Sunday, May 19, 2019 Last Updated 1 Min 55 Sec ago English Edition
Todays E paper
Ads by Google
ബീന സെബാസ്റ്റിയന്‍
Friday 21 Sep 2018 07.37 AM

വിമര്‍ശിക്കുന്നവരെ ഒതുക്കുന്നത് ഊമക്കത്തയച്ച്, വൈദികര്‍ക്കെതിരെ പെണ്‍ബന്ധവും സാമ്പത്തിക ക്രമക്കേടുകളും ആരോപിക്കും; ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള ഫ്രാങ്കോയുടെ മാതൃകാ പുരുഷന്‍ ഹിറ്റ്‌ലര്‍!

തന്നെ അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് എല്ലാ സുഖസൗകര്യവും ഒരുക്കുമെന്ന് ഫ്രാങ്കോ തന്നെ പറഞ്ഞിട്ടുണ്ട്. അതിന് ഫ്രാങ്കോ പറയുന്ന വാചകമാണ് ''സോ ലോങ് അസ് യു ആര്‍ വിത്ത് മീ, യു വില്‍ ഹാവ് നോ പ്രോബ്ലം''.
Bishop Franko

തന്റെ റോള്‍ മോഡല്‍ ഹിറ്റ്‌ലര്‍ ആണെന്ന് അഭിമാനത്തോടെ പറയുന്ന ബിഷപ്പ് ഫ്രാങ്കോ എതിരാളികളെ നേരിടാന്‍ സ്വീകരിച്ചിരുന്നതും ഹിറ്റ്‌ലറുടെ പാത. ഫ്രാങ്കോ ചെയ്യുന്നതും പറയുന്നതും തെറ്റാണെന്ന് പറയുകയോ അംഗീകരിക്കാതിരിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നവരെ ഏതു വിധേനയും ഒറ്റപ്പെടുത്തി ആക്രമിക്കുന്ന ശീലം. കൊടുംക്രിമിനല്‍ ആയ ഏകാധിപതികള്‍ അധികാരം നിലനിര്‍ത്താന്‍ ചെയ്യുന്ന മാര്‍ഗങ്ങള്‍ എല്ലാം ഫ്രാങ്കോയും സ്വീകരിച്ചിരുന്നത്. ഏതു രീതിയിലും എതിരാളിയെന്ന് തോന്നുന്ന ആളെ ഇല്ലായ്മ ചെയ്യും.

അതിനായി ഫ്രാങ്കോ തെരഞ്ഞെടുക്കുന്ന പതിവ് മാര്‍ഗം ഊമക്കത്തുകളാണ്. തന്റെ അനുയായികളെ കൊണ്ട് ഊമക്കത്തുകള്‍ എഴുതിക്കും. കത്തുകളില്‍ എതിരാളിക്കെതിരെ ഏറ്റവും ക്രിമിനല്‍ സ്വഭാവമുള്ള കുറ്റകൃത്യങ്ങളാണ് ഉന്നയിക്കുന്നത്. രൂപതയിലെ നിരവധി വൈദികര്‍ ഫ്രാങ്കോയുടെ ഊമക്കത്ത് ആക്രമണത്തിന് ഇരകളാണ്. ഊമക്കത്തു കിട്ടുന്നവര്‍ അതുമായി ഫ്രാങ്കോയെ സമീപിച്ചാല്‍ ശരി, ഊമക്കത്തല്ലെ? എന്താണ് തെളിവ്? അതിനൊന്നും നടപടിയെടുക്കാനാവില്ല. എന്റെ പേരില്‍ എത്ര കത്ത് വരുന്നു. അതൊക്കെ ആര് കണക്കിലെടുക്കുന്നു. ഊമക്കത്തിന് ഒരു വിലയുമില്ല എന്നായിരിക്കും മറുപടി. പിന്നെ ആ ഊമക്കത്ത് അദ്ദേഹം തന്നെ പ്രചരിപ്പിക്കും. ഈ പണി മുന്‍പ് ഡല്‍ഹി സഹായ മെത്രാനായിരിക്കുമ്പോഴും ചെയ്തിട്ടുണ്ട്. രൂപതയിലെ ഒരു മുതിര്‍ന്ന കന്യാസ്ത്രീയായിരുന്നു അന്നത്തെ ഇര. ജലന്ധര്‍ രൂപതയിലും നിരവധി ഇരകളുണ്ട്.

ഫ്രാങ്കോയുടെ ക്രിമിനല്‍ സ്വഭാവത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് ബേസില്‍ മൂക്കന്‍ന്തോട്ടം എന്ന വൈദികന്‍. പ്രാര്‍ത്ഥനാഭാവന്‍ എന്ന ധ്യാനകേന്ദ്രവും ചാനലും സ്ഥാപിച്ച് നല്ലനിലയില്‍ നടത്തിക്കൊണ്ടുപോയ ബേസില്‍ അച്ചനെ ഇല്ലാത്ത ആരോപണങ്ങളുടെ പേരിലാണ് ജലന്ധറില്‍ നിന്ന് ഓടിച്ചത്. അദ്ദേഹം പിന്നീട് സി.എസ്.ടി വൈദികരുടെ കൂടെ ഫിറോസ്പുരില്‍ ധ്യാനം നടത്തുന്നത് അറിഞ്ഞ് ജലന്ധറില്‍ നിന്നും ആളുകളെ അയച്ച് അവരെ ആക്രമിച്ചു. ഇതിന്റെ പേരില്‍ പോലീസ് കേസുണ്ടായി. പോലീസ് അന്വേഷണത്തില്‍ ആക്രമണം നടത്തിയവര്‍ ജലന്ധറില്‍ നിന്നും ബിഷപ്പിനു വേണ്ടി പോയവരാണെന്ന് കണ്ടെത്തിയിരുന്നു.

സി.എസ്.ടി വൈദികര്‍ ഫിറോസ്പുരില്‍ നിന്ന് പോകണമെന്നും ആവശ്യപ്പെട്ട് പഞ്ചാബിലെ മറ്റൊരു ജില്ലയില്‍ നിന്നുള്ള പഞ്ചാബ് ക്രിസ്ത്യന്‍ യുണൈറ്റഡ് ഫ്രണ്ട് (പി.സി.യു.എഫ്) എന്ന സംഘടനയിലെ അംഗങ്ങളായിരുന്നു. ആ അംഗങ്ങളില്‍ പലരും ക്രിമിനല്‍ സ്വഭാവമുള്ളവരാണ്. ഏത് ഇടവകയിലും ബിഷപ്പിന് എതിരായി ഏതെങ്കിലും വൈദികന്‍ പ്രവൃത്തിക്കുന്നു, സംസാരിക്കുന്ന എന്നുവേണ്ട ചിന്തിക്കുന്നു എന്നുകണ്ടാല്‍ മതി, ആ ഇടവകയിലെ ചെറുപ്പക്കാരെയും ഒരുവിധം സമൂഹത്തില്‍ സ്വാധീനമുള്ളവരെയും പി.സി.യു.എഫ് അംഗങ്ങളാക്കി മാറ്റി അവരെ ആ ഇടവകയിലെ വൈദികനെതിരെയും വൈദികനെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെയും രംഗത്തിറക്കും.

ഏറ്റവും കൂടുതല്‍ വൈദികര്‍ നേരിടുന്നത് പെണ്ണുകേസും സാമ്പത്തിക ക്രമക്കേട് കേസുമായിരിക്കും. പെണ്ണുകേസ് ആണ് ശത്രുക്കള്‍ക്കെതിരെ പ്രയോഗിക്കാന്‍ ഏറ്റവും ഇഷ്ടം. അതിനു വേണ്ടി ഏതെങ്കിലും സ്ത്രീകളെ തന്നെ അദ്ദേഹം ഇറക്കിവിടും. പി.സി.യു.എഫില്‍ നിന്നു യുവതികളെ സ്വാധീനിച്ച് എതിരാളികള്‍ക്കെതിരെ ആരോപണം ഉന്നയിപ്പിക്കും. മറ്റു പല മെത്രാന്മാരും ശിക്ഷിച്ചവരോ പുറത്താക്കിയവരോ കാലാവധി കഴിഞ്ഞശേഷം തുടരുന്നവരോ ഒക്കെയാണ് ആണ് ഇപ്പോഴും പി.സി.യു.എഫില്‍ സജിവമായി പ്രവര്‍ത്തിക്കുന്നതെന്ന് വൈദികര്‍ പറയുന്നു.

ഫ്രാങ്കോയുടെ തട്ടിക്കൂട്ടല്‍ സന്യാസ സഭയില്‍ പലരും

ബിഷപ്പ് ഫ്രാങ്കോയുടെ ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസ് സന്യാസ സഭയില്‍ എത്തിവരെല്ലാം പല സഭകളില്‍ നിന്നും ചാടിപ്പോന്നവരാണ്. കാലടി സ്വദേശിയാണ് ഇതുവരെ രംഗത്തുവരാത്ത ഒരു വൈദികന്‍, അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ ജലന്ധറില്‍ ഉണ്ട്. ബിജ്‌നോര്‍ സീറോ മലബാര്‍ സഭയ്ക്ക് വേണ്ടി വൈദികനായ അയാള്‍ ഒരു ദിവസം അവിടെ നിന്ന് ചാടിവന്ന് ജലന്ധര്‍ രൂപതയില്‍ ചേര്‍ന്നു. ഇക്കാര്യം ബിജ്‌നോര്‍ രൂപത അറിഞ്ഞിരുന്നില്ല. എന്നാല്‍ ജലന്ധറില്‍ ഇദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ള കത്ത് പുറത്തുവന്നതോടെ വിവരം അറിഞ്ഞ ബിജ്‌നോര്‍ രൂപത ശക്തമായി പ്രതികരിക്കുകയും ആ വൈദികനെ മടക്കി അയക്കാന്‍ ഫ്രാങ്കോ നിര്‍ബന്ധിതനാവുകയും ചെയ്തിട്ടുണ്ട്.

ജസ്യൂട്ട് സമൂഹത്തില്‍ പെട്ട ചില വൈദിക വിദ്യാര്‍ത്ഥികള്‍ 'ദൈവവിളിയെ ഊട്ടിഉറപ്പിക്കുന്നതിനായി' ഒന്നോ അതിലധികമോ വര്‍ഷമോ പഠനത്തില്‍ നിന്ന് ഇടവേളയെടുത്ത് വിദേശരാജ്യങ്ങളില്‍ ജോലി ചെയ്തശേഷം പഠനത്തിനായി തിരിച്ചെത്താറുണ്ട്. അതുപ്രകാരം ഫ്രാങ്കോയുടെ എഫ്.എം.ജെ സഭയില്‍ വന്ന് ചേര്‍ന്ന ചില ജസ്യൂട്ട് വിദ്യാര്‍ത്ഥികള്‍ ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ സ്ഥലംവിട്ടുകളഞ്ഞതായി ജലന്ധറില്‍ നിന്നുള്ള വൈദികര്‍ പറയുന്നു. എഫ്.എം.ജെ ജനറാള്‍ ആയ ഫാ.ആന്റണി മാടശേരിയുമായുള്ള പ്രശ്‌നമാണ് ജീവനും കൊണ്ട് സ്ഥലംവിടാന്‍ ആ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ചത്.

ഫ്രാങ്കോയുടെ രാഷ്ട്രീയ, ഉദ്യോഗസ്ഥ ബന്ധം ഇങ്ങനെ:

ബിഷപ്പ് അനില്‍ കൂട്ടോ ജലന്ധര്‍ ബിഷപ്പ് ആയിരുന്ന സമയം മുതല്‍ രൂപതയുടെ പി.ആര്‍.ഒ ആയിരുന്ന പീറ്റര്‍ കാവുംപുറത്തിന് രൂപതയുടെ പേരില്‍ പഞ്ചാബിലെ എല്ലാ രാഷ്ട്രീയക്കാരും പോലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി നല്ല ബന്ധമാണുള്ളത്. ഫസ്റ്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന അധികാരത്തിലാണ് ഫാ. പീറ്റര്‍ ഇവിടെ ജീവിക്കുന്നത്. ശിരോമണി അകാലിദള്‍ നേതാവും മുന്‍ ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായിരുന്ന സുഖ്ബീര്‍ സിംഗ് ബാദലുമായി അടുത്ത ബന്ധമുണ്ടായിരുന്നു. മുന്‍മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ മകനാണിദ്ദേഹം. ഏതു പാതിരാത്രിയിലും മുഖ്യമന്ത്രിയെ വരെ മുറിയില്‍ കയറി കാണാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ഈ ബന്ധം മനസിലാക്കിയ ഫ്രങ്കോ, ഫാ.പീറ്ററിനെ രൂപതയുടെ പി.ആര്‍.ഒ സ്ഥാനത്തുനിന്നും മാറ്റി സ്വന്തം പി.ആര്‍.ഒ ആയി നിയമിച്ചു. തന്റെ കൈപ്പടിയില്‍ നിന്നും ഫാ.പീറ്റര്‍ വഴുതിപ്പോകുമോ എന്ന ചിന്തയായിരുന്നു ഫ്രാങ്കോയ്ക്ക്.

ഫാ.പീറ്റര്‍ മുഖാന്തരമാണ് പഞ്ചാബില്‍ നിന്നുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും ഫ്രാങ്കോയുടെ ജൂബിലി ആഘോഷത്തിന് തൃശൂരില്‍ എത്തിയത്. പീറ്ററിന്റെ സ്വാധീന ശക്തിയെല്ലാം തനിക്ക് മാത്രമായി കിട്ടുന്നതിനാണ് വ്യക്തിഗത പി.ആര്‍.ഒ ആക്കി മാറ്റിയത്. ഇതിനുള്ള പാരിതോഷികമായി ട്രിനിറ്റി കോളജിന്റെ ഡയറക്ടര്‍ സ്ഥാനവും നല്‍കി. വലിയ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ആളാണ് പീറ്റര്‍. ട്രിനിറ്റി കോളജിന്റെ പ്രിന്‍സിപ്പല്‍ ആയിരുന്ന ഡോക്ടറേറ്റ് ഉള്ള വൈദികനെ അവിടെ നിന്ന് നീക്കി ഗ്രാമത്തിലെ ഒരു ഇടവകയില്‍ വികാരിയായി നിയമിച്ചു. ഈ വൈദികന്റെ ഇടവക അതിര്‍ത്തിയിലുള്ള സ്‌കൂളില്‍ വളരെ ജൂനിയര്‍ ആയ ഒരു വൈദികനെയാണ് ഡയറക്ടര്‍ ആയി നിയമിച്ചിരിക്കുന്നത്. ഫ്രാങ്കോ തന്റെ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ എന്തു തരംതാണ കളിയും നടത്തുമെന്നാണ് ഇതിനര്‍ത്ഥം.

''സോ ലോങ് അസ് യു ആര്‍ വിത്ത് മീ, യു വില്‍ ഹാവ് നോ പ്രോബ്ലം''

രൂപതയിലെ വളരെ സീനിയറും വിദ്യാഭ്യാസവും കഴിയും പ്രാഗത്ഭ്യവും ഉള്ളവരെയെല്ലാം നോക്കുകുത്തികളാക്കി തന്നെ മണിയടിച്ച് നടക്കുന്നവരും എല്ലാത്തിനും കൂട്ടുനില്‍ക്കുന്നവരുമായ വൈദികരെ ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കുകയാണ് പതിവ്. നിലവില്‍ സഹോദയ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഡയക്ടര്‍ ആയ ഫാ.ലോറന്‍സ് ചിറ്റുപറമ്പിലിനെ ഇതുപോലെ പല സ്‌കൂളുകളുടെയും ഡയക്ടരാക്കി നിയമിച്ചപ്പോള്‍ ഏറ്റവും സീനിയര്‍ ആയ ഒരു വൈദികനെ ചുമതല വഹിച്ചിരുന്ന സ്‌കൂളില്‍ നിന്നും മാറ്റി ചെറിയൊരു ഇടവകയില്‍ കൊണ്ടുപോയി ഇരുത്തി. ഇഷ്ടത്തിനു തുള്ളാത്ത വൈദികരുടെ എല്ലാം പ്രിവിലേജുകള്‍ റദ്ദാക്കിയെന്ന് അവര്‍ പറയുന്നു.

തന്നെ അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് എല്ലാ സുഖസൗകര്യവും ഒരുക്കുമെന്ന് ഫ്രാങ്കോ തന്നെ പറഞ്ഞിട്ടുണ്ട്. അതിന് ഫ്രാങ്കോ പറയുന്ന വാചകമാണ് ''സോ ലോങ് അസ് യു ആര്‍ വിത്ത് മീ, യു വില്‍ ഹാവ് നോ പ്രോബ്ലം''.

-ബീന സെബാസ്റ്റിയന്‍

Ads by Google
ബീന സെബാസ്റ്റിയന്‍
Friday 21 Sep 2018 07.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW