ന്നത്. അതിന്റെ ഗുണമാണ് ഏഴുമക്കളുടെയും അച്ചടക്കമുള്ള ജീവിതം. ഓമല്ലൂരില്‍ ഒരമ്പലമുണ്ട്. ശ്രീ രക്തകണ്ഠസ്വാമിക്ഷേത്രം. അമ്പലത്തിനു മുമ്പിലൂടെ സ്‌കൂളിലേക്ക് പോകുമ്പോള്‍ അമ്മ ഒന്നു നില്‍ക്കും. വലതുകൈ നെഞ്ചത്തുചേര്‍ത്ത് ഒരു നിമിഷം കണ്ണടച്ചു പ്രാര്‍ഥിക്കും.

''ഈശ്വരാ, എല്ലാവരെയും അനുഗ്രഹിക്കണേ.''
അമ്മയുടെ പ്രാര്‍ഥന ഞങ്ങളും അനുകരിച്ചു. ഇന്നും ഓമല്ലൂര്‍ അമ്പലത്തിനു മുമ്പിലൂടെ പോകുമ്പോള്‍ അറിയാതെ കാറിന്റെ ബ്രേക്കില്‍ കാലമരും. വലതു കൈ നെഞ്ചത്തുചേര്‍ത്തു പ്രാര്‍ഥിച്ചിട്ടേ കാര്‍ നീങ്ങുകയുള്ളൂ.

ഓമല്ലൂരിനടുത്താണ് മഞ്ഞനിക്കര പള്ളി. പെരുന്നാള്‍ക്കാലമായാല്‍ ആയിരക്കണക്കിന് തീര്‍ഥാടകരാണ് ഓമല്ലൂര്‍ വഴി മഞ്ഞനിക്കരയിലേക്കു പോകുന്നത്. കടുത്ത ചൂടില്‍ ദാഹിച്ചുവലയുന്ന തീര്‍ഥാടകര്‍ക്ക് തണുത്ത പച്ചമോര് കൊടുക്കുന്നത് ഓമല്ലൂരിലെ ഹിന്ദു കുടുംബങ്ങളില്‍പെട്ട അമ്മമാരാണ്. നാരകത്തിന്റെ ഇല പിഴിഞ്ഞ മോരിന്റെ രുചി ഒന്നു വേറെതന്നെയാണ്. ഇതൊക്കെ കണ്ടാണ് ഞാന്‍ വളരുന്നത്. ഓമല്ലൂര്‍ അമ്പലത്തില്‍ ഉത്സവത്തിന് കൊടിയേറിയാല്‍ ഒരു ദിവസം പോലും മിസ് ചെയ്യാറില്ല. സുബ്ബലക്ഷ്മിയുടെയും എം.എല്‍.വസന്തകുമാരിയുടെയും പാട്ടുകള്‍ ആസ്വദിച്ചതും അമ്പലത്തിലെ ഓപ്പണ്‍ എയര്‍ സ്‌റ്റേജിനു മുമ്പിലിരുന്നാണ്.

അമ്മയുടെ സ്‌കൂളിലാണ് കൊട്ടക്കാട്ട് ലക്ഷ്മിക്കുട്ടിസാറും പഠിപ്പിക്കുന്നത്. ലഞ്ച് ബ്രേക്കിന് അവരൊന്നിച്ചേ ഭക്ഷണം കഴിക്കാറുള്ളൂ. ചേട്ടത്തിയും അനിയത്തിയും പോലെയാണവര്‍. ലക്ഷ്മിക്കുട്ടിസാര്‍ ചേമ്പിന്റെയും ചക്കക്കുരുവിന്റെയും മെഴുക്കുപുരട്ടിയും ചുവന്ന ചമ്മന്തിയും വഴറ്റിയ വാഴയിലയില്‍ കൊണ്ടുവരും. ഇറച്ചി വറുത്തതോ മീന്‍ഫ്രൈയോ ആവും അമ്മയുടെ പൊതിയില്‍. പരസ്പരം പങ്കുവച്ച് കഴിക്കും. ഇവിടെ ജാതിക്കും മതത്തിനും സ്ഥാനമില്ല.

അല്ലെങ്കിലും എന്തു ജാതി? യേശുക്രിസ്തു 12 ശിഷ്യന്മാരെ തെരഞ്ഞെടുത്തത് ജാതി നോക്കിയാണോ? മീന്‍ പിടിക്കുന്നവരും കണക്കപ്പിള്ളമാരുമൊക്കെയാണ് ശിഷ്യരായി ഉണ്ടായിരുന്നത്. ക്രിസ്റ്റിയാനിറ്റി എന്ന സങ്കല്‍പ്പം പോലുമുണ്ടായത് യേശുവിന്റെ കുരിശാരോഹണത്തിന് ശേഷമാണ്. റോമിലെ ഒരു ബിഷപ്പിന്റെ നാവില്‍ നിന്നാണ് ക്രിസ്ത്യന്‍ എന്ന പദമുണ്ടായത്.

ഗുരുവായൂരിലെ കൃഷ്ണന്‍


ഹിന്ദു ദൈവങ്ങളില്‍ ശ്രീകൃഷ്ണനെയാണ് ഏറെയിഷ്ടം. ഗുരുവായൂരമ്പലത്തില്‍ വിവാഹത്തിന് പോകുമ്പോള്‍ ഗേറ്റിന് പുറത്തുനിന്ന് നോക്കിയാല്‍ ദൂരെ ശ്രീകോവിലില്‍ ദീപങ്ങള്‍ക്കിടയ്ക്ക് കൃഷ്ണനെ കാണാം. എനിക്ക് നല്ല ഉയരമുള്ളതിനാല്‍ എത്ര ദൂരെയായാലും കാണാനാവും. രണ്ടു കൈകളും കൂപ്പി നമസ്‌കാരമുണ്ടേയെന്ന് ഞാന്‍ പറയും.

''നിന്റെ നമസ്‌കാരം ഞാന്‍ സ്വീകരിച്ചിരിക്കുന്നു ക്യാപ്റ്റാ'' എന്ന് കൃഷ്ണന്‍ പറയുന്നത് എനിക്കു കേള്‍ക്കാം.

ഗുരുവായൂരമ്പലനടയില്‍ ഒരു ദിവസം ഞാന്‍ പോകും എന്ന് ദാസേട്ടന്‍ പാടിയിട്ടുണ്ട്. പക്ഷേ നിബന്ധനകള്‍ തെറ്റിക്കാന്‍ അദ്ദേഹത്തിന് ആഗ്രഹമില്ല. ഇക്കാര്യം അദ്ദേഹം തന്നെ എന്നോടു പറഞ്ഞിട്ടുണ്ട്. ഇടിച്ചുകയറി അനുഗ്രഹം വാങ്ങിച്ചിട്ട് എന്തുകാര്യം? കൃഷ്ണന്റെയൊക്കെ അനുഗ്രഹമുള്ളതുകൊണ്ടല്ലേ ഈ പ്രായത്തിലും ഞാന്‍ പിടിച്ചുനില്‍ക്കുന്നത്.

അയ്യപ്പനും വാവരും


നാലുമാസം മുമ്പാണ് പമ്പയിലെ ഗണപതിക്ഷേത്രത്തില്‍ പോകണമെന്ന ആഗ്രഹമുണ്ടായത്. എന്റെ ജന്മനക്ഷത്രം വിശാഖമാണ്. വിശാഖവുമായി ബന്ധപ്പെട്ട ദൈവമായതിനാല്‍ ഗണപതിയെ ഇഷ്ടമാണ്.

തിരിച്ചുവരുമ്പോഴാണ് എരുമേലിയിലെ ക്ഷേത്രത്തില്‍ കയറിയത്. ക്ഷേത്രവും പള്ളിയും തൊട്ടുരുമ്മിയിരിക്കുന്ന കാഴ്ച ഒരദ്ഭുതമാണ്. ഞങ്ങളുടെ തിരുമേനിമാര്‍ ഉള്‍പ്പെടെ എല്ലാ സമുദായക്കാരും അയ്യപ്പനും വാവരുമിരിക്കുന്ന ആ സ്ഥലം കണ്ടു മനസിലാക്കണം. എല്ലാ പ്രജകളെയും അനുഗ്രഹിക്കുന്ന ദൈവങ്ങള്‍ പുതിയൊരനുഭവമാണ് സമ്മാനിച്ചത്.

ഞാന്‍ തൊഴുതുകൊണ്ടിരിക്കെയാണ് ആന്ധ്രാപ്രദേശിലെ കുറെ ഭക്തര്‍ അവിടേക്ക് കയറിവന്നത്. അതിലൊരാള്‍ എന്നെക്കണ്ടപ്പോള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു.

''ചുടു അക്കഡെ ക്യാപ്റ്റന്‍ രാജു.''
നാല്‍പ്പത് തെലുങ്ക് സിനിമകളില്‍ അഭിനയിച്ചതുകൊണ്ടുള്ള പരിചയമാണ്. വൃദ്ധരായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഓടിവന്ന് എന്റെ കാല്‍ക്കല്‍വീണ് നമസ്‌കരിച്ചു. ഞാനവര്‍ക്ക് അനുഗ്രഹം നല്‍കി. അപ്പോഴാണ് അയ്യപ്പസന്നിധിയില്‍ എഴുതിവച്ച വാക്കിന്റെ മഹത്വം മനസിലാക്കിയത്. തത്വമസി. നീ ആരെത്തേടി വന്നുവോ അത് നീ തന്നെയാവുന്നു എന്നര്‍ഥം.

തെലുങ്കില്‍നിന്ന് വന്ന ഭക്തര്‍ക്ക് എന്നില്‍ക്കാണാന്‍ കഴിഞ്ഞതും ഈ ദൈവത്വമാണ്. ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടവര്‍ പരസ്പരം അഭിസംബോധന ചെയ്യുന്നതും സ്വാമി എന്ന് വിളിച്ചാണ്.

മകരവിളക്കിന് മുന്നോടിയായി ഗരുഡന്‍ പറക്കുന്നത് ഓമല്ലൂര്‍ ക്ഷേത്രത്തിനടുത്തു കൂടിയാണ്. അതിന്റെയൊരു നിഴല്‍ വീണാല്‍ പോരേ, ക്യാപ്റ്റന്‍രാജുവിനും സഹോദരങ്ങള്‍ക്കും നാട്ടുകാര്‍ക്കും നന്മയുണ്ടാകാന്‍. അയ്യപ്പന്‍ പുലിയുമായി പോകുമ്പോള്‍ വിശ്രമിച്ച പുലിപ്പാറ എന്ന സ്ഥലവും എന്റെ വീടിനടുത്താണ്.

പന്തളം കൊട്ടാരത്തില്‍ കയറിയപ്പോഴാണ് ക്രിസ്ത്യാനിയായ എനിക്ക് തിരുവാഭരണം അടുത്തുനിന്നു കാണാനുള്ള സൗഭാഗ്യം കിട്ടിയത്. കുടുംബക്ഷേത്രത്തിലെ നട തുറന്നപ്പോള്‍ ഇരുപതു മിനുട്ടുനേരം പ്രാര്‍ഥിച്ചു. പിന്നീട് നേര്‍ച്ചയിട്ടു. പൂജാരി എനിക്ക് നിവേദ്യം തന്നു. കൊട്ടാരത്തിലെ ഇപ്പോഴത്തെ മഹാറാണി എത്ര ലാളിത്യത്തോടെയാണ് അന്ന് പെരുമാറിയത്.

ശബരിമലയില്‍ ഇതുവരെയും പോയിട്ടില്ല. കൃത്യമായി വ്രതമെടുത്ത് ചട്ടങ്ങള്‍ ലംഘിക്കാതെ പോകാനാണ് ഞാനാഗ്രഹിക്കുന്നത്. അതിനുള്ള സമയമായിട്ടില്ല.

മൂകാംബികാദേവി


വര്‍ഷങ്ങള്‍ക്കുമുമ്പ് ബോബച്ചന്‍ (കുഞ്ചാക്കോ ബോബന്റെ അച്ഛന്‍) എന്നെ നായകനാക്കി 'ആഴി' എന്ന പേരില്‍ ഒരു സിനിമ നിര്‍മ്മിച്ചു. കെ.ആര്‍.വിജയ ആയിരുന്നു നായിക. ചിത്രത്തിന്റെ പ്ലാനിംഗ് നടക്കുന്ന സമയത്ത് ഒരു ദിവസം ഞാന്‍ ബോബച്ചനോട് ചോദിച്ചു.

''പ്രേംനസീര്‍, സത്യന്‍, മധുസാര്‍ എന്നിവര്‍ക്കൊപ്പം ഭാര്യയായി അഭിനയിച്ച കെ.ആര്‍.വിജയ എന്റെ ജോഡിയായി വന്നാല്‍ മാച്ചാവുമോ? സീമയോ മാധവിയോ ആയിരുന്നെങ്കില്‍ പ്രയോജനം ചെയ്‌തേനെ.''
എന്റെ അഭിപ്രായത്തോട് ബോബച്ചന്‍ യോജിച്ചില്ല.
''വിജയ ഞങ്ങളുടെ കമ്പനി ആര്‍ട്ടിസ്റ്റാണ്. അതുകൊണ്ട് മാറ്റാന്‍ പറ്റില്ല.''

പിന്നീട് ഞാനൊന്നും പറഞ്ഞില്ല. ഷൂട്ടിംഗിന്റെ സമയത്തുതന്നെ ബോബച്ചന് കഷ്ടകാലം തുടങ്ങിയിരുന്നു. ഒരുപാടു വിഷമവും വേദനയും സഹിച്ചാണ് ബോബച്ചന്‍ ആ സിനിമ പൂര്‍ത്തീകരിച്ചത്. നല്ല പാട്ടൊക്കെയായിരുന്നുവെങ്കിലും സിനിമ പൊട്ടി. അതോടെ എനിക്ക് റോളുകള്‍ കുറഞ്ഞു.

മറ്റൊരു സിനിമയുടെ ലൊക്കേഷനിലിരിക്കവെ, അന്ന് കത്തിനിന്നിരുന്ന രണ്ടുതാരങ്ങള്‍ എന്നെ അവഹേളിച്ചുസംസാരിച്ചു. എനിക്കത് വല്ലാത്ത വേദനയുണ്ടാക്കി. ഒരിക്കല്‍ ദാസേട്ടനെക്കണ്ടപ്പോള്‍ ഞാനിക്കാര്യം പറഞ്ഞു. ദാസേട്ടന്‍ എനിക്ക് ദൈവതുല്യനാണ്. എന്താവശ്യത്തിനും സഹായിക്കുന്ന ജ്യേഷ്ഠസഹോദരന്‍. ഒട്ടും ആലോചിക്കാതെ ദാസേട്ടന്‍ എന്നോടു പറഞ്ഞു.

''നമ്മള്‍ കലാകാരന്മാര്‍ക്ക് ഒരു ദേവതയുണ്ട്. മൂകാംബികാദേവി. രാജു കൊല്ലൂരിലെ ക്ഷേത്രത്തില്‍ പോയി വേദനകള്‍ പറയുക. ഞാന്‍ പാടുന്ന ഒരു പീഠമുണ്ടവിടെ. അവിടെ കുറച്ചുനേരമിരുന്നാല്‍ എല്ലാ വേദനയും മറക്കാനാവും.''

ദാസേട്ടന്‍ പറഞ്ഞതുപോലെ അനുസരിച്ചു. കൊല്ലൂരിലെത്തി മൂകാംബികാദേവിക്കു മുമ്പില്‍ ഞാന്‍ സങ്കടക്കെട്ടഴിച്ചു.
''ദേവീ, ഞാന്‍ സിനിമയില്‍നിന്ന് ഔട്ടായിക്കൊണ്ടിരിക്കുന്നു. മറ്റുള്ളവര്‍ എന്നെ അവഹേളിക്കുന്നു. അങ്ങ് മാത്രമേയുള്ളൂ ഒരു തുണ.''
മണ്ഡപത്തിലിരുന്ന് വിഷമങ്ങള്‍ പറഞ്ഞു. പിന്നീട് രഥം വലിച്ചു.

തിരിച്ച് തിരുവനന്തപുരത്തെ വീട്ടിലെത്തിയപ്പേഴേക്കും എനിക്ക് ഫോണ്‍കോളുകളുടെ ബഹളമായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ അഭിനയിക്കാന്‍. തിരക്കുകാരണം ചിലതൊക്കെ ഒഴിവാക്കേണ്ടതായും വന്നു. ഒരിക്കല്‍ എന്നെ അവഹേളിച്ച നടന്മാരിലൊരാളെ എയര്‍പോര്‍ട്ടില്‍വച്ച് കണ്ടു.

''തമിഴില്‍നിന്നൊക്കെ ഇഷ്ടം പോലെ ചാന്‍സാണല്ലോ ക്യാപ്റ്റാ. എനിക്കുകൂടി അല്‍പ്പം ഇടം തന്നുകൂടെ?''
ഞാന്‍ ചിരിച്ചതേയുള്ളൂ. മൂകാംബികയില്‍ പോയി പ്രാര്‍ഥിച്ചതിനുശേഷം എനിക്ക് നില്‍ക്കാന്‍ പോലും സമയം കിട്ടിയിട്ടില്ല. അന്നെന്റെ മനസ് മന്ത്രിച്ചു.

''അമ്മേ, ഒരു ദിവസം ഞാന്‍ കാണാന്‍ വരും. നന്ദി പറയാന്‍.'''ഗ്രാമജ്യോതി' ദിനപത്രത്തിന്റെ ഓഫീസ് ഉദ്ഘാടനത്തിന് വേണ്ടിയാണ് മൂന്നുമാസം മുമ്പ് കാഞ്ഞങ്ങാട്ട് പോയത്. ഉദ്ഘാടനം കഴിഞ്ഞശേഷം പത്രാധിപര്‍ ജി.കെ.നമ്പൂതിരിയോട് ഞാന്‍ പറഞ്ഞു.
''എനിക്ക് മൂകാംബികാക്ഷേത്രം വരെ പോകണം.''

ജി.കെ.നമ്പൂതിരി എനിക്ക് വണ്ടി അറേഞ്ച് ചെയ്തുതന്നു. കാഞ്ഞങ്ങാട്ടുനിന്ന് നൂറുകിലോമീറ്ററോളം ദൂരമുണ്ട് കൊല്ലൂരിലേക്ക്. കൂട്ടുകാരായ ശ്യാം, വിജയകുമാര്‍, ഗ്രാമജ്യോതി ചീഫ് ജോണി, ഭാര്യ ജിജി, മക്കളായ അഞ്ചലെ, അലീന എന്നിവരും എനിക്കൊപ്പം കാറിലുണ്ടായിരുന്നു. ജി.കെ. പറഞ്ഞതനുസരിച്ച് അവിടുത്തെ തന്ത്രിമാര്‍ വന്ന് ഞങ്ങളെ സ്വീകരിച്ചു.

അധികം തിരക്കില്ലാതെ ശാന്തമായ അന്തരീക്ഷത്തില്‍ മുക്കാല്‍മണിക്കൂറോളം പ്രാര്‍ഥിക്കാന്‍ കഴിഞ്ഞു. ഉച്ചയ്ക്ക് ദേവസ്വത്തിന്റെ വക പ്രത്യേക ഭക്ഷണവും തന്നാണ് ഞങ്ങളെ തിരിച്ചയച്ചത്. അവിടെനിന്നു കഴിച്ച കൂട്ടുകറിയുടെ രുചി ഒരിക്കലും നാവില്‍നിന്നു പോവില്ല.

വേളാങ്കണ്ണി മാതാവാണ് എനിക്ക് മൂകാംബിക അമ്മയും. നമ്മുടെ മനസ് ശുദ്ധീകരിച്ചാല്‍ ഇവര്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല. രണ്ടു ദേവതമാരുടെ അനുഗ്രഹം കിട്ടുന്നത് നല്ലതല്ലേ?

പഴനിയായിരുന്നു ജോസ് തോമസ് സംവിധാനം ചെയ്ത 'ഉദയപുരം സുല്‍ത്താന്റെ' ലൊക്കേഷന്‍. അവിടുത്തെ കൊട്ടാരത്തിലായിരുന്നു ഷൂട്ടിംഗ്. ഇടയ്‌ക്കൊരു ദിവസം ഞാന്‍ പഴനിമല കയറി ക്ഷേത്രത്തിലെത്തി തൊഴുതു.

ആദ്യത്തെ ജ്യോതിഷം


യേശുവിന്റെ അമ്മ മറിയം വിവാഹിതയാവുന്നതിന് മുമ്പ് ഗബ്രിയേല്‍ ദൂതന്‍ എന്ന മാലാഖ പ്രത്യക്ഷപ്പെട്ടു.
''മകളേ മറിയമേ, നീയൊരാണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കും. പ്രസവിക്കും. ആ കുട്ടിക്ക് നീ ഇമ്മാനുവല്‍ എന്നു പേരിടണം.''

'ഇമ്മാനുവല്‍' എന്നാല്‍ 'ദൈവം നമ്മോടുകൂടെ' എന്നാണര്‍ഥം. അതുതന്നെയല്ലേ ശബരിമലയില്‍ എഴുതിവച്ച 'തത്വമസി'യും.
മാലാഖയുടെ പ്രവചനം ഫലിച്ചു. മറിയം ഒരാണ്‍കുഞ്ഞിന് ജന്മംനല്‍കി. ലോകത്തിലെ ഏറ്റവും വലിയ പ്രവചനമാണിത്. ഇതിനെയും ജ്യോത്സ്യത്തിന്റെ കൂട്ടത്തില്‍പെടുത്താം. യേശുവിന്റെ അമ്മ വിശ്വസിച്ചതുപോലെ സമയത്തിലും കാലത്തിലും ഞാനും വിശ്വസിക്കുന്നു.

വിശാഖം എന്ന നക്ഷത്രത്തിന്റെ മൃഗം സിംഹമാണ്. സിംഹം രാജാവാണ്. കഴിഞ്ഞ ദിവസം ആയൂര്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ രണ്ടായിരംപേരുള്ള ചടങ്ങില്‍ എനിക്കു ലഭിച്ചത് രാജകീയ സ്വീകരണമായിരുന്നു. മമ്മൂട്ടി, നെടുമുടിവേണു, ജയന്‍, ഹരിഹരന്‍, ശോഭ എന്നിവരുടെയെല്ലാം നക്ഷത്രം വിശാഖമാണ്. ഇവര്‍ക്കെല്ലാം രാജകീയമായ ബഹുമാനമല്ലേ ലഭിക്കുന്നത്? മമ്മൂട്ടി ഒരു സ്ഥലത്ത് നിന്നാല്‍ത്തന്നെ ആളുകളിങ്ങോട്ട് വന്ന് ബഹുമാനിക്കില്ലേ?

ഒരിക്കല്‍ കായംകുളത്തെ ജ്യോത്സ്യനായ നാരായണന്‍ നമ്പൂതിരിയെ കാണാന്‍ പോയി.

''റോഡില്‍ ഒരപകടത്തിനുള്ള സാധ്യത കാണുന്നുണ്ട്. ശ്രദ്ധിക്കണം.''
മാസമേറെക്കഴിഞ്ഞില്ല. 'വാര്‍ ആന്റ് ലവ്' എന്ന സിനിമയുടെ ഷൂട്ടിംഗിനായാണ് ഞാന്‍ പാലക്കാട്ടേക്ക് തിരിച്ചത്. നിര്‍മ്മാതാവ് ശശി അയ്യഞ്ചിറയുടെ കാറിലായിരുന്നു യാത്ര. ശശിയുടെ ഡ്രൈവറായിരുന്നു കാറോടിച്ചത്.

പുലര്‍ച്ചെ രണ്ടുമണിക്ക് തൃശൂര്‍ കുതിരാനിലെത്തിയപ്പോള്‍ കാര്‍ മുന്നൂറടി താഴ്ചയിലേക്ക് മറിഞ്ഞു. ഹൈവേ പട്രോളിംഗിനുവന്ന പോലീസുകാരാണ് അപകടം ആദ്യം കണ്ടത്. അവര്‍ നാട്ടുകാരുടെ സഹായത്തോടെ ഞങ്ങളെ തൃശൂരിലെ ആശുപത്രിയിലെത്തിച്ചു.

ഭാഗ്യത്തിനാണ് ജീവന്‍ തിരിച്ചുകിട്ടിയത്. അപകടം നടന്നതുമുതല്‍ ഡിസ്ചാര്‍ജ് ചെയ്യുന്നതുവരെ ശശിയും എനിക്കൊപ്പമുണ്ടായിരുന്നു. എല്ലാവിധ സാമ്പത്തിക ചെലവും വഹിച്ചത് ശശിയാണ്.

ആ നന്ദി മരിക്കുന്നതുവരെ ശശിയോടുണ്ടാവും. അപകടം നടന്ന് ഏഴുവര്‍ഷം കഴിഞ്ഞിട്ടും അതേല്‍പ്പിച്ച ആഘാതത്തില്‍നിന്ന് പൂര്‍ണ്ണമായി കരകയറിയിട്ടില്ല. ഇപ്പോഴും കാലിന് വേദനയുണ്ട്. അധികനേരം നില്‍ക്കാന്‍ കഴിയില്ല. എന്തായാലും വരാനിരുന്നത് വഴിയില്‍ തങ്ങില്ല. എങ്കിലും ഇതിന്റെ പേരില്‍ ഒരു സിനിമയും ഒഴിവാക്കിയിട്ടില്ല.

ഓമല്ലൂരിലെ ഓണക്കാലം


ഓണത്തിന് സ്‌കൂളടച്ചാല്‍ ഞങ്ങള്‍ ഏഴുമക്കളും തൊട്ടടുത്തുള്ള ലക്ഷ്മിക്കുട്ടിസാറിന്റെ വീട്ടിലായിരിക്കും. പറമ്പിലെ വലിയ പ്ലാവിന്‍ കൊമ്പിലെ ഊഞ്ഞാലില്‍ എത്ര ആടിയാലും മതിവരില്ല. സാറിന്റെ മക്കളായ സുമണിയും രമണിയും ഞങ്ങള്‍ക്കൊപ്പം ചേരും. തിരുവോണത്തലേന്ന് ഊഞ്ഞാലാടുമ്പോഴാണ് സാര്‍ വിളിക്കുക.
''മക്കളേ, എല്ലാവരും അടുക്കളയിലേക്ക് വാ.''

അടുക്കളയില്‍ അരിമാവുണ്ടാവും. അത് വഴറ്റിയ വാഴയിലയില്‍ ഉരുട്ടിവയ്ക്കും. ചങ്ങഴിയുടെ അടിഭാഗം ഉപയോഗിച്ച് അത് ഞെക്കി പരത്തും. ലക്ഷ്മിക്കുട്ടിസാറും അമ്മയും ചേര്‍ന്ന് അത് വിരലില്‍ ചുറ്റി എണ്ണയ്ക്കകത്തേക്കിടും. അത് വറുത്തെടുത്തശേഷം ചൂടോടെ ഞങ്ങള്‍ക്ക് കഴിക്കാന്‍ തരും.

മന്നത്ത് പത്മനാഭന്റെ തായ്‌വഴിയില്‍പെട്ട താന്നിക്കല്‍ കുടുംബവുമായും ഞങ്ങള്‍ക്ക് നല്ല അടുപ്പമായിരുന്നു. അവിടുത്തെ മൂത്തമകള്‍ ദേവിച്ചേച്ചിയും എന്റെ സഹോദരി എലിസബത്തും ഒന്നിച്ചാണ് പഠിച്ചത്. ഞങ്ങളുടെ കുടുംബം പല മര്യാദകളും പഠിച്ചത് അവരില്‍ നിന്നാണ്. തിരുവോണ ദിവസമുണ്ടാക്കുന്ന അടപ്രഥമനും പാല്‍പ്പായസവും ആദ്യം വിളമ്പുന്നത് സ്റ്റീല്‍ കാരിയറിലാണ്. അത് എന്റെ വീട്ടിലേക്കുള്ളതാണ്.

ക്രിസ്മസിന് എന്റെ വീട്ടിലുണ്ടാക്കുന്ന ആദ്യത്തെ കേക്ക് താന്നിക്കല്‍ കുടുംബത്തിനുവേണ്ടിയാണ്. പട്ടാളത്തിലെത്തിയപ്പോള്‍ കൂട്ട് സര്‍ദാര്‍ജിമാരായിരുന്നു. അവരെന്നെ ഗുരുദ്വാരയില്‍ കൊണ്ടുപോയി പക്കാ സര്‍ദാര്‍ജിയാക്കി.

ക്യാപ്റ്റന്‍ രാജുസിംഗ് എന്നു പേരുമിട്ടു. അവരുടെ മതഗ്രന്ഥത്തിലെ സൂക്തങ്ങള്‍ ഉരുവിട്ടു. കഴിക്കാന്‍ പ്രസാദമൊക്കെ നല്‍കി. തിരുവോണം വന്നപ്പോള്‍ 10 ഫീല്‍ഡ് റെജിമെന്റ് പാപ്പാ ബാറ്ററിയിലെ 2500 ഓളം വരുന്ന സഹപ്രവര്‍ത്തകര്‍ക്കെല്ലാം മലയാളികളായ ഞങ്ങള്‍ സദ്യയുണ്ടാക്കിക്കൊടുത്തു. കൂടെ ജോലി ചെയ്തിരുന്ന നായിക് നായരുടെ സേവനവും ഈ ഓണക്കാലത്ത് മറക്കാനാവില്ല.

അഞ്ചുവര്‍ഷത്തെ മിലിട്ടറി സേവനത്തിനുശേഷം സിനിമയിലെത്തിയപ്പോഴും ഓണം വിട്ടുകളഞ്ഞില്ല. ഒരു ലൊക്കേഷനില്‍ റോഡരികിലിരുന്ന് യൂണിറ്റ് മുഴുവന്‍ ഓണസദ്യ കഴിച്ചിട്ടുണ്ട്.

തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ അഭിനയിച്ചു. അവിടെയൊക്കെ ഓണവും ആഘോഷിച്ചിട്ടുണ്ട്. 'റൗഡി അല്ലുഡു'വിന്റെ സെറ്റില്‍ ചിരഞ്ജീവിക്കും 'ശത്രു'വിന്റെ സെറ്റില്‍ വിജയശാന്തിക്കൊപ്പവും ഓണമുണ്ടത് മറക്കാനാവില്ല.

-രമേഷ് പുതിയമഠം

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW