Sunday, May 19, 2019 Last Updated 19 Min 37 Sec ago English Edition
Todays E paper
Ads by Google
സജില്‍ ശ്രീധര്‍
Tuesday 18 Sep 2018 08.44 AM

സമര്‍പ്പണത്തിന്റെ ക്യാപ്ടന്‍

uploads/news/2018/09/249572/cap-raju.jpg

മലയാളത്തിലെ പ്രഥമ ചരിത്രടെലിവിഷന്‍ പരമ്പരയായ പാലിയത്തച്ചനിലൂടെയാണ് ക്യാപ്ടന്‍ രാജു ആദ്യമായി മിനിസ്‌ക്രീനിലെത്തുന്നത്. അതിന്റെ തിരക്കഥാകൃത്തും സംവിധായകനും എന്ന നിലയില്‍ മുഖ്യകഥാപാത്രമായി അഭിനയിക്കാനുളള അനുവാദം ചോദിച്ച് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ക്യാപ്ടന്‍ പറഞ്ഞു.
'ഞാന്‍ ഓമല്ലൂരിലെ തറവാട്ട് വീട്ടിലുണ്ട്. ഇങ്ങോട്ട് പോരൂ'
കോട്ടയത്തു നിന്നും ഉടന്‍ പുറപ്പെട്ട് പറഞ്ഞ സ്ഥലത്തെത്തുമ്പോള്‍ ബന്ധുക്കള്‍ക്ക് നടുവിലായിരുന്നു ക്യാപ്ടന്‍. അരമണിക്കൂര്‍ കൊണ്ട് കഥ പറഞ്ഞു തീര്‍ക്കുമ്പോള്‍ ആവേശഭരിതനായി അദ്ദേഹം പറഞ്ഞു.
'ഗംഭീരകഥാപാത്രം. ഇന്ന് എന്റെ അമ്മച്ചിയുടെ ആണ്ടാണ്. ഈ ദിവസം തന്നെ മോന്‍ വന്നത് ഒരു അനുഗ്രഹമായി കാണുന്നു'
അന്ന് അമ്മച്ചിയുടെ കല്ലറയില്‍തൊട്ട് അദ്ദേഹം പ്രതിജ്ഞ ചെയ്തു.
'ഇനി ഒരിക്കലും ആളുകളെ വെറുപ്പിക്കുന്ന വില്ലന്‍ വേഷങ്ങള്‍ ചെയ്യില്ല'
ആ വാക്ക് മരണംവരെയും പാലിച്ചു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സന്ദര്‍ഭങ്ങളില്‍പോലും അദ്ദേഹം വലിയ തുകയ്ക്കുളള വില്ലന്‍ റോളുകള്‍ തട്ടിനീക്കി.
പറയുന്ന കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന, വറ്റാത്ത സ്‌നേഹത്തിന്റെ നീരുറവ മനസില്‍ സൂക്ഷിക്കുന്ന പ്രകൃതക്കാരനായിരുന്നു ക്യാപ്ടന്‍.
സീരിയലില്‍ ഒരു നല്ല നായികയ്ക്കായുളള ഞങ്ങളുടെ ശ്രമങ്ങള്‍ വിഫലമായി. ക്യാപ്ടന്‍ പറഞ്ഞു.
'ഇത്രയും കനപ്പെട്ട കഥാപാത്രം ചെയ്യാന്‍ ആ റേഞ്ചിലുളള ഒരാള്‍ വേണം. ഹിന്ദി നടി മൂണ്‍മൂണ്‍സെന്‍ ആയാലോ?'
'അവര്‍ക്കുളള പണം ആര് കൊടുക്കും. ഇത് സീരിയലാണ്, സിനിമയല്ല'
ഞാന്‍ പറഞ്ഞു. ക്യാപ്ടന്‍ ഒന്നും മിണ്ടിയില്ല. അന്ന് ചെന്നൈയിലായിരുന്ന മൂണ്‍മുണ്‍ജിയെ അദ്ദേഹം തന്നെ പോയി കണ്ട് കരാര്‍ ഉറപ്പിച്ചു. തിരിച്ചു വന്ന് എന്നോട് പറഞ്ഞു.
'നിങ്ങള്‍ പറഞ്ഞത് ശരിയാണ്. നമ്മുടെ സീരിയലിന്റെ മുഴൂവന്‍ ബജറ്റും ചേര്‍ന്നാലും അവര്‍ക്കുളള പ്രതിഫലമാവില്ല. അവര്‍ 7 ദിവസം തരും. അതിനുള്ളില്‍ അവരുടെ പോര്‍ഷന്‍സ് ഷൂട്ട് ചെയ്ത് തീര്‍ക്കണം. മടങ്ങുമ്പോള്‍ ഒരു ചെറിയ സ്വര്‍ണ്ണമാല വാങ്ങി അവരുടെ കഴുത്തിലിട്ട് കൊടുക്കണം. പിന്നെ ഫ്‌ളൈറ്റ് ടിക്കറ്റും'
അതായിരുന്നു ക്യാപ്ടന്റെ സൗഹൃദങ്ങളുടെ ബലം.
അപാരമായ സമര്‍പ്പണബോധവും ആ സ്വഭാവത്തിന്റെ ഭാഗമായിരുന്നു.
പാലിയത്തച്ചന്റെ ക്ളൈമാക്‌സില്‍ മുഖ്യകഥാപാത്രത്തെ ബ്രിട്ടീഷുകാരുടെ വാക്കു കേട്ട് മഹാരാജാവ് നാടു കടത്തുകയാണ്. തന്റെ ദേശസ്‌നേഹവും ആത്മാര്‍ത്ഥതയും ആരും മനസിലാക്കുന്നില്ലെന്ന വേദനകൊണ്ട് ദേശത്തിന്റെ അതിരുകള്‍ കടന്നു മറയുന്ന രഥത്തിലിരുന്ന് അരയില്‍ ഒളിപ്പിച്ചുവച്ച കത്തി വലിച്ചൂരി സ്വയംകുത്തി മരിക്കുകയാണ് നായകന്‍. ആ രംഗം സമീപദൃശ്യങ്ങളിലൂടെ ഷൂട്ട് ചെയ്തു.
ഇനി കുതിരവണ്ടി അസ്തമയത്തിന്റെ പശ്ചാത്തലത്തില്‍ അകന്നു മറയുന്ന വിദൂരദൃശ്യമാണ്. കാഴ്ചയില്‍ കഴുതയെ പോലെ തോന്നിക്കുന്ന ഒരു ചാവാലി കുതിരയെയാണ് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് കൊണ്ടുവന്നിരിക്കുന്നത്. എത്ര ശ്രമിച്ചിട്ടും, തല്ലിനോക്കിയിട്ടും കുതിര കാര്യമായി അനങ്ങുന്നില്ല. ഒച്ചിഴയും പോലെയാണ് അതിന്റെ ചലനങ്ങള്‍. മണിക്കൂറുകള്‍ വെറുതെ കടന്നു പോവുകയാണ്. ഈ കുതിരയെ വച്ച് ഷൂട്ട് ചെയ്യാനാവില്ലെന്ന് ഞാനും ക്യാമറാമാനും തീര്‍ത്തു പറഞ്ഞു. മറ്റൊരു കുതിരയെ പെട്ടെന്ന് എത്തിക്കുക പ്രായോഗികവുമല്ല. ക്യാപ്ടന്‍ പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല.
എന്നെ വിളിച്ചു മാറ്റിനിര്‍ത്തി ചെവിയില്‍ അടക്കം പറഞ്ഞു. എന്നിട്ട് ഓടിപ്പോയി കുതിരയെ അഴിച്ച് മരത്തില്‍കെട്ടി പകരം കുതിരയുടെ സ്ഥാനത്ത് രഥത്തിന് മുന്നില്‍ നിന്നു. ക്യാമറ ഏറെ ദൂരെയായി രഥത്തിന്റെ പിന്‍ഭാഗത്താണ്. രഥം ഓടിക്കുന്നത് കുതിരയാണോ മനുഷ്യനാണോ എന്നൊന്നും അറിയാന്‍ പറ്റില്ല. ഞാന്‍ സ്റ്റാര്‍ട്ട് ക്യാമറ, ആക്ഷന്‍ പറഞ്ഞപ്പോള്‍ ക്യാപ്ടന്‍ സാമാന്യം നല്ല വലിപ്പമുള്ള രഥത്തിന്റെ ഭാരവും മുതുകില്‍ വലിച്ചു കൊണ്ട് ഏറെ ദൂരം ഓടി. വളരെ ഭംഗിയായി ഞങ്ങള്‍ സീന്‍ ചിത്രീകരിച്ചു. വിജയശ്രീലാളിതനായി കൊടുംകാട്ടില്‍ നിന്നും തിരിച്ച് ഓടി വന്ന അദ്ദേഹത്തിന്റെ മുതുകില്‍ പോറലേറ്റ് ചോരപൊടിഞ്ഞിരുന്നു. യൂണിറ്റ് ഒന്നടങ്കം കയ്യടിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. ആ സ്‌നേഹം കാല്‍നൂറ്റാണ്ടിലധികം നീണ്ടുനിന്നു. പിന്നീട് ഞാന്‍ വഴിമാറി പത്രപ്രവര്‍ത്തനത്തിലെത്തി. എങ്കിലും മാസത്തിലൊരിക്കല്‍ ഞങ്ങള്‍ പരസ്പരം വിളിക്കും. എപ്പോള്‍ കൊച്ചിയില്‍ ചെന്നാലും നേരില്‍ കാണും. ഇടയ്ക്ക് ഒരുമിച്ച് യാത്രകള്‍ ചെയ്യും.
ഞാന്‍ ചുമതലക്കാരനായിരുന്ന കാലത്ത് മംഗളം വാരികയിലാണ് അദ്ദേഹത്തിന്റെ ആത്മകഥ അച്ചടിച്ചു വരുന്നത്. അതിന് മുന്‍കൈ എടുത്തതാവട്ടെ മംഗളം ചീഫ് എഡിറ്റര്‍ സാബു വര്‍ഗീസും.
1993 സെപ്തംബറിലായിരുന്നു തിരുവനന്തപുരം ദൂരദര്‍ശന്‍ പാലിയത്തച്ചന്‍ സംപ്രേഷണം ചെയ്തത്. 2018 സെപ്തംബറില്‍ 25 വര്‍ഷം പുര്‍ത്തിയാവുകയാണ്. ഇപ്പോള്‍ പാര്‍ലമെന്റ ് അംഗം കൂടിയായ മൂണ്‍മൂണ്‍സെന്‍ അടക്കം അന്ന് സീരിയലില്‍ സഹകരിച്ച മുഴുവന്‍ പേരെയും സംഘടിപ്പിച്ച് വിപുലമായ ഒരു ആഘോഷച്ചടങ്ങ് നടത്തണമെന്നത് ക്യാപ്ടന്റെ വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു. അതുപോലെ പാലിയത്തച്ചന്‍ ഇന്നത്തെ ഏതെങ്കിലും ജനപ്രിയ ചാനലില്‍ പുന:സംപ്രേഷണം ചെയ്യണമെന്നും. സാങ്കേതിക കാരണങ്ങളാല്‍ രണ്ടും പ്രാവര്‍ത്തികമായില്ല.
വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്നും ശാശ്വതമോചനത്തിന് ഇടയാക്കിയ പാലിയത്തച്ചനെ കാല്‍നൂറ്റാണ്ടിനിപ്പുറവും അദ്ദേഹം അളവറ്റ് സ്‌നേഹിച്ചിരുന്നു.
പാലിയത്തച്ചന്റെ തിരക്കഥ പുസ്തകരൂപത്തിലാവുന്നു എന്നു കേട്ടപ്പോള്‍ ഒരു കൊച്ചുകുട്ടിയെ പോലെ സന്തോഷംകൊണ്ട് അദ്ദേഹം ആര്‍പ്പുവിളിച്ചു. ലൈബ്രറി കൗണ്‍സില്‍ മേളകളിലുടെ പുസ്തകം എല്ലാ പ്രധാനഗ്രന്ഥശാലകളിലും എത്തുന്നുവെന്നതും അദ്ദേഹത്തെ അളവറ്റ് സന്തോഷിപ്പിച്ചു. ഒടുവില്‍ വളരെ നിഷ്‌കളങ്കമായ ഒരു സംശയം അദ്ദേഹം എന്നോട് ചോദിച്ചു.
'ആ പുസ്തകത്തില്‍ എവിടെയെങ്കിലും ഞാനാണ് ആ വേഷം ചെയ്തതെന്ന് പറയുന്നുണ്ടോ?'
'തുടക്കത്തില്‍ ഒരു വരിയുണ്ട്. പക്ഷെ അതുകൊണ്ട് തീരുന്നതല്ല രാജുച്ചായന്റെ പ്രസക്തി. യഥാര്‍ത്ഥ പാലിയത്തച്ചന്റെ പടം അകത്തെ പേജില്‍ കൊടുത്ത് കവര്‍ പേജില്‍ ആര്‍ട്ടിസ്റ്റ് അരുണ്‍ കടപ്പുര്‍ വരച്ച രാജുച്ചായന്റെ രൂപത്തിലുള്ള പാലിയത്തച്ചന്റെ പെയിന്റിംഗാണ് ചേര്‍ത്തിട്ടുളളത്.'
അപ്പോള്‍ തന്നെ അത് കാണണമെന്നായി അദ്ദേഹം. പുസ്തകം ലേഔട്ടിലാണെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. അടുത്തദിവസം കോട്ടയത്ത് ഒരു പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ വന്ന അദ്ദേഹം എന്റെ വീട്ടില്‍ എത്തി ലേസര്‍ പ്രിന്റ് എടുത്തുവച്ച കവര്‍ പേജ് കണ്ട് കൊതിയോടെ നോക്കിയിരുന്നിട്ട് ചോദിച്ചു.
'ഈ പ്രിന്റ് ഞാനെടുത്തോട്ടെ?'
എടുത്തു കൊളളാന്‍ പറഞ്ഞപ്പോള്‍ അടുത്ത ചോദ്യം.
'പുസ്തകം ഇറങ്ങുമ്പോള്‍ ആദ്യകോപ്പി എനിക്ക് തരണം'
ആദ്യകോപ്പിയുമായി ഞാന്‍ കൊച്ചിയില്‍ അദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ ചെന്നു.
ഒരു നിധി കിട്ടിയ ആഹ്‌ളാദത്തോടെ പുസ്തകം തിരിച്ചും മറിച്ചും നോക്കിയിട്ട് അദ്ദേഹം പറഞ്ഞു.
'ഇതിന്റെ പ്രകാശനച്ചടങ്ങിന് എന്നെയും വിളിക്കണം'
അങ്ങനെയൊരു ചടങ്ങ് പ്രസാധകരുടെ മനസിലില്ലെന്ന് പറഞ്ഞപ്പോള്‍ അടുത്ത വാക്കുകള്‍ വന്നു.
'സീരിയലിന് അരമണിക്കൂറിന്റെ ആയുസേയുളളു. അത് എയര്‍ചെയ്ത് പോകും.എന്തൊക്കെ പറഞ്ഞാലും അച്ചടിച്ച വാക്ക് തന്നെയാണ് വലുത്. ഇത് എന്നും നിലനില്‍ക്കും'
യാത്ര അയയ്ക്കാന്‍ വാതില്‍പ്പടി വരെ വന്ന ക്യാപ്ടന്റെ കയ്യില്‍ അപ്പോഴും പുസ്തകം ഉണ്ടായിരുന്നു. അദ്ദേഹം അവസാനമായി പറഞ്ഞു.
'ഇത് ഞാന്‍ എന്നും സൂക്ഷിക്കും. ഒരു നിധി പോലെ...'
പ്രിയപ്പെട്ട രാജുച്ചായാ...ഒരിക്കല്‍കൂടി ആ കവര്‍പേജ് ഞാന്‍ നെഞ്ചോട് ചേര്‍ക്കുന്നു.

Ads by Google
സജില്‍ ശ്രീധര്‍
Tuesday 18 Sep 2018 08.44 AM
Ads by Google
Loading...
LATEST NEWS
TRENDING NOW