Monday, June 17, 2019 Last Updated 4 Min 48 Sec ago English Edition
Todays E paper
Ads by Google
കേരളമെന്ന് കേട്ടാല്‍ / ഏബ്രഹാം മാത്യു
Friday 21 Sep 2018 12.15 AM

മരണനദിയില്‍ എവിടെ?

uploads/news/2018/09/250340/2.jpg

ക്യാപ്‌റ്റന്‍ രാജു അറുപത്തിയെട്ട്‌ വയസുവരെ ജീവിച്ചു; തിളങ്ങി, മങ്ങി, മരിച്ചു. യൗവ്വനവും വാര്‍ധക്യവും മരണം എന്ന മഹാനദിയില്‍ ചെന്നുചേരേണ്ട രണ്ട്‌ അരുവികളാണെന്നു ജീവിതംകൊണ്ട്‌ ഓര്‍മ്മിപ്പിച്ചു. ശാരീരികസൗന്ദര്യംകൊണ്ട്‌ യൗവ്വനത്തില്‍ തിളങ്ങി. നിസഹായതകൊണ്ട്‌ വാര്‍ദ്ധക്യത്തില്‍ മങ്ങി. ആത്മാവ്‌ അനശ്വരമാണെന്ന ബോധ്യത്തില്‍ മരണനദിയില്‍ മുങ്ങിത്താഴ്‌ന്നു.

എണ്‍പതുകളിലെ യൗവ്വന തീഷ്‌ണതയിലും തുടര്‍ച്ചയായി തീര്‍ന്ന തൊണ്ണൂറുകളിലും അദ്ദേഹം ക്യാപ്‌റ്റന്‍ രാജുവായിരുന്നു. രണ്ടായിരത്തിലെത്തിയപ്പോള്‍ ക്യാപ്‌റ്റന്‍ രാജു, രാജു ഡാനിയേല്‍ എന്ന ഓമല്ലൂര്‍ ഗ്രാമക്കാരനായ ക്രൈസ്‌തവ വിശ്വാസിയായി രൂപംമാറി. ക്യാപ്‌റ്റന്‍ രാജുവില്‍ തുടങ്ങി രാജു ഡാനിയേലിലേക്ക്‌ ഒരു പുനര്‍യാത്ര. പാരമ്പര്യങ്ങളിലേക്കും തീവ്ര ദൈവവിശ്വാസത്തിലേക്കും അനുഭവങ്ങളും അപകടവും വഴികാണിച്ചു; ഒടുവില്‍ രാജു ഡാനിയേല്‍ അവിടെ എത്തിച്ചേര്‍ന്നു. അഞ്ഞൂറു സിനിമകളുടെ ആത്മോന്മാദങ്ങളും പ്രശസ്‌തിയും പ്രൗഢിയും വീല്‍ചെയറില്‍ എത്തപ്പെട്ട അന്ത്യകാലത്ത്‌ അപരിചിതരെപ്പോലെ വഴിമാറിപ്പോയി.

മധ്യതിരുവിതാംകൂറിലെ എല്ലാ ക്രൈസ്‌തവരിലും മധ്യപ്രായം കഴിയുമ്പോള്‍ ഉയര്‍ന്നു മുളപൊട്ടാന്‍ പാകത്തില്‍ ഒരു അച്ചായന്‍ ഒളിഞ്ഞിരിക്കും. ക്യാപ്‌റ്റന്‍ രാജുവും ആ പരിണാമക്രിയയില്‍നിന്നു വഴിമാറിയില്ല; ക്യാപ്‌റ്റന്‍ രാജു അടുപ്പമുള്ളവര്‍ക്കു രാജുച്ചായനായിത്തീര്‍ന്നു. സിനിമ കാണുന്നവര്‍ക്കും കാണാത്തവര്‍ക്കും ക്യാപ്‌റ്റന്‍ രാജു വലിയ മനുഷ്യനായിരുന്നു. ആറടി മൂന്നിഞ്ച്‌ ഉയരം, നൂറു കിലോയ്‌ക്കുമേല്‍ തൂക്കം. അപരിചതരെ പരിചയപ്പെട്ടാല്‍, പത്തു വര്‍ഷം മുമ്പു പരിചയമുള്ള ഒരാളെപ്പോലെമാത്രം പെരുമാറും. ആരെയും മോന്‍ എന്നുവിളിക്കും. ക്യാപ്‌റ്റന്‍ രാജുവിനോട്‌ ഒരു പത്തനംതിട്ടക്കാരന്‍ ക്രിസ്‌ത്യാനി അര മണിക്കൂര്‍ സംസാരിച്ചാല്‍ അരനൂറ്റാണ്ടു മുമ്പുള്ള കുടുംബപ്പേരുകള്‍ ചികഞ്ഞെടുത്ത്‌ അവര്‍ ബന്ധുക്കളായി മാറും; അതായിരുന്നു രാജുച്ചായന്‍.

വടക്കന്‍ വീരഗാഥയില്‍ അരിങ്ങോടരെ ആവിഷ്‌കരിച്ചതാണ്‌ തന്റെ സംതൃപ്‌ത സിനിമാകാലമെന്ന്‌ പറയുമായിരുന്നു. വില്ലനെ ജനങ്ങള്‍ വെറുക്കുമെന്ന തോന്നല്‍ മധ്യപ്രായമെത്തിയപ്പോഴേക്കും അദ്ദേഹത്തില്‍ ശക്‌തമായി; ഒരുതരം പോരായ്‌മയോ നാണക്കേടോ പോലെ. കഥാപാത്രങ്ങളെയാണ്‌ ജനം വെറുക്കുന്നതും സ്‌നേഹിക്കുന്നതുമെന്നു ചിലപ്പോഴെങ്കിലും അദ്ദേഹം തിരിച്ചറിയാതെപോയി. രാജു ഡാനിയേല്‍, ക്യാപ്‌റ്റന്‍ രാജുവായതു വില്ലന്‍ കഥാപാത്രങ്ങളുടെ ഗംഭീരമായ സ്വീകാര്യതകൊണ്ടായിരുന്നുവെന്ന്‌ അദ്ദേഹത്തിനു ബോധ്യപ്പെട്ടിരുന്നില്ലെന്നു തോന്നി.

വില്ലനായി ഭ്രമിപ്പിച്ച കാലത്ത്‌ സദ്‌ഗുണ കഥാപാത്രമാകാനായി മോഹം. അടുത്തബന്ധുവും ബഹ്‌റൈനിലെ വി.കെ.എല്‍. ഗ്രൂപ്പ്‌ ഉടമയുമായ ഡോ. വര്‍ഗീസ്‌ കുര്യനോട്‌ മോഹം പങ്കുവച്ചു. രാജുച്ചായനെ സഹായിക്കേണ്ടതു ബന്ധുകൂടിയായ തന്റെ കടമയാണെന്ന്‌ വര്‍ഗീസ്‌ കുര്യന്‍. അതിനുവേണ്ടിമാത്രം "ഇതാ ഒരു സ്‌നേഹഗാഥ" വര്‍ഗീസ്‌ കുര്യന്‍ നിര്‍മ്മിച്ചു. ക്യാപ്‌റ്റന്‍ രാജു ആദ്യമായി സംവിധായകനായി. സല്‍സ്വഭാവിയായ കഥാപാത്രമായി രൂപംമാറാന്‍ ഇതേ സിനിമയില്‍ ക്യാപ്‌റ്റന്‍ രാജു പള്ളീലച്ചന്റെ വേഷം ഏറ്റെടുത്തു.

ഓര്‍ത്തഡോക്‌സ് സഭാ പാരമ്പര്യത്തില്‍ കടുത്ത ശിക്ഷണത്തില്‍ വളര്‍ത്തപ്പെട്ട രാജു ഡാനിയേലിന്റെ മനസില്‍ ഗുണവാനായ കഥാപാത്രം പള്ളീലച്ചനായി മാറുന്നതില്‍ അത്ഭുതമില്ല; പുതിയ കാലത്ത്‌ ആ സങ്കല്‍പ്പം വിപരീത അര്‍ത്ഥത്തിനു വഴിവയ്‌ക്കുന്നുവെങ്കിലും. "ഇതാ ഒരു സ്‌നേഹഗാഥ" നിര്‍മ്മാതാവിനു നഷ്‌ടം വരുത്തി. ക്യാപ്‌റ്റന്‍ രാജുവിനായി വര്‍ഗീസ്‌ കുര്യന്‍ ലാഭനഷ്‌ടക്കണക്ക്‌ മറന്നു. തെന്നിന്ത്യന്‍ സൂപ്പന്‍ താരമായ വിക്രം നായകനായ ആദ്യമലയാള ചിത്രമായിരുന്നു അത്‌. അന്ന്‌ വിക്രം അവസരം തേടിയിറങ്ങിയ ഒരു പുതുമുഖംമാത്രം.

അമിതാഭ്‌ ബച്ചന്‍ മുതല്‍ അടുക്കള ജോലിക്കാരന്‍ വരെയുള്ളവരോട്‌ തുല്യനിലയില്‍ പെരുമാറാന്‍ കഴിഞ്ഞുവെന്നതാണ്‌ രാജുച്ചായന്റെ സവിശേഷശൈലി. സ്വയം രാജുച്ചായന്‍ എന്നു പരിചയപ്പെടുത്തിക്കൊണ്ട്‌; തന്റെ മുന്നിലെത്തുന്നവരുടെ വീട്ടിലെ വിളിപ്പേരുമാത്രം വിളിച്ചുംകൊണ്ട്‌. പള്ളികളില്‍ പുണ്യാളനെപ്പോലെ, പൂജാരിയെപ്പോലെ ക്ഷേത്രവേദികളില്‍... ഈ വേഷപ്പകര്‍ച്ച കണ്ടാല്‍ കൃത്രിമത്വം തോന്നുകയില്ല.

ഓമല്ലൂരിലെ ഗ്രാമീണ സൗഭാഗ്യങ്ങളില്‍നിന്ന്‌ രാജു ഡാനിയേല്‍ എന്ന ബാലന്‍ കൈവശപ്പെടുത്തിയ സ്‌നേഹപ്രകൃതമായിരുന്നു അത്‌. അന്ത്യകാലം അനര്‍ത്ഥങ്ങളുടേതല്ല, അവഗണനയുടേതു കൂടിയായിരുന്നുവെന്നു സ്വകാര്യസദസുകളില്‍ ആവര്‍ത്തിക്കാറുണ്ട്‌ ക്യാപ്‌റ്റന്‍ രാജു; ആദ്യസംവിധാനത്തിന്‌ വഴിയൊരുക്കിയ വര്‍ഗീസ്‌ കുര്യന്റെ ചിറ്റാര്‍ ഗ്രാമത്തിലെ നിഗൂഢഭംഗിയുള്ള ബാര്‍മുറിയിലിരുന്നു മദ്യം രുചിക്കേണ്ടവിധവും പൈപ്പ്‌ വലിക്കേണ്ടവിധവും തോക്ക്‌ പിടിക്കേണ്ടരീതിയും വിസ്‌തരിക്കുമ്പോള്‍ ഒന്നാന്തരം ആര്‍മി ക്യാപ്‌റ്റന്‍. കാപട്യങ്ങള്‍ മറച്ചുപിടിക്കാന്‍ ശേഷിയില്ലാത്ത ശക്‌തനായിരുന്നു ക്യാപ്‌റ്റന്‍ രാജു.

അഭിനയത്തിന്റെ മഹാപ്രതിഭയെന്ന അതിവിപ്ലവ വിശേഷണമൊന്നും ക്യാപ്‌റ്റന്‍ രാജുവിനു ചേരില്ല. വലിയ എഴുത്തുകാരനും സംവിധായകനും കൈകോര്‍ത്തപ്പോള്‍ അരിങ്ങോടര്‍ പിറന്നു; അങ്ങനെ സംഭവിക്കാതിരുന്നപ്പോഴൊക്കെ വിവേകശൂന്യരായ കഥാപാത്രങ്ങളും; തലയെടുപ്പും ഗംഭീരശബ്‌ദവുംകൊണ്ട്‌ അത്തരം ശൂന്യതയില്‍ ക്യാപ്‌റ്റന്‍ രാജു അത്ഭുതം കാണിച്ചു; ക്ഷീണിതനായി കാണപ്പെട്ട ദിവസങ്ങളില്‍ യാത്രപറയുമ്പോള്‍ ബലിഷ്‌ഠമായ കൈ തോളില്‍ വച്ച്‌ ക്യാപ്‌റ്റന്‍ രാജു പതര്‍ച്ച ഒതുക്കി ഓര്‍മ്മക്കുറവെന്ന ശാപം ഓര്‍മ്മിപ്പിച്ചു; യാത്രപറഞ്ഞമ്പോള്‍ ഇങ്ങനെയും:
- മോനെ വിളിക്കണേ...
വിളിക്കാന്‍ മറന്നേക്കരുത്‌...
വിളിക്കണമെന്നുണ്ട്‌.
എവിടെ?
മരണനദിയുടെ ഏത്‌ നിലയില്ലാക്കയത്തില്‍...?

ലേഖകന്റെ ഫോണ്‍: 9447480109

Ads by Google
Ads by Google
Loading...
TRENDING NOW