Sunday, May 19, 2019 Last Updated 6 Min 41 Sec ago English Edition
Todays E paper
Ads by Google
ബീന സെബാസ്റ്റിയന്‍
Thursday 20 Sep 2018 11.41 AM

ബിഷപ്പ് നിരപരാധിയാണെന്ന് തെളിയുന്നു... ഇനിയും തെളിവുകള്‍ കിട്ടാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുവിന്‍.. തൃപ്പൂണിത്തുറയില്‍ നിന്നും മോണ്‍.മൈക്കിള്‍ ആനിക്കുഴിക്കാട്ടിലിന്റെ 'ബിഗ് ബ്രേക്കിംഗ്'

ജലന്ധര്‍ രൂപതയിലെ മുതിര്‍ന്ന വൈദികനും ബിഷപ്പിന്റെ വിശ്വസ്തനുമായ മോണ്‍ മൈക്കിള്‍ ആനിക്കുഴിക്കാട്ടില്‍ ആണ് രൂപതയ്ക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്നത്.
Mongr.michael anikkuzhikkattil

കോട്ടയം: കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യല്‍ ഒന്നാം ദിവസം പൂര്‍ത്തിയായപ്പോള്‍ ബിഷപ്പിനെ നിരപരാധിയാക്കി വിധിയെഴുതി ജലന്ധര്‍ രൂപതയില്‍ നിന്നുള്ള ഒരു വൈദികന്റെ റിപ്പോര്‍ട്ടിംഗ്. ജലന്ധര്‍ രൂപതയിലേക്ക് അയച്ച് നല്‍കിയ വീഡിയോയിലാണ് അദ്ദേഹം തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിമുറ്റത്തുനിന്നാണെന്നും അവകാശപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജലന്ധര്‍ രൂപതയിലെ മുതിര്‍ന്ന വൈദികനും ബിഷപ്പിന്റെ വിശ്വസ്തനുമായ മോണ്‍ മൈക്കിള്‍ ആനിക്കുഴിക്കാട്ടില്‍ ആണ് രൂപതയ്ക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്നത്. ''ചോദ്യം ചെയ്യല്‍ ആദ്യദിനം പൂര്‍ത്തിയായി. ബിഷപ്പിനെതിരെ കാര്യമായ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. അടുത്ത ദിവസവും ചോദ്യം ചെയ്യല്‍ തുടരും. അപ്പോഴും ഒരു തെളിവും ലഭിക്കാതിരിക്കാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍'' എന്നു പോകുന്നു അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിംഗ്. തൃപ്പൂണിത്തുറ പള്ളിമുറ്റത്തുനിന്നാണ് താന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അദ്ദേഹം പഞ്ചാബിയില്‍ പറയുന്നുണ്ട്. ഇടുക്കി മുന്‍ മെത്രാന്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സഹോദരനാണ് മോണ്‍.മൈക്കിള്‍ ആനിക്കുഴിക്കാട്ടില്‍.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനൊപ്പം ജലന്ധറില്‍ നിന്നും ഒരു സംഘം വൈദികരും തൃപ്പൂണിത്തുറയില്‍ എത്തിയിട്ടുണ്ട്. ഇവര്‍ക്കു വേണ്ടി പള്ളിയുമായി ബന്ധപ്പെട്ട ഒരു കെട്ടിടം തുറന്നുകൊടുത്തിരിക്കുകയാണെന്നും അവിടെ നിന്ന് മാധ്യമപ്രവര്‍ത്തകരെ സ്വാധീനിക്കാനും കന്യാസ്ത്രീയെ അപമാനിക്കുന്ന വിധത്തിലുള്ള ലഘുലേഖകളും തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടുകളും ഫോട്ടോകളും വിതരണം ചെയ്യുന്നതായും വിവരമുണ്ട്. പല മാധ്യമപ്രവര്‍ത്തകരെയും നേരില്‍ വിളിച്ചാണ് ഇവര്‍ ഈ 'തെളിവുകള്‍' കൈമാറുന്നത്. അവരുടെ തന്ത്രത്തില്‍ വീഴാതെ മാധ്യമപ്രവര്‍ത്തകര്‍ ജാഗ്രതയില്‍ തന്നെയാണ് തൃപ്പൂണിത്തുറയില്‍ നിലയുറപ്പിച്ചിരിക്കുന്നത്.


അതേസമയം, പള്ളിയുടെ സ്ഥാപനം ജലന്ധറില്‍ നിന്നുള്ള സംഘത്തിന് തുറന്നുകൊടുത്തതിനെ കുറിച്ചുള്ള അന്വേഷണത്തോട് വ്യക്തമായി പ്രതികരിക്കാന്‍ പള്ളി അധികൃതര്‍ തയ്യാറാകുന്നില്ല. വിവരം തിരക്കുന്നതിന് മുന്‍പ് ഫോണ്‍ കട്ടു ചെയ്യുകയോ വികാരിയച്ചന്‍ സ്ഥലത്തില്ലെന്നും അങ്ങനെ ഇവിടെ ആരും താമസിക്കുന്നില്ലെന്നുമൊക്കെയാണ് അധികൃതര്‍ പറയുന്നത്. പള്ളിമുറ്റത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന വീഡിയോ ദൃശ്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അതേകുറിച്ച് അറിയില്ലെന്നാണ് സഹവൈദികരുടെ മറുപടി. എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴില്‍ വരുന്നതാണ് ഈ ദേവാലയം.

ബിഷപ്പിനൊപ്പം എത്തിയ വൈദികരും അഭിഭാഷകരും കൊച്ചിയിലെ ചില വ്യവസായ പ്രമുഖരുടെ ഒത്താശയോടെയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം. ഇന്നലെ തൃപ്പൂണിത്തുറയ്ക്ക് സമീപമുള്ള ഒരു ആഡംബര ഹോട്ടലിലേക്ക് ഈ സംഘം എത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

മോണ്‍. ആനിക്കുഴിക്കാട്ടിലിന്റെ റിപ്പോര്‍ട്ടിംഗ് അനുമതിയില്ലാതെ; ക്ഷമാപണം നടത്തിയതായി തൃപ്പൂണിത്തുറ വികാരി ഫാ.ജേക്കബ് പുതുശേരി

ബിഷപ്പ് ഫ്രാങ്കോ തൃപ്പൂണിത്തുറയില്‍ ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ ജലന്ധറില്‍ നിന്നും ഒപ്പമെത്തിയ വൈദികന്‍ ജലന്ധര്‍ രൂപതയിലെ ചാനലിനു വേണ്ടി നടത്തിയ വീഡിയോ റിപ്പോര്‍ട്ടിംഗ് വിവാദമായി. ഇതോടെ വീഡിയോ രൂപത യുട്യൂബില്‍ നിന്നും നീക്കി. തൃപ്പൂണിത്തുറ സെന്റ് മേരീസ് പള്ളിയുടെ മുറ്റത്ത് നിന്ന് ഇത്തരമൊരു വീഡിയോ മോണ്‍.ആനിക്കുഴിക്കാട്ടില്‍ എടുത്തത് തന്റെയോ പള്ളിയിലെ മറ്റ് ഏതെങ്കിലും അധികാരികളുടെയോ അനുവാദമോ അറിവോ ഇല്ലാതെയാണെന്ന് പള്ളി വികാരി ഫാ.ജേക്കബ് പുതുശേരി. ഇക്കാര്യം അറിഞ്ഞപ്പോള്‍തന്നെ ആ വൈദികനെ വിളിച്ചുചോദിക്കുകയും അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തുവെന്ന് വികാരി 'മംഗളം ഓണ്‍ലൈനോട്' പ്രതികരിച്ചു.

''പള്ളി അറിഞ്ഞ് ചെയ്ത സംഭവമല്ലിത്. ആവൈദികന്‍ ഇന്നലെ ഇവിടെ വന്നിരുന്നു. അദ്ദേഹത്തിന്റെ വാഹനം ഇവിടെ പാര്‍ക്ക് ചെയ്തിരുന്നു. ഈ സമയം താന്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഇന്നലെ വൈകിട്ടാണ് ഈ വീഡിയോ എടുത്തത്. ആരുടെയും അനുവാദം വാങ്ങാതെയാണ് വീഡിയോ എടുത്തതെന്ന് ആ വൈദികന്‍ തന്നെ അറിയിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ അദ്ദേഹം ക്ഷമ പറഞ്ഞു. തന്റെയോ പള്ളിയിലെ മറ്റ് അധികാരികളുടെയോ അറിവോടെയല്ല ഇത് ചെയ്തിരിക്കുന്നത്. അത്തരത്തില്‍ ഒരു സൗകര്യം ആര്‍ക്കും പള്ളി ചെയ്തിട്ടില്ല. വൈദികന്റെ ആ നടപടി ശരിയായില്ലെന്നും താന്‍ അറിയിച്ചിട്ടുണ്ട്.

ജലന്ധറിലെ വൈദികരുടെ നടപടി തനിക്ക് കുറച്ച് ബുദ്ധിമുട്ടുണ്ടാക്കി. തന്നോടോ താന്‍ സ്ഥലത്തില്ലാത്ത സ്ഥിതിക്ക് അസിസ്റ്റന്റ് വികാരിയോടോ ചോദിച്ചിട്ടു വേണമായിരുന്നു ചെയ്യാന്‍. ആ മര്യാദ അവര്‍ ചെയ്യണമായിരുന്നു. തങ്ങള്‍ ആരും അറിയാതെയാണ് അവര്‍ ചെയ്തത്. വീഡിയോ അവര്‍ എടുത്തത് മുന്‍പോ അതിനു ശേഷമോ അറിഞ്ഞില്ല. 'മംഗളം ഓണ്‍ലൈന്‍' വാര്‍ത്തയെ കുറിച്ച് ഒരാള്‍ വിളിച്ച് പറഞ്ഞപ്പോഴാണ് താന്‍ അറിഞ്ഞത്. അക്കാര്യം മോണ്‍.മൈക്കിള്‍ ആനിക്കുഴിക്കാട്ടിലിനെ വിളിച്ചുതാന്‍ തിരക്കി. അനുവാദമില്ലാതെയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വൈദികന്‍ സമ്മതിച്ചതായും തെറ്റുപറ്റിയതില്‍ ഖേദപ്രകടനം നടത്തിയതായും ഫാ.ജേക്കബ് പുതുശേരി പറഞ്ഞു.

-ബീന സെബാസ്റ്റിയന്‍

Ads by Google
ബീന സെബാസ്റ്റിയന്‍
Thursday 20 Sep 2018 11.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW