Tuesday, October 23, 2018 Last Updated 7 Min 31 Sec ago English Edition
Todays E paper
Ads by Google
ബീന സെബാസ്റ്റിയന്‍
Friday 21 Sep 2018 04.24 PM

ജലന്ധറില്‍ ബിഷപ്പിനായി പോലീസ് കാത്തിരുന്നത് നാലു മണിക്കൂര്‍... തൃപ്പൂണിത്തുറയില്‍ പോലീസിനു മുന്നില്‍ ഫ്രാങ്കോ തലകുനിച്ചിരുന്നത് മൂന്നു ദിവസം

കേരളത്തിലെ പ്രളയത്തില്‍ താന്‍ രക്ഷപ്പെട്ടുവെന്ന വിശ്വസിച്ചിരുന്ന ബിഷപ്പിനെ കുടുക്കാനുള്ള എല്ലാ തന്ത്രങ്ങളും പോലീസ് മെനയുകയായിരുന്നു.
uploads/news/2018/09/250484/police_bp.jpg

കോട്ടയം: കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഹൗസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനെത്തിയ പോലീസ് നേരിട്ട തിരിച്ചടി പലിശ സഹിതം ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചുകിട്ടി. ഓഗസ്റ്റ് 13ന് ജലന്ധറില്‍ എത്തിയ അന്വേഷണ സംഘത്തിന് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത പണിയാണ് ബിഷപ്പ് നല്‍കിയത്. അന്ന് നടന്നത് മുഴുവന്‍ നാടകീയ രംഗങ്ങളായിരുന്നു. അന്ന് പോലീസിനെ നാലു മണിക്കൂര്‍ കാത്തിരുത്തിയ ബിഷപ്പ് ഇവിടെ പോലീസിന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ അടിപതറി തലകുനിച്ചിരുന്നത് മൂന്നു ദിവസം.

പോലീസ് ബിഷപ്പ് ഹൗസിലേക്ക് എത്തുന്നതിനു മുന്‍പ് അറസ്റ്റിനുള്ള സാധ്യത ഫ്രാങ്കോ മുളയ്ക്കല്‍ മണത്തറിഞ്ഞിരുന്നു. അറസ്റ്റു ചെയ്യാന്‍ മതിയായ തെളിവുകളുണ്ടെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ രാവിലെ ഹൈക്കോടതിയില്‍ അറിയിച്ചതിനു പിന്നാലെ ബിഷപ്പ് ഒളിവില്‍ പോയിരുന്നു. ചോദ്യം ചെയ്യാന്‍ പോലീസ് എത്തുന്നതു പ്രമാണിച്ച് പഞ്ചാബ് പോലീസ് പ്രദേശം മുഴുവന്‍ ബാരിക്കേഡ് വച്ച് തടഞ്ഞു. മാധ്യമപ്രവര്‍ത്തകരെ മുഴുവന്‍ ഒരു വശത്തേക്ക് മാറ്റി. ഈ സമയം ബിഷപ്പ് ഹൗസിന്റെ മറുവശത്തുള്ള ഗേറ്റ് വഴി ഫ്രാങ്കോയും സംഘവും പുറത്തേക്ക് കടന്നു. അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് ഒളിവില്‍ പോവുകയായിരുന്നു. അന്ന് ഒരു ഔദ്യോഗിക പരിപാടികളും ഇല്ലാതിരുന്നിട്ടും ബിഷപ്പ് 20 കിലോമീറ്റര്‍ അകലെ ഒരു മഠത്തില്‍ പോയി കുര്‍ബാന ചൊല്ലി. മറ്റൊരു മഠത്തില്‍ പോയി ഉച്ചഭക്ഷണവും കഴിച്ച് ഉറങ്ങി. പഞ്ചാബ് പോലീസിന്റെ തന്നെ ഒത്താശയോടെയായിരുന്നു ബിഷപ്പിന്റെ ഒളിച്ചോട്ടം.

ഈ സമയം ഇതൊന്നുമറിയാതെ കേരള പോലീസ് ഉച്ചകഴിഞ്ഞ 3.25 ഓടെ ബിഷപ്പ് ഹൗസില്‍ എത്തി. ബിഷപ്പ് സ്ഥലത്തുണ്ടെന്ന് അവിടെയുണ്ടായിരുന്ന പഞ്ചാബ് പോലീസും വൈദികരും അറിയിച്ചു. ബിഷപ്പ് ഹൗസിനുള്ളിലെ കമ്പ്യൂട്ടറുകളും മറ്റും പരിശോധിക്കുകയും വൈദികരില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തശേഷം 6.45 ഓടെ ബിഷപ്പിനെ വിളിക്കാന്‍ നിര്‍ദേശിച്ചപ്പോഴാണ് മുന്‍കൂര്‍ നോട്ടീസ് കിട്ടിയില്ലെന്നും അദ്ദേഹം പുറത്തേക്കുപോയി എന്നും അധികൃതര്‍ അറിയിച്ചത്. പിന്നീട് കേരള പോലീസിനെ മടക്കി അയക്കാനായിരുന്നു പഞ്ചാബ് പോലീസിന്റെ തിടുക്കം. എന്നാല്‍ വന്നകാര്യം നടത്തിയിട്ടേ പോകൂവെന്ന വാശിയില്‍ കേരള സംഘവും ഉറച്ചതോടെ മധ്യസ്ഥതാ ചര്‍ച്ചകളായി. അറസ്റ്റു ചെയ്യില്ലെന്ന ഉറപ്പില്‍ 7.45 ഓടെ ബിഷപ്പ് വാഹനങ്ങളുടെ അകമ്പടിയോടെ ഹൗസിലേക്ക് എത്തുന്നു.

ഈ സമയം ബിഷപ്പിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ബിഷപ്പിന്റെ സ്വകാര്യ സെക്യൂരിറ്റി സേനയുടെ ആക്രമണം. മാധ്യമപ്രവര്‍ത്തകരെ അകത്തുകയറ്റി ഗേറ്റ് പൂട്ടിയിട്ട ശേഷമായിരുന്നു അടി. പഞ്ചാബ് പോലീസ് ഒന്നുമറിയാത്തപോലെ നോക്കിനിന്നു. ഈ സമയം ഇതൊന്നുമറിയാത്ത കേരള പോലീസ് ബിഷപ്പിന്റെ ചോദ്യം ചെയ്യലിലേക്ക് കടന്നു. രാത്രി 10.30 ഓടെ വാഹനത്തില്‍ നിന്നും ലഘുഭക്ഷണമെടുക്കാന്‍ പുറത്തിറങ്ങയപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ കാര്യം പോലും അറിയുന്നത്. മാധ്യമപ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ ഒരു ചെറുവിരല്‍ പോലും പഞ്ചാബ് പോലീസും അനങ്ങിയില്ല.

ഓഗസ്റ്റ് 14 പുലര്‍ച്ചെ അഞ്ചു മണിയോടെ ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം പോലീസ് പുറത്തിറങ്ങി. ബിഷപ്പിന്റെ മൊഴികളില്‍ വലിയ വൈരുദ്ധ്യവും കണ്ടെത്തിയിരുന്നു. സുപ്രീം കോടതിയില്‍ നിന്നുള്ള ഒരു മലയാളി അഭിഭാഷകന്‍ നല്‍കിയ ട്രെയിനിംഗിലാണ് പോലീസിനെ ബിഷപ്പ് നേരിട്ടത്. സ്വന്തം കൊട്ടാരത്തില്‍ പോലീസിനെ വിജയിച്ച ഭാവത്തില്‍ ബിഷപ്പും കൂട്ടരും ആഘോഷവും ആരംഭിച്ചു. പോലീസിന് ഒരു തെളിവും കിട്ടിയില്ലെന്ന വാദമാണ് രൂപത അധികൃതര്‍ പുറത്തുവിട്ടത്.

പിന്നീട് പോലീസിന്റെ ഊഴമായിരുന്നു. കേരളത്തിലെ പ്രളയത്തില്‍ താന്‍ രക്ഷപ്പെട്ടുവെന്ന വിശ്വസിച്ചിരുന്ന ബിഷപ്പിനെ കുടുക്കാനുള്ള എല്ലാ തന്ത്രങ്ങളും പോലീസ് മെനയുകയായിരുന്നു. പഴുതടച്ചുള്ള അന്വേഷണം. ഒരു തെളിവും വിട്ടില്ല. എല്ലാ സമ്മര്‍ദ്ദങ്ങളും ഭീഷണികളും അതിജീവിച്ചു. ഒടുവില്‍ ബിഷപ്പ് സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത സമയത്ത് സെപ്തംബര്‍ എട്ടിന് കന്യാസ്ത്രീകള്‍ അനിശ്ചിതകാല സമരം തുടങ്ങി. തൊട്ടുപിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസിന്റെ നോട്ടീസ്. ഇതോടെ ബിഷപ്പിന്റെ അടിതെറ്റി തുടങ്ങിയെന്നാണ് പഞ്ചാബില്‍ നിന്നുള്ള വൈദികര്‍ പറയുന്നത്. ഇതോടെ ആധികയറി ബിഷപ്പ് പഞ്ചാബ് പോലീസിനെയും അഭിഭാഷകരേയും എല്ലാം വിളിച്ച് സാധ്യമായ നിയമോപദേശം തേടി.

ഒടുവില്‍ സെപ്തംബര്‍ 19. ഏകാധിപതിയായ രാജാവിനെ പോലെ ജലന്ധര്‍ രൂപത അടക്കി ഭരിച്ച ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി. ഇതിനകം ഫ്രാങ്കോയുടെ ചെങ്കോലും കിരീടവും പിടിച്ചുവാങ്ങിയാണ് വത്തിക്കാന്‍ ന്യൂണ്‍ഷ്യോ ഫ്രാങ്കോയെ കേരളത്തിലേക്ക് അയച്ചത്. സ്ഥാനത്യാഗം ചെയ്തുവെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും കൃത്യമായ മുന്നറിയിപ്പിനെ തുടര്‍ന്നാണ് അതിനു നിര്‍ബന്ധിതനായത് എന്നതു സത്യം. വത്തിക്കാനും കൈവിട്ടുവെന്ന് ബോധ്യപ്പെട്ടതോടെ ഫ്രാങ്കോ തളര്‍ന്നു. എന്നാല്‍ അവസാന നിമിഷം വരെ തന്റെ വില്‍ പവര്‍ വിട്ടുകളയാതെ പോലീസിനു മുന്നിലെത്തിയ ഫ്രാങ്കോയ്ക്ക് ആദ്യ രണ്ടു ചോദ്യങ്ങളില്‍ തന്നെ അടിപതറി. സ്വയം ന്യായീകരിച്ച് വിശുദ്ധനാകാനുള്ള നീക്കം പോലീസും പൊളിച്ചു. പിന്നീടുള്ള ചോദ്യങ്ങള്‍ക്ക് മുഴുവന്‍ തലകുനിച്ചിരുന്ന് 'നോ' പറയാന്‍ മാത്രമാണ് ബിഷപ്പിന് കഴിഞ്ഞത്. പലതും മറുപടിയുമുണ്ടായില്ല. കുറ്റം സമ്മതിക്കാനോ മനസ്സുതുറക്കാനോ ബിഷപ്പ് തയ്യാറായില്ല. തെളിവുകളും പരാതിക്കാരിയുടെ രഹസ്യമൊഴികളും എല്ലാം എതിരാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ഫ്രാങ്കോയ്ക്കു മറ്റുമാര്‍ഗമില്ലായിരുന്നു.

ഒടുവില്‍ ജൂണ്‍ 27ന് നല്‍കിയ പരാതിയില്‍ സെപ്തംബര്‍ 21ന് ബിഷപ്പ് ഫ്രാങ്കോ അറസ്റ്റിലായി.

-ബീന സെബാസ്റ്റിയന്‍

Ads by Google
ബീന സെബാസ്റ്റിയന്‍
Friday 21 Sep 2018 04.24 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW