Sunday, May 19, 2019 Last Updated 3 Min 48 Sec ago English Edition
Todays E paper
Ads by Google
കാസ്റ്റിങ്ങോ ചീറ്റിങ്ങോ ? / വിശ്വജിത്ത്
Tuesday 18 Sep 2018 11.16 AM

കാസ്റ്റിംഗല്ല, കാഴ്ചവയ്ക്കല്‍: ഗോവയിലും ദുബായിലും മലയാള സിനിമയുടെ ഒരാഴ്ച നീളുന്ന കാസ്റ്റിംഗ്, ഫ്‌ളൈറ്റ് ടിക്കറ്റുള്‍പ്പടെ എല്ലാം തരും...രക്ഷപ്പെടണ്ടേ സര്‍?

''അമേരിക്കയില്‍ വിവിധ ഇന്ത്യന്‍ അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന കലാസാംസ്‌കാരിക പരിപാടികളിലേക്കായാണു കിഷന്‍ നടിമാരെ ക്ഷണിച്ചു വരുത്തിയിരുന്നത്. അങ്ങനെ എത്തുന്ന നടിമാരെ പിന്നീട് ഇവര്‍ തങ്ങളുടെ ചതിക്കുഴിയില്‍പ്പെടുത്തുകയായിരുന്നു. ഓരോ ഇടപാടിലും ലക്ഷങ്ങളാണ് ഇടപാടുകാരില്‍ നിന്നീടാക്കിയിരുന്നത്. ''
uploads/news/2018/09/249597/CiniStoryCastingCouch08.jpg

കാസ്റ്റിങ്ങോ ചീറ്റിങ്ങോ ?- 8

കോളിളക്കം സൃഷ്ടിക്കുന്ന കന്നഡ സിനിമയിലെ പെണ്‍ വാണിഭകഥകള്‍ പോലെ മലയാളത്തിലുമുണ്ട് കാഴ്ചവയ്ക്കലും കൂട്ടികൊടുക്കലും. സിനിമയില്‍ നടക്കുന്ന വന്‍ ചതികളുടെ തെളിവുകളാണ് തെലുങ്ക് സിനിമയിലൂടെ പുറത്ത് വന്നത്. അന്യഭാഷാ ചിത്രങ്ങളിലേക്ക് ചേക്കേറുന്ന നടിമാരും പുതുമുഖങ്ങളും മലയാളത്തിലും ഉണ്ടെന്നിരിക്കേ ചതിയുടെ കഥകള്‍ ഞെട്ടിക്കുന്നതാണ്.

തെലുങ്ക് സിനിമയിലെ പുതുമുഖ നടിമാരെ ഉപയോഗിച്ച് സെക്സ് റാക്കറ്റ് നടത്തി വന്ന ബിസിനസുകാരനും നിര്‍മാതാവുമായ മൊദുഗുമിഡി കിഷന്‍, ഭാര്യ ചന്ദ്ര എന്നിവരാണ് അറസ്റ്റിലായത്. അമേരിക്കയില്‍ നടിമാരെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചതിനെ തുടര്‍ന്ന് പിടിയിലായ ചന്ദ്ര ഇടപാടുകാര്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തിയ നടിമാരുടെ ലൈംഗികബന്ധം സംബന്ധിച്ച വിവരങ്ങള്‍ എഴുതി സൂക്ഷിച്ചിരുന്നു.

ഓരോ ഇടപാടിലും കിട്ടിയ തുകയും പെണ്‍കുട്ടികളെ കൈമാറുന്ന ഇടവും ഇതിലുണ്ട്. ഇവര്‍ താമസിച്ച വെസ്റ്റ് ബെല്‍ഡെന്‍ അവന്യു അപ്പാര്‍ട്ട്മെന്റില്‍ പൊലീസ് തിരച്ചില്‍ നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെടുത്തത്.

പെണ്‍കുട്ടികള്‍ ആരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു, എത്രനേരം ഉണ്ടായിരുന്നു, എപ്പോഴാണ് നടന്നത്, എന്തു കാര്യത്തിനാണ് അവരെ അമേരിക്കയിലേക്ക് വിളിച്ചു വരുത്തിയത്, എത്ര പണം വാങ്ങി തുടങ്ങിയ വിവരങ്ങള്‍ വരെ ഡയറിയില്‍ അവര്‍ രേഖപ്പെടുത്തിയിരുന്നു.

തെന്നിന്ത്യന്‍ സിനിമയെ ഞെട്ടിച്ച ഈ പെണ്‍വാണിഭ കേസില്‍ കൂടുതല്‍ നടിമാര്‍ കുടുങ്ങുമെന്ന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്.

ഏപ്രില്‍ അവസാനമാണ് നിര്‍മ്മാതാവിനെയും ഭാര്യയേയും അറസ്റ്റ് ചെയ്തതെങ്കിലും പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചശേഷമാണ് വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയത്. അമേരിക്കയില്‍ വിവിധ ഇന്ത്യന്‍ അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന കലാസാംസ്‌കാരിക പരിപാടികളിലേക്കായാണു കിഷന്‍ നടിമാരെ ക്ഷണിച്ചു വരുത്തിയിരുന്നത്.

അങ്ങനെ എത്തുന്ന നടിമാരെ പിന്നീട് ഇവര്‍ തങ്ങളുടെ ചതിക്കുഴിയില്‍പ്പെടുത്തുകയായിരുന്നു. നടിമാരെ ചിക്കാഗോയിലെ ബെല്‍മന്റ് ക്രാജിനിലെ ഒരു ചെറിയ അപ്പാര്‍ട്ട്മെന്റില്‍ താമസിപ്പിക്കും.

ഇതിനുശേഷം ഇടപാടുകാരെ ബന്ധപ്പെട്ട് തുക ഉറപ്പിച്ചശേഷം ഡാലസ്, ന്യൂ ജേഴ്സി, വാഷിങ്ടണ്‍ എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ എത്തിച്ചുകൊടുത്താണ് പെണ്‍വാണിഭം നടത്തിയിരുന്നത്. ഓരോ ഇടപാടിലും ലക്ഷങ്ങളാണ് ഇടപാടുകാരില്‍ നിന്നീടാക്കിയിരുന്നത്.

uploads/news/2018/09/249597/CiniStoryCastingCouch08a.jpg

ചതിയില്‍പ്പെട്ട നടിമാരില്‍ ഒരാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കിഷനും ഭാര്യയും അറസ്റ്റിലായത്. നവംബര്‍ 20ന് സതേണ്‍ കാലിഫോര്‍ണിയയില്‍ തെലുങ്ക് അസോസിയേഷന്റെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നടി രണ്ടു ദിവസം കഴിഞ്ഞ് ചിക്കാഗോയില്‍ എത്തിയത് ഇമിഗ്രേഷന്‍ വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടതോടെയാണ് കേസിന് തുമ്പ് ലഭിച്ചത്.

നോര്‍ത്ത് അമേരിക്കന്‍ തെലുങ്ക് സൊസൈറ്റിയുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ചിക്കാഗോയില്‍ എത്തിയതെന്നാണ് നടി മൊഴി നല്‍കിയത്. എന്നാല്‍ ഇത്തരമൊരു സമ്മേളനം അവിടെ സംഘടിപ്പിക്കുന്നില്ലെന്ന് വിവരം ലഭിച്ചതോടെ നടി സത്യം വെളിപ്പെടുത്തി.

കിഷനും ചന്ദ്രകലയും സമ്മേളനത്തിനെന്ന പേരിലാണ് അമേരിക്കയിലേക്ക് കൊണ്ടുവന്നതെന്നും പാസ്പോര്‍ട്ട് പിടിച്ചുവച്ചശേഷം ഭീഷണിപ്പെടുത്തി വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയായിരുന്നുവെന്നും നടി മൊഴിനല്‍കി.

വിവരം പുറത്ത് പറയരുതെന്നാവശ്യപ്പെട്ട് നടിയേയും കുടുംബത്തേയും കിഷന്‍ ഭീഷണിപ്പെടുത്തിയിരുന്നു. സെക്സ് റാക്കറ്റിനെ സംബന്ധിക്കുന്ന വിവരം പുറത്തു വന്നതിനു പിന്നാലെ കിഷന്‍ മറ്റുനടിമാരെയും ഭീഷണിപ്പെടുത്തി.

പൊലീസിന് വിവരം നല്‍കിയാല്‍ ഇവരുടെ രഹസ്യ വിഡിയോ ദൃശ്യം അടക്കം പുറത്തു വിടുമെന്നായിരുന്നു ഭീഷണി. തന്റെ പേര് പറയരുതെന്നായിരുന്നു നിര്‍ദേശം. തെലുങ്ക് സിനിമയിലെ അഞ്ചു പ്രമുഖ നടിമാര്‍ റാക്കറ്റിന്റെ ഭാഗമാണെന്ന് പോലീസ് പറയുന്നു.

അറസ്റ്റ് ചെയ്യുമ്പോള്‍ ആറ് പെണ്‍കുട്ടികള്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നതായി പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. കിഷന്‍ തെലുങ്ക് സിനിമയിലെ പ്രമുഖ നിര്‍മാതാവും ബിസിനസ്സുകാരനുമായതിനാല്‍ എതിര്‍ക്കാനുള്ള ഭയത്തിന് പുറമേ അവസരം കിട്ടുന്നതിനായി നടിമാര്‍ വഴങ്ങിക്കൊടുക്കുകയായിരുന്നു.

ചന്ദ്രകലയുടെ മൊബൈല്‍ ഫോണില്‍ ഓരോ പെണ്‍കുട്ടിയുടെയും വില പറഞ്ഞ് കൊണ്ട് ഇടപാടുകാരുമായി നടത്തിയ നൂറു കണക്കിന് മെസേജുകളും പൊലീസ് കണ്ടെത്തിയിരുന്നു.

പെണ്‍കുട്ടികളുടെ ചിത്രങ്ങളും ഫോണ്‍ വഴി ചന്ദ്ര അയച്ചു കൊടുക്കാറുണ്ടായിരുന്നു. 3000 ഡോളറായിരുന്നു (രണ്ടു ലക്ഷത്തിധികം രൂപ)നടിമാരുടെ ഇടപാടുകാരില്‍ നിന്നു വാങ്ങിയിരുന്നത്.

കൂട്ടിക്കൊടുക്കലിന്റെയും പെണ്‍വാണിഭത്തിന്റെയും കഥകള്‍ തെലുങ്കില്‍ മാത്രമല്ല. അവസരങ്ങളുടെ പേരില്‍ മലയാളത്തിലുള്‍പ്പടെ പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്.

മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനെ തേടി അവസരം ചോദിച്ച് ഒരിക്കല്‍ ഒരു പെണ്‍കുട്ടി വന്നു. സുന്ദരി. ശരീര സൗന്ദര്യം ആവശ്യത്തിലും അധികം. അഭിനയിക്കാന്‍ കഴിവുമുണ്ട്.

നടിയാകാന്‍ യോഗ്യതയുണ്ടെങ്കിലും അടുത്ത ചിത്രത്തിലേക്കുള്ള കാസ്റ്റിംഗ് കഴിഞ്ഞത് കാരണം തല്ക്കാലം അവസരമില്ല, തൊട്ടടുത്ത പടത്തില്‍ ഉറപ്പായും നോക്കാം എന്ന് പറഞ്ഞ് സംവിധായകന്‍ അവളെ മടക്കിയയച്ചു. അവളുടെ മുഖം സംവിധായകന്‍ മനസില്‍ കുറിച്ചിട്ടിരുന്നു.

പിന്നീടൊരിക്കല്‍ ഈ പെണ്‍കുട്ടിയെ എയര്‍പോര്‍ട്ടില്‍ വച്ച് യാദൃശ്ചികമായി കണ്ടു മുട്ടി. സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്ന ഒരു നടിയും കൂടെ ഒരു സംഘം പെണ്‍കുട്ടികളുമുണ്ട്. പെണ്‍കുട്ടിയെ പരിചയമുള്ളത് കൊണ്ട് അവളെ മാറ്റി നിര്‍ത്തി സംവിധായകന്‍ കുശലാന്വേഷണം നടത്തി.

uploads/news/2018/09/249597/CiniStoryCastingCouch08b.jpg

അഭിനയ മോഹം ഒക്കെ കഴിഞ്ഞോ?
അഭിനയിക്കാന്‍ വേണ്ടിയുള്ള ഓട്ടത്തിലാണ് സാര്‍.
എവിടെ പോയി വന്നതാണ്?

ഗോവയില്‍
ഗോവയിലെന്താ?

ഒരു സിനിമയുടെ കാസ്റ്റിംഗ് നടക്കുന്നുണ്ടായിരുന്നു. അവിടെ പോയിട് വരുന്ന വഴിയാണ്.
ഗോവയിലോ... മലയാള സിനിമയുടെ കാസ്റ്റിംഗോ ?

അതേ സര്‍. ഫ്‌ളൈറ്റ് ടിക്കറ്റുള്‍പ്പടെ തരും. പിന്നെന്താ. ഞങ്ങള്‍ അവിടെ ഒരാഴ്ചയുണ്ടായിരുന്നു.

ഒരാഴ്ച.... ഗോവയില്‍... മലയാളം സിനിമയുടെ കാസ്റ്റിംഗ്... കൊള്ളാം. നീ അറിഞ്ഞു കൊണ്ട് തന്നെ ചെന്ന് ചാടിക്കൊടുത്തതാണോ?
(അല്‍പ്പ നേരത്തെ നിശ്ശബ്ദത.)

പെട്ടു പോയതാണ് സര്‍. വേറെ നിവൃത്തിയില്ല. രക്ഷപ്പെടാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. എല്ലാം കഴിഞ്ഞു. പിന്നെ ആലോചിച്ചപ്പോള്‍, ഞാന്‍ മാത്രമല്ല, എനിക്ക് മുന്‍പും പിന്‍പും എത്രയോ പേര്‍ ഇത് പോലെ സിനിമയിലേക്ക് വന്നിരിക്കുന്നു. വേറേ ആരും അറിയില്ലല്ലോ. ഇനിയിപ്പോള്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങാന്‍ തന്നെ തീരുമാനിച്ചു. അടുത്തയാഴ്ച ഇനി ദുബായ് ട്രിപ്പുണ്ട്.

അവിടെയുമുണ്ടോ കാസ്റ്റിംഗ്?

കാസ്റ്റിംഗ് എന്നൊക്കെ പറയാം. രക്ഷപ്പെടണ്ടേ സര്‍?
മുഖത്ത് ചിരി വരുത്തി അവള്‍ യാത്ര പറഞ്ഞു. കാസ്റ്റിംഗിന്റെ 'അന്താരാഷ്ര്ട' നിലവാരത്തെ കുറിച്ചോര്‍ത്ത് സംവിധായകന്‍ അപ്പോഴും നിശബ്ദനായി നില്‍ക്കുകയായിരുന്നു.

(തുടരും...സിനിമയില്‍ അഭിനയിക്കാനെത്തിയ സീരിയല്‍ നടിയുടെ വെളിപ്പെടുത്തല്‍...)

***(യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി, പ്രമുഖരുടെ സിനിമാനുഭവങ്ങളുടെ പശ്ചത്തലത്തില്‍ ഒരുക്കുന്ന ഈ അന്വേഷണാത്മക പരമ്പരയില്‍ ഉപയോഗിച്ചിരിക്കുന്നത് യഥാര്‍ത്ഥ പേരുകളല്ല. )'

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW