Sunday, May 19, 2019 Last Updated 25 Min 5 Sec ago English Edition
Todays E paper
Ads by Google
ആര്‍.സുരേഷ്
Friday 21 Sep 2018 09.44 AM

മുല്ലപ്പള്ളിയുടെ പദവി ഹൈക്കമാന്‍ഡിന്റെ ഉപകാരസ്മരണയോ ? കോണ്‍ഗ്രസ് പുറമെ ശാന്തം പുകയുന്ന ഉള്ളം, മുല്ലപ്പള്ളിക്കും സുധീരന്റെ ഗതി?

മറ്റുതര്‍ക്കങ്ങളൊന്നുമില്ലാതെ രാഹുല്‍ഗാന്ധിയെ എ.ഐ.സി.സി പ്രസിഡന്റായി നിയമിച്ച തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ സുഗമമായി നടത്തിയത് മുല്ലപ്പള്ളിയാണ്. അതിന്റെ ഉപകാരസ്മരണയായികൂടിയാണ് ഈ നിയമം എന്നും വാദമുയരുന്നുണ്ട്.
Mullappally Ramachandran

തിരുവനന്തപുരം: പുതിയ കെ.പി.സി.സി പ്രസിഡന്റ് നിയമനത്തെ എല്ലാവരും സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും പാര്‍ട്ടിയില്‍ കടുത്ത അതൃപ്തി നിലനില്‍ക്കുകയാണ്. കേരളത്തിലെ ഗ്രൂപ്പുകളെ അംഗീകരിച്ചുകൊണ്ടാണ് പുനഃസംഘടന നടത്തിയത്. എന്നാല്‍ ഗ്രൂപ്പുകളില്‍ ഗ്രൂപ്പ് നേതാക്കളെക്കാളേറെ തങ്ങളോട് ഏറെ കൂറുളളവരെയാണ് ഹൈക്കമാന്‍ഡ് പരിഗണിച്ചിരിക്കുന്നത്. അതോടൊപ്പം തങ്ങള്‍ക്ക് വേണ്ടി സേവനം ചെയ്യുന്നവരെ പദവികളില്‍ അവരോധിക്കുക, സഹായിക്കുകയെന്ന പ്രീണനനയവും ഹൈക്കമാന്‍ഡ് ഈ നിയമനങ്ങളിലൂടെ ആവര്‍ത്തിച്ചിട്ടുണ്ട്. ഇതിനിടയില്‍ ചില കല്ലുകടികളുടെ സൂചന പുറത്തുവന്നിരുന്നു. ഉടന്‍ തന്നെ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഇടപെട്ട് അത് തടയുകയും ചെയ്തു.

കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് അനുകൂലമായി നിലപാട് സ്വീകരിക്കുന്നവരെ സഹായിക്കുകയെന്ന രീതിയാണ് ഈ പുനഃസംഘടനയിലും തെളിഞ്ഞിരിക്കുന്നത്. നേരത്തെ ടു ജി സ്പെക്ര്ടം കേസില്‍ ഡോ: മന്‍മോഹന്‍സിംഗ്, സോണിയാഗാന്ധി എന്നിവരെ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകുന്നതില്‍ നിന്ന് രക്ഷിച്ച പി.സി. ചാക്കോയോട് ഇതേ രീതി സ്വീകരിച്ചിരുന്നു. അതിന്റെ ഭാഗമായാണ് തൃശൂര്‍ പാര്‍ലമെന്റ് സീറ്റിന് പകരം ചാക്കോ ആവശ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തില്‍ ചാലക്കുടി സീറ്റ് നല്‍കിയത്. അവിടെയും പരാജയപ്പെട്ട അദ്ദേഹത്തെ പാര്‍ട്ടിയുടെ വക്താവാക്കിയത്. ഇവിടെയും അതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. മറ്റുതര്‍ക്കങ്ങളൊന്നുമില്ലാതെ രാഹുല്‍ഗാന്ധിയെ എ.ഐ.സി.സി പ്രസിഡന്റായി നിയമിച്ച തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ സുഗമമായി നടത്തിയത് മുല്ലപ്പള്ളിയാണ്. അതിന്റെ ഉപകാരസ്മരണയായികൂടിയാണ് ഈ നിയമം എന്നും വാദമുയരുന്നുണ്ട്.

നിലവില്‍ പുറത്തിറക്കിയ പട്ടികയില്‍ ഐ ഗ്രൂപ്പിന് മേല്‍കൈയുണ്ടെന്ന് സാങ്കേതിമായി പറയാം. കെ. സുധാകരന്‍, എം.ഐ. ഷാനവാസ്, കെ. മുരളീധരന്‍ എന്നിവരെ ഐ ഗ്രൂപ്പിന്റെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. അങ്ങനെ കണക്കാക്കുമ്പോള്‍ എ ഗ്രൂപ്പിനാണ് വലിയ തിരിച്ചടി. എ ഗ്രൂപ്പ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച ബെന്നി ബഹന്നാന് യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം നല്‍കിയെങ്കിലും അവിടെയും അദ്ദേഹത്തിന് സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നത് വ്യക്തമാണ്.

കഴിഞ്ഞ കുറേക്കാലമായി കോണ്‍ഗ്രസിന്റെ വിവിധ സ്ഥാപനങ്ങളില്‍ സാമുദായിക സമവാക്യങ്ങള്‍ പാലിക്കുന്നില്ലെന്ന പരാതി ശക്തമാണ്. ഇക്കുറി അത് പരിഹരിക്കാന്‍ ഒരുപരിധിവരെ ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഹസ്സനെ മാറ്റിയതിന് പകരമായി എം.ഐ. ഷാനവാസിനെ വര്‍ക്കിംഗ് പ്രസിഡന്റായി വച്ചിരിക്കുന്നത്. അതുപോലെ ദളിത്വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതിനായാണ് കൊടിക്കുന്നില്‍ സുരേഷ്. മാണി കോണ്‍ഗ്രസ് യു.ഡി.എഫില്‍ മടങ്ങി വന്നതോടെ കത്തോലിക്കാ പ്രാതിനിധ്യം അതിലൂടെ സാധിക്കുന്നുണ്ട്. അതേസമയം യക്കോബായ വിഭാഗത്തില്‍പ്പെട്ട പി.പി. തങ്കച്ചനെ മാറ്റിയപ്പോള്‍ അത് അതേ വിഭാഗത്തില്‍പ്പെട്ട ബെന്നിബഹനാന് നല്‍കുകയുംചെയ്തു. യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം തന്നെ നല്‍കിയത് ഗ്രൂപ്പ് പോര് കുറയ്ക്കാനാണ്. കോണ്‍ഗ്രസ് നിയമസഭാകക്ഷി ദുര്‍ബലമാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. മാത്രമല്ല, യു.ഡി.എഫിന്റെ നേതൃനിരയില്‍ മാറ്റങ്ങളുണ്ടായ സാഹചര്യത്തില്‍ ബെന്നിയുടെ നിയമം പ്രതിസന്ധിയാവില്ലെന്ന വിലയിരുത്തലാണ് പൊതുവിലുള്ളത്.

കെ.പി.സി.സിയുടെ പുതിയ ടീമില്‍ ഐ ഗ്രൂപ്പിന് ഭൂരിപക്ഷം എന്നുപറയുമ്പോഴും ഇവരാരും ഇപ്പോള്‍ പഴയതുപോലെ ഒരു ഗ്രൂപ്പ് നേതൃത്വത്തിന് വിധേയമായല്ല പ്രവര്‍ത്തിക്കുന്നത്. കെ. സുധാകരന്‍ ഒഴികെ മറ്റെല്ലാവര്‍ക്കും സംസ്ഥാനനേതാക്കന്മാരെക്കാളും വിധേയത്വം കാട്ടുന്നത് കേന്ദ്ര നേതൃത്വത്തോടാണ്. എല്ലാവരും ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നവരുമാണ്. മുല്ലപ്പള്ളിയെ ഗ്രൂപ്പിനതീതനായാണ് വിലയിരുത്തുന്നത്. കൊടിക്കുന്നിലാണെങ്കില്‍ എ.കെ. ആന്റണിയുടെ വിശ്വസ്തനുമാണ്. ഈ നിയമനത്തില്‍ ഗ്രൂപ്പുകള്‍ക്ക് പ്രത്യേകിച്ച് എ ഗ്രൂപ്പിന് കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍ ഇപ്പോഴത്തെസാഹചര്യത്തില്‍ പരസ്യമായ പ്രതികരണത്തിലേക്ക് പോകേണ്ടതില്ലെന്നാണ് അവരുടെ നിലപാട്.

കഴിഞ്ഞ ഒന്നരവര്‍ഷക്കാലം എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോയ ഹസ്സനോട് കാട്ടിയത് നീതിയായിരുന്നില്ലെന്ന വികാരം പലകോണുകളില്‍ നിന്നും ഉയരുന്നുണ്ട്. സാധാരണ കെ.പി.സി.സി പ്രസിഡന്റിനെ മാറ്റുമ്പോള്‍ അദ്ദേഹത്തിന് മാന്യമായ മറ്റൊരുസ്ഥാനം നല്‍കുകയാണ് പതിവ്. എന്നാല്‍ ഇപ്പോള്‍ അതൊക്കെ മറികടന്നുകൊണ്ട് പണ്ട് തെന്നല ബാലകൃഷ്ണപിള്ളയെ കെ. മുരളീധരന് വേണ്ടി ഇറക്കിവിട്ടതുപോലെയാണെന്നാണ് ഹസ്സനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. ഹസ്സന് അതൃപ്തിയുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയും സമാധാനിപ്പിക്കുകയും ചെയ്തു.

വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തില്‍ കെ. സുധാകരനും അതൃപ്തിയുണ്ട്. അദ്ദേഹത്തേയും രമേശും മറ്റും ഇടപെട്ട് ശാന്തനാക്കിയിട്ടുണ്ട്. മുല്ലപ്പള്ളിയും സുധാകരനും തമ്മില്‍ നേരത്തെതന്നെ അഭിപ്രായഭിന്നതയുമുണ്ട്. ഒറ്റയ്ക്കുള്ള പ്രവര്‍ത്തനം എന്നതിലുപരി കൂട്ടായ പ്രവര്‍ത്തനം എന്നതിനായാണ് മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരെക്കൂടി നിയമിച്ചിരിക്കുന്നത്. എന്നാല്‍ കൂട്ടായ പ്രവര്‍ത്തനം എന്നതിലുപരിയായി ഇത് തര്‍ക്കങ്ങള്‍ക്ക് വഴിവയ്ക്കുമോയെന്ന സംശയവും പലകോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

പുതുതായി കെ.പി.സി.സിപ്രസിഡന്റിന്റെ ചുമതലയുമായി എത്തുന്ന മുല്ലപ്പള്ളിയുടെ മുന്നില്‍ വമ്പന്‍ പ്രതിസന്ധികളാണുള്ളത്. മുല്ലപ്പള്ളിക്കും ടീമിനും മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ദൗത്യം ലോക്സഭാതെരഞ്ഞെടുപ്പാണ്. ഇതിന് പാര്‍ട്ടിയെ സജ്ജമാക്കണമെങ്കില്‍ കോണ്‍ഗ്രസിന്റെ പുനര്‍നിര്‍മ്മാണം തന്നെ വേണ്ടിവരും. നിലവില്‍ താഴേത്തട്ടില്‍ പാര്‍ട്ടിയെന്ന സംവിധാനം തന്നെ ഇല്ലാത്ത സ്ഥിതിയിലാണ് കേരളത്തിലെ കോണ്‍ഗ്രസ്. ബൂത്ത്തലം മുതല്‍ പാര്‍ട്ടി പുനഃസംഘടന അനിവാര്യമാണ്. ഗ്രൂപ്പുകള്‍ അടക്കിവാഴുന്ന കേരളത്തില്‍ അത് മുല്ലപ്പള്ളിക്ക് എങ്ങനെ വിജയകരമായി നടത്താന്‍ കഴിയുമെന്നിടത്താണ് അദ്ദേഹം വിജയിക്കുന്നത്. നേരത്തെ വി.എം. സുധീരന്‍ ഒരു ശ്രമം നടത്തി തലതാഴ്ത്തി ഇറങ്ങിപ്പോകേണ്ട സ്ഥിതിയുണ്ടായിരുന്നു. മുല്ലപ്പള്ളി അത് എങ്ങനെ മറികടക്കുമെന്നതും കാണാനായി എല്ലാവരും കാത്തിരിക്കുകയാണ്.

മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരെ മൂന്ന് മേഖലകളില്‍ നിയോഗിച്ച് പ്രവര്‍ത്തനം ശക്തമാക്കണമെന്ന അഭിപ്രായം പാര്‍ട്ടിയിലുണ്ട്. കെ. സുധാകരനെപ്പോലെ ഒരാളെ വര്‍ക്കിംഗ് പ്രസിഡന്റായി കിട്ടിയത് മലബാറില്‍ പാര്‍ട്ടിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. കാലാകലങ്ങളായി അവഗണിച്ചിട്ടിരിക്കുന്ന മലബാറിന് ഇക്കുറി വലിയ പ്രാതിനിധ്യമാണ് നല്‍കിയിരിക്കുന്നത്. സുധാകരന് ആ മേഖലയില്‍ സ്വാധീനമുള്ളതുകൊണ്ടുതന്നെ അവിടുത്തെ ചുമതല അദ്ദേഹത്തെ ഏല്‍പ്പിക്കണമെന്നും അഭിപ്രായമുണ്ട്. മദ്ധ്യതിരുവിതാംകൂര്‍ ഷാനവാസിനേയും തെക്കന്‍ തിരുവിതാംകൂര്‍ കൊടിക്കുന്നിലിനേയും ഏല്‍പ്പിച്ച് എല്ലാത്തിന്റെ മേല്‍നോട്ടം കെ.പി.സി.സി പ്രസിഡന്റ് നടത്തണമെന്നാണ് പൊതുവിലുയരുന്ന നിര്‍ദ്ദേശം. ഇതിലൂടെ കൂട്ടായ പ്രവര്‍ത്തണം കാഴ്വയ്ക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW