Tuesday, June 25, 2019 Last Updated 4 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 17 Sep 2018 12.58 PM

പന്ത്രണ്ടാം വയസ്സില്‍ വിവാഹം, വിഷം കഴിച്ച് ആത്മഹത്യാശ്രമം ; ഇപ്പോള്‍ ഈ വനിത ദശലക്ഷക്കണക്കിന് ഡോളറുകള്‍ ലാഭമുള്ള വന്‍ വ്യവസായി

uploads/news/2018/09/249324/kalpana-sarojam.jpg

പഠിച്ചുനേടുന്ന ഉന്നത ഡിഗ്രികളാണോ പരമ്പരാഗത സമ്പത്താണോ ഒരാളെ വിജയത്തിലേക്ക് നയിക്കുന്നത് ? കമാനി ട്യൂബ്‌സിന്റെ സിഇഒ കല്‍പ്പനാ സരോജയോടാണ് ചോദ്യമെങ്കില്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ക്കും എംബിഎ യ്ക്കും അപ്പുറത്ത് അവനവനില്‍ തന്നെയുള്ള അതിന്ദ്രീയമായ ആത്മവിശ്വാസമാണെന്ന് അവര്‍ പറയും. ഇന്ത്യന്‍ പരിതസ്ഥിതിയില്‍ അത്ര വലിയ വിജയങ്ങള്‍ അസാധ്യമായ 'പട്ടികജാതി' വിഭാഗത്തില്‍ നിന്നും വലിയ തിരിച്ചടികളെ അതിജീവിച്ചായിരുന്നു അവര്‍ വന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന സ്ഥാനത്തിന്റെ തലപ്പത്തേക്ക് എത്തിയത്.

പന്ത്രണ്ടാം വയസ്സില്‍ വിവാഹിതയാകുകയും ഭര്‍ത്തൃവീട്ടിലെ പീഡനം സഹിക്കാന്‍ കഴിയാതെ പല തവണ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും മുംബൈയില്‍ തുന്നല്‍ ജോലികള്‍ ചെയ്തു ജീവിക്കുകയും ചെയ്ത കല്‍പ്പനാ സരോജം തിരിച്ചടികളിലും പതറാത്ത കഠിനാദ്ധ്വാനത്തിലൂടെയാണ് ജീവിത വിജയം നേടിയെടുത്തത്. ദാരിദ്ര്യത്തില്‍ ജനിച്ച് മനുഷ്യത്വരഹിതമായ അനേകം പീഡനങ്ങള്‍ക്ക് ഇരയായ സരോജം അതിദ്രുതം വളര്‍ന്നു കൊണ്ടിരിക്കുന്ന ദശലക്ഷം ഡോളറുകള്‍ സമ്പത്തുള്ള വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ തലൈവിയാണ്. അതുകൊണ്ടു തന്നെ ഫാന്‍സി എംബിഎ കളും ലോഡുകണക്കിനുള്ള ബിരുദങ്ങളും വ്യവസായിയാക്കില്ലെന്ന് അവര്‍ പറയുന്നതിനെ അവിശ്വസിക്കേണ്ട കാര്യമില്ല.

വിദര്‍ഭയിലായിരുന്നു സരോജത്തിന്റെ ജനനം. മൂന്ന് സഹോദരിമാരും രണ്ടു സഹോദരന്മാരുമുള്ള സരോജത്തിന്റെ പിതാവ് ഒരു കോണ്‍സ്റ്റബിളായിരുന്നു. സ്‌കൂളില്‍ പോകാന്‍ ഇഷ്ടപ്പെട്ടിരുന്ന സരോജം നന്നായി പഠിച്ചിരുന്നു. പോലീസ് ക്വാര്‍ട്ടേഴ്‌സിലെ ജീവിതം പക്ഷേ പട്ടികജാതി വിഭാഗത്തില്‍ പെടുന്നതിനാല്‍ അനേകം ജാതി വിവേചനങ്ങള്‍ക്ക് ഇരയായിരുന്നു. ചെറുപ്പത്തില്‍ സരോജവുമായി മറ്റു കുട്ടികള്‍ കളിക്കുന്നത് സമീപത്തെ വീട്ടുകാര്‍ സ്വന്തം കുട്ടികളെ വിലക്കുമായിരുന്നു. അവളുടെ വീട് സന്ദര്‍ശിക്കുന്നതില്‍ നിന്നും അവിടെ നിന്നും ആഹാരം കഴിക്കുന്നതും എതിര്‍ത്തിരുന്നു. സ്‌കൂളിലും ഇതുതന്നെയായി അനുഭവം. മറ്റു കുട്ടികളില്‍ നിന്നും മാറിയിരിക്കേണ്ടിയും സ്‌കൂളിലെ എക്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികളില്‍ നിന്നും അകറ്റി നിര്‍ത്തപ്പെടുകയും ചെയ്തിരുന്നു.

ഇതൊന്നും അധികകാലം സരോജത്തിന് സഹിക്കേണ്ടി വന്നില്ല. ഏഴാം ക്‌ളാസ്സില്‍ പഠിക്കുമ്പോള്‍ 12 വയസ്സുള്ളപ്പോള്‍ അവളെ വീട്ടികാര്‍ വിവാഹം കഴിച്ചയച്ചു. പിതാവ് വിദ്യാഭ്യാസം ഉണ്ടായിരുന്നയാളല്ല. പക്ഷേ ജോലിയില്‍ ആത്മാര്‍ത്ഥതയുള്ള ആളായിരുന്നു. മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്ന് പിതാവ് ആഗ്രഹിച്ചിരുന്നു എങ്കിലും ബാലവിവാഹം സര്‍വ്വസാധാരണമായ സമൂഹത്തില്‍ കൂട്ടുകുടുംബത്തിലെ അംഗങ്ങളുടെ എതിര്‍പ്പിന്റെ ശക്തിയില്‍ പിതാവിന്റെ എതിര്‍പ്പുകള്‍ മുങ്ങിപ്പോയി.

ബാല വിവാഹം പോലെ തന്നെ ഏറെ എതിര്‍പ്പുകള്‍ നിറഞ്ഞതായിരുന്നു വിവാഹമോചിതയാകുന്ന സ്ത്രീയുടെ അവസ്ഥയും. അതുകൊണ്ട് തന്നെ ഭര്‍ത്താവിന്റെ വീട്ടിലെ അടിമത്തത്തെ സ്വീകരിക്കാന്‍ മാനസീകമായി സരോജം തയ്യാറായെങ്കിലും പിന്നാലെ വരാന്‍ പോകുന്ന നരകത്തെക്കുറിച്ച് ഒരു ഊഹവും കിട്ടിയിരുന്നില്ല. 12 പേരുള്ള കുടുംബത്തിലെ ഏറ്റവും കുട്ടിയായിട്ടാണ് മുംബൈയിലെ ഒറ്റമുറി വീട്ടിലേക്ക് കയറിച്ചെന്നത്. തെരുവിന്റെ കോണിലെ വീട്ടില്‍ മറ്റു പത്തുപേര്‍ക്ക് വെച്ചുവിളമ്പലും പാത്രം വൃത്തിയാക്കലും തുണയലക്കലുമെല്ലാം തനിയെ ചെയ്യേണ്ടി വന്നു. വളരെ ക്രൂരതയുള്ള ആര്‍ക്കാര്‍ക്കിടയില്‍ പെട്ടുപോയ ബലിമൃഗമായിട്ടാണ് അവര്‍ കരുതിയത്. ഭക്ഷണത്തില്‍ ഉപ്പു കൂടിപ്പോകുന്നത് ഉള്‍പ്പെടെയുള്ള ചെറിയ കാര്യങ്ങള്‍ക്ക് വരെ ക്രൂരമായി ശിക്ഷ നല്‍കി. വീട് അല്‍പ്പം വൃത്തികേടായാല്‍ ഉടന്‍ മൃഗീയമായി മര്‍ദ്ദിച്ചു. അടിക്കുക, തൊഴിക്കുക, ഇടിക്കുക എല്ലാം പതിവായി.

ശാരീരികമായും മാനസീകമായും പീഡിപ്പിച്ചു. ആറു മാസത്തിന് ശേഷം പിതാവ് കാണാന്‍ എത്തിയപ്പോള്‍ അദ്ദേഹം തകര്‍ന്നുപോയി. താന്‍ കണ്ടത് നടക്കുന്ന ഒരു ശവത്തെയായിരുന്നു എന്നാണ് പിതാവ് പറഞ്ഞത്. പെണ്‍മക്കളെ വിവാഹം കഴിച്ചു വിടുന്നത് ഭാരമൊഴിപ്പിക്കുന്നത് പോലെ കരുതിയിരുന്ന സമൂഹത്തിലേക്കാണ് പിതാവ് മകളെ തിരിച്ചു കൊണ്ടുവന്നത്. വിവാഹം കഴിച്ചയച്ച പെണ്‍കുട്ടിയെ മടക്കി കൊണ്ടു വന്നത് കുടുംബത്തിന് വലിയ അപമാനം നേരിടേണ്ടി വന്നു. ഇതോടെ കുടുംബത്തിന് ഭാരമാകാനില്ലെന്ന് തീരുമാനമെടുത്തു. അങ്ങിനെയാണ് വനിതാ കോണ്‍സ്റ്റബിളിന് അപേക്ഷിച്ചത്. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ അഭാവവും പ്രായക്കുറവും മൂലം അപേക്ഷ തള്ളി. ഇതോടെയാണ് തയ്യല്‍ പഠിച്ചത്. ഒരു ബ്‌ളൗസിന് 10 എന്ന നിലയില്‍ പണം സമ്പാദിക്കാന്‍ തുടങ്ങി. എന്നാല്‍ വീട്ടില്‍ പെണ്‍കുട്ടി നില്‍ക്കാന്‍ തുടങ്ങിയതോടെ നാട്ടുകാരില്‍ നിന്നും എതിര്‍പ്പുകള്‍ കൂടിക്കൂടി വന്നു.

സ്‌കൂളിലേക്ക് പോയി പഠനം തുടരാന്‍ പിതാവ് നിര്‍ദേശിച്ചു. എന്നാല്‍ എപ്പോള്‍ പുറത്തേക്ക് പോയാലും നേരിട്ടിരുന്നു അപമാനവും പിറുപിറുക്കലുകളും സഹിക്കാന്‍ കഴിയുമായിരുന്നില്ല. സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചത്. മരിക്കുന്നത് എളുപ്പമാണെന്നും ജീവിക്കാനാണ് പാടെന്നും വന്നതോടെ വിഷം കഴിച്ചു. എന്നാല്‍ പിതൃസഹോദരി ഇതുകണ്ടു. അവര്‍ പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരാവസ്ഥയിലായിരുന്നു. 24 മണിക്കൂറിനുള്ളില്‍ ബോധം തെളിഞ്ഞില്ലെങ്കില്‍ എന്തും സംഭവിക്കാമെന്ന് കുടുംബാംഗങ്ങളോട് ഡോക്ടര്‍മാര്‍ പറഞ്ഞു. പക്ഷേ അത് സംഭവിച്ചില്ല. എന്നാല്‍ വീണ്ടും ജീവിതത്തിലേക്ക് സരോജം കണ്ണുതുറന്നത് മറ്റൊരാളായിട്ടായിരുന്നു.

നാട്ടുകാര്‍ എത്ര കുറ്റപ്പെടുത്തിയാലും ജീവിച്ചേ പറ്റൂ എന്നായി ചിന്ത. ജീവിതത്തില്‍ ഒരു സെക്കന്റ് പോലും വെറുതേ കളയാന്‍ ഇല്ലാത്ത നിസ്സഹായയായ പെണ്‍കുട്ടിയില്‍ നിന്നും കരുത്തയായ പെണ്‍കുട്ടിയിലേക്കായിരുന്നു മാറിയത്. മുംബൈയിലേക്ക് മാറാനായിരുന്നു ആദ്യ തീരുമാനം. മാതാപിതാക്കളെ വിശ്വസിപ്പിച്ച ശേഷം ഒരു അമ്മാവനൊപ്പം മുംബൈയില്‍ തയ്യല്‍ക്കട തുടങ്ങി. ഏറെ താമസിയാതെ പിതാവിന് ജോലി നഷ്ടമായി. മൂത്ത സഹോദരിമാര്‍ ഉള്‍പ്പെടെ കുടുംബത്തിന്റെ വരുമാന സ്രോതസ്സായി മാറി. പിന്നീട് കുടുംബത്തെ കൂടി അവിടേയ്ക്ക് കൊണ്ടുപോയി.

പണമായിരുന്നു പ്രധാന പ്രശ്‌നം. ഇതിനിടയില്‍ ഇളയ സഹോദരിക്ക് അസുഖം പിടിപെട്ടു. ചികിത്സാ ചെലവ് താങ്ങാന്‍ കഴിയുമായിരുന്നില്ല. എല്ലായിടത്തും ചോദിച്ചിട്ടും കിട്ടിയില്ല. എനിക്ക് മരിക്കേണ്ട. ചേച്ചി എന്നെ രക്ഷിക്ക് എന്നവള്‍ കരഞ്ഞു. പക്ഷേ അവളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് പണമില്ലാതെ ജീവിതമില്ലെന്ന് സരോജം മനസ്സിലാക്കിയത്. കൂടുതല്‍ പണം സമ്പാദിക്കാനായി ദിവസം 16 മണിക്കൂര്‍ വരെ ജോലി ചെയ്യാനും അതൊരു ശീലമാക്കാനും ആരംഭിച്ചു. ഇതിനിടയിലാണ് സര്‍ക്കാരിന്റെ പല പദ്ധതിയിലൂടെ കടന്നുപോയത്.

വായ്പ എടുത്ത് ചെറിയ ഫര്‍ണീച്ചര്‍ ബിസിനസ് തുടങ്ങി. ഉല്ലാസ് നഗറില്‍ നിന്നും ഫര്‍ണീച്ചറുകള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി കൂടുതല്‍ വിലയ്ക്ക് വില്‍ക്കാന്‍ തുടങ്ങി. ഇതിനിടയില്‍ തുന്നല്‍ക്കടയും വിട്ടിരുന്നില്ല. സാഹചര്യങ്ങള്‍ പതിയെ മാറാന്‍ തുടങ്ങി. ഒരു വ്യവസായിയായി എല്ലാം താഴെ മുതല്‍ പഠിച്ചു തുടങ്ങുകയായിരുന്നു. വിലപേശല്‍ മുതല്‍ വിപണി ട്രെന്റ് വരെ മനസ്സിലാക്കി. വ്യവസായം എന്ന കടലിലെ ചെറിയ ഭാഗധേയം വശംവദമാകാന്‍ തുടങ്ങി. ഇതിന് പിന്നാലെയാണ് തന്നെപ്പോലുള്ളവര്‍ക്ക് സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ചും വായ്പകളെക്കുറിച്ചും ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കുന്ന ഒരു എന്‍ജിഒയ്ക്ക് രൂപം നല്‍കിയത്.

മറ്റു ബിസിനസുകളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും ചിന്തിക്കാന്‍ തുടങ്ങിയതോടെയാണ് ആകര്‍ഷണീയമായ മറ്റൊരവസരം തേടിവന്നത്. തകര്‍ച്ചയിലായിപോയ കമനി ട്യൂബ് നേര്‍ക്ക് വന്നത്. കോടിക്കണക്കിന് രൂപ കടമുണ്ടായിരുന്ന കമ്പനി ഏറ്റെടുക്കരുതെന്ന് അനേകര്‍ പറഞ്ഞിട്ടും അതിലെ തൊഴിലാളികളുടെ വേദന അലട്ടിയതോടെ ധൈര്യമായി മുമ്പോട്ട് പോയി. തൊഴിലാളികളുടെയും മറ്റും വേദനയും വിശപ്പുമാണ് കമ്പനി ഏറ്റെടുക്കാന്‍ തന്നെ നിര്‍ബ്ബന്ധിതമാക്കിയതെന്ന് സരോജം പറയുന്നു. പിന്നീട് സ്വന്തമായി ടീമുണ്ടാക്കി ഫാക്ടറി മാറ്റി. 2016 ല്‍ ഇതിന്റെ ചെയര്‍മാനായ ശേഷം ഏഴു വര്‍ഷം സമയം ഉണ്ടായിട്ടും ഒറ്റവര്‍ഷം കൊണ്ടു മാറ്റി. ഇപ്പോള്‍ ഇന്ത്യയിലെ പത്മശ്രീ പുരസ്‌ക്കാരം ലഭിച്ച വ്യവസായിയാണ് സരോജം.

Ads by Google
Monday 17 Sep 2018 12.58 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW